by Midhun HP News | Oct 14, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കോവിഡ് 19 വാക്‌സിനുകളുടെ ഉപയോഗം മൂലം രക്തം കട്ടപിടിക്കുന്നതുപോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി. പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത് വിവാദങ്ങള്‍ സൃഷ്ടിക്കാനാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
വാക്‌സിന്‍ എടുത്തില്ലെങ്കില്‍ എന്തായിരിക്കും പാര്‍ശ്വഫലം എന്നുകൂടി മനസിലാക്കുക. ഇത് മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇത് ഒരു തരത്തില്‍ ആരോപണങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണെന്നും കോടതി വ്യക്തമാക്കി. പ്രിയ മിശ്രയും മറ്റ് ചിലരും ചേര്‍ന്നാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ആസ്ട്രസെനക്കെയുടെ കോവിഷീല്‍ഡ് വാക്‌സിന്‍ എടുക്കുന്നതുമൂലമുള്ള പാര്‍ശ്വഫലങ്ങളും അപകട സാധ്യതകളും മെഡിക്കല്‍ വിദഗ്ധരുടെ ഒരു പാനല്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് നേരത്തെയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍തകിയിരുന്നു. രക്തം കട്ടപിടിക്കുന്നതുപോലുള്ള പാര്‍ശ്വഫലങ്ങള്‍ വാക്‌സിന്‍ എടുക്കുന്നതു മൂലമുണ്ടാകുമെന്ന് ആസ്ട്രസെനക യുകെയിലെ കോടതിയില്‍ സമ്മതിച്ചതിന് ശേഷമാണ് ഇന്ത്യയിലും സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.
by Midhun HP News | Oct 14, 2024 | Latest News, കേരളം
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ. ഇതുസംബന്ധിച്ച പ്രമേയം സഭ ഏകകണ്ഠമായി പാസ്സാക്കി. ഇതുവരെ സഹായം നല്‍കാത്തത് ഖേദകരമാണ്. വായ്പകള്‍ എഴുത്തള്ളണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്രം സഹായം നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെ, മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിച്ചു. ദുരന്തബാധിതര്‍ക്ക് ആവശ്യമായ സാമധനസാമഗ്രികള്‍ ഒരുക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിക്കുകയും ചെയ്തു. ദുരന്തമുണ്ടായതും രക്ഷാപ്രവര്‍ത്തനം നടന്നതുമായ സ്ഥലങ്ങളില്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. കണ്ടെത്തിയവയില്‍ തിരിച്ചറിഞ്ഞ എല്ലാ മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് കൈമാറി. തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പ്രത്യേകം സ്ഥലം ഏറ്റെടുത്ത് സംസ്‌കരിച്ചു.
ദുരന്തത്തില്‍ മരണപ്പെട്ടവരുടെ മരണ രജിസട്രേഷന്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും, ദുരന്തബാധിതര്‍ക്ക് നഷ്ടപ്പെട്ട രേഖകളും സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിച്ചു. ദുരന്തബാധിതരായ 794 കുടുംബങ്ങളെ വിവിധ തദ്ദേശ സ്വയംഭരണ പരിധിയില്‍ വാടകയ്ക്ക് താമസിക്കാനാവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തി മുഴുവന്‍ കുടുംബങ്ങളെയും പുനരധിവിസിപ്പിച്ചു. ഇവര്‍ക്ക് അത്യാവശ്യം വേണ്ട ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റും ഫര്‍ണിച്ചര്‍ സാമഗ്രികളും നല്‍കി. ദുരന്തമേഖലയിലെ 607 വിദ്യാര്‍ത്ഥികളുടെ പഠനം പുനരാരംഭിക്കുകയും, സൗജന്യ യാത്ര ഉറപ്പാക്കുകയും പഠന സാമഗ്രികള്‍ ഉറപ്പാക്കുകയും ചെയ്തു.
ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതരായ 131 കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ കഴിഞ്ഞു. എസ്ഡിആര്‍എഫില്‍ നിന്ന് 4 ലക്ഷവും, സിഎംഡിആര്‍എഫില്‍ നിന്ന് 2 ലക്ഷവും വീതം. ഈ ഇനത്തില്‍ എസ്ഡിആര്‍എഫില്‍ നിന്ന് 5 കോടി 24 ലക്ഷം രൂപയും സിഎംഡിആര്‍എഫില്‍ നിന്ന് 2 കോടി 62 ലക്ഷം രൂപയും ചെലവാക്കി. 173 പേരുടെ സംസ്‌കാര ചെലവുകള്‍ക്കായി 10,000 രൂപ വീതം നല്‍കി. ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ചയിലേറെ ആശുപത്രിയില്‍ കഴിഞ്ഞ 26 പേര്‍ക്ക് 17 ലക്ഷത്തി പതിനാറായിരം രൂപ സഹായം നല്‍കി. ദുരന്ത ബാധിതരായ 1013 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതവും നല്‍കി. ഉപജീവനസഹായമായി ദുരന്തബാധിത കുടുംബത്തിലെ 1694 പേര്‍ക്ക് ദിവസം 300 രൂപ വീതം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

by Midhun HP News | Oct 14, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നടന്‍ ബൈജു സന്തോഷിന്റെ കാറപകടവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കരുതെന്ന് മകള്‍ ഐശ്വര്യ. അപകടസമയത്ത് അച്ഛനൊപ്പം ഉണ്ടായിരുന്നത് താന്‍ അല്ലെന്നും അച്ഛന്റെ ബന്ധുവിന്റെ മകളായിരുന്നെന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കാറപകടവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ അച്ഛനൊപ്പം ഉണ്ടായിരുന്നെന്ന് പറയുന്ന ആള്‍ ഞാനല്ല. അത് എന്റെ അച്ഛന്റെ ബന്ധുവിന്റെ മകളാണ്. ഭാഗ്യവശാല്‍ എല്ലാവരും സുരക്ഷിതരാണ്. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഇപ്പോള്‍ പറയുന്നതെന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഞായറാഴ്ച രാത്രി 11.45ഓടെ വെള്ളയമ്പലത്തുവെച്ചാണ് ബൈജുവിന്റെ കാര്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചത്. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ഭാഗത്തേക്ക് പോകേണ്ടിയിരുന്ന ബൈജു തന്റെ വാഹനം തിരിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇവിടെ റോഡ് നിര്‍മാണത്തിനുവേണ്ടി തടസം സൃഷ്ടിച്ച് വഴിതിരിച്ചുവിടണമെന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതായി മനസിലാക്കിയത്. ഉടനെ കാര്‍ തിരിച്ചപ്പോള്‍ നിയന്ത്രണംവിട്ട് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
സിഗ്‌നല്‍ പോസ്റ്റിലിടിച്ച ശേഷം വീണ്ടും മറ്റൊരു പോസ്റ്റിലിടിച്ചശേഷമാണ് ബൈജുവിന്റെ വാഹനം നിന്നത്. പരിക്കേറ്റയാളെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചു.
by Midhun HP News | Oct 14, 2024 | Latest News, കേരളം
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മധ്യ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതില്‍ നിന്നുള്ള ന്യൂനമര്‍ദപാത്തി തെക്കന്‍ കേരളത്തിന് കുറുകെയായി നിലനില്‍ക്കുന്നുണ്ട്. മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ മറ്റൊരു ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി ഈ ദിവസങ്ങളില്‍ കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.
by Midhun HP News | Oct 14, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നടി മാലാ പാര്‍വതിയില്‍ നിന്ന് ‘വെര്‍ച്വല്‍ അറസ്റ്റ്’ വഴി പണം തട്ടാന്‍ ശ്രമം. മാലാ പാര്‍വതിയുടെ പേരിലുള്ള കൊറിയര്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് പറഞ്ഞ് മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് പണം തട്ടാന്‍ ശ്രമിച്ചത്. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഐഡി കാര്‍ഡ് അടക്കം കൈമാറി. എന്നാല്‍ ഐഡി കാര്‍ഡില്‍ അശോക സ്തംഭം കാണാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നിയതാണ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് മാലാ പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞു.
‘മധുരയില്‍ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കോള്‍ വന്നത്. രാവിലെ 10 മണിക്കാണ് കോള്‍ വന്നത്. കൊറിയര്‍ തടഞ്ഞുവെച്ചിരിക്കുന്നു എന്ന് പറഞ്ഞാണ് കോള്‍ വന്നത്. മുന്‍പും സമാനമായ നിലയില്‍ കൊറിയര്‍ തടഞ്ഞുവെച്ച സംഭവം ഉണ്ടായിട്ടുണ്ട്. യുകെയില്‍ നിന്ന് ഒരു ഉല്‍പ്പന്നം വരുത്തിയപ്പോള്‍ കസ്റ്റംസ് പിടിച്ചുവെയ്ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അന്ന് പൈസ അടയക്കുകയായിരുന്നു. അതുകൊണ്ട് ഇതും സത്യമായിരിക്കുമെന്നാണ് കരുതിയത്. കോള്‍ ഉടന്‍ തന്നെ ഒരു കസ്റ്റമര്‍ കെയര്‍ കോളിലേക്ക് കണക്ട് ചെയ്തു. കസ്റ്റ്മര്‍ കെയറില്‍ വിക്രം സിങ് എന്ന ഒരു മനുഷ്യനാണ് കോള്‍ എടുത്തത്. ഇയാള്‍ വളരെ സൗമ്യനായാണ് സംസാരിച്ചത്. അപ്പോള്‍ പാഴ്‌സല്‍ പിടിച്ചുവെച്ചതിനെ കുറിച്ച് ഞാന്‍ ചോദിച്ചു. അപ്പോള്‍ ശരിയാണെന്ന് മറുതലയ്ക്കലില്‍ നിന്ന് പറഞ്ഞു. നിങ്ങളുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് തയ്വാനിലേക്ക് പാക്കേജ് പോയിട്ടുണ്ട്, അതില്‍ നിയമവിരുദ്ധ സാധനങ്ങളാണ് ഉള്ളതെന്ന് പറഞ്ഞു’- മാലാ പാര്‍വതി തുടര്‍ന്നു.
‘അന്ധേരിയിലെ നിന്നാണ് പാഴ്‌സല്‍ പോയിരിക്കുന്നത്. അഞ്ച് പാസ്‌പോര്‍ട്ട്, മൂന്ന് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, 200 ഗ്രാം എംഡിഎംഎ, ലാപ്പ്‌ടോപ്പ് എന്നിവയാണ് ഉള്ളത്. ഞാന്‍ അയച്ചിട്ടില്ല എന്ന് പറഞ്ഞു. അപ്പോള്‍ നിരവധിപ്പേര്‍ ഇത്തരത്തില്‍ തട്ടിപ്പില്‍ വീണിട്ടുണ്ട്. വേണമെങ്കില്‍ പൊലീസുമായി കണക്ട് ചെയ്യാം എന്ന് പറഞ്ഞു. ഇതുകേട്ടതോടെ ഞാന്‍ ഒരുനിമിഷം സ്തംഭിച്ചു പോയി. അവിടെ പരാതി കൊടുത്തിടുന്നതാണ് നല്ലത് എന്നെല്ലാം പറഞ്ഞ് വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു കോള്‍.
തുടര്‍ന്ന് മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണ് എന്ന് പറഞ്ഞ് ഒരു വാട്‌സ്ആപ്പ് കോളാണ് വന്നത്. പ്രകാശ് കുമാര്‍ ഗുണ്ടു എന്നയാള്‍ വിളിച്ചു. നിങ്ങളുടെ പേരില്‍ 12 സംസ്ഥാനങ്ങളില്‍ പല ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട്. ആയുധ ഇടപാട് നടന്നിട്ടുണ്ട്. ഇത്തരത്തില്‍ ഗൗരവമായാണ് പറഞ്ഞത്. വിശ്വസിപ്പിക്കാനായി ഐഡി കാര്‍ഡും അയച്ചു തന്നു. അതിനിടെ കോളില്‍ ഒരു ബ്രേക്ക് വന്നു.
അപ്പോള്‍ ഞാന്‍ ഗൂഗിളില്‍ തിരഞ്ഞു. ഇതോടെ ഐഡി കാര്‍ഡില്‍ അശോക സ്തംഭം ഇല്ലാത്ത കാര്യം തിരിച്ചറിഞ്ഞു. ഈ സംശയമാണ് തട്ടിപ്പാണ് എന്ന് തിരിച്ചറിയാന്‍ സഹായിച്ചത്. പിന്നീട് അവര്‍ വിളിച്ചിട്ടില്ല’- മാലാ പാര്‍വതി പറഞ്ഞു.
by Midhun HP News | Oct 14, 2024 | Latest News, കേരളം
കൊച്ചി: എറണാകുളം ചോറ്റാനിക്കരയിൽ നാലംഗ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9) ആദിയ (7) എന്നിവരാണ് മരിച്ചത്. കണ്ടനാട് സ്കൂളിലെ അദ്ധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി പൂത്തോട്ട സ്കൂൾ അദ്ധ്യാപികയാണ്.
നാല് പേരുടെയും മൃതശരീരം മെഡിക്കൽ കോളജിന് വൈദ്യ പഠനത്തിന് നൽകണമെന്ന് കുറിപ്പ് എഴുതി വെച്ച ശേഷമാണ് ജീവനൊടുക്കിയിട്ടുള്ളത്. മൃതദേഹത്തിന്റെ അടുത്ത് നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിലും കുട്ടികൾ കട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു മൃതദേഹം.
സാമ്പത്തിക പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് സൂചന. രാവിലെ വീട്ടിൽ നിന്നും ശബ്ദമൊന്നും കാണാതിരുന്നതോടെ അയൽവാസികളാണ് വിവരം തിരക്കിയെത്തിയത്. ജീവനൊടുക്കാൻ തക്ക സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടെന്ന് കരുതുന്നില്ലെന്നാണ് അയൽവാസികൾ പറയുന്നത്. സംഭവത്തിൽ ചോറ്റാനിക്കര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Recent Comments