by Midhun HP News | Oct 28, 2024 | Latest News, ദേശീയ വാർത്ത
വഡോദര: സി295 വിമാനങ്ങളുടെ നിര്‍മാണശാലയായ ടാറ്റ എയര്‍ക്രാഫ്റ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഗുജറാത്തിലെ വഡോദരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും നിര്‍വഹിച്ചു. സ്വകാര്യമേഖയില്‍ സൈനികവിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള രാജ്യത്തെ ആദ്യ സംരംഭമാണിത്. ടാറ്റ അഡ്‌വാന്‍സ് സിസ്റ്റംസ് ലിമിറ്റഡും(ടിഎഎസ്എല്‍.) യൂറോപ്യന്‍ വിമാനനിര്‍മാണക്കമ്പനിയായ എയര്‍ബസും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ടാറ്റ എയര്‍ക്രാഫ്റ്റില്‍ നിര്‍മിക്കുന്ന 40 വിമാനങ്ങളില്‍ ആദ്യത്തെ വിമാനത്തിന്റെ നിര്‍മാണം 2026ല്‍ പൂര്‍ത്തിയാകും. ഇന്ത്യയില്‍ ആദ്യമായി സ്വകാര്യമായി നിര്‍മ്മിച്ച സൈനിക വിമാനമാകും ഇത്. വിമാന നിര്‍മാണ കേന്ദ്രം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും ഇന്ത്യയും സ്‌പെയിനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ഇന്ന് മുതല്‍ ഞങ്ങള്‍ ഇന്ത്യയ്ക്കും സ്‌പെയിനിന്റെ പങ്കാളിത്തത്തിനും പുതിയ ദിശാബോധം നല്‍കുന്നു. സി295 വിമാനങ്ങളുടെ നിര്‍മാണ ഫാക്ടറി ഞങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. ഈ ഫാക്ടറി ഇന്ത്യ-സ്‌പെയിന്‍ ബന്ധത്തെ ശക്തിപ്പെടുത്തും, ഇത് ‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ്’ ദൗത്യത്തെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ പ്രതിരോധ ശേഷികള്‍ നവീകരിക്കുന്നതിനൊപ്പം ഈ സൗകര്യം സാങ്കേതിക വികസനത്തിനും വഴിയൊരുക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ‘ഈ വിമാനം സ്പാനിഷ്, യൂറോപ്യന്‍ എയറോനോട്ടിക്കല്‍ വ്യവസായത്തിന്റെ പ്രതീകമാണ്. ഇന്ത്യയുടെ പ്രതിരോധ ശേഷികള്‍ നവീകരിക്കുന്നതിന് പുറമേ, സാങ്കേതിക വികസനത്തിനും ഇത് കാരണമാകും, പ്രത്യേകിച്ച് ഇന്ത്യയിലെ മുന്‍നിര നിര്‍മ്മാണ കേന്ദ്രമായ ഗുജറാത്തിന്. പദ്ധതിയിലൂടെ ആയിരക്കണക്കിന് പേര്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഉയര്‍ന്ന യോഗ്യതയുള്ള എഞ്ചിനീയര്‍മാരെയും സാങ്കേതിക വിദഗ്ധരെയും പരിശീലിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റഎയര്‍ബസ് സി295 പദ്ധതി പ്രകാരം 56 വിമാനങ്ങളാണ് നിര്‍മിക്കുന്നത്. ഇതില്‍ 16 എണ്ണം സ്‌പെയിനില്‍ നിന്ന് എയര്‍ബസ് നേരിട്ട് എത്തിക്കുന്നു, ബാക്കി 40 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കും. ഈ 40 വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിന്റെ ചുമതല വഡോദരയിലെ ടാറ്റ എയര്‍കാഫ്റ്റ് കോംപ്ലക്‌സിനാണ്. സൈനികവിമാനങ്ങള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഫൈനല്‍ അസംബ്ലി ലൈന്‍ നിര്‍മാണശാലയാണ് വഡോദരയിലേത്. വിമാനഭാഗങ്ങള്‍ ഒന്നിച്ചുചേര്‍ക്കല്‍, ടെസ്റ്റിങ്, വിതരണം, പരിപാലനം തുടങ്ങി വിമാനങ്ങളുടെ നിര്‍മാണപ്രക്രിയയുടെ മുഴുവന്‍ ഘട്ടങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടും. ടാറ്റയെ കൂടാതെ, മുന്‍നിര പ്രതിരോധ പൊതുമേഖലാ യൂണിറ്റുകളായ ഭാരത് ഇലക്‌ട്രോണിക്‌സ്, ഭാരത് ഡൈനാമിക്‌സ് എന്നിവയും സ്വകാര്യ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളും ഈ പദ്ധതിയില്‍ സഹകരിക്കും.

by Midhun HP News | Oct 28, 2024 | Latest News, ദേശീയ വാർത്ത
ഡൽഹി: കുടുംബത്തിന്റെ വാർഷിക വരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരേയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതിക്ക് നാളെ തുടക്കം കുറിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിക്ക് തുടക്കമിടുന്നത്.
രജിസ്ട്രേഷൻ എങ്ങനെ
പ്രധാനമന്ത്രി ജൻ ആരോഗ്യ യോജ പോർട്ടലിലോ ആയുഷ്മാൻ ആപ്പിലോ രജിസ്റ്റർ ചെയ്യാം. ആയുഷ്മാൻ കാർഡുള്ളവർ പുതിയ കാർഡിനായി അപേക്ഷിക്കണം. ഇകെവൈസി പൂർത്തിയാക്കുകയും വേണം.
സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യമുണ്ട്. https://beneficiary.nha.gov.in/ എന്ന സൈറ്റിലോ ആയുഷ്മാൻ ആപ്പ് ഡൗൺലോഡ് ചെയ്തോ രജിസ്റ്റർ ചെയ്യാം.
ആനുകൂല്യം ആർക്കൊക്കെ
നാലരക്കോടി കുടുംബങ്ങളിലെ ആറ് കോടിയോളം മുതിർന്ന പൗരൻമാർക്ക് 5 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ഒരു കുടുംബത്തിൽ ഒന്നിലധികം മുതിർന്ന പൗരരുണ്ടെങ്കിൽ പങ്കുവെയ്ക്കും. നിലവിൽ ഇൻഷുറൻസുള്ള കുടുംബങ്ങളിലെ മുതിർന്ന പൗരർക്ക് 5 ലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും.
by Midhun HP News | Oct 28, 2024 | Latest News, കേരളം
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള നടപടി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 26 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 10 കേസുകളില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.
എട്ടു കേസുകളില്‍ പ്രതികളുടെ പേരുകളുണ്ട്. 18 കേസുകളില്‍ പ്രതികളുടെ പേര് ഇല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മുദ്രവെച്ച കവറിലാണ് സര്‍ക്കാര്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിനിമാ നിയമനിര്‍മ്മാണത്തിന്റെ കരട് തയ്യാറാക്കിയതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാനായി രൂപീകരിച്ച ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
സമ്പൂര്‍ണ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ പലതും ക്രിമിനല്‍ കേസ് എടുക്കാവുന്നതാണെന്ന് ഡിവിഷന്‍ ബഞ്ച് കഴിഞ്ഞ തവണ നിരീക്ഷിച്ചിരുന്നു. തെളിവുകളും കൃത്യമായ പരാതികളും ഉണ്ടെങ്കില്‍ കേസെടുത്ത് അന്വേഷണസംഘത്തിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

by Midhun HP News | Oct 28, 2024 | Latest News, കേരളം
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് കൊണ്ടുള്ള കോടതി വിധിയില്‍ തൃപ്തയല്ലെന്ന് അനീഷിന്റെ ഭാര്യ ഹരിത. ‘ഇവര്‍ ഇത്രയും വലിയ തെറ്റ് ചെയ്തിട്ടും ഇവര്‍ക്ക് ലഭിച്ച ശിക്ഷയില്‍ ഞാന്‍ തൃപ്തയല്ല. വധശിക്ഷ തന്നെ വേണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. വിധിക്കെതിരെ അപ്പീലിന് പോകും.’- ഹരിത മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനും ഒന്നാം പ്രതിയുമായ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷിനെയും ഹരിതയുടെ അച്ഛനും രണ്ടാം പ്രതിയുമായ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാറിനെയുമാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ വിനായക റാവു വിധിച്ചത്. ഇരുവര്‍ക്കും അരലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. വിധിക്ക് പിന്നാലെയാണ് ഹരിതയുടെ പ്രതികരണം.
‘പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തമാണ് പ്രതീക്ഷിച്ചിരുന്നത്. അതൊന്നുമല്ല അവര്‍ക്ക് കൊടുത്തത്. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് വധശിക്ഷയായിരുന്നു. ഈ ക്രൂരതയ്ക്ക് ഈ ശിക്ഷ പോരാ. വിചാരണ ഘട്ടത്തില്‍ എന്നെയും കൊല്ലുമെന്ന തരത്തില്‍ ഭീഷണികളൊക്കെ ഉണ്ടായിരുന്നു. പരിസരത്തുള്ള ആളുകളാണ് ഭീഷണിപ്പെടുത്തിയത്. സര്‍ക്കാരില്‍ പ്രതീക്ഷയുണ്ട്. സര്‍ക്കാരുമായി സംസാരിച്ച് അപ്പീലുമായി മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ’- ഹരിത പറഞ്ഞു.

by Midhun HP News | Oct 28, 2024 | Latest News, കേരളം
മാവേലിക്കര: ഷെയർ ട്രേഡിങ് കമ്പനിയിൽ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിലായി. ആലപ്പുഴ പല്ലാരിമംഗലം സ്വദേശിയിൽനിന്നു പണം തട്ടിയെടുത്ത കേസിലെ പ്രതികളെ കുറത്തികാട് പോലീസാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം തിരൂരങ്ങാടി എം.എച്ച്. നഗറിൽ കല്ലിങ്കൽ വീട്ടിൽ അബ്ദുൽ ഹക്കീം, മല്ലാപ്പ് വീട്ടിൽ മുഹമ്മദ് അഷറഫ്, നിലമ്പൂർ ചന്തക്കുന്ന് ഇരശ്ശേരി വീട്ടിൽ അദ്‌നാൻ, ചന്തക്കുന്ന് പനോളി വീട്ടിൽ നിഷാൽ എന്നിവരാണ് അറസ്റ്റിലായത്.
വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഇവർ 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തി ലഭിച്ച തുക ബാങ്ക് വഴിയും എടിഎം വഴിയും പിൻവലിച്ചു എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും കുറത്തികാട് പോലീസ് പറഞ്ഞു. ചെങ്ങന്നൂർ ഡിവൈഎസ്‍പി എം.കെ. ബിനുകുമാർ, കുറത്തികാട് ഇൻസ്പെക്ടർ പി.കെ. മോഹിത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ രാജേഷ്, രവീന്ദ്രദാസ്, സിവിൽ പൊലീസ് ഓഫീസർ അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


by Midhun HP News | Oct 28, 2024 | Latest News, കേരളം
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 360 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,520 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 7315 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. ശനിയാഴ്ച 58,880 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരവും കുറിച്ചു. ഇതിന് ശേഷമാണ് ഇന്ന് വില താഴ്ന്നത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.


Recent Comments