ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് അപകടം; മലപ്പുറത്ത് രണ്ട് യുവാക്കള്‍ മരിച്ചു

ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് അപകടം; മലപ്പുറത്ത് രണ്ട് യുവാക്കള്‍ മരിച്ചു

മലപ്പുറം: മലപ്പുറം മുന്നിയൂര്‍ പടിക്കലില്‍ ദേശീയപാതയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടക്കല്‍ പടപ്പരമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19), എം ടി നിയാസ് (19) എന്നിവരാണ് മരിച്ചത്. ബൈക്ക് കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ നിയാസിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ സാരമായി പരിക്കേറ്റ ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല.

അഴിമതിക്കെതിരായ സന്ദേശം ആകുമെന്ന് കരുതിയാണ് യാത്രയയപ്പ് യോഗത്തില്‍ താന്‍ സംസാരിച്ചതെന്ന് പി പി ദിവ്യ കോടതിയില്‍

അഴിമതിക്കെതിരായ സന്ദേശം ആകുമെന്ന് കരുതിയാണ് യാത്രയയപ്പ് യോഗത്തില്‍ താന്‍ സംസാരിച്ചതെന്ന് പി പി ദിവ്യ കോടതിയില്‍

കണ്ണൂര്‍: അഴിമതിക്കെതിരായ സന്ദേശം ആകുമെന്ന് കരുതിയാണ് യാത്രയയപ്പ് യോഗത്തില്‍ താന്‍ സംസാരിച്ചതെന്ന് പി പി ദിവ്യ കോടതിയില്‍. അഴിമതിക്കെതിരെ എപ്പോഴും നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. പോസിറ്റീവ് സമീപനത്തോടെയാണ് യാത്രയയപ്പ് യോഗത്തില്‍ സംബന്ധിച്ചത്. തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും പി പി ദിവ്യ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഏറെ ഉത്തരവാദിത്തങ്ങളുള്ള പൊതുപ്രവര്‍ത്തകയാണ് പി പി ദിവ്യയെന്ന് അവരുടെ അഭിഭാഷകന്‍ കെ വിശ്വന്‍ ചൂണ്ടിക്കാട്ടി. സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കുന്നയാളാണ്. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള വ്യക്തിയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവാദിത്തമാണ് ദിവ്യ നിറവേറ്റിയത്. അഴിമതിക്കെതിരെ സന്ദേശകരമാകണമെന്ന് കരുതിയാണ് പൊതുപ്രതികരണം നടത്തിയത്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തേണ്ടത് രഹസ്യമായല്ല. അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും, പൊരുതുകയും ചെയ്യുന്നയാളാണ് ദിവ്യയെന്നും അഭിഭാഷകന്‍ പറഞ്ഞു.

സാധാരണക്കാര്‍ക്ക് എപ്പോഴും പ്രാപ്യയായ, ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് പി പി ദിവ്യ. കലക്ടര്‍ ക്ഷണിച്ചിട്ടാണ് യോഗത്തിലേക്ക് വന്നത്. എന്നാല്‍ ഔദ്യോഗിക ക്ഷണമുണ്ടായിരുന്നില്ല. മറ്റൊരു പരിപാടിക്കിടെ ചടങ്ങിലേക്ക് വരില്ലേയെന്ന് കലക്ടര്‍ ചോദിച്ചു. പ്രസംഗിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കലക്ടര്‍ ആണെന്നും ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞു. എഡിഎമ്മിനെതിരെ രണ്ടു പരാതികള്‍ ലഭിച്ചു. പരാതി ലഭിച്ചാല്‍ മിണ്ടാതിരിക്കണോ?. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് യോ​ഗത്തിൽ‌ സംസാരിച്ചത്. ആത്മഹത്യയിലേക്ക് തള്ളിവിടണമെന്ന് ഉദ്ദേശിച്ചിട്ടില്ല. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പ്രസിഡന്റ് സ്ഥാനം പി പി ദിവ്യ രാജിവെച്ചു. മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വേറെ അജണ്ടയാണെന്നും ദിവ്യ കോടതിയില്‍ ചൂണ്ടിക്കാട്ടി.

പ്രശാന്തന്റെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ചെങ്ങളായിയിലെ പമ്പിന്റെ കാര്യം എഡിഎമ്മിനോട് സംസാരിച്ചിരുന്നു. വല്ലതും നടക്കുമോയെന്ന് എഡിഎമ്മിനോട് ചോദിച്ചു. റോഡിലെ വളവും തിരിവും കാരണം പ്രയാസമാണെന്ന് മറുപടി നല്‍കി. യാത്രയയപ്പിന്റെ അന്നാണ് പമ്പിന് എന്‍ഒസി കിട്ടിയ കാര്യം അറിഞ്ഞത്. കണ്ണൂരിലെ പോലെ ഇനി വേറെയൊരിടത്തും ചെയ്യരുതെന്നാണ് പറഞ്ഞത്. നന്നാകാനായി പറഞ്ഞ ഉപദേശം എങ്ങനെ ഭീഷണിയാകുമെന്നും ദിവ്യയുടെ അഭിഭാഷകന്‍ ചോദിച്ചു. പ്രശാന്തന്‍ ഉന്നയിച്ചത് ഒരു ലക്ഷം രൂപയുടെ കൈക്കൂലിയുടെ പ്രശ്‌നമാണ്. അഴിമതി നടത്തിയാല്‍ ജയിലില്‍ പോകുമെന്നാണ് ഉദ്ദേശിച്ചത്. ഭൂമി പ്രശ്‌നത്തിലാണ് ഗംഗാധരന്‍ എന്നായാള്‍ എഡിഎമ്മിനെതിരെ പരാതി നല്‍കിയതെന്നും ദിവ്യ കോടതിയെ അറിയിച്ചു.

ഭിന്നശേഷിക്കാര്‍ക്കൊപ്പം നൃത്തം വെച്ച് മന്ത്രി ബിന്ദു

ഭിന്നശേഷിക്കാര്‍ക്കൊപ്പം നൃത്തം വെച്ച് മന്ത്രി ബിന്ദു

തിരുവനന്തപുരം: ഭിന്നശേഷി ‘മക്കള്‍ക്കൊപ്പം’ നൃത്തം വെച്ച് മന്ത്രി ആര്‍ ബിന്ദു. തിരുവനന്തപുരം ലുലു മാളില്‍ സാമൂഹ്യനീതി വകുപ്പ് നേതൃത്വം നല്‍കുന്ന ഭിന്നശേഷിക്കാരായ കലാപ്രതിഭകളുടെ സംസ്ഥാന ആര്‍ട് ഗ്രൂപ്പായ അനുയാത്ര റിഥം എന്ന പരിപാടി ഉദ്ഘാടനം ചെയ്തശേഷമാണ് അവര്‍ക്കൊപ്പം മന്ത്രി നൃത്ത ചുവടുകള്‍ വെച്ചത്.

നര്‍ത്തകി മേതില്‍ ദേവികയ്ക്കൊപ്പമായിരുന്നു നൃത്തം. കറുകറെ കാര്‍മുകില്‍ എന്ന പാട്ടിന് ആണ് മന്ത്രി ചുവടുവെച്ചത്. കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലും സംയുക്തമായി രണ്ടു ഘട്ടമായി നടപ്പിലാക്കിയ ‘ടാലന്റ് സെര്‍ച്ച് ഫോര്‍ യൂത്ത് വിത്ത് ഡിസെബിലിറ്റീസ്’ എന്ന പദ്ധതി വഴി മികവാര്‍ന്ന പ്രകടനം കാഴ്ചവച്ച 28 പ്രതിഭകളെ ഉള്‍പ്പെടുത്തിയാണ് അനുയാത്ര റിഥം ഒരുക്കിയത്. ‘തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍’ എന്ന തലക്കെട്ടോടെ നൃത്തത്തിന്റെ ദൃശ്യങ്ങള്‍ മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ ജിഎസ്ടി റെയ്ഡ് തുടരുന്നു

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ ജിഎസ്ടി റെയ്ഡ് തുടരുന്നു

തൃശൂർ: തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന തുടരുന്നു. കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം ഇതുവരെ പിടിച്ചെടുത്തെന്നും പരിശോധന തുടരുമെന്നും സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് കുമാർ അറിയിച്ചു. 5 കൊല്ലത്ത നികുതി വെട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.

തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 700 ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കണക്കിൽ പെടാത്ത സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു. സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് സ്പെഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. മൊത്ത വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ജിഎസ്ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്. ഓപ്പറേഷൻ ടോറേ ഡെൽ ഓറോ എന്നാണ് പരിശോധനയുടെ പേര്.

‘കുടിയേറ്റം വെട്ടിച്ചുരുക്കും, കമ്പനികളില്‍ നാട്ടുകാരെ നിയമിക്കണം’; കടുത്ത നടപടികളുമായി കാനഡ

‘കുടിയേറ്റം വെട്ടിച്ചുരുക്കും, കമ്പനികളില്‍ നാട്ടുകാരെ നിയമിക്കണം’; കടുത്ത നടപടികളുമായി കാനഡ

ഡല്‍ഹി: കാനഡയില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റഡി വിസ വെട്ടിക്കുറച്ചതിന് പിന്നാലെ കുടിയേറ്റത്തിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. 2025 മുതല്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നടപടികള്‍ പരിമിതപ്പെടുത്തുമെന്നാണ് ട്രൂഡോ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് വിദേശ വിദ്യാര്‍ഥികളുടെ സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണത്തില്‍ കാനഡ നിയന്ത്രണം കൊണ്ടുവന്നത്.

‘ഞങ്ങള്‍ക്ക് കാനഡയില്‍ ഇനി കുറച്ച് താല്‍ക്കാലിക വിദേശ തൊഴിലാളികള്‍ മാത്രമേ ഉണ്ടാകൂ. കമ്പനികള്‍ക്ക് കനേഡിയന്‍ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കി നിയമനം നടത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാന്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരും,’ ജസ്റ്റിന്‍ ട്രൂഡോ എക്‌സ് പോസറ്റില്‍ പറഞ്ഞു.

കാനഡയുടെ പുതിയ നീക്കം ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് ജോലി ലഭിക്കുന്നതിനും രാജ്യത്ത് സ്ഥിരതാമസമാക്കുന്നതിനും കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. 2025ല്‍ പുതുതായി പെര്‍മനന്റ് റസിഡന്‍സി നല്‍കുന്നവരുടെ എണ്ണം 395,000 ആയി ചുരുക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 2025ല്‍ കുടിയേറ്റക്കാരുടെ എണ്ണം ഏകദേശം 30,000 മുതല്‍ 300,000 ആയി കുറയുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

കാനഡയില്‍ വിദേശ കുടിയേറ്റക്കാരുടെ എണ്ണം പെരുകുന്നത് താമസ്ഥലങ്ങളുടെ വില വര്‍ധിക്കുന്നതായും പലിശനിരക്കുകളില്‍ വലിയ വര്‍ധനവും ചൂണ്ടികാണിച്ച് ട്രൂഡോ സര്‍ക്കാരിനെ കനേഡിയന്‍സ് പ്രതിഷേധം ശക്തമാക്കിയിരുന്നു. കുടിയേറ്റക്കാരുടെ വര്‍ധനവ് രാജ്യത്തെ ജനസംഖ്യയെ റെക്കോര്‍ഡ് തലത്തിലേക്ക് തള്ളിവിട്ടു, ഇത് ഭവന ആവശ്യവും വിലയും കൂടുതല്‍ വര്‍ദ്ധിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സ്കൂൾ വിദ്യാർഥിനിയായ മകളെ പീഡിപ്പിച്ച അച്ഛന് 72 വർഷം കഠിന തടവ്, 1,80,000 രൂപ പിഴ

സ്കൂൾ വിദ്യാർഥിനിയായ മകളെ പീഡിപ്പിച്ച അച്ഛന് 72 വർഷം കഠിന തടവ്, 1,80,000 രൂപ പിഴ

തൊടുപുഴ: പ്രായപൂർത്തിയാകാത്ത മകളെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച അറുപത്തിയാറുകാരന് 72 വര്‍ഷം കഠിനതടവും 1,80,000 രൂപ പിഴയും ശിക്ഷ. വാഗമണ്‍ സ്വദേശിയെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ശിക്ഷിച്ചത്. സ്വന്തം മകളെ 10 വയസ്സു മുതല്‍ 14 വയസു വരെ നിരവധി തവണ പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. വിവിധ വകുപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം തടവ് പ്രതി അനുഭവിച്ചാല്‍ മതിയാകും.

ചെറുപ്പം മുതലേ അഗതി മന്ദിരങ്ങളില്‍ നിന്നാണ് പെണ്‍കുട്ടിയും സഹോദരങ്ങളും പഠിച്ചിരുന്നത്. പെണ്‍കുട്ടി നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം മുതല്‍ ഒന്‍പതാംക്ലാസില്‍ പഠിക്കുന്നതു വരെ അവധിക്കാലത്ത് വീട്ടില്‍ വരുമ്പോള്‍ പിതാവ് നിരവധി തവണ ലൈംഗികപീഡനം നടത്തി എന്നാണ് കേസ്. 2020-ലാണ് കുട്ടി വിവരം പുറത്ത് പറയുന്നത്.

പിതാവില്‍നിന്നും എല്‍ക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ കടലാസുകളില്‍ എഴുതി കുട്ടി കിടക്കക്ക് അടിയില്‍ സൂക്ഷിച്ചിരുന്നു. സംരക്ഷണം നല്‍കേണ്ട പിതാവ് സ്വന്തം മകളോട് ചെയ്തത് ഹീനമായ പ്രവൃത്തിയാണെന്ന് കോടതി വിലയിരുത്തി. പിഴത്തുക പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നല്‍കണമെന്നും, അല്ലാത്തപക്ഷം പ്രതി അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.