കലക്ടറുടെ മലക്കം മറിച്ചില്‍ അത്ഭുതപ്പെടുത്തുന്നു; പ്രസ്താവനയ്ക്ക് പിന്നില്‍ സിപിഎം; കെസി വേണുഗോപാല്‍

കലക്ടറുടെ മലക്കം മറിച്ചില്‍ അത്ഭുതപ്പെടുത്തുന്നു; പ്രസ്താവനയ്ക്ക് പിന്നില്‍ സിപിഎം; കെസി വേണുഗോപാല്‍

പാലക്കാട്: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് മുഴുവന്‍ സംരക്ഷണവും നല്‍കയിത് സിപിഎം ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇന്ന് കലക്ടര്‍ നടത്തിയ പ്രസ്താവനയ്ക്ക് പിന്നിലും സിപിഎമ്മാണ്. കണ്ണൂര്‍ കലക്ടറുടെ മലക്കം മറിച്ചില്‍ അത്ഭുതപ്പെടുത്തുന്നതാണ്. ഇങ്ങനെയും കലക്ടര്‍ക്ക് കള്ളം പറയാനാകുമോ?. ആ സ്ഥാനത്ത് ഇരിക്കാന്‍ അരുണ്‍ കെ വിജയന്‍ യോഗ്യനല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

കേരളത്തില്‍ ഇപ്പോള്‍ ഭരണം എന്നൊന്നില്ല. സിപിഎം സെല്‍ ഭരണമാണ് നടക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. സിപിഎമ്മിന്റെ ഒരു സെക്ഷന്‍ തീരുമാനിക്കുന്ന ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് പിടിച്ചെടുക്കുമെന്ന് പറഞ്ഞാണ് കഴിഞ്ഞ തവണ ബിജെപി ഇവിടെ മത്സരിച്ചത്. എന്തെല്ലാം പ്രചാരണമാണ് അന്ന് നടത്തിയത്. ബിജെപിയെ തോല്‍പ്പിച്ചാണ് ഇവിടെ കോണ്‍ഗ്രസ് എംഎല്‍എ ഉണ്ടായിരിക്കുന്നത്. സിപിഎം ഉണ്ടായിരുന്നു മൂന്നാം സ്ഥാനത്ത്. അതുതന്നെയാണ് ഇവിടെ സംഭവിക്കാന്‍ പോകുന്നത്. ഇവിടെ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഇത്തവണയും കോണ്‍ഗ്രസ് ജയിക്കുമെന്ന് വേണുഗോപാല്‍ പറഞ്ഞു.

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിടണമെന്ന് സുരേഷ് ഗോപി പറയുന്നത് അദ്ദേഹം കേന്ദ്രമന്ത്രിയായതുകൊണ്ടാണ്. അന്വേഷണം എന്താകുമെന്ന് അദ്ദേഹത്തിന് അറിയുമായിരിക്കുന്നതുകൊണ്ടാവാം അങ്ങനെ പറയുന്നതെന്നും കെസി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സാഹിത്യനിരൂപകൻ പ്രൊഫ. മാമ്പുഴ കുമാരന്‍ അന്തരിച്ചു

സാഹിത്യനിരൂപകൻ പ്രൊഫ. മാമ്പുഴ കുമാരന്‍ അന്തരിച്ചു

തൃശൂർ: പ്രശസ്ത സാഹിത്യനിരൂപകനും അധ്യാപകനുമായിരുന്ന പ്രൊഫ. മാമ്പുഴ കുമാരന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപമായിരുന്നു താമസം. 2021-ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. സര്‍ഗദര്‍ശനം, അനുമാനം, മോളിയേയില്‍ നിന്ന് ഇബ്സനിലേയ്ക്ക്, വാക്കും പൊരുളും എന്നീ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മോളിയേയില്‍നിന്ന് ഇബ്സനിലേയ്ക്ക് എന്ന കൃതിയ്ക്ക് 1998-ലെ എന്‍.‌ കൃഷ്ണപിള്ള സ്മാരകപുരസ്‌കാരം ലഭിച്ചു. നിരവധി ആനുകാലികങ്ങളില്‍ കവിത, ലേഖനം, ഹാസ്യകവിത, ഹാസ്യലേഖനങ്ങള്‍ തുടങ്ങിയവ വിവിധ തുലികാനാമങ്ങളിൽ എഴുതിയിട്ടുണ്ട്.

ഉള്‍ക്കാഴ്ചകള്‍, സംസ്‌കാരത്തിന്റെ അടയാളങ്ങള്‍, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, സ്മൃതിമുദ്രകള്‍ എന്നിവയാണ് മറ്റ് കൃതികള്‍. 1961 മുതല്‍ 1988 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ മലയാളവിഭാഗം അധ്യാപകനായിരുന്നു. പാലക്കാട് വിക്ടോറിയ കോളജ്, കൊച്ചി സാന്റാക്രൂസ് ഹൈസ്‌കൂള്‍, കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

‘ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവും സ്വാധീനിക്കരുത്’; കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമില്ല, യദുവിന്റെ ഹര്‍ജി തള്ളി

‘ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവും സ്വാധീനിക്കരുത്’; കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമില്ല, യദുവിന്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം: നടുറോഡിലെ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരായി കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി തള്ളി. സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം ആയിരിക്കണമെന്ന് പറഞ്ഞ കോടതി ചില നിര്‍ദേശങ്ങളും അന്വേഷണ സംഘത്തിന് നല്‍കി.

നിലവിലുള്ള അന്വേഷണം തുടരാമെന്നും എന്നാല്‍ സത്യസന്ധമായിരിക്കണമെന്നും കോടതി പറഞ്ഞു. അന്വേഷണത്തില്‍ കാലതാമസം പാടില്ലെന്നും ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവും സ്വാധീനം ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത്തരം നിര്‍ദേശങ്ങള്‍ പാലിക്കണമെന്നു കോടതി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തനാണെന്ന് ഹര്‍ജി തള്ളിയതിന് ശേഷം യദു മാധ്യമങ്ങളോട് പറഞ്ഞു. ”മൂന്ന് കാമറകളാണ് വാഹനത്തിലുണ്ടായിരുന്നത്. അത് ഞാനെടുത്തെന്നായിരുന്നു ആദ്യമൊക്കെ പറഞ്ഞിരുന്നത്. എന്നാല്‍ അത് എടുത്ത് കൊണ്ടുപോയാല്‍ ആര്‍ക്കാണ് പ്രയോജനം എന്ന് അറിയാമല്ലോ. ആംഗ്യം കാണിച്ചത് ഇതുവരെ അവര്‍ക്ക് തെളിയിക്കാനും കഴിഞ്ഞിട്ടില്ല. കണ്ടക്ടര്‍ തന്നെയാണ് ബസിന്റെ ഡോര്‍ തുറന്നു കൊടുത്തത്. ഒരാളോട് വഴക്ക് കൂടിക്കൊണ്ട് നില്‍ക്കുമ്പോള്‍ എനിക്കെന്തായാലും ഡോര്‍ തുറക്കാന്‍ കഴിയില്ല”, യദു പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പാളയത്തുവെച്ചാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ തര്‍ക്കമുണ്ടാകുന്നതും വിവാദമാകുന്നതും. മേയറും കുടുംബവും കാറില്‍ സഞ്ചരിക്കുമ്പോള്‍ കെഎസ്ആര്‍ടിസി ബസ് ഉപയോഗിച്ച് ഇടിക്കാന്‍ ശ്രമിച്ചുവെന്നും അത് ചോദ്യം ചെയ്തപ്പോള്‍ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു എന്നുമായിരുന്നു മേയറുടെ പരാതി. കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ കാര്‍ തടഞ്ഞ് ജോലി തടസപ്പെടുത്തിയെന്ന് യദുവും പരാതി നല്‍കി. എന്നാല്‍ തന്റെ പരാതിയില്‍ നീക്ക് പോക്കുകള്‍ നടക്കുന്നില്ലെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ചൂണ്ടിക്കാട്ടിയാണ് യദു ഹര്‍ജി നല്‍കിയത്.

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ദിവ്യക്കെതിരെ ഗുരുതര ആരോപണങ്ങള്‍

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ദിവ്യക്കെതിരെ ഗുരുതര ആരോപണങ്ങള്‍

കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പി പി ദിവ്യ എത്തിയത് കരുതിക്കൂട്ടിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കുറ്റവാസനയോടും ആസൂത്രണത്തോടെയുമാണ് ദിവ്യ എത്തിയത്. പ്രസംഗത്തിന്റെ വീഡിയോ എടുക്കാന്‍ ഏര്‍പ്പാടാക്കിയത് ദിവ്യയാണ്. കരുതിക്കൂട്ടി അപമാനിക്കുക ലക്ഷ്യമിട്ടാണ് എത്തിയത്. പ്രതിയുടെ കുറ്റവാസന വെളിവായി. നിയമവ്യവസ്ഥയുമായി സഹകരിക്കാതെ ഒളിവില്‍ കഴിഞ്ഞു. സാക്ഷികളെ ഭീഷണിപ്പെടുത്താനും പിന്തിരിപ്പിക്കാനും സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രത്യാഘാതം അറിയാമെന്നു ഭീഷണി സ്വരത്തിൽ ദിവ്യ പറഞ്ഞു. നവീൻ ബാബുവിനെ അപമാനിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. പ്രതിയുടെ ക്രിമിനൽ മനോഭാവമാണ് വെളിവായത്. കുറ്റവാസനയോടും ആസൂത്രണ മനോഭാവത്തോടും കൂടി കുറ്റകൃത്യം നേരിട്ട് നടപ്പിൽ വരുത്തുകയായിരുന്നു.

ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കലക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. വേദിയിൽ ഇരിപ്പിടം മറ്റാരോ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. ഉപഹാര വിതരണത്തിന് നിൽക്കാതിരുന്നത് ക്ഷണമില്ലാത്തതിന്‍റെ തെളിവാണ്. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് ഒരു പരാതിയും കിട്ടിയിട്ടില്ല എന്ന് കലക്ടറേറ്റിൽ ഇൻസ്പെക്ഷൻ സീനിയർ സൂപ്രണ്ട് മൊഴി നൽകിയിട്ടുണ്ട്. ദിവ്യക്കെതിരെ നേരത്തെ അഞ്ച് ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ചികിത്സാ ചിലവ് വഹിക്കും

കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും.

ഭിന്നശേഷി നിയമപ്രകാരം ജോലി

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വെങ്ങാനൂര്‍ ഗവ. മോഡല്‍ എച്ച്.എസ് എസിലെ എല്‍ പി സ്‌കൂള്‍ അസിസ്റ്റന്റ് സന്ധ്യാറാണിക്ക് ഭിന്നശേഷി നിയമപ്രകാരം സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കും. വൈകല്യം സംഭവിച്ച 19.12.2023 മുതല്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ പ്രാപ്തയാകുന്ന തീയതി വരെയോ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നതുവരെയോ ഏതാണോ ആദ്യം അതുവരെയാണ് എല്‍ പി സ്‌കൂള്‍ അസിസ്റ്റന്റിന്റെ സൂപ്പര്‍ ന്യൂമററി തസ്തിക വെങ്ങാനൂര്‍ സര്‍ക്കാര്‍ മോഡല്‍ എച്ച് എസ് എസില്‍ സൃഷ്ടിക്കുക.

ദര്‍ഘാസ് അംഗീകരിക്കും
കാസർകോട് ബെല്ലൂര്‍ ഗ്രാമപഞ്ചായത്തിലേക്കുള്ള ജലനിധി കുടിവെള്ള പദ്ധതിയുടെ ബദിയഡുക്ക മുതല്‍ സുള്ള്യപടവ് വരെയുള്ള പൈപ്പ് ലൈന്‍, കെ ആര്‍ എഫ് ബിയുടെ ഡെപ്പോസിറ്റ് വര്‍ക്കായി പുനഃസ്ഥാപിക്കുന്നതിനുള്ള ദര്‍ഘാസ് അംഗീകരിക്കാന്‍ ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി.

മുദ്രവില ഒഴിവാക്കി

കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ നിന്നും 01.01.2012 മുതല്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത കൊച്ചി താലൂക്ക് തോപ്പുംപടി വില്ലേജിലെ 2.75 ഏക്കര്‍ സ്ഥലത്തിന്റെ ലീസ് ഡീഡ് റജിസ്‌ട്രേഷന് ആവശ്യമായി വരുന്ന മുദ്രവില ഒഴിവാക്കി.

അനുമതി നല്‍കി

കോഴിക്കോട് തൂണേരി വില്ലേജിലെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നാദാപുരം ജംഗ്ഷന്‍ മുതല്‍ കക്കംവെള്ളിക്കുന്ന് ജി എല്‍ എസ് ആര്‍ വരെ നിലവിലുള്ള 200 എം എം എസി ഗ്രാവിറ്റി മെയിന്‍ മാറ്റി 200 എം എം ഡി ഐ കെ 9 പൈപ്പ് സ്ഥാപിക്കുന്നതിന് ക്വാട്ട് ചെയ്ത കരാര്‍ നല്‍കുവാന്‍ അനുമതി നല്‍കി.

ടെണ്ടര്‍ അംഗീകരിച്ചു

ഇരവിപുരം നിയോജക മണ്ഡലത്തിലെ ബി എം ആന്റ് ബി സി ടു വൈ എം സി എ റോഡ് പ്രവര്‍ത്തിക്കായി സമര്‍പ്പിച്ച ടെണ്ടര്‍ അംഗീകരിച്ചു.

അങ്കമാലി നിയോജക മണ്ഡലത്തില്‍ കിഫ്ബി സഹായത്തോടെ പാര്‍ട്ട് 1 പാക്കേജ് 2 ല്‍ ഉള്‍പ്പെടുത്തി ജലവിഭവ ജോലികള്‍ക്കുള്ള ടെണ്ടര്‍ അംഗീകരിച്ചു.

വെള്ളിയാഴ്ച മുതല്‍ മഴ ശക്തമാകും, ഇടിമിന്നലിനും സാധ്യത; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വെള്ളിയാഴ്ച മുതല്‍ മഴ ശക്തമാകും, ഇടിമിന്നലിനും സാധ്യത; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വ്യാഴാഴ്ച മുതല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.