ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം

ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം

ഇറാനില്‍ ആക്രമണം തുടങ്ങി ഇസ്രയേല്‍. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നത്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉഗ്രസ്‌ഫോടനമാണ് ഇസ്രയേല്‍ നടത്തിയത്. ടെഹ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും സ്‌ഫോടനമുണ്ടായി. ഇസ്രയേല്‍ ആക്രമണം നടത്തിയതായി ടെഹ്‌റാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്‍ നിരന്തരം തുടരുന്ന ആക്രമണങ്ങള്‍ക്ക് തങ്ങള്‍ തിരിച്ചടി നല്‍കുകയാണെന്ന് ഇസ്രയേല്‍ പ്രതികരിച്ചു.

തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇറാന്റെ മറുപടി എന്തായാലും അത് നേരിടാന്‍ തങ്ങള്‍ സുസജ്ജമാണെന്നും ഇസ്രയേല്‍ പ്രതിരോധസേന പറഞ്ഞു. അതേസമയം തങ്ങളുടെ ആണവകേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്ന് ഇറാന്‍ അറിയിച്ചു.

പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കായി യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയതായി യു എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് സീന്‍ സെവാട്ട് സ്ഥിരീകരിച്ചു. സംഭവത്തില്‍ വൈറ്റ് ഹൗസ് മറ്റ് പ്രതികരണങ്ങള്‍ ഒന്നും ഇതുവരെ നടത്തിയിട്ടില്ല.

ലെബനനിലെ സഖ്യകക്ഷിയായ ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രയേല്‍ നടപടികളുടെ പ്രതികാരമായി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ഇറാന്റെ 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ശത്രുക്കളായ ഇരു രാജ്യങ്ങളും കാലങ്ങളായി തന്നെ അകല്‍ച്ചയില്‍ തുടരുകയാണ്. ഇറാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇനിയൊരു അറിയിപ്പ് നല്‍കുന്നതുവരെ ഇറാന്റെ വ്യോമപാതകള്‍ അടഞ്ഞുതന്നെ കിടക്കും. നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിട്ടുമുണ്ട്.

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. വർക്കല വെട്ടൂർ വിളബ്ഭാഗം കാഞ്ഞിരംവിളാകത്തിൽ വിമൽ (58) ആണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ പെൺകുട്ടി പൊതുവേദിയിൽ തനിക്ക് നേരിട്ട അനുഭവം വ്യക്തമാക്കിയതോടെ സംഭവത്തിൽ പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

കല്ലമ്പലം വടശ്ശേരിക്കോണത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഇടവ ചെമ്പകത്തിൻമൂട് അഫ്ന മൻസിലിൽ അഫ്സൽ (19) ആണ് മരിച്ചത്. സുഹൃത്ത് മുഹസിൽ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച പുലർച്ചയായിരുന്നു അപകടം.

കല്ലമ്പലം ഭാഗത്ത് നിന്ന് വർക്കല ഭാഗത്തേക്ക് പോയ ബൈക്ക് നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ കോൺക്രീറ്റ് കുറ്റിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇരുവരെയും ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇടവ ആലുംമൂട് പള്ളിയിൽ ഖബറടക്കി. ഷാജഹാന്റെയും സലീലയുടെയും മകനാണ്. അമൽ, അഫ്ന എന്നിവർ സഹോദരങ്ങളാണ്.

.

ഭാര്യയുടെ സ്വർണ്ണം പണയം വച്ച് പണവുമായി മുങ്ങി: ഭർത്താവ് അറസ്റ്റിൽ

ഭാര്യയുടെ സ്വർണ്ണം പണയം വച്ച് പണവുമായി മുങ്ങി: ഭർത്താവ് അറസ്റ്റിൽ

ഭാര്യയുടെ സ്വർണ്ണം പണയം വച്ച് പണവുമായി മുങ്ങിയ ഭർത്താവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തു (34) വാണ് അറസ്റ്റിലായത്.

2021 ആഗസ്റ്റിലായിരുന്നു വർക്കല പനയറ സ്വദേശിനിയായ യുവതിയും ഫിസിയോതെറാപിസ്റ്റായ അനന്തുവും തമ്മിലുള്ള വിവാഹം. വിവാഹശേഷം മൂന്നാംനാൾ ഭാര്യയുടെ 52 പവന്റെ സ്വർണാഭരണങ്ങൾ നിർബന്ധിപ്പിച്ച് പണയം വെച്ച് 13.5 ലക്ഷം രൂപ അനന്തു കൈക്കലാക്കുകയായിരുന്നുവെന്നാണ് ഭാര്യയുടെ പരാതി .

യുവതിയുടെ ജാതകദോഷം മാറാൻ പൂജ നടത്തണമെന്നും ഇതിനായി ഒരു ലക്ഷം രൂപ യുവതി നൽകണമെന്ന് അനന്തുവിൻറെ അച്ഛനും അമ്മയും സഹോദരനും ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. കൂടാതെ വധുവിന്റെ കുടുംബ വീടും വസ്തുവും തന്റെ പേരിൽ പ്രമാണം ചെയ്തു കിട്ടണമെന്നും പുതിയ കാർ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് അനന്തു നിരന്തരമായി കലഹമുണ്ടാക്കിയിരുന്നതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വധു പൊലീസിന് മൊഴി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ അനന്തുവിനെയും അനന്തുവിന്റെ മാതാപിതാക്കളെയും സഹോദരനെയും പ്രതിയാക്കി ഇക്കഴിഞ്ഞ മാർച്ചിൽ പൊലീസ് കേസെടുത്തു. ഭാര്യ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അനന്തു കിട്ടിയ പണവുമായി മുങ്ങിയത്. കേരളത്തിൽ പലയിടങ്ങളിലായും ബംഗളൂരുവിലും മാറിമാറി ഒളിവിൽ താമസിച്ചു വരികയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂരിൽ നിന്നാണ് ഇയാളെ വർക്കല പൊലീസ് പിടികൂടിയത്. പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി.

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട; പുകയില ഉൽപ്പന്നങ്ങളും ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തു

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട; പുകയില ഉൽപ്പന്നങ്ങളും ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തു

തിരുവനന്തപുരം ബാലരാമപുരത്ത് വൻ ലഹരി വേട്ട. 1300 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളും 5 ലക്ഷം രൂപയും നെയ്യാറ്റിൻകര എക്സൈസ് ടീം പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശികളായ റാഫി (25), ഷാഹിത് (22) എന്നിവർ പിടിയിലായി.

ശനിയാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു എക്സൈസിൻ്റെ നടപടി. പ്രതികൾ പെരുമ്പാവൂരിൽ നിന്നും കൊണ്ടുവന്നതാണ് ലഹരി ഉൽപ്പന്നങ്ങളെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

ചുമട്ടുതൊഴിലാളികൾക്കെതിരെ നടപടിയെടുത്ത് മന്ത്രി

ചുമട്ടുതൊഴിലാളികൾക്കെതിരെ നടപടിയെടുത്ത് മന്ത്രി

തിരുവനന്തപുരം: സിനിമാ ഷൂട്ടിങ്ങിനുള്ള പന്തൽപണിക്കായി സാധനങ്ങൾ ഇറക്കാൻ വൻ തുക നോക്കുകൂലിയായി ചോദിച്ച ചുമട്ടുതൊഴിലാളികൾക്കെതിരെ നടപടി. 70,000 രൂപയുടെ പന്തൽ കെട്ടാൻ 25,000 രൂപയാണ് നോക്കുകൂലി ആവശ്യപ്പെട്ടത്. പരാതി ഉയർന്നതോടെ മന്ത്രി വി ശിവൻകുട്ടി നേരിട്ടെത്തി തൊഴിലാളികൾക്കെതിരെ നടപടിയെടുക്കുകയായിരുന്നു.

നോക്കുകൂലി ചോദിച്ച ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധി അംഗത്വം സസ്പെൻഡ്‌ ചെയ്തു. സ്റ്റാച്യു മേഖലയിലെ പത്ത് ചുമട്ടുതൊഴിലാളികളെയാണ് മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശപ്രകാരം ക്ഷേമനിധി ബോർഡ് ചെയർമാൻ പുറത്താക്കിയത്. വെള്ളിയാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ സിനിമാ ഷൂട്ടിങ്ങിനുള്ള സാധനങ്ങളെത്തിച്ചപ്പോഴാണ് ചുമട്ടുതൊഴിലാളികൾ നോക്കുകൂലി ചോദിച്ച് ജോലി തടഞ്ഞത്.

70,000 രൂപയ്ക്കാണ് പന്തൽപണിക്കാരൻ കരാറെടുത്തിരുന്നത്. മൂവായിരം ചതുരശ്രയടി പന്തലിനുള്ള ഷീറ്റും ഇരുമ്പുകമ്പികളുമടങ്ങിയതായിരുന്നു സാമഗ്രികൾ. പതിനായിരം രൂപ വരെ കൊടുക്കാൻ കരാറുകാരൻ തയ്യാറായെങ്കിലും ചുമട്ടുതൊഴിലാളികൾ വഴങ്ങിയില്ല. സാധനങ്ങളിറക്കുന്നതു തടസ്സപ്പെടുത്തിയതോടെയാണ് കരാറുകാരൻ കന്റോൺമെന്റ് പൊലീസിൽ പരാതിപ്പെട്ടത്. പിന്നീട് മന്ത്രി വി ശിവൻകുട്ടിയെ നേരിട്ടു വിളിച്ചും പരാതിയറിയിച്ചു. പൊലീസിന്റെ അന്വേഷണത്തിൽ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് പത്ത് തൊഴിലാളികളെ മന്ത്രിയുടെ നിർദേശപ്രകാരം ചുമട്ടുതൊഴിലാളി നിയമത്തിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇവർ ജോലിക്കുകയറരുതെന്നാണ് ഉത്തരവ്.