ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അ‌ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അ‌ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തും ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അ‌ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്.

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് രാവിലെ വരെ കാറ്റിന്റെ വേഗത മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെയും ശക്തിപ്രാപിക്കാൻ സാധ്യത. തുടർന്ന് കാറ്റിന്റെ വേഗത കുറയാനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, ദാന ചുഴലിക്കാറ്റ് ഇന്നു കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും പശ്ചിമ ബം​ഗാളിലും ജാ​​ഗ്രത കർശനമാക്കി. 5 സംസ്ഥാനങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. കോസ്റ്റ് ​ഗാർഡും, നേവിയും, സൈന്യവും സജ്ജമാണ്. ഇന്ന് വൈകീട്ട് 6 മണിമുതൽ കൊൽക്കത്ത വിമാനത്താവളം പ്രവർത്തിക്കില്ല. ഇന്ന് അർദ്ധരാത്രിക്കും നാളെ പുലർച്ചെക്കുമിടയിൽ ഒഡീഷ പുരിയുടെയും പശ്ചിമബം​ഗാളിലെ സാ​ഗർ ദ്വീപിനും ഇടയിലാണ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുക. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

59,000 കടക്കാന്‍ വരട്ടെ!, സ്വര്‍ണവിലയില്‍ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ

59,000 കടക്കാന്‍ വരട്ടെ!, സ്വര്‍ണവിലയില്‍ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 440 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,280 രൂപയായി. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. 7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടര്‍ന്ന് ഓരോ ദിവസം കഴിയുന്തോറും വില ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്. ഇന്നലെ 58,720 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. 59000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് വില കുറഞ്ഞത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സര്‍വീസ് പെന്‍ഷനകാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കല്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആര്‍ വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും. ഇതുവഴി സര്‍ക്കാരിന്റെ വാര്‍ഷിക ചെലവില്‍ ഏകദേശം 2000 കോടി രൂപയുടെ വര്‍ധനവുണ്ടാകും. അനുവദിച്ച ഡിഎ, ഡിആര്‍ അടുത്ത മാസത്തെ ശമ്പളത്തിനും പെന്‍ഷനുമൊപ്പം കിട്ടിതുടങ്ങും.

ഒരു ഗഡു ഡിഎ, ഡിആര്‍ ഈവര്‍ഷം ഏപ്രിലില്‍ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിവര്‍ഷം രണ്ടു ഗഡു ഡിഎ, ഡിആര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും അനുവദിക്കാനാണ് സര്‍ക്കാര്‍ ഉദ്ദ്യേശിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മെച്ചപ്പെട്ട ശമ്പള പരിഷ്‌കരണം കേരളത്തില്‍ നടപ്പാക്കിയിരുന്നു.

ഡിഎ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ പണമായും നല്‍കിയിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികൂല സമീപനങ്ങള്‍ കാരണം കേരളം നേരിട്ട അസാധാരണ പണഞെരുക്കം ജീവനക്കാരുടെ ചില ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് കാലതാമസത്തിന് കാരണമായി. ജീവനക്കാരുടെയേും പെന്‍ഷന്‍കാരുടെയു ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.

ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; ആശ ലോറന്‍സിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; ആശ ലോറന്‍സിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയത് ചോദ്യം ചെയ്ത് മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കളമശേരി മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ക്രിസ്ത്യന്‍ മതാചാരപ്രകാരം കതൃക്കടവ് പള്ളിയില്‍ സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആശയുടെ ഹര്‍ജി.

പിതാവിന്റെ മൃതദേഹം ആശുപത്രിയ്ക്ക് വിട്ടുനല്‍കരുതെന്നും മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആശ ലോറന്‍സ് സെപ്റ്റംബര്‍ 23-ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ഉപദേശക സമിതി രൂപവത്കരിക്കുകയും, ഇവര്‍ മൂന്നുമക്കളുടെയും വാദം കേള്‍ക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് മൃതദേഹം വൈദ്യപഠനത്തിന് നല്‍കാമെന്ന തീരുമാനം എടുത്തത്.

ഈ തീരുമാനത്തിനെതിരെയാണ് മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ചല്ല ഹിയറിങ് നടത്തിയതെന്നായിരുന്നു ആശയുടെ ആരോപണം. മെഡിക്കല്‍ കോളജ് ഉപദേശക സമിതി മൂത്ത മകന്റെയും പാര്‍ട്ടിയുടെയും സ്വാധീനത്തിന് വഴങ്ങിയാണ് തീരുമാനമെടുത്തത്. സമിതിക്ക് മുന്നില്‍ ഹാജരായ തനിക്ക് സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെട്ടു. ശരിയായ ഹിയറിങ് നടത്തി അന്തിമ തീരുമാനം കൈക്കൊള്ളണമെന്നുമായിരുന്നു ആശയുടെ വാദം.

ഏതെങ്കിലും വിധത്തില്‍ തന്റെ പിതാവ് മൃതദേഹം വൈദ്യപഠനത്തിന് നല്‍കണമെന്ന് പറഞ്ഞതിന് തെളിവില്ല. ഇക്കാര്യം മക്കളായ തങ്ങളോട് പിതാവ് ആവശ്യപ്പെട്ടല്ല. പിതാവ് കമ്യൂണിസ്റ്റ് നേതാവായിരുന്നെങ്കിലും മക്കളെല്ലാം ക്രിസ്ത്യന്‍ മതാചാരം പിന്തുടര്‍ന്നതായും പിതാവിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്നുമായിരുന്നു ആശയുടെ വാദം.

ആറ്റിങ്ങൽ കടുവയിൽ പ്രദേശത്ത് വാനര ശല്യം രൂക്ഷമാകുന്നു

ആറ്റിങ്ങൽ കടുവയിൽ പ്രദേശത്ത് വാനര ശല്യം രൂക്ഷമാകുന്നു

ആറ്റിങ്ങൽ കടുവയിൽ പ്രദേശത്ത് വാനര ശല്യം രൂക്ഷമാകുന്നു. വാനര ശല്യമില്ലാത്ത പ്രദേശമായിരുന്നു ഇത്. ഇന്ന് രാവിലെയോടെയാണ് വാനരന്മാർ ഈ പ്രദേശത്ത് എത്തിയത്. വീടുകൾ തോറും ചാടിച്ചാടി പോകുകയും വൃക്ഷങ്ങളിൽ നിന്നും പലവർഗങ്ങൾ എടുത്ത് എറിയുകയും സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്യുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. അടിയന്തിരമായി ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ദന ചുഴലിക്കാറ്റ്: ഒഡിഷയില്‍ പത്ത് ലക്ഷം പേരെ ഒഴിപ്പിക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദന ചുഴലിക്കാറ്റ്: ഒഡിഷയില്‍ പത്ത് ലക്ഷം പേരെ ഒഴിപ്പിക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഡല്‍ഹി: ദന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡീഷ, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ ജനങ്ങളെ ഒഴിപ്പിക്കല്‍ ആരംഭിച്ചു. ചുഴലിക്കാറ്റ് ബാധിച്ചേക്കാവുന്ന പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനാണ് തീരുമാനം. പശ്ചിമ ബംഗാളിലും ഒഡിഷയിലും നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ ആദ്യ മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയേക്കാം കാറ്റിന്റെ വേഗത 120 കിലോമീറ്റര്‍ വരെ എത്തിയേക്കാമെന്നാണ് പ്രവചനം. 14 ജില്ലകളിലെ 3,000 ഗ്രാമങ്ങളില്‍ നിന്നുള്ള 10 ലക്ഷത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റാനാണ് ഒഡീഷ സര്‍ക്കാര്‍ ശ്രമം. ദന ചുഴലിക്കാറ്റ് സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയോളം ബാധിക്കുമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് സംസ്ഥാനങ്ങളെ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള സാഹചര്യങ്ങളിലും വേഗത്തില്‍ ഇടപെടാന്‍ തങ്ങള്‍ അതീവ ജാഗ്രതയിലാണെന്നും കപ്പലുകളും വിമാനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

ഒഡിഷയിലെ പുരി മുതല്‍ പശ്ചിമ ബംഗാള്‍ തീരം, സാഗര്‍ ദ്വീപ് എന്നിവിടങ്ങളില്‍ വരാനിരിക്കുന്ന ചുഴലിക്കാറ്റ് ചുഴലിക്കാറ്റിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അംഗുല്‍, പുരി, നയാഗര്‍, ഖോര്‍ധ, കട്ടക്ക്, ജഗത്സിംഗ്പൂര്‍, കേന്ദ്രപാര, ജാജ്പൂര്‍, ഭദ്രക്, ബാലസോര്‍, കിയോഞ്ജര്‍, ധെങ്കനാല്‍, ഗഞ്ചം, മയൂര്‍ഭഞ്ച് തുടങ്ങിയ 14 ജില്ലകളില്‍ ഒഡീഷ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒഡീഷയിലെ 14 ജില്ലകളിലും സ്‌കൂളുകളും കോളജുകളും സര്‍വ്വകലാശാലകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 23 മുതല്‍ 25 വരെ അവധിയായിരിക്കും.

പശ്ചിമ ബംഗാളില്‍ ഒക്ടോബര്‍ 23 മുതല്‍ 26 വരെ ഏഴ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് മമത ബാനര്‍ജി അറിയിച്ചു.

ദന ചുഴലിക്കാറ്റിനെ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതോടെ ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചു. ഒക്‌ടോബര്‍ 24ന് തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെടേണ്ട 06087 തിരുനെല്‍വേലി ജംഗ്ഷന്‍ – ഷാലിമാര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കി. ഭുവനേശ്വറില്‍ നിന്ന് രാമേശ്വരത്തേക്കുള്ള ട്രെയിന്‍ (രാമനാഥപുരം), ഒക്‌ടോബര്‍ 25 ന് ഭുവനേശ്വറില്‍ നിന്ന് പുറപ്പെടേണ്ട സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

ബംഗാളിലെ ജില്ലകളില്‍ സൗത്ത് 24 പര്‍ഗാനാസ്, നോര്‍ത്ത് 24 പര്‍ഗാനാസ്, പുര്‍ബ മേദിനിപൂര്‍ എന്നിവയും തീരപ്രദേശങ്ങളും അയല്‍ ജില്ലകളായ പശ്ചിമ മേദിനിപൂര്‍, ബാങ്കുര, ജാര്‍ഗ്രാം, ഹൂഗ്ലി എന്നി പ്രദേശങ്ങളില്‍ ചുളലിക്കാറ്റ് കാര്യമായി ബാധിക്കാനിടയുണ്ട്.

ദന ചുഴലിക്കാറ്റ് കണക്കിലെടുത്ത് സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ 150ലധികം എക്‌സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ഹൗറസെക്കന്ദരാബാദ് ഫലക്‌നുമ എക്‌സ്പ്രസ്, കാമാഖ്യയശ്വന്ത്പൂര്‍ എസി എക്‌സ്പ്രസ്, ഹൗറപുരി ശതാബ്ദി എക്‌സ്പ്രസ്, ഹൗറഭുവനേശ്വര്‍ ശതാബ്ദി എക്‌സ്പ്രസ്, ഹൗറയശ്വന്ത്പൂര്‍ എക്‌സ്പ്രസ് എന്നിവ റദ്ദാക്കിയ ട്രെയിനുകളില്‍ ഉള്‍പ്പെടുന്നു. ഒഡീഷയില്‍ നിന്ന് പുറപ്പെടുന്ന 198 ട്രെയിനുകള്‍ ഈസ്റ്റ് കോസ്റ്റ് റെയില്‍വേ റദ്ദാക്കി.