by Midhun HP News | Oct 26, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം ബാലരാമപുരത്ത് വൻ ലഹരി വേട്ട. 1300 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളും 5 ലക്ഷം രൂപയും നെയ്യാറ്റിൻകര എക്സൈസ് ടീം പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശികളായ റാഫി (25), ഷാഹിത് (22) എന്നിവർ പിടിയിലായി.
ശനിയാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു എക്സൈസിൻ്റെ നടപടി. പ്രതികൾ പെരുമ്പാവൂരിൽ നിന്നും കൊണ്ടുവന്നതാണ് ലഹരി ഉൽപ്പന്നങ്ങളെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

by Midhun HP News | Oct 26, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സിനിമാ ഷൂട്ടിങ്ങിനുള്ള പന്തൽപണിക്കായി സാധനങ്ങൾ ഇറക്കാൻ വൻ തുക നോക്കുകൂലിയായി ചോദിച്ച ചുമട്ടുതൊഴിലാളികൾക്കെതിരെ നടപടി. 70,000 രൂപയുടെ പന്തൽ കെട്ടാൻ 25,000 രൂപയാണ് നോക്കുകൂലി ആവശ്യപ്പെട്ടത്. പരാതി ഉയർന്നതോടെ മന്ത്രി വി ശിവൻകുട്ടി നേരിട്ടെത്തി തൊഴിലാളികൾക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
നോക്കുകൂലി ചോദിച്ച ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധി അംഗത്വം സസ്പെൻഡ് ചെയ്തു. സ്റ്റാച്യു മേഖലയിലെ പത്ത് ചുമട്ടുതൊഴിലാളികളെയാണ് മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശപ്രകാരം ക്ഷേമനിധി ബോർഡ് ചെയർമാൻ പുറത്താക്കിയത്. വെള്ളിയാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ സിനിമാ ഷൂട്ടിങ്ങിനുള്ള സാധനങ്ങളെത്തിച്ചപ്പോഴാണ് ചുമട്ടുതൊഴിലാളികൾ നോക്കുകൂലി ചോദിച്ച് ജോലി തടഞ്ഞത്.

70,000 രൂപയ്ക്കാണ് പന്തൽപണിക്കാരൻ കരാറെടുത്തിരുന്നത്. മൂവായിരം ചതുരശ്രയടി പന്തലിനുള്ള ഷീറ്റും ഇരുമ്പുകമ്പികളുമടങ്ങിയതായിരുന്നു സാമഗ്രികൾ. പതിനായിരം രൂപ വരെ കൊടുക്കാൻ കരാറുകാരൻ തയ്യാറായെങ്കിലും ചുമട്ടുതൊഴിലാളികൾ വഴങ്ങിയില്ല. സാധനങ്ങളിറക്കുന്നതു തടസ്സപ്പെടുത്തിയതോടെയാണ് കരാറുകാരൻ കന്റോൺമെന്റ് പൊലീസിൽ പരാതിപ്പെട്ടത്. പിന്നീട് മന്ത്രി വി ശിവൻകുട്ടിയെ നേരിട്ടു വിളിച്ചും പരാതിയറിയിച്ചു. പൊലീസിന്റെ അന്വേഷണത്തിൽ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് പത്ത് തൊഴിലാളികളെ മന്ത്രിയുടെ നിർദേശപ്രകാരം ചുമട്ടുതൊഴിലാളി നിയമത്തിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇവർ ജോലിക്കുകയറരുതെന്നാണ് ഉത്തരവ്.
by Midhun HP News | Oct 26, 2024 | Latest News, കേരളം
ആലപ്പുഴ: മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ പ്രശസ്തമായ ആയില്യ മഹോത്സവം ഇന്ന്. കുടുംബ കാരണവര്‍ എം കെ പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നാഗാരാജാവിനും സര്‍പ്പയക്ഷിക്കും തിരുവാഭരണം ചാര്‍ത്തിയുള്ള പൂജ ആരംഭിക്കും. അഭിഷേകം, ഉഷപൂജ, കലശാഭിഷേകം എന്നീ ചടങ്ങുകള്‍ക്ക് ശേഷമാകും ഇത് നടക്കുക.
പാരമ്പര്യ വിധിപ്രകാരം ആയില്യം നാളില്‍ ക്ഷേത്ര ശ്രീകോവിലില്‍ പൂജകള്‍ക്ക് നേതൃത്വം വഹിക്കുന്നത് കുടുംബ കാരണവന്‍മാരാണ്. ആയില്യം മഹോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 26ന് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.


by Midhun HP News | Oct 26, 2024 | Latest News, കേരളം
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യാ കേസിൽ പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തം. അന്വേഷണ സംഘത്തിന് മുമ്പാകെ എത്താൻ ദിവ്യക്ക് മേൽ സിപിഎം ഉന്നത നേതൃത്വത്തിന്‍റെ സമ്മർദ്ദം ഉണ്ടെന്നാണ് സൂചന. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുക.
അതുവരെ കാത്തിരിക്കാതെ, ഉപതെരഞ്ഞെടുപ്പിന്‍റെ കൂടി പശ്ചാത്തലത്തിൽ വേഗത്തിലുള്ള നടപടിയാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇതിനിടെ, അന്വേഷണ സംഘത്തിന്‍റെ തലവനായി ചുമതലയേറ്റ കമ്മീഷണർ അജിത് കുമാർ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്തുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ 10 മണിക്ക് അന്വേഷണ സംഘം യോഗം ചേരുന്നുണ്ട്. യാത്രയയപ്പ് യോഗത്തിന് ശേഷം നവീൻ എങ്ങോട്ട് പോയി, വ്യാജ പരാതിയുടെ ഉറവിടം, അഴിമതി, ബെനാമി ആരോപണങ്ങൾ തുടങ്ങിയവയും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

by Midhun HP News | Oct 26, 2024 | Latest News, കേരളം
തൃശൂര്‍: ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തൃശൂരില്‍ ചേരും. കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യക്കെതിരെ റവന്യൂ വകുപ്പിന്റെ അടക്കം കണ്ടെത്തലുകള്‍ ഉള്ള പശ്ചാത്തലത്തില്‍, പാര്‍ട്ടി അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നതില്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കും. ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ വിഷയങ്ങളും,സമകാലിക സംഭവങ്ങളും സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും.
എന്‍സിപിയിലുണ്ടായ കുതിരക്കച്ചവട ആരോപണവും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരാനാണ് സാധ്യത. തോമസ് കെ തോമസ് എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം. അതേസമയം ആരോപണം നിഷേധിച്ച തോമസ് കെ തോമസ്, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രിയാകും എന്ന് കണ്ടതോടെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നു വന്നതെന്നും പറഞ്ഞിരുന്നു.തോമസ് കെ തോമസ് എല്‍ഡിഎഫിന്റെ രണ്ട് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തത്. ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതമാണ് വാഗ്ദാനം ചെയ്തതെന്നും ആരോപണമുയര്‍ത്തിയിരുന്നു.

by Midhun HP News | Oct 26, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചൈനീസ് ഭക്ഷ്യ ഉത്‌പന്നങ്ങൾക്ക് ഫൈവ്സ്റ്റാർ റേറ്റിങ് നൽകിയാൽ പണം നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്ന് 26 ലക്ഷം രൂപ തട്ടിയ രണ്ട് പേർ പിടിയിൽ. കോഴിക്കോട് നരിക്കുനി പാറന്നൂർ ആരീക്കൽ ഹൗസിൽ അസർ മുഹമ്മദ് (29), കൊയിലാണ്ടി കോതമംഗലം വരണ്ട സ്വദേശി അക്ഷയ (28) എന്നിവരാണ് അറസ്റ്റിലായത്.
കുളത്തൂർ സ്വദേശിയായ ഷൈൻ ആണ് തട്ടിപ്പിന് ഇരയായത്. ചൈനീസ് ഭക്ഷ്യ ഉത്‌പന്നങ്ങൾക്ക് ഓൺലൈനിൽ ഫൈവ്സ്റ്റാർ റേറ്റിങ് നൽകുന്ന ജോലിയുടെ പരസ്യം ഇൻസ്റ്റഗ്രാമിൽ കണ്ടാണ് ഷൈൻ തട്ടിപ്പു സംഘത്തെ സമീപിച്ചത്. ഓരോഘട്ടം കഴിയുമ്പോഴും പണം അക്കൗണ്ടിൽ വരുമെന്നുപറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആദ്യഘട്ടത്തിൽ പതിനായിരം രൂപ അവർ പറഞ്ഞ അക്കൗണ്ടിൽ നിക്ഷേപിച്ചതിനു പിന്നാലെ തട്ടിപ്പുസംഘം 999 രൂപ ഷൈനിന്റെ അക്കൗണ്ടിലേക്കു നൽകി. ഇത്തരത്തിൽ ഷൈനിന്റെ വിശ്വാസം പിടിച്ചുപറ്റിയ സംഘം പല തവണയായി 26 ലക്ഷത്തോളം രൂപ ഇയാളിൽനിന്നു തട്ടിയെടുത്തു. ഓരോ തവണയും ലഭിക്കേണ്ട പണം ആവശ്യപ്പെടുമ്പോൾ സാങ്കേതികത്തകരാറാണെന്നും നിങ്ങളുടെ പണം അക്കൗണ്ടിൽ സുരക്ഷിതമാണെന്നും ഇവർ ഷൈനിനെ വിശ്വസിപ്പിച്ചു. പിന്നീട് ഇവരെ ബന്ധപ്പെടാൻ സാധിക്കാതായപ്പോഴാണ് താൻ പറ്റിക്കപ്പെട്ടെന്ന് മനസിലാക്കിയത്. തുടർന്ന് പൊഴിയൂർ പൊലീസിൽ പരാതി നൽകുതയായിരുന്നു.

തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇത്തരത്തിൽ ഇവർ നിരവധിപ്പേരെ തട്ടിപ്പിന് ഇരയാക്കിയതായി സംശയിക്കുന്നതായി പൊഴിയൂർ പോലീസ് അറിയിച്ചു. പൊഴിയൂർ എസ്എച്ച്ഒ അബ്ദുൾ കലാം ആസാദിന്റെ നേതൃത്വത്തിൽ എഎസ്ഐ ജയലക്ഷ്മി, സാജൻ, സിപിഒ അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Recent Comments