സ്കൂൾ വിദ്യാർഥിനിയായ മകളെ പീഡിപ്പിച്ച അച്ഛന് 72 വർഷം കഠിന തടവ്, 1,80,000 രൂപ പിഴ

സ്കൂൾ വിദ്യാർഥിനിയായ മകളെ പീഡിപ്പിച്ച അച്ഛന് 72 വർഷം കഠിന തടവ്, 1,80,000 രൂപ പിഴ

തൊടുപുഴ: പ്രായപൂർത്തിയാകാത്ത മകളെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച അറുപത്തിയാറുകാരന് 72 വര്‍ഷം കഠിനതടവും 1,80,000 രൂപ പിഴയും ശിക്ഷ. വാഗമണ്‍ സ്വദേശിയെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ശിക്ഷിച്ചത്. സ്വന്തം മകളെ 10 വയസ്സു മുതല്‍ 14 വയസു വരെ നിരവധി തവണ പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. വിവിധ വകുപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം തടവ് പ്രതി അനുഭവിച്ചാല്‍ മതിയാകും.

ചെറുപ്പം മുതലേ അഗതി മന്ദിരങ്ങളില്‍ നിന്നാണ് പെണ്‍കുട്ടിയും സഹോദരങ്ങളും പഠിച്ചിരുന്നത്. പെണ്‍കുട്ടി നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം മുതല്‍ ഒന്‍പതാംക്ലാസില്‍ പഠിക്കുന്നതു വരെ അവധിക്കാലത്ത് വീട്ടില്‍ വരുമ്പോള്‍ പിതാവ് നിരവധി തവണ ലൈംഗികപീഡനം നടത്തി എന്നാണ് കേസ്. 2020-ലാണ് കുട്ടി വിവരം പുറത്ത് പറയുന്നത്.

പിതാവില്‍നിന്നും എല്‍ക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ കടലാസുകളില്‍ എഴുതി കുട്ടി കിടക്കക്ക് അടിയില്‍ സൂക്ഷിച്ചിരുന്നു. സംരക്ഷണം നല്‍കേണ്ട പിതാവ് സ്വന്തം മകളോട് ചെയ്തത് ഹീനമായ പ്രവൃത്തിയാണെന്ന് കോടതി വിലയിരുത്തി. പിഴത്തുക പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നല്‍കണമെന്നും, അല്ലാത്തപക്ഷം പ്രതി അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ആയില്യം മഹോത്സവത്തിന് ഒരുങ്ങി മണ്ണാറശാല; ആയില്യം എഴുന്നള്ളത്ത്, ദര്‍ശനം…; അറിയേണ്ടതെല്ലാം

ആയില്യം മഹോത്സവത്തിന് ഒരുങ്ങി മണ്ണാറശാല; ആയില്യം എഴുന്നള്ളത്ത്, ദര്‍ശനം…; അറിയേണ്ടതെല്ലാം

ആലപ്പുഴ: മണ്ണാറശാല ശ്രീ നാഗരാജാ ക്ഷേത്രത്തിലെ ആയില്യ മഹോത്സവത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസമായി നടക്കുന്ന ഉത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങ് നടക്കുന്നത് ആയില്യം നാളിലാണ്. തുലാം മാസത്തിലെ ആയില്യം നാളായ ശനിയാഴ്ച പുലര്‍ച്ചെ നാലിന് നട തുറക്കും. ആറിന് കുടുംബ കാരണവര്‍ ആയില്യം നാളിലെ പൂജകള്‍ ആരംഭിക്കും. അനന്ത – വാസുകീ ചൈതന്യങ്ങള്‍ ഏകീഭാവത്തില്‍ കുടികൊള്ളുന്ന ഇന്ത്യയിലെ തന്നെ അതിപുരാതനമായ നാഗരാജാ ക്ഷേത്രമാണിത്.

ഭഗവാന്‍ വാസുകീ ഭാവത്തിലുള്ള തിരുവാഭരണമാണ് ആയില്യം നാളില്‍ ചാര്‍ത്തുന്നത്. രാവിലെ 9 മുതല്‍ ഇല്ലത്ത് നിലവറയ്ക്ക് സമീപം വലിയമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. 10ന് കുടുംബ കാരണവരുടെ നേതൃത്വത്തില്‍ നിലവറയോട് ചേര്‍ന്നുള്ള തളത്തില്‍ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്ക്കായുള്ള നാഗപത്മക്കളം വരയ്ക്കും.

കളം പൂര്‍ത്തിയാകുമ്പോള്‍ വലിയമ്മ സാവിത്രി അന്തര്‍ജനം ക്ഷേത്രത്തിലെത്തും. ഇളയമ്മ, കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന കാരണവന്മാര്‍ എന്നിവര്‍ വലിയമ്മയെ അനുഗമിക്കും. വലിയമ്മ ശ്രീകോവിലില്‍ പ്രവേശിച്ച് ശ്രീകോവിലില്‍ നിന്നും കുത്തുവിളക്കിലേക്ക് ദീപം പകരുന്നതോടെ ആയില്യം എഴുന്നള്ളത്തിന് മുന്നോടിയായി ശംഖ്, തിമിലപ്പാണി, വായ്ക്കുരവ എന്നിവ മുഴങ്ങും.

12ന് വലിയമ്മ നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും ഇളയമ്മ സര്‍പ്പ യക്ഷിയമ്മയുടെയും കാരണവന്മാര്‍ നാഗചാമുണ്ഡിയമ്മ, നാഗയക്ഷിയമ്മ എന്നിവരുടെ വിഗ്രഹങ്ങളുമായി ക്ഷേത്രത്തിന് വലം വച്ച് ഇല്ലത്തക്ക് എത്തും. പ്രസിദ്ധമായ ആയില്യം എഴുന്നള്ളത്തിന് രാജചിഹ്നങ്ങളായ ഛത്ര-ചാമര- ധ്വജങ്ങള്‍, പഞ്ചവാദ്യം, നാഗസ്വരം, തകില്‍, ചെണ്ട, തിമില തുടങ്ങിയ വാദ്യങ്ങള്‍ അകമ്പടി സേവിക്കും. എഴുന്നള്ളത്ത് ഇല്ലത്ത് എത്തിയതിന് ശേഷം വലിയമ്മയുടെ കാര്‍മികത്വത്തിലുള്ള ആയില്യം പൂജ നടക്കും. തുടര്‍ന്ന് നൂറും പാലും, ഗുരുതി, തട്ടിന്മേല്‍ നൂറും പാലും എന്നിവ നടക്കും. പൂയം, ആയില്യം നാളുകളില്‍ രാവിലെ പത്തുമുതല്‍ ക്ഷേത്രത്തോട് ചേര്‍ന്നുള്ള സ്‌കൂള്‍ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പ്രസാദമൂട്ടും നടക്കും.

ആയില്യത്തിനു മുന്നോടിയായി ബുധനാഴ്ച മണ്ണാറശാല നാഗരാജക്ഷേത്രത്തില്‍ രുദ്രഏകാദശിനീ കലശാഭിഷേകം നടന്നു. 11 വേദപണ്ഡിതര്‍ 11 തവണ വേദമന്ത്രങ്ങള്‍ ജപിച്ചാണ് 11 കലശങ്ങള്‍ അഭിഷേകം ചെയ്തത്. അത്യപൂര്‍വമായ ചടങ്ങാണിത്.

നാഗരാജ പുരസ്‌കാര വിതരണം ഇന്ന്

മണ്ണാറശാല ആയില്യത്തോടനുബന്ധിച്ച് ഇത്തവണത്തെ നാഗരാജ പുരസ്‌കാരം (25000 രൂപ) പ്രഖ്യാപിച്ചു. ടി കെ മൂര്‍ത്തി ( വാദ്യം), മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി (ഗീതം), കലാമണ്ഡലം കെ ജി വാസുദേവന്‍നായര്‍ (നാട്യം), കലാമണ്ഡലം പത്മിനി (നൃത്തം) എന്നിവര്‍ക്കാണ് പുരസ്‌കാരം. ഇന്ന് മണ്ണാറശാലയില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരം നല്‍കും.

എഡിഎം നവീന്‍ബാബുവിന്റെ മരണം: പി പി ദിവ്യയ്ക്ക് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

എഡിഎം നവീന്‍ബാബുവിന്റെ മരണം: പി പി ദിവ്യയ്ക്ക് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ ടി നിസാര്‍ അഹമ്മദ് ആണ് ഹര്‍ജി പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ബാബുവിന്റെ കുടുംബവും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.

ഇരുഭാഗത്തേയും വാദം ഇന്ന് കോടതി കേള്‍ക്കും. ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാണ് നവീന്‍ബാബുവിന്റെ കുടുംബം ആവശ്യപ്പെടുന്നത്. ദിവ്യയ്ക്കു വേണ്ടി അഡ്വ. കെ. വിശ്വനാണ് ഹാജരാകുന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്കുമാര്‍ ഹാജരാകും. പൊലീസ് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിക്ക് നല്‍കും. കേസില്‍ കക്ഷിചേര്‍ന്ന നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി അഡ്വ. ജോണ്‍ എസ് റാല്‍ഫ് ഹാജരാകും.

ദിവ്യ 18-നാണ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ദിവ്യയ്‌ക്കെതിരേ ചുമത്തിയത്. കലക്ടര്‍ ക്ഷണിച്ചിട്ടാണ് എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തതെന്നാണ് ദിവ്യ ജാമ്യാപേക്ഷയില്‍ വ്യക്തമായിട്ടുള്ളത്. എന്നാല്‍ ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നാണ് കലക്ടര്‍ പറയുന്നത്. കേസില്‍ കലക്ടറുടെ അടക്കം മൊഴിയെടുത്തെങ്കിലും ദിവ്യയെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.

എഡിഎമ്മിനെ ആക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി പി ദിവ്യ; ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തല്‍

എഡിഎമ്മിനെ ആക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി പി ദിവ്യ; ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തല്‍

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിനെ ആക്ഷേപിക്കുന്ന പ്രസംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി പി ദിവ്യ തന്നെയെന്ന് റവന്യൂ വകുപ്പിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍. യാത്രയയപ്പ് ചടങ്ങിലെ പരിപാടി കണ്ണൂരിലെ ഒരു പ്രാദേശിക ചാനല്‍ മാത്രമാണ് റെക്കോര്‍ഡ് ചെയ്തത്. ചടങ്ങില്‍ ദിവ്യയുടെ പ്രസംഗം ചാനല്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഈ വീഡിയോയാണ് പ്രചരിച്ചത്. ഈ ദൃശ്യങ്ങള്‍ കട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചതിനു പിന്നില്‍ പി പി ദിവ്യക്ക് പങ്കുണ്ടെന്നാണ് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രാദേശിക ചാനലില്‍ നിന്നും ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ വിവരങ്ങളും ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. പ്രാദേശിക ചാനലില്‍ നടത്തിയ തെളിവെടുപ്പില്‍, ഈ ദൃശ്യങ്ങള്‍ ദിവ്യ ശേഖരിച്ചിരുന്നതായി ചാനല്‍ പ്രവര്‍ത്തകര്‍ മൊഴി നല്‍കി. മാധ്യമങ്ങള്‍ക്ക് നല്‍കിയതും ദിവ്യയാണ്. തങ്ങള്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിട്ടില്ലെന്നും ചാനല്‍ പ്രവര്‍ത്തകര്‍ എ ഗീത ഐഎഎസിന് മൊഴി നല്‍കിയതായാണ് വിവരം. തനിക്ക് ഈ വിവാദങ്ങളിൽ ഒരു പങ്കുമില്ലെന്നാണ് ജില്ലാ കലക്ടര്‍ മൊഴി നല്‍കിയിട്ടുള്ളത്.

ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. റിപ്പോര്‍ട്ട് ഇന്നു തന്നെ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയേക്കും. യാത്രയയപ്പ് യോഗത്തില്‍ എഡിഎമ്മിനെതിരെ സംസാരിച്ചു എന്നു മാത്രമല്ല, അത് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ച് നവീന്‍ബാബുവിനെ താറടിക്കാന്‍ ദിവ്യ മുന്‍കൈയെടുത്തു എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതെന്നാണ് വിവരം.

ആകസ്മികമായി വന്നുവെന്നാണ് ദിവ്യ യാത്രയയപ്പ് യോഗത്തിലെ പ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍ ജില്ലാ കലക്ടര്‍ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തതെന്ന് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ദിവ്യ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നാണ് കലക്ടറുടെ വാദം. പ്രോട്ടോക്കോള്‍ മാനിച്ചാണ് ദിവ്യയുടെ പ്രസംഗം തടയാതിരുന്നതെന്നുമാണ് കലക്ടര്‍ പറയുന്നത്.

പി പി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തത്. പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി കോടതി ഇന്ന് പരിഗണിക്കും. പൊലീസ് ദിവ്യയ്ക്ക് എതിരായ റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കുക എന്നാണ് സൂചന. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ബാബുവിന്റെ കുടുംബവും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ദിവ്യയ്ക്കെതിരേ പൊലീസ് ചുമത്തിയത്.

സ്ത്രീധനത്തിന്റെ പേരില്‍ വീണ്ടും ആത്മഹത്യ; മരിച്ചത് കോളജ് അധ്യാപിക

സ്ത്രീധനത്തിന്റെ പേരില്‍ വീണ്ടും ആത്മഹത്യ; മരിച്ചത് കോളജ് അധ്യാപിക

കൊല്ലം: മലയാളിയായ കോളജ് അധ്യാപിക നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി (25) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ശ്രുതി ജീവനൊടുക്കിയത് എന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആറു മാസം മുന്‍പായിരുന്നു ശ്രുതിയുടെ വിവാഹം.

കൊല്ലം സ്വദേശികളായ ബാബു- ദേവി ദമ്പതികളുടെ മകളാണ് ശ്രുതി. ബാബു തമിഴ്‌നാട്ടിലെ ഇലക്ട്രിസിറ്റി ബോര്‍ഡിലെ എന്‍ജിനിയറാണ്. ശ്രുതി എംഎ പൂര്‍ത്തിയാക്കി കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്ത് വരികയാണ്. അതിനിടെയാണ് തമിഴ്‌നാട്ടിലെ ഇലക്ട്രിസിറ്റി ബോര്‍ഡിലെ തന്നെ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി കാര്‍ത്തിക്കുമായി ശ്രുതിയുടെ വിവാഹം നടക്കുന്നത്.

വിവാഹ സമ്മാനമായി കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ക്ക് പത്തുലക്ഷം രൂപയും 50 പവനും നല്‍കിയതായി ശ്രുതിയുടെ ബന്ധുക്കള്‍ പറയുന്നു. എന്നിട്ടും കാര്‍ത്തിക്കിന്റെ അമ്മയില്‍ നിന്ന് കടുത്ത പീഡനമാണ് ശ്രുതി നേരിട്ടതെന്നും ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് അമ്മായിയമ്മ സ്ഥിരമായി ശ്രുതിയുമായി വഴക്കിട്ടിരുന്നു. മരണത്തിന് തൊട്ടുമുന്‍പ് ശ്രുതി വീട്ടുകാര്‍ക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അമ്മായിയമ്മ ശ്രുതിയെ നിര്‍ബന്ധിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍ത്താവിനൊപ്പം ഇരിക്കാന്‍ സമ്മതിക്കുന്നില്ല. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞ് നിരന്തരം പീഡിപ്പിച്ചതായും ശ്രുതിയുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നു. വീട്ടിലേക്ക് മടങ്ങിപ്പോയി വീട്ടുകാര്‍ക്ക് നാണക്കേട് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് കടുംകൈ ചെയ്യുന്നത് എന്നും ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നതായും ബന്ധുക്കള്‍ പറയുന്നു.

സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ പച്ചക്കറികളും പഴവർഗങ്ങളും നിർബന്ധം, സർക്കുലർ ഇറക്കി വിദ്യാഭ്യാസ വകുപ്പ്

സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ പച്ചക്കറികളും പഴവർഗങ്ങളും നിർബന്ധം, സർക്കുലർ ഇറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്കൂളിൽ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണത്തിൽ നിന്ന് രസവും അച്ചാറും ഒഴിവാക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ. ഇവ രണ്ടും കറികളായി കണക്കാക്കാനാകില്ലെന്നാണ് മേൽനോട്ട ചുമതലയുള്ള ഓഫിസർമാർ സ്കൂളുകൾക്കു നൽകുന്ന വിശദീകരണം. എന്നാൽ പണമില്ലാതെ കടം പറഞ്ഞ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുമ്പോൾ ഇത്തരത്തിൽ ചെലവു കുറഞ്ഞ കറികളെ ആശ്രയിച്ചേ മതിയാകുവെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

ദിവസവും രണ്ടു കറികൾ വേണമെന്നും അതിൽ പച്ചക്കറികളും പഴവർഗങ്ങളും നിർബന്ധമാണെന്നും സർക്കുലറിൽ നിർദേശമുണ്ട്. ഫണ്ട് ലഭ്യതയനുസരിച്ചു മത്സ്യ, മാംസ വിഭവങ്ങളും ഉൾപ്പെടുത്താമെന്ന് പറയുന്നുണ്ടെങ്കിലും തുച്ഛമായ സർക്കാർ ഫണ്ട് തന്നെ സ്ഥിരമായി കുടിശികയായതിനാൽ നിലവിലുള്ള രീതിയിൽ പദ്ധതി നടത്താൻ പോലും ബുദ്ധിമുട്ടുകയാണു സ്കൂൾ അധികൃതർ പറഞ്ഞു.

എൽപി സ്കൂളിൽ 6 രൂപയും യുപിയിൽ 8.17 രൂപയുമാണ് ഒരു കുട്ടിക്കുള്ള പ്രതിദിന ഉച്ചഭക്ഷണ വിഹിതം. സ്കൂളിലെ ഏതു ഫണ്ടും ഉപയോഗിച്ച് പദ്ധതി മുടക്കം വരാതെ മുന്നോട്ടു കൊണ്ടുപോകാമെന്നാണു വകുപ്പിന്റെ നിർദേശം. തദ്ദേശസ്ഥാപന സഹകരണത്തോടെയും സ്പോൺസർഷിപ്പിലൂടെയും എല്ലാ പ്രൈമറി സ്കൂളുകളിലും പ്രഭാത ഭക്ഷണം കൂടി ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.

ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ട അല്ലെങ്കിൽ നേന്ത്രപ്പഴം നൽകുന്ന അധിക പോഷണ പദ്ധതിയിൽ ഉൾപ്പെടുത്താൻ രക്ഷിതാക്കളിൽ നിന്നു പ്രത്യേക സമ്മതപത്രം വാങ്ങണമെന്നും നിർദേശമുണ്ട്. കൂടാതെ പദ്ധതിയുമായി ബന്ധപ്പെട്ട നിർദേശങ്ങളും പരാതികളും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമർപ്പിക്കാൻ പ്രത്യേകം പെട്ടി സ്ഥാപിക്കണമെന്നും സർക്കുലറിൽ പറയുന്നു.