‘അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന കുഞ്ഞു കൂട്ടുകാർക്ക്…’; ആശംസകളുമായി മോഹൻലാൽ

‘അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന കുഞ്ഞു കൂട്ടുകാർക്ക്…’; ആശംസകളുമായി മോഹൻലാൽ

കൊച്ചി: അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസകളുമായി നടൻ മോഹൻലാൽ. അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നുവെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

“ആദ്യാക്ഷരം കുറിച്ച് അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു. എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ” – എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.

അതേസമയം ഇന്ന് പുലർച്ചെയോടെ ക്ഷേത്രങ്ങളില്‍ വിദ്യാരംഭച്ചടങ്ങുകള്‍ക്ക് തുടക്കമായി. സാംസ്കാരിക സംഘടനകളും വിദ്യാരംഭ ചടങ്ങുകളുമായി രംഗത്തുണ്ട്. സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖർ സംസ്ഥാനത്ത് ഉടനീളം കുട്ടികളെ എഴുത്തിനിരുത്തും.

ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ചെറുന്നിയൂർ: വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് എതിരെ കറാത്തല സാംസ്കാരിക നിലയത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ്സ്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് ശശികല യുടെ ആദ്യക്ഷതയിൽ വർക്കല സർക്കിൾ ഇൻസ്‌പെക്ടർ പ്രവീൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ തൻസിൽ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ലത, ശിവകുമാർ, അഖിൽ, ചെറുന്നിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌, ജോസഫ് പെരേര എന്നിവർ ആശംസകൾ അർപ്പിച്ചു. എക്സൈസ് ഓഫീസർ സെബാസ്റ്റ്യൻ ക്ലാസ്സ്‌ നയിച്ചു.

ട്രെയിനില്‍ നിന്നും വീണയാളെ തിരിച്ചറിഞ്ഞു; ദുരൂഹതയുണ്ടെന്നു പോലീസ്

ട്രെയിനില്‍ നിന്നും വീണയാളെ തിരിച്ചറിഞ്ഞു; ദുരൂഹതയുണ്ടെന്നു പോലീസ്

കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശി ശരവണന്‍ (25) ആണ് മരിച്ചത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് യാത്രക്കാരന്‍ വീണത്.

ഇന്നലെ രാത്രി പതിനൊന്നേകാലോടെയായിരുന്നു സംഭവം. എസി കമ്പാര്‍ട്‌മെന്റിലെ ഡോറിലിരുന്ന ആള്‍ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്ത ഉടനെ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇയാളെ ട്രെയിനില്‍ നിന്നും തള്ളിയിട്ടതാണോ എന്നും സംശയിക്കുന്നുണ്ട്. യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. യാത്രക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഏഴു ജില്ലകളിൽ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളായതിനാൽ ജനങ്ങൾ അതീവ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

തെക്കൻ കേരളതീരത്ത്‌ ഇന്നും നാളെയും ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരളതീരത്ത്‌ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

അക്ഷര ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകൾ; ഇന്ന് വിദ്യാരംഭം

അക്ഷര ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകൾ; ഇന്ന് വിദ്യാരംഭം

കൊച്ചി: ഇന്ന് വിജയദശമി ദിനം. നവരാത്രി ആഘോഷങ്ങളുടെ സമാപനം എന്നതിലുപരി അറിവിന്റെ ആരംഭമായ വിദ്യാരംഭം കൂടിയാണിന്ന്. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. അരിയിൽ ചൂണ്ടുവിരൽ കൊണ്ടും നാവിൽ സ്വർണമോതിരം കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതിക്കൊണ്ട് കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കും.

ജാതിമതഭേദമന്യേ എല്ലാവരും വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിക്കുന്നു. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ലോകത്തിന്റെ തന്നെ വിവിധ കോണുകളിൽ ഇന്ന് വിദ്യാരംഭം കുറിക്കുന്ന കുരുന്നുകൾ നിരവധിയാണ്. അറിവ് ഏകമാണെന്ന പരമാർത്ഥത്തിന് അടിവരയിടുകയാണ് വിജയദശമി ദിനം.

കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, എറണാകുളം ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം, വടക്കൻ പറവൂർ മൂകാംബിക ക്ഷേത്രം, പാലക്കാട്‌ ഹേമാംബിക ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം, ഞാങ്ങാട്ടിരി വള്ളുവനാടൻ മൂകാംബിക ഭഗവതി ക്ഷേത്രം, പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര ശ്രീ സരസ്വതി ക്ഷേത്രം, വർക്കല ശിവഗിരി ശാരദാമഠം സരസ്വതി ക്ഷേത്രം, കണ്ണൂർ മൃദംഗശൈലേശ്വരി ക്ഷേത്രം, കണ്ണൂർ പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം, മാവേലിക്കര തട്ടാരമ്പലം സരസ്വതി ക്ഷേത്രം തുടങ്ങി സരസ്വതി ക്ഷേത്രങ്ങളിലെ വിദ്യാരംഭം ഏറെ പ്രസിദ്ധമാണ്. കേരളത്തിലെ ചെറുതും വലുതുമായ മിക്ക ക്ഷേത്രങ്ങളിലും ഇന്ന് വിദ്യാരംഭ ചടങ്ങുകൾ നടക്കും.

തിരുവനന്തപുരത്ത് തേനീച്ച ആക്രമണം; ചികിത്സയിലിരിക്കെ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

തിരുവനന്തപുരത്ത് തേനീച്ച ആക്രമണം; ചികിത്സയിലിരിക്കെ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. തിരുവനന്തപുരം മുളയറ സ്വദേശി സുശീലയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് തൊഴിലുറപ്പ് ജോലിക്കിടെ തേനിച്ചയുടെ ആക്രമണം ഉണ്ടാവുന്നത്. സുശീലയടക്കം 20 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു.

തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെയാണ് അരുവിക്കര പഞ്ചായത്തിലെ ഭഗവതി വാര്‍ഡില്‍ തൊഴിലുറപ്പ് തൊഴിലിനിടെ തേനീച്ച ആക്രമിച്ചത്. കാട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. സുശീലയ്ക്കും മറ്റൊരു തൊഴിലാളിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.