by Midhun HP News | Oct 18, 2024 | Latest News, കേരളം
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയൂ) കിളിമാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ കുന്നുമ്മേൽ പുഷ്പമിത്രനും കുടുംബത്തിനുമായി 10 ലക്ഷം രൂപ ചെലവാക്കി നിർമ്മിച്ച വീടിന്റെ താക്കോൽ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ കുടുംബത്തിന് കൈമാറി. ബ്ലോക്ക് പ്രസിഡന്റ് ആർ. ശ്രീധരൻ നായർ അധ്യക്ഷൻ ആയി. ബ്ലോക്ക് സെക്രട്ടറി.കെ. എം. മോഹനചന്ദ്രൻ സ്വാഗതം പറഞ്ഞു. ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. പി. മുരളി, ജില്ലാ പഞ്ചായത്ത് അംഗം ജി. ജി. ഗിരികൃഷ്ണൻ, പഴയകുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. സലിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. സരളമ്മ, സംസ്ഥാന ട്രഷറർ കെ. സദാശിവൻ നായർ, സംസ്ഥാന സെക്രട്ടറി വി. ജയ്സിംഗ്, ജില്ലാ പ്രസിഡന്റ് കെ. തങ്കപ്പൻ നായർ, ജില്ലാ സെക്രട്ടറി ജി. അജയൻ, എൻ. രാധ, ബി. സുമംഗല, പുഷ്പമിത്രൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എസ്. അശോകൻ നന്ദി രേഖപെടുത്തി.
by Midhun HP News | Oct 18, 2024 | Latest News, കേരളം
പാലക്കാട്: കോൺഗ്രസ് പാർട്ടി വിട്ട ഡോ. പി സരിനെ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി സിപിഎം ഇന്ന് പ്രഖ്യാപിച്ചേക്കും. വിഷയത്തിൽ തീരുമാനമെടുക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരും. രാവിലെ പത്ത് മണിക്കാണ് സെക്രട്ടേറിയറ്റ് യോഗം. യോഗത്തിലെ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. ഇതിനു ശേഷമായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം.
സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെയാണ് സരിൻ കോൺഗ്രസ് വിട്ടത്. പിന്നാലെ പാലക്കാട് മണ്ഡലം ചുമതലയുള്ള എൻഎൻ കൃഷ്ണദാസ്, സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കൾ സരിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിനിടെ പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണത്തിനു തുടക്കമിട്ടു. ഇന്നലെ മണ്ഡലത്തിലെത്തിയ രാഹുലിനെ പ്രവർത്തകർ സ്വീകരിച്ചു. പിന്നാലെ തുറന്ന ജീപ്പിൽ റോഡ് ഷോയും നടത്തി.
ബിജെപി സ്ഥാനാർഥിയേയും ഉടൻ പ്രഖ്യാപിച്ചേക്കും. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ ഇന്ന് ജില്ലയിൽ എത്തും.
by Midhun HP News | Oct 18, 2024 | Latest News, കേരളം
കണ്ണൂര്‍: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിന്റെ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബു ഫയല്‍ അകാരണമായി വൈകിപ്പിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. യാത്രയയപ്പ് സമ്മേളനത്തിന്റെ പിറ്റേന്ന് നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടറോട് റവന്യൂമന്ത്രി കെ രാജന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് നവീന്‍ ബാബുവിന് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്.
പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയില്ല. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബു ഫയല്‍ അകാരണമായി വൈകിപ്പിച്ചിട്ടില്ലെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രശാന്തിന്റെ അപേക്ഷയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ സ്വാഭാവിക സമയം മാത്രമാണ് നവീന്‍ ബാബു എടുത്തത്. ഏറ്റവും വിവാദമായി ഉയര്‍ന്നുവന്ന വിഷയം പെട്രോള്‍ പമ്പ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തെ ഭൂമിയുടെ ചരിവാണ്. ഇത് ഒരു പ്രശ്‌നമായി ജില്ലാ പൊലീസ് മേധാവി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ആ ഭൂമിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ സംരംഭം തുടങ്ങാവുന്നതാണെന്ന് കാണിച്ച് ടൗണ്‍ പ്ലാനര്‍ റിപ്പോര്‍ട്ട് നല്‍കി. ടൗണ്‍ പ്ലാനറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആറു ദിവസം കൊണ്ട് നവീന്‍ ബാബു ഫയല്‍ തീര്‍പ്പാക്കിയെന്നാണ് റിപ്പോര്‍ട്ടിലെ ജില്ലാ കലക്ടറുടെ കണ്ടെത്തല്‍.
by Midhun HP News | Oct 18, 2024 | Latest News, കേരളം
ഷാര്‍ജ: വനിതാ ടി20 ലോകകപ്പില്‍ വമ്പന്‍ അട്ടിമറി. നിലവിലെ ചാംപ്യന്‍മാരും എട്ട് അധ്യായങ്ങളില്‍ ആറിലും കിരീടം സ്വന്തമാക്കിയവരുമായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍. ഹാട്രിക്ക് കിരീട നേട്ടത്തിന്റെ പകിട്ടില്‍ എത്തിയ ഓസീസിനെ നിലംപരിശാക്കി ദക്ഷിണാഫ്രിക്ക ഫൈനല്‍ കണ്ടു. തുടരെ രണ്ടാം വട്ടമാണ് അവര്‍ കലാശപ്പോരിനെത്തുന്നത്.
16 പന്തുകള്‍ ശേഷിക്കേ 8 വിക്കറ്റിന്റെ അനായാസ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് മാത്രമാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ദക്ഷിണാഫ്രിക്ക 17.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 135 റണ്‍സെടുത്ത് വിജയവും ഫൈനല്‍ ബര്‍ത്തും ഉറപ്പിച്ചു.
കഴിഞ്ഞ തവണ ഫൈനലില്‍ ഓസീസിനോടു പരാജയപ്പെട്ടാണ് അവര്‍ക്ക് കിരീടം നഷ്ടമായത്. ഇത്തവണ അതിനു പകരം ചോദിച്ചാണ് ഫൈനല്‍ പ്രവേശം. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ വെസ്റ്റ് ഇന്‍ഡീസ്-ന്യൂസിലന്‍ഡ് പോരാട്ടം. ഇതിലെ വിജയികളാണ് പ്രോട്ടീസ് വനിതകളുടെ ഫൈനല്‍ പോരിലെ എതിരാളികള്‍.
48 പന്തുകള്‍ നേരിട്ട് 8 ഫോറും 1 സിക്‌സും സഹിതം 74 റണ്‍സ് വാരി പുറത്താകാതെ നിന്ന അന്നകി ബോഷിന്റെ കിടിലന്‍ ബാറ്റിങാണ് പ്രോട്ടീസ് ജയം അനായാസമാക്കിയത്.
ഓപ്പണറും ക്യാപ്റ്റനുമായ ലൗറ വോള്‍വാര്‍ട് 37 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 42 റണ്‍സെടുത്തു ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ലൗറയും സഹ ഓപ്പണര്‍ ടസ്മിന്‍ ബ്രിറ്റ്‌സും (15) മാത്രമാണ് പുറത്തായത്. അന്നകിക്കൊപ്പം ക്ലോ േ്രട്യാണ്‍ (1) പുറത്താകാതെ നിന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായ രണ്ട് വിക്കറ്റുകളും അന്നബല്‍ സതര്‍ലാന്‍ഡ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കായി ബെത് മൂണിയാണ് ടോപ് സ്‌കോററായത്. താരം 44 റണ്‍സെടുത്തു. 23 പന്തില്‍ 31 റണ്‍സെടുത്ത എല്ലിസ് പെറിയാണ് തിളങ്ങിയ മറ്റൊരാള്‍. ക്യാപ്റ്റന്‍ തഹ്‌ലിയ മഗ്രാത്ത് 27 റണ്‍സ് കണ്ടെത്തി.
ദക്ഷിണാഫ്രിക്കക്കായി അയബോംഗ ഖക 2 വിക്കറ്റുകള്‍ സ്വന്തമാക്കി. മരിസന്‍ കാപ്, നോന്‍കുലുലേക മ്ലാബ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
by Midhun HP News | Oct 18, 2024 | Latest News, കേരളം
ബംഗളൂരു: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം രണ്ടാം പോരിന് ഇന്നിറങ്ങും. കരുത്തരായ കര്‍ണാടകയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ പഞ്ചാബിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം. വിജയ തുടര്‍ച്ചയാണ് ടീം ലക്ഷ്യമിടുന്നത്.
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സെഞ്ച്വറി നേടി മിന്നും ഫോമില്‍ നില്‍ക്കുന്ന സഞ്ജു സാംസണ്‍ കേരള ടീമില്‍ തിരിച്ചെത്തി. ടീമിന്‍റെ ബാറ്റിങ് കരുത്ത് വര്‍ധിപ്പിക്കുന്നതാണ് താരത്തിന്‍റെ സാന്നിധ്യം.
സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലാണ് കേരളം കളിക്കുന്നത്. അതിഥി താരങ്ങളായ ആദിത്യ സാര്‍വതെ, വെറ്ററന്‍ താരം ജലജ് സക്‌സേന എന്നിവര്‍ കഴിഞ്ഞ മത്സരത്തില്‍ ബൗളിങില്‍ തിളങ്ങിയിരുന്നു.
മായങ്ക് അഗര്‍വാളിന്റെ നേതൃത്വത്തിലാണ് കര്‍ണാടക ഇറങ്ങുന്നത്. ദേവ്ദത്ത് പടിക്കലടക്കമുള്ളവരും കര്‍ണാടക ടീമിലുണ്ട്.
by Midhun HP News | Oct 18, 2024 | Latest News, കേരളം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ലക്ഷദ്വീപിന് മുകളില്‍ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ഞായറാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതെല്ലാമാണ് കേരളത്തില്‍ മഴയെ സ്വാധീനിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Recent Comments