by Midhun HP News | Oct 16, 2024 | Latest News, ജില്ലാ വാർത്ത
ശിവഗിരി: സൂര്യതേജസ്സായ ശ്രീനാരായണഗുരുദേവൻ്റെ ചൂടും വെളിച്ചവും ഏറ്റുവാങ്ങി നിലാവ് ചൊരിയുന്ന ചന്ദ്രനാണ് മഹാകവി കുമാരനാശാനെന്ന് കവിയും ഐ ജെ. ടി ഡയറക്ടറുമായ ഡോ: ഇന്ദ്രബാബു പറഞ്ഞു. ശിവഗിരിയിൽ മഹാകവികുമാരനാശാൻ ദേഹവിയോഗ ശതാബ്ദി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗുരുവിനെ ഒരു സന്ദർഭത്തിലും വേദനിപ്പിക്കാത്ത ഗൃഹസ്ഥ ശിഷ്യനാണ് കുമാരനാശാൻ. ഭൗതിക ജീവിതം നൈമിഷികവും ദുരന്ത സമ്മിശ്രം ആണെന്ന് ഗുരുവിൻറെ ഗൃഹസ്ഥ ശിഷ്യനായ കുമാരനാശാന് അറിയാമായിരുന്നു.
ആത്മീയ ജീവിതം ഇതിനു വിരുദ്ധമാണെന്നും ആശാൻ മനസ്സിലാക്കിയിരുന്നു. ആത്മീയ ലോകത്തെ നിത്യമായ വെളിച്ചത്തെ ഭൗതിക ജീവിതത്തെ കൂടുതൽ സൗന്ദര്യം പ്രകാശപൂരിതവും ആക്കാൻ എങ്ങനെ പ്രയോഗിക്കാം എന്നാണ് ആശാൻ ചിന്തിച്ചത്. ഈ ചിന്തയുടെ പ്രതിഫലനമാണ് ആശാൻ കവിതയുടെ ആത്മാവെന്നും ഇന്ദ്രബാബു പറഞ്ഞു. ഏഴാം ഇന്ദ്രിയം കൊണ്ട് മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന രചനകളാണ് ആശാന്റേത്. ഏകാന്തതയാകുന്ന വിഷത്തെ അമൃതമാക്കുകയും വെറും പാഴാകാശങ്ങളെ മലർവാടിയാക്കുകയും ചെയ്യുന്ന കലാവിദ്യയാണ് കവിത എന്ന് ഏഴാം ഇന്ദ്രിയം എന്ന കവിതയിൽ ആശാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ഇന്ദ്രബാബു പറഞ്ഞു.
ശതാബ്ദി സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഡിനേറ്റർ വെട്ടൂർ ശശി, ഡോ: എം ജയരാജു, ഡോ: സനൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്തവർ കവിതകൾ ആശാൻ കവിതകളും സ്വന്തം കവിതകളും അവതരിപ്പിച്ചു.
by Midhun HP News | Oct 16, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യ രാജവെക്കണമെന്നും അവർക്കെതിരെ കൊലപാതകത്തിനു കേസ് എടുത്തു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പ്രതിഷേധ പ്രകടനം നടന്നു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.ബിഷ്ണു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.ഉണ്ണികൃഷ്ണൻ, ജോസഫ് പെരേര, കെ.പി.സി.സി മുൻ നിർവാഹസമിതി അംഗം വി.എസ് അജിത്ത് കുമാർ, ഡി.സി.സി അംഗം പി.വി ജോയ്, ചെറുന്നിയൂർ
പഞ്ചായത്ത് പ്രസിഡന്റ് ശശികല, വക്കം പഞ്ചായത്ത് പ്രസിഡന്റ് ലാലിജ,
കൗൺസിലർമാരായ കെ. ജെ. രവികുമാർ, രാമാദേവി അമ്മ, ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആർ. എസ്. പ്രശാന്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിരാജ് വൃന്ദാവനം, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പ്രിൻസ് രാജ്, രഘുറാം, ശ്രീരംഗൻ, ഇയാസ്, ആലംകോട് അഷറഫ് മഹിളാകോൺഗ്രസ് ഭാരവാഹികളായ ദീപ, ബിന്ദു സതീശൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
by Midhun HP News | Oct 16, 2024 | Latest News, ദേശീയ വാർത്ത
ഡൽഹി: കഴിഞ്ഞ മൂന്ന് ദിവസത്തിൽ 15 വിമാനങ്ങൾക്ക് വ്യാജബോംബ് ഭീഷണി സന്ദേശം വന്ന സാഹചര്യത്തെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. മൂംബൈയിലും ഛത്തീസ്ഗഡിലായി മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തു. രാജ്യത്തെ വ്യോമഗതാഗതത്തിന് കടുത്ത ആശങ്ക ഉയർത്തുകയാണ് തുടർച്ചയായുള്ള ബോംബ് ഭീഷണി. അന്താരാഷ്ട്ര വിമാനങ്ങൾക്ക് അടക്കം ഇത്തരം ഭീഷണിസന്ദേശം എത്തുന്നതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നാണ് സംശയം.
സാമൂഹികമാധ്യമയായ ഏക്സിലാണ് ഭീഷണി സന്ദേശങ്ങൾ പ്രചരിക്കുന്നത്. ഈ സന്ദേശം പ്രചരിപ്പിച്ച മുംബൈ സ്വദേശിയായ പതിനേഴുകാരനെയും ഇയാളുടെ പിതാവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പതിനേഴുകാരൻ വിവിധ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. ഛത്തീസ്ഗഡ് സ്വദേശിയെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഭീഷണി വന്ന അക്കൗണ്ടുകൾ എക്സ് അധികൃതർ നീക്കം ചെയ്തു.
ഇന്നലെ മാത്രം ഡൽഹി-ചിക്കാഗോ എയർ ഇന്ത്യ എക്സ്പ്രസ്, ദമാം- ലക്നൗ ഇൻഡിഗോ എക്സ്പ്രസ്, അയോദ്ധ്യ-ബംഗളുരു എയർ ഇന്ത്യ എക്സ്പ്രസ്, സ്‌പൈസ്ജെറ്റ്, ആകാശ് എയർ, സിംഗപ്പൂരിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എന്നിവയ്ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ചിക്കാഗോ വിമാനത്തിലെ യാത്രക്കാരെ കാനേഡിയൻ വ്യോമസേന വിമാനത്തിൽ ചിക്കാഗോയിൽ എത്തിച്ചു. ഗൗരവകരമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും അന്വേഷണത്തിൽ ഇന്ത്യയെ സഹായിക്കുമെന്നും അമേരിക്കൻ വിദേശകാര്യ വക്താവ് പ്രതികരിച്ചു. സംഭവത്തെകുറിച്ച് കേന്ദ്ര വ്യോമയാനമന്ത്രിയും വിശദാംശങ്ങൾ തേടി.
by Midhun HP News | Oct 16, 2024 | Latest News, കേരളം
സൗഹ്യദ സംഭാഷണത്തിനുള്ള വേദികളല്ല റോഡുകൾ എന്ന് ഓർമപ്പെടുത്തി എം വി ഡി. വാഹനം ഓടിക്കുമ്പോൾ നിരത്തുകളിൽ സൗഹൃദ സംഭാഷണങ്ങൾ ഒഴിവാക്കുക എന്ന മുന്നറിയിപ്പാണ് എം വി ഡി വീഡിയോ പങ്കുവെച്ച് കുറിച്ചത്.സൗഹൃദങ്ങൾ നല്ലതാണ് എന്നും അതേസമയം വാഹനങ്ങൾ ഓടിക്കുമ്പോൾ ഉള്ള ഇത്തരം സംഭാഷണങ്ങൾ ഒഴിവാക്കണം എന്നുമാണ് എം വി ഡി കുറിച്ചത്.
എം വി ഡി യുടെ ഫേസ്ബുക് പോസ്റ്റ്
സൗഹൃദങ്ങൾ നല്ലതാണ്…… പക്ഷേ നമ്മളിൽ പലരും സൗഹൃദങ്ങൾ പങ്കുവയ്ക്കുവാനായി തിരഞ്ഞെടുക്കുന്ന വേദി തിരക്കേറിയ നമ്മുടെ റോഡുകളാണ്. നിരത്തുകൾ സൗഹ്യദ സംഭാഷണത്തിനുള്ള വേദികളല്ല അത്തരം സാഹചര്യങ്ങൾ ഒഴിവാക്കി സുരക്ഷിതത്വം പാലിക്കുക. കൂടാതെ അമിത വേഗതയിലും അശ്രദ്ധയിലും വാഹനങ്ങൾ ഓടിക്കുമ്പോൾ തെരുവുനായ്ക്കളുടെ ശല്യം അപകടം ഉണ്ടാക്കിയേക്കാം എന്നും എം വി ഡി പങ്കുവെച്ച മറ്റൊരു ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.
പരിചയമുള്ളതും അപരിചിതവുമായ റോഡുകളുടെ വശങ്ങളിൽ നിന്നും പല തരത്തിലുള്ള തടസ്സങ്ങൾ നമ്മുടെ ഡ്രൈവിംഗിനെ അലോസരപ്പെടുത്തിയേക്കാം എന്നും ഇന്ന് നാം നിത്യേന കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളിൽ ഒന്നാണ് തെരുവ് നായ്ക്കളുടെ റോഡ് കൈയ്യേറ്റം എന്നും എം വി ഡി യുടെ പോസ്റ്റിൽ പറയുന്നു. വ്യത്യസ്തമായ ഇത്തരം സാഹചര്യങ്ങളെ നിരീക്ഷിച്ചും ഡ്രൈവിംഗ് അനായാസവും അപകടരഹിതവും ആസ്വാദ്യകരവുമാക്കാൻ ശ്രദ്ധിക്കുക എന്നും മുന്നറിയിപ്പ് നൽകി. ‘അശ്രദ്ധ കൂടുന്നിടത്ത് ശ്രദ്ധ മരിക്കും’ എന്നും പോസ്റ്റിൽ പറയുന്നു.
by Midhun HP News | Oct 16, 2024 | Latest News, കേരളം
കൊല്ലം: ചിതറയിൽ പൊലീസുകാരനെ കഴുത്തറുത്ത് കൊന്ന സുഹൃത്ത് ആഭിചാരക്രിയകൾ പിൻതുടരുന്നയാളെന്ന് പൊലീസ്. ചടയമംഗലത്ത് നഗ്നപൂജ നടത്തിയെന്ന പരാതിയിൽ പിടിയിലായവരും പ്രതി സഹദും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. അരും കൊലയ്ക്ക് പിന്നിൽ മയക്കുമരുന്ന് ലഹരിയും സാമ്പത്തിക തർക്കവുമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
കഴിഞ്ഞദിവസമാണ് ഇർഷാദിനെ കഴുത്തറുത്ത് കൊന്ന നിലയിൽ പ്രതി സഹദിൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഒരാഴ്ചയായി ഇർഷാദ് സഹദിൻ്റെ വീട്ടിൽ വന്നു പോകുന്നത് പതിവായിരുന്നു. എംഡിഎംഎ ഉൾപ്പടെയുടെ ലഹരിമരുന്നുകൾക്ക് ഇരുവരും അടിമയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ലഹരിയുടെ പുറത്താണ് സഹദ് ഇർഷാദിൻ്റെ കഴുത്തറുത്തത്. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കവും ഉണ്ടായിരുന്നു.
by Midhun HP News | Oct 16, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനം. ക്ഷാമബത്തയും ക്ഷാമാശ്വാസവും മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായി മാറും. നിലവില്‍ ഇത് 50 ശതമാനമാണ്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും.
ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് മന്ത്രിസഭായോഗ തീരുമാനം. ഇതോടെ 18,000 രൂപ അടിസ്ഥാന ശമ്പളമായുള്ള എന്‍ട്രി ലെവല്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ പ്രതിമാസം ഏകദേശം 540 രൂപയുടെ വര്‍ധന ഉണ്ടാവും. പുതുക്കിയ ക്ഷാമബത്തയ്ക്ക് ജൂലൈ ഒന്നുമുതല്‍ പ്രാബല്യം ഉണ്ടാവും.
മാര്‍ച്ചിലാണ് ഇതിന് മുന്‍പ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. അന്ന് നാലുശതമാനം വര്‍ധന വരുത്തിയതോടെയാണ് നിലവിലെ 50 ശതമാനത്തിലേക്ക് ക്ഷാമബത്ത ഉയര്‍ന്നത്. ക്ഷാമബത്തയും ക്ഷാമാശ്വാസവും വര്‍ധിപ്പിച്ച് കൊണ്ടുള്ള പ്രഖ്യാപനം വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്‌സ് സെപ്തംബര്‍ 30ന് ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചിരുന്നു.
Recent Comments