അധിക ലഗേജുകള്‍ക്ക് പിഴ ഈടാക്കും; നിര്‍ദേശങ്ങളുമായി റെയില്‍വേ

അധിക ലഗേജുകള്‍ക്ക് പിഴ ഈടാക്കും; നിര്‍ദേശങ്ങളുമായി റെയില്‍വേ

മുംബൈ: യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളതിലും അധികമുള്ള ലഗേജുകള്‍ക്ക് പിഴ ഈടാക്കുമെന്ന് വെസ്റ്റേണ്‍ റെയില്‍വേ. ബാന്ദ്ര ടെര്‍മിനല്‍സില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റ് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ അറിയിപ്പ്.

യാത്രക്കാര്‍ക്ക് ഒരു നിശ്ചിത ലഗേജ് ചാര്‍ജില്ലാതെ കൊണ്ടുപോകാന്‍ അനുവാദമുണ്ട്. എന്നാല്‍ സ്‌കൂട്ടറുകള്‍, സൈക്കിളുകള്‍, 100സെ.മീX100സെ.മീX70 സെ.മീ ല്‍ കൂടുതലുള്ള ചരക്കുകള്‍ എന്നിവ കൊണ്ടുപോകാന്‍ അനുമതിയില്ലെന്ന് റെയില്‍വേ അറിയിച്ചു. അനുവദിച്ചിട്ടുള്ള ലഗേജ് പരിധികള്‍ പാലിക്കാനും ട്രെയിന്‍ ഷെഡ്യൂളുകള്‍ അനുസരിച്ച്, ആവശ്യത്തിനനുസരിച്ച് മാത്രം സ്റ്റേഷന്‍ പരിസരത്ത് പ്രവേശിക്കാനും എല്ലാ യാത്രക്കാരോടും റെയില്‍വെ അഭ്യര്‍ഥിച്ചു. സ്‌റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കുന്നതിനും പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിനുമാണ് ഇത്തരം നിര്‍ദേശങ്ങള്‍. നിര്‍ദേശം ഉടന്‍ പ്രാബല്യത്തില്‍ വരും.

ഉത്സവസീസണുകളില്‍ ബാന്ദ്ര ടെര്‍മിനല്‍സ്, വാപി, വല്‍സാദ്, ഉദ്‌ന, സൂറത്ത് എന്നിവിടങ്ങളിലെ പാഴ്‌സല്‍ ഓഫീസുകളില്‍ പാഴ്‌സല്‍ ബുക്കിങില്‍ ഗണ്യമായ വര്‍ധനയുണ്ടായി. പ്ലാറ്റ്‌ഫോമുകളില്‍ അടുക്കി വെച്ചിരിക്കുന്ന പാഴ്‌സലുകള്‍ മൂലം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും റെയില്‍വെ പറഞ്ഞു. ദീര്‍ഘനേരം പാഴ്‌സലുകള്‍ ഇങ്ങനെ വെക്കരുതെന്നും നിര്‍ദേശമുണ്ട്. പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ നല്‍കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച മുംബൈയിലെ ബാന്ദ്ര ടെര്‍മിനല്‍സില്‍ അന്ത്യോദയ എക്‌സ്പ്രസ് ട്രെയിനില്‍ കയറാനുള്ള തിരക്കിനിടയില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് തിരക്ക് നിയന്ത്രിക്കുന്നതിനാണ് വെസ്റ്റേണ്‍ റെയില്‍വേയുടെ പുതിയ നിര്‍ദേശങ്ങള്‍.

കോടതി വിധിയിലെ മൊഴി ശരിവെച്ച് ജില്ലാ കലക്ടര്‍

കോടതി വിധിയിലെ മൊഴി ശരിവെച്ച് ജില്ലാ കലക്ടര്‍

കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള കോടതി വിധിയിലെ തന്റെ മൊഴി ശരിവെച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. തെറ്റുപറ്റിയെന്ന് എഡിഎം നവീന്‍ ബാബു തന്നോട് പറഞ്ഞതായുള്ള കോടതി വിധിയിലെ മൊഴി താന്‍ പൊലീസിന് നല്‍കിയതാണ്. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ പി ഗീതയുടെ റിപ്പോര്‍ട്ടിലും ഈ മൊഴിയുണ്ട്. കോടതി വിധിയില്‍ തന്റെ മൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയാണ്. എന്നാല്‍ തന്റെ മൊഴി പൂര്‍ണമായി പുറത്തുവന്നിട്ടില്ലെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ല. ഇപ്പോള്‍ കേസില്‍ അന്വേഷണം നടക്കുകയാണ്. കൂടുതല്‍ പറയുന്നതിന് തനിക്ക് പരിമിതികള്‍ ഉണ്ട്. ഇത് ഇതിന് മുന്‍പും താന്‍ പറഞ്ഞിട്ടുള്ള കാര്യമാണെന്നും നവീന്‍ ബാബു കുറ്റസമ്മതം നടത്തിയോ എന്ന ചോദ്യത്തിന് മറുപടിയായി കലക്ടര്‍ പറഞ്ഞു. 14നു രാവിലെ മറ്റൊരു ചടങ്ങില്‍ കണ്ടപ്പോള്‍ എഡിഎമ്മിനെതിരെ പി പി ദിവ്യ കൈക്കൂലി ആരോപണം ഉന്നയിക്കുകയും അക്കാര്യം യാത്രയയപ്പു യോഗത്തില്‍ പരാമര്‍ശിക്കുമെന്നു പറയുകയും ചെയ്തപ്പോള്‍ വ്യക്തമായ തെളിവില്ലാതെ കാര്യങ്ങള്‍ പറയരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് കലക്ടര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. കോടതി വിധിയില്‍ കലക്ടറുടെ മൊഴിയായി പറഞ്ഞിരിക്കുന്ന ഇക്കാര്യവും കലക്ടര്‍ നിഷേധിച്ചില്ല. കോടതി വിധിയില്‍ തന്റെ മൊഴിയായി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്ന് കലക്ടര്‍ ആവര്‍ത്തിച്ചു.

പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയുള്ള വിധിന്യായത്തിന്റെ 34-ാം പേജിലാണ് കലക്ടറുടെ മൊഴി പരാമര്‍ശിക്കുന്നത്. എന്നാല്‍ തെറ്റുപറ്റിയെന്നു പറയുന്നത് കൈക്കൂലിയോ മറ്റെന്തെങ്കിലും അഴിമതിയോ നടത്തിയതായുള്ള സമ്മതമാകില്ലെന്ന് വ്യക്തമാക്കി കോടതി കലക്ടറുടെ മൊഴി തള്ളുകയായിരുന്നു. കലക്ടര്‍ പൊലീസിന് ഇങ്ങനെ മൊഴി നല്‍കിയ കാര്യം കോടതിയില്‍ വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകന്‍ കെ വിശ്വന്‍ ആണ് ഉന്നയിച്ചത്.

ഹൈക്കോടതിയിൽ അഞ്ച് പുതിയ ജഡ്ജിമാർ

ഹൈക്കോടതിയിൽ അഞ്ച് പുതിയ ജഡ്ജിമാർ

കൊച്ചി: കേരള ഹൈക്കോടതിയിൽ അഞ്ച് ജഡ്ജിമാരെ പുതിയതായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. പി കൃഷ്ണകുമാർ, കെ വി ജയകുമാർ, എസ് മുരളീകൃഷ്ണ, ജോബിൻ സെബാസ്റ്റ്യൻ, പി വി ബാലകൃഷ്ണൻ എന്നിവരെയാണ് നിയമിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്ക് പുതിയ ജഡ്ജിമാർ സത്യപ്രതി‍ജ്ഞ ചെയ്യും. എറണാകുളം എന്‍ഐഎ/ സിബിഐ സ്പെഷ്യല്‍ കോടതി ജഡ്ജിയായിക്കെ കനകമല തീവ്രവാദ കേസ്, സുബാനി ഹാജ ഐഎസ്‌ഐഎസ് കേസ്, നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് തുടങ്ങിയ സുപ്രധാന കേസുകളില്‍ കൃഷ്ണകുമാര്‍ വിധി പ്രസ്താവിച്ചിട്ടുണ്ട്.

ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറായ കെ വി ജയകുമാര്‍ തൃശൂർ സ്വദേശിയാണ്. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജിയാണ് എസ് മുരളികൃഷ്ണ, ഹൈക്കോടതിയിലെ ജില്ലാ ജുഡീഷ്യറി രജിസ്ട്രാറാണ് ജോബിന്‍ സെബാസ്റ്റ്യന്‍. നിലവില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയും പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനും ആണ് പി വി ബാലകൃഷ്ണൻ.

സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത 5 പേരെ നിയമിച്ച് രാഷ്ട്രപതി നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഈ അഞ്ച് ജഡ്ജിമാരും സത്യപ്രതി‍ജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഇവർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതോടെ ഹൈക്കോടതിയിൽ ജഡ്ജിമാരുടെ എണ്ണം 45 ആയി ഉയരും.

റിക്രൂട്ട്‌മെന്റ് ഏജൻസിക്ക് അംഗീകാരമുണ്ടോ എന്ന് നോക്കുക; മാർ​ഗങ്ങൾ നിർദേശിച്ച് നോർക്ക

റിക്രൂട്ട്‌മെന്റ് ഏജൻസിക്ക് അംഗീകാരമുണ്ടോ എന്ന് നോക്കുക; മാർ​ഗങ്ങൾ നിർദേശിച്ച് നോർക്ക

തിരുവനന്തപുരം: വിദേശത്തെ തൊഴിലവസരം അടക്കം നവമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോർക്ക. നിക്ഷേപ അവസരങ്ങൾ, മണി ചെയിൻ, സ്റ്റുഡന്റ് വിസാ ഓഫറുകൾ, സന്ദർശനവിസ തുടങ്ങിയ പേരുകളിൽ വ്യാജ പരസ്യങ്ങളിലൂടെ ഉദ്യോഗാർഥികളെ കബളിപ്പിക്കുന്നെന്ന പരാതികൾ വർധിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം. വിദേശമന്ത്രാലയത്തിന്റെ ഇ–- മൈഗ്രേറ്റ് പോർട്ടൽ (https://emigrate.gov.in) മുഖേന റിക്രൂട്ട്‌മെന്റ് ഏജൻസിക്ക് അംഗീകാരമുണ്ടോ എന്ന് പരിശോധിക്കാം.

പരസ്യങ്ങളിൽ ഏജൻസികളുടെ റിക്രൂട്ട്മെന്റ് ലൈസൻസ് നമ്പർ പ്രദർശിപ്പിക്കണമെന്ന് നിർദേശമുണ്ട്. ഏജൻസികളുടെ എല്ലാ ബ്രാഞ്ചുകൾക്കും പ്രത്യേക ലൈസൻസും വേണം. പ്രത്യേക റിക്രൂട്ട്മെന്റ് ഡ്രൈവുകൾക്ക് അംഗീകൃത ഏജൻസികൾക്കും കേന്ദ്ര വിദേശമന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമായതിനാൽ ഇതും ഇ–– മൈഗ്രേറ്റ് പോർട്ടലിലൂടെ ഉറപ്പാക്കാം. കരിമ്പട്ടികയിലുള്ള ഏജൻസികളുടെ വിവരവും പോർട്ടലിലുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തും പ്രവർത്തിക്കുന്ന വിദേശമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് (പിഒഇ) ഓഫീസുകളിൽ നേരിട്ടോ ഫോൺ മുഖേനയോ പരസ്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കാം. വിവരങ്ങൾ സ്ഥിരീകരിച്ച ശേഷമേ പണമിടപാടുകൾ (നിയമാനുസൃതമായ ഫീസ് മാത്രം) നടത്താവൂ എന്ന് നോർക്ക അറിയിച്ചു.

തട്ടിപ്പിന് ഇരയാകുന്നവർ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സിലും നോർക്കയിലെ ഓപ്പറേഷൻ ശുഭയാത്രയിലും പൊലീസ് സ്റ്റേഷനിലും പരാതി നൽകണം. പരാതികൾ നൽകാൻ: https://digitalseva.csc.gov.in/, https://www.madad.gov.in/. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ: 1800 11 3090, അന്താരാഷ്ട്ര ഹെൽപ്പ് ലൈൻനമ്പർ (കോൾ നിരക്കുകൾ ബാധകം): +91 11 26885021,+91 11 40503090, 0484-2314900, 2314901. ഇ–- മെയിൽ: helpline@mea.gov.in.

ഭൂമിക്കടിയിൽ നിന്നും ഉ​ഗ്ര ശബ്ദം; പരിഭ്രാന്തരായി നാട്ടുകാർ, കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

ഭൂമിക്കടിയിൽ നിന്നും ഉ​ഗ്ര ശബ്ദം; പരിഭ്രാന്തരായി നാട്ടുകാർ, കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

മ​ല​പ്പു​റം: മലപ്പുറത്ത് പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് ഉ​ഗ്ര ശബ്ദം കേട്ടതായി നാട്ടുകാർ. പോ​ത്തു​ക​ല്ലിലെ എസ്ടി കോളനി ഭാ​ഗ​ത്താ​ണ് ഭൂ​മി​ക്ക​ടി​യി​ൽ നി​ന്നും ശ​ബ്ദം കേ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ട​യാ​ണ് സം​ഭ​വം. ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​രെ ശ​ബ്ദം ഉ​ണ്ടാ​യെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. ഇ​തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യ നാ​ട്ടു​കാ​ർ വീ​ടി​ന് പു​റ​ത്തി​റ​ങ്ങി നി​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പിന്നാലെ പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റി, ബന്ധുവീടുകളിലേക്കും സ്കൂളിലേക്കും മാറ്റി താമസിപ്പിച്ചു. രണ്ട് വീടുകൾക്ക് വിളളൽ വീണതായി പരിശോധനയിൽ കണ്ടെത്തി. അതേസമയം ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്ന് കെഎസ്ഡിഎംഎ അറിയിച്ചു. പ​രി​ഭ്ര​മി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ചനിലയില്‍

സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ചനിലയില്‍

കൊച്ചി: മലയാള സിനിമയിലെ യുവ എഡിറ്റര്‍ നിഷാദ് യൂസഫ് (43)ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ലാറ്റിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ നാലുമണിയോടെയാണ് സംഭവം. ഭാര്യയ്ക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കുമൊപ്പമാണ് അദ്ദേഹം ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററാണ് നിഷാദ് യൂസഫ്. ഹരിപ്പാട് സ്വദേശിയാണ്. ചാവേര്‍, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, തല്ലുമാല തുടങ്ങിയവയാണ് ആ ഹിറ്റ് ചിത്രങ്ങള്‍. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവ റിലീസ് ആകാനിരിക്കേയാണ് മരണം. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.