ചിറയിൻകീഴിൽ വൃദ്ധയുടെ കൊലപാതകം; മകളും ചെറുമകളും അറസ്റ്റിൽ

ചിറയിൻകീഴിൽ വൃദ്ധയുടെ കൊലപാതകം; മകളും ചെറുമകളും അറസ്റ്റിൽ

ചിറയിൻകീഴിൽ വൃദ്ധയുടെ കൊലപാതകത്തിൽ മകളും ചെറുമകളും അറസ്റ്റിൽ ആയി. റെയിൽവേ ഗേറ്റിന് സമീപം ഇക്കഴിഞ്ഞ ഒക്ടോബർ 17ന് മരണപ്പെട്ടു കിടന്ന നിലയിൽ കണ്ടെത്തിയ ശിഖ ഭവനിൽ നിർമല (75) യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. നിർമ്മലയുടെ മൂത്തമകൾ ശിഖ (55), ശിഖയുടെ മകൾ ഉത്തര (34) എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലപ്പെട്ട നിർമലയ്ക്ക് ശീഖ ഉൾപ്പെടെ മൂന്ന് മക്കളാണുള്ളത്. ഒരു മകൾ അമേരിക്കയിലും മറ്റൊരു മകൾ കവടിയാറിലും നല്ല സാമ്പത്തിക സ്ഥിതിയിൽ കഴിഞ്ഞു വരുന്നു. നിർമ്മല അവരുടെ പേരിലുള്ള സ്ഥിരനിക്ഷേപം ചിറയിൻകീഴ് സഹകരണ ബാങ്കിലാണ് നിക്ഷേപിച്ചിട്ടുള്ളത്. ആയതിൽ അവകാശിയായി മൂത്തമകൾ ശിഖയെ വെയ്ക്കാത്തതിലും നിർമ്മലയുടെ സ്വത്തുക്കളും സമ്പാദ്യവും കൊടുക്കാത്തതിലുമുള്ള വൈരാഗ്യമാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ശിഖയെയും മകളെയും കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

ഒക്ടോബർ 14ന് വൈകുന്നേരം നിർമ്മലയുടെ ഷെഡ്ജിന്റെ താക്കോൽ കാണാത്തതിൽ നിർമല ശിഖയും ഉത്തരയുമായി വഴക്ക് നടന്നു. തുടർന്ന് ബെൽറ്റ് പോലുള്ള ഒരു വള്ളി ഉപയോഗിച്ച് നിർമലയുടെ കഴുത്തിൽ ചുറ്റിവരിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

നിർമല മരണപ്പെട്ടത് നാട്ടുകാരും ബന്ധുക്കളും അറിയാതിരിക്കാൻ പ്രതികൾ നിർമലയ്ക്ക് കൊണ്ടുവന്നിരുന്ന പാൽ കുപ്പികൾ രാവിലെ എടുത്തു മാറ്റിയിരുന്നു. നാട്ടുകാരോട് ഒന്നും വലിയ അടുപ്പം കാണിക്കാത്ത പ്രതികൾ, ബന്ധുക്കളോട് നിർമലയ്ക്ക് സുഖമില്ല എന്ന വിവരം ഒക്ടോബർ 17നാണ് അറിയിച്ചത്. അപ്പോഴേക്കും നിർമലയുടെ ശരീരം അഴുകിയ നിലയിലായിരുന്നു. നിർമല മരണപ്പെട്ടു കിടന്നപ്പോഴും ശിഖയും മകളും നിർമ്മലയുടെ
പേരിലുള്ള ഡെപ്പോസിറ്റ് അവരുടെ പേരിൽ ആക്കാൻ ശ്രമിക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെയും ഫോൺകോൾ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ വിശദമായി ശിഖയെയും ഉത്തരയെയും ചോദ്യംചെയ്തതിന് ഒടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എസ്പി സുജിത് ദാസ് ഉള്‍പ്പെട്ട ബലാത്സംഗ പരാതി: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി

എസ്പി സുജിത് ദാസ് ഉള്‍പ്പെട്ട ബലാത്സംഗ പരാതി: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ബലാത്സംഗ പരാതിയില്‍ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു. ആരോപണവിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസില്‍ ഹൈക്കോടതി തീരുമാനം വരുന്നതുവരെ, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

പൊന്നാനി സ്വദേശിയായ യുവതി നൽകിയ ബലാത്സംഗ പരാതിയിൽ, എസ്പി സുജിത് ദാസ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊന്നാനി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് നല്‍കിയത്. വീട്ടമ്മയുടെ പരാതിയിൽ 10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിക്ക് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയത്.

പൊന്നാനി സിഐ ആയിരുന്ന വിനോദ്, ഡിവൈഎസ്പി വി വി ബെന്നി, മുന്‍ എസ്പി സുജിത് ദാസ് എന്നിവര്‍ക്കെതിരെയായിരുന്നു വീട്ടമ്മയുടെ ലൈംഗിക പീഡന പരാതി. വസ്തു പ്രശ്‌നത്തില്‍ പരിഹാരം തേടിയാണ് യുവതി പൊന്നാനി സിഐയെ സമീപിച്ചത്. തുടര്‍ന്ന് സിഐ വിനോദ് യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പിന്നീട് മറ്റു പൊലീസ് ഉദ്യോഗസ്ഥരും യുവതിയെ പല സ്ഥലങ്ങളില്‍ വെച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായിരുന്ന രാഹുല്‍ ഗോപാല്‍ നല്‍കിയ ഹര്‍ജി കോടതി അംഗീകരിച്ചു. രാഹുലിന്റേയും പരാതിക്കാരിയുടേയും സമാധാന ജീവിതത്തിന് കേസ് തടസ്സമാകരുതെന്ന്, പീഡനക്കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി അഭിപ്രായപ്പെട്ടു.

ഭർതൃവീട്ടിൽ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമർദ്ദനത്തിന് ഇരയായി എന്നാണ് യുവതിയും കുടുംബവും പൊലീസിൽ പരാതി നൽകിയത്. പിന്നീട് കുടുംബത്തിൽ നിന്നുള്ള സമ്മർദം കാരണമാണ് പരാതി നൽകിയതെന്നും, തങ്ങൾ തമ്മിൽ പ്രശ്നങ്ങളില്ലെന്നും യുവതി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു. കേസില്‍ രാഹുലിന്റെ അമ്മയും പ്രതിയായിരുന്നു. കോഴിക്കോട് സ്വദേശിയും ജര്‍മ്മനിയില്‍ ജോലി ചെയ്യുന്നയാളുമാണ് രാഹുല്‍.

സംഭവം വിവാദമായതിനു പിന്നാലെ, രാഹുലും ഭാര്യയും തമ്മിലുള്ള വഴക്ക് ഒത്തുതീര്‍പ്പാക്കിയിരുന്നു. തങ്ങള്‍ക്കിടയില്‍ ചില തെറ്റിദ്ധാരണകളുണ്ടായിരുന്നു. അതെല്ലാം പറഞ്ഞു തീര്‍ത്തുവെന്നും, ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താല്‍പ്പര്യമെന്നും ചൂണ്ടിക്കാട്ടി യുവതി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഭര്‍ത്താവിനെതിരായ കേസ് റദ്ദാക്കണം. ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചിട്ടില്ല. തെറ്റിദ്ധാരണകളുടെ പുറത്താണ് ആരോപണം ഉന്നയിച്ചതെന്നും യുവതി കോടതിയെ അറിയിച്ചു.

നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം; കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് മേല്‍നോട്ട ചുമതല

നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം; കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് മേല്‍നോട്ട ചുമതല

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാറാണ് അന്വേഷണ സംഘ തലവന്‍. കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദേശ പ്രകാരം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

ആറ് ഉദ്യോഗസ്ഥരാകും സംഘത്തിലുണ്ടാകുക. കണ്ണൂര്‍ എസിപി രാജ് കുമാര്‍, കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി, സിറ്റിയിലെ മറ്റൊരു എസ്എച്ച്ഒ സനല്‍കുമാര്‍, എസ്‌ഐ രേഷ്മ, സൈബര്‍ സെല്‍ എസ്‌ഐ ശ്രീജിത്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഓരോ ദിവസവും അന്വേഷണ പുരോഗതി ഡിഐജി വിലയിരുത്തും.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തു വരുന്ന വിവരങ്ങള്‍, മരണത്തിന് ഇടയാക്കിയ കാര്യങ്ങള്‍, ഫോണ്‍വിളികള്‍ അടക്കമുള്ള കാര്യങ്ങള്‍, നവീന്‍ ബാബുവിനെതിരെ പരാതി ഉന്നയിച്ച ടി വി പ്രശാന്തനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍, സിപിഎം നേതാവ് പി പി ദിവ്യക്കെതിരായ ആരോപണങ്ങള്‍ തുടങ്ങിയവയെല്ലാം വിശദമായി പരിശോധിക്കാനാണ് നിര്‍ദേശം. നവീന്‍ബാബുവിന്റെ മരണത്തില്‍ കുടുംബം നിയമപോരാട്ടത്തിന് ഇറങ്ങിയ സാഹചര്യത്തിലാണ് ഉന്നത പൊലീസ് സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്.

തെക്കന്‍ ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തെക്കന്‍ ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് തിരുവന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പാലക്കാട്, മലപ്പുറം കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഞായറാഴ്ച തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

സ്വർണവില ഇന്നും മുകളിലേക്ക്

സ്വർണവില ഇന്നും മുകളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ ആഴ്ചയിലെ കുത്തനെയുള്ള വർദ്ധനവിന് ശേഷം സ്വർണവില ഇന്നലെ നേരിയ തോതിൽ കുറഞ്ഞിരുന്നു. ഇന്ന് പവന് 80 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58360 രൂപയാണ്.

ഇന്നലെ അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ചെറിയ ഇടിവ് ഉണ്ടായതാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിച്ചത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കൂടുന്ന സാഹചര്യത്തിൽ ആളുകൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങി കൂട്ടുന്നതാണ് സ്വർണവില കൂടാനുള്ള പ്രധാന കാരണം. നിക്ഷേപകർ ചെറിയതോതിൽ ലാഭം അടുത്തതോടെയാണ് ഇന്നലെ വില ഇടിഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7295 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6015 രൂപയാണ്. അതേസമയം വെള്ളിയുടെ വില ഇന്ന് കുറഞ്ഞിട്ടുണ്ട്. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം വെള്ളിയുടെ വില 104 രൂപയായി