ബിജെപിയുടെ എതിര്‍പ്പ് തള്ളി; പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

ബിജെപിയുടെ എതിര്‍പ്പ് തള്ളി; പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. നാമനിര്‍ദേശ പത്രികയില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ സ്വത്തുവിവരങ്ങളില്‍ വ്യാപക പൊരുത്തക്കേടുണ്ടെന്നും പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. വാധ്രയുടെ മൊത്തം ആസ്തി പത്രികയില്‍ വെളിപ്പെടുത്തിയതും കഴിഞ്ഞ സാമ്പത്തികവര്‍ഷങ്ങളില്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയതും തമ്മില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്നായിരുന്നു ആക്ഷേപം.

65.55 കോടി രൂപയാണ് വാധ്രയുടെ ആസ്തിയായി പ്രിയങ്കയുടെ നാമനിര്‍ദേശ പത്രികയിലുള്ളത്. എന്നാല്‍ 2010 -21 കാലയളവില്‍ ആദായനികുതി വകുപ്പ് വാധ്രയ്ക്ക് 80 കോടി രൂപയോളം നികുതി ചുമത്തിയിട്ടുണ്ട്. അതില്‍ 2019-20ല്‍മാത്രം 24.16 കോടിയാണ് നികുതി ചുമത്തിയത്. ആദായ നികുതിവകുപ്പ് ചുമത്തിയ നികുതിക്ക് ആനുപാതികമായ ആസ്തി വാധ്രയ്ക്കുണ്ടെന്നും അത് വെളിപ്പെടുത്തണമെന്നുമാണ് ബിജെപിയുടെ ആവശ്യം.

ഭര്‍ത്താവ് റോബര്‍ട്ട് വാധ്രക്കും തനിക്കും കൂടി 78 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വയനാട്ടിലെ സത്യവാങ്മൂലത്തില്‍ പ്രിയങ്ക പറയുന്നത്. 12 കോടിയാണ് പ്രിയങ്കയുടെ മാത്രം ആസ്തി. ഇതില്‍ ഡല്‍ഹി മെഹറോളിയില്‍ രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ കൃഷി ഭൂമിയും ഫാം ഹൗസുമുണ്ട്. ഷിംലയില്‍ 5.63 കോടി രൂപ മൂല്യം വരുന്ന വീടും സ്വത്തും അഞ്ഞൂറ്റി അന്‍പത് പവന്‍ സ്വര്‍ണ്ണവും മുപ്പത് ലക്ഷം രൂപയുടെ വെള്ളിയും പ്രിയങ്കക്കുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം, രണ്ടാം ഘട്ട പ്രചാരണത്തിനായി പ്രിയങ്ക വയനാട്ടിലെത്തി. ഇന്നും നാളെയും പ്രിയങ്ക വയനാട്ടില്‍ ഉണ്ടാകും. മീനങ്ങാടിയിലായിരുന്നു ആദ്യപരിപാടി. താളൂര്‍ നീലഗിരി കോളജില്‍ 11.50 ഓടെയാണ് പ്രിയങ്കയുമായി ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. വയനാട്ടിലെ ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വയനാട്ടിലെ ജനങ്ങളുടെ സ്‌നേഹത്തിന് നന്ദിയെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. 2.30ന് പനമരം, 4.30ന് പൊഴുതന എന്നിവിടങ്ങളില്‍ യോഗങ്ങള്‍ നടക്കും. നാളെ 9.30ന് ഈങ്ങാപ്പുഴ, 12.30ന് തെരട്ടമ്മല്‍, 3ന് മമ്പാട്, 4.30ന് ചുങ്കത്തറ എന്നിവിടങ്ങളിലാണു യോഗം. തുടര്‍ന്ന് ഡല്‍ഹിയിലേക്കു തിരിക്കുന്ന പ്രിയങ്ക ദീപാവലിക്കു ശേഷം വയനാട്ടില്‍ വീണ്ടുമെത്തും.

തിരുവനന്തപുരം ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴു; നടപടി

തിരുവനന്തപുരം ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴു; നടപടി

തിരുവനന്തപുരം: തിരുവനന്തപുരം ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴു. ഇന്ന് രാവിലെ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തില്‍ ആര്‍സിസിയിലെ കിച്ചന്‍ സ്റ്റാഫിനെ പുറത്താക്കി. രോഗികളുടെ ബന്ധുക്കള്‍ സംഭവത്തില്‍ പരാതി നല്‍കിയതോടെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍സിസി ഡയറക്ടര്‍ അറിയിച്ചിരുന്നു. ഇതിന് മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു.

ദീപാവലി ആഘോഷമാക്കാന്‍ ആയോധ്യ; രാമക്ഷേത്രത്തില്‍ 28 ലക്ഷം വിളക്കുകള്‍ കൊളുത്തും; ലക്ഷ്യം ലോകറെക്കോര്‍ഡ്

ദീപാവലി ആഘോഷമാക്കാന്‍ ആയോധ്യ; രാമക്ഷേത്രത്തില്‍ 28 ലക്ഷം വിളക്കുകള്‍ കൊളുത്തും; ലക്ഷ്യം ലോകറെക്കോര്‍ഡ്

അയോധ്യ: രാമക്ഷേത്രം തുറന്ന ശേഷമുള്ള ആദ്യ ദീപാവലി ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ ഒരുങ്ങി അയോധ്യ. സരയൂ നദിക്കരയില്‍ ദീപാവലി ദിവസം 28 ലക്ഷം മണ്‍ചെരാതുകള്‍ കത്തിച്ച് ലോക റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. പരിസ്ഥിതി സംരക്ഷണവും ഈ ദീപോത്സവത്തിന്റെ പ്രധാന ശ്രദ്ധ കേന്ദ്രമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രത്യേക പുഷ്പാലങ്കാരം നടത്തും. ദര്‍ശനത്തിനായി ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ ഒന്നുവരെ രാത്രിയും ക്ഷേത്രം തുറന്നിടും. 55 ഘാട്ടുകളിലായി 30,000 വളണ്ടിയര്‍മാര്‍ ചെരാതുകളില്‍ വെളിച്ചം പകരുന്നതില്‍ പങ്കാളികളാകും. ഗിന്നസ് ബുക്ക ഓഫ് വേള്‍ഡ് റെക്കോഡ്സ് അധികൃതരും ചടങ്ങില്‍ പങ്കെടുക്കും.

രാജ്യത്തെ സെന്‍സസ് നടപടികള്‍ അടുത്തവര്‍ഷം ആരംഭിക്കും; റിപ്പോര്‍ട്ട്

രാജ്യത്തെ സെന്‍സസ് നടപടികള്‍ അടുത്തവര്‍ഷം ആരംഭിക്കും; റിപ്പോര്‍ട്ട്

ഡല്‍ഹി: രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പിനുള്ള സെന്‍സസ് അടുത്തവര്‍ഷം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. 2025ല്‍ തുടങ്ങുന്ന സെന്‍സസ് 2026ടെ പൂര്‍ത്തീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സെന്‍സസ് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് ലോക്‌സഭ മണ്ഡല പുനര്‍നിര്‍ണയം ഉള്‍പ്പെടെയുള്ള നടപടികളിലേക്കും കേന്ദ്രം കടക്കും. 2028ഓടെ മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) അപ്‌ഡേറ്റ് ചെയ്യുന്നതിനായി സാധാരണ ഓരോ പത്ത് വര്‍ഷത്തിലും നടത്തുന്ന സെന്‍സസ് 2021ല്‍ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും കോവിഡ് കാരണം മാറ്റിവെക്കേണ്ടി വന്നിരുന്നു. നാല് വര്‍ഷത്തെ കാലതാമസത്തിന് ശേഷമാണ് 2025 ല്‍ രാജ്യത്തെ ജനസംഖ്യയുടെ ഔദ്യോഗിക സര്‍വെയായ സെന്‍സസ് രേഖപ്പെടുത്താന്‍ പോകുന്നത്.

ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെന്‍സസ് ഏത് തരത്തിലുള്ളതാകുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. അടുത്ത വര്‍ഷത്തെ സെന്‍സസില്‍ ജനറല്‍, എസ്‌സിഎസ്ടി വിഭാഗങ്ങളിലെ ഉപവിഭാഗങ്ങളുടെ സര്‍വേകള്‍ ഉള്‍പ്പെട്ടേക്കാം. ജനറല്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട ആളുകളുടെ എണ്ണവും ഇതില്‍ രേഖപ്പെടുത്തുമെന്നുമാണ് റിപ്പോര്‍ട്ട്.

പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം; ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയുമായി പൊലീസ്

പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം; ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയുമായി പൊലീസ്

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ പ്രേരണാ കുറ്റക്കേസില്‍ പ്രതിയായ പിപി ദിവ്യയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫിസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധം സഘര്‍ഷമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം ഏറെനേരം വാഹനഗതാഗതം തടസപ്പെട്ടു.

പൊലിസ് ബാരിക്കേഡ് വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ മറിച്ചിടാന്‍ ശ്രമിച്ചു. അര മണിക്കൂറോളം നേരം പൊലിസും പ്രതിഷേധക്കാരും തമ്മില്‍ ബലാബലമുണ്ടായി. ഇതിനിടെ അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചു വിടുന്നതിനായി പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, പിപി ദിവ്യയെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബിജെപി പ്രതിഷേധം.

സമരത്തിന് നേതൃത്വം നല്‍കിയ സംസ്ഥാനജനറല്‍ സെക്രട്ടറി പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് എന്നിവരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചു ദേശീയ സമിതി അംഗം സി.രഘുനാഥിന്റെ നേതൃത്വത്തിലാണ് പൊലിസ് സ്റ്റേഷനു മുന്‍പില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. അറസ്റ്റു ചെയ്ത നേതാക്കളെ വിട്ടയക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ പി പ്രകാശ് ബാബു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസ് അധ്യക്ഷനായി. നേതാക്കളായ വിജയന്‍ വട്ടിപ്രം, എം ആര്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.

പാറശ്ശാലയില്‍ വ്‌ളോഗർമാരായ ദമ്പതികൾ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൂടുല്‍ വിവരങ്ങള്‍ പുറത്ത്

പാറശ്ശാലയില്‍ വ്‌ളോഗർമാരായ ദമ്പതികൾ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൂടുല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: പാറശ്ശാലയില്‍ വ്‌ളോഗർമാരായ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുല്‍ വിവരങ്ങള്‍ പുറത്ത്. ചെറുവാരക്കോണം സ്വദേശികളായ സെല്‍വരാജും പ്രിയലതയുമാണ് മരിച്ചത്. പ്രിയയെ കഴുത്തു ഞെരിച്ചുകൊന്ന ശേഷം ശെല്‍വരാജ് തൂങ്ങിമരിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും പോലീസ് പറഞ്ഞു.

പ്രിയയെ കയര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം സെല്‍വരാജ് തൂങ്ങി മരിക്കുകയായിരുന്നുവെന്നും പോസ്റ്റ് മോര്‍ട്ടത്തിലൂടെ സ്ഥിരീകരിച്ചു. പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച കയര്‍ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി. കുടുംബ പ്രശ്ങ്ങളും സാമ്പത്തിക ബാധ്യതകളുമടക്കം അന്വേഷിക്കുകയാണെന്നും ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

മകളുടെ വിവാഹശേഷം സാമ്പത്തിക പ്രയാസമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സെല്ലു ഫാമിലി എന്ന സ്വന്തം യൂട്യൂബ് ചാനലില്‍ പ്രിയ ലത കഴിഞ്ഞ വെള്ളിയാഴ്ചയും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സ്ഥിരമായി കുക്കറി ഷോയും വീട്ടുവിശേഷങ്ങളും പങ്കുവെച്ചിരുന്ന ദമ്പതികളുടെ വീഡിയോ ജീവിതത്തിലെ അവസാനത്തെതാണെന്ന് ആരും തിരിച്ചറിഞ്ഞില്ല. വിടപറയുകയാണ് ഈ ജീവിതം എന്ന ഗാനത്തോടൊപ്പം ഇവരുടെ ചിത്രങ്ങള്‍ ഒന്നിച്ചുവെച്ചുള്ള വീഡിയോ ആണ് അവസാനമായി പങ്കുവെച്ചത്. കൊച്ചിയില്‍ മെയില്‍ നഴ്‌സായി ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച പ്രിയ ഫോണില്‍ സംസാരിച്ചിരുന്നു.

പ്രിയയുടെ അമ്മയുമായും സംസാരിച്ചു. പിന്നീട് മകന്‍ അമ്മയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ഇന്നലെ രാത്രി വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ ഇരുവരെയും കണ്ടത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു സെല്‍വരാജിന്റെ മൃതദേഹം. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു പ്രിയ. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോവുകയായിരുന്നു. വൈകിട്ടോടെയാണ് പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായത്.