by Midhun HP News | Oct 12, 2024 | Latest News, കേരളം
കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാകണം. ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ അന്വേഷണം സംഘം സിദ്ദിഖിനെ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാത്തതിന്‍റെ പശ്ചാത്തലത്തിൽ വിട്ടയക്കുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ സിദ്ദിഖ് സന്നദ്ധത അറിയിച്ചതോടെയാണ് പൊലീസ് നോട്ടീസ് നൽകിയത്. രേഖകളുമായി തിരുവനന്തപുരം സിറ്റി പൊലീസിന്റെ കൺട്രോൾ റൂമിൽ ഹാജരാകാനാണ് നിർദ്ദേശം. ഈ മാസം 22ന് സുപ്രീം കോടതി വീണ്ടും സിദ്ദിഖിന്റെ കേസ് പരിഗണിക്കും. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്.
അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തത്. 2016ൽ മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. നിള തിയേറ്ററിൽ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചർച്ചകൾക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവ നടി പറഞ്ഞിരുന്നു.

by Midhun HP News | Oct 12, 2024 | Latest News, കേരളം
കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ താരങ്ങൾക്കെതിരെ കേസ്. സ്വാസിക, ബീന ആന്‍റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെയാണ് നടപടി. ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടർന്നാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്.
ബീന ആന്റണി ഒന്നാം പ്രതിയും ഭർത്താവ് മനോജ് രണ്ടാം പ്രതിയും സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തിൽ സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണു പരാതിയുള്ളത്. പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച നടിയാണ് താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്.
by Midhun HP News | Oct 12, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല തീർഥാടനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. സ്‌പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും സംഘര്‍ഷഭൂമിയായേക്കുമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. ശബരിമല ഒരു രാഷ്ട്രീയ ആയുധമാക്കാൻ വിവിധ സംഘടനകൾ ലക്ഷ്യമിടുന്നുവെന്നും ഇത് സർക്കാരിന് തിരിച്ചടിയാകുമെന്നും ഇന്റലിജൻസ് ചൂണ്ടിക്കാണിക്കുന്നു.
സ്ത്രീപ്രവേശന വിധിയെ തുടര്‍ന്ന് ഉടലെടുത്തതുപോലൊരു പ്രതിസന്ധി സ്‌പോട്ട് ബുക്കിങ് വിവാദത്തിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നൽകിയത്. ശബരിമലയില്‍ സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്ന് ഉടലെടുത്ത പ്രതിഷേധം സംഘപരിവാര്‍ സംഘടനകള്‍ ഏറ്റെടുത്തതോടെ പലതവണ സന്നിധാനമുള്‍പ്പെടെ പ്രദേശങ്ങളിൽ പ്രതിഷേധമുണ്ടായിരുന്നു. സ്‌പോട്ട് ബുക്കിങ് ഒഴിവാക്കി വെര്‍ച്വല്‍ ക്യൂ മാത്രമാക്കിയാല്‍ സംഘപരിവാര്‍ സംഘടനകള്‍ സമാനമായ സമരമൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഭക്തരെ ശബരിമലയില്‍ നിന്ന് അകറ്റാനാണ് എന്ന പ്രചാരണം ബിജെപി ഉള്‍പ്പെടെയുള്ളവർ ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്. മണ്ഡലകാലം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമമായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടാല്‍ പ്രതിപക്ഷവും രാഷ്ട്രീയമായി ഇടപെടും. പ്രതിസന്ധി ഒഴിവാക്കാന്‍ പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങ് പോലെ സൗകര്യം ഒരുക്കിയില്ലെങ്കില്‍ പ്രതിഷേധത്തിന് കളമൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനഃപരിശോധിച്ചേക്കും. വ്രതം നോറ്റെത്തുന്ന ഒരുഭക്തനും അയ്യപ്പദർശനം കിട്ടാതെ മടങ്ങേണ്ടിവരില്ലെന്ന് ഉറപ്പാക്കുമെന്നും സർക്കാരുമായി ആലോചിച്ച് ക്രമീകരണം ഒരുക്കുമെന്നും ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. 2023ല്‍ മൂന്ന് ലക്ഷത്തിലധികം പേരായിരുന്നു സ്‌പോട്ട് ബുക്കിങ് വഴി ബുക്ക് ചെയ്തത്. 2023- 24 ല്‍ അത് നാലുലക്ഷമായി. ശബരിമലയില്‍ ദര്‍ശന സമയം പുനഃക്രമീകരിച്ചു. പുലര്‍ച്ചെ മൂന്ന് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയായിരിക്കും. ശേഷം മൂന്നുമുതല്‍ രാത്രി 11 മണിവരെയായിരിക്കും ദര്‍ശന സയമം.
by Midhun HP News | Oct 11, 2024 | Latest News, ദേശീയ വാർത്ത
ചെന്നൈ: ട്രിച്ചി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു. സാങ്കേതിക തകരാര്‍ മൂലം വിമാനം താഴെയിറക്കാന്‍ കഴിയാതെ ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. വിമാനത്തിന്റെ ഹൈഡ്രോളിക്‌സ് സംവിധാനത്തില്‍ പിഴവുണ്ടെന്നാണ് മനസിലാക്കുന്നത്. 15 മിനിറ്റിനുള്ളില്‍ വിമാനം ലാന്‍ഡ് ചെയ്യുമെന്നാണ് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കുന്നു.
വൈകുന്നേരം 5.40 ന് ഷാര്‍ജയിലേയ്ക്ക് പറക്കുന്ന വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം ഇറക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത്. 141 യാത്രക്കാരാണ് വിമാനത്തിലുള്ളത്. കഴിഞ്ഞ രണ്ടര മണിക്കൂറായി വിമാനം തിരിച്ചിറക്കാനുള്ള ശ്രമം തുടരുകയാണ്. എയര്‍ ഇന്ത്യയുടെ തിരുച്ചിറപ്പള്ളി-ഷാര്‍ജ വിമാനത്തിനാണ് തകരാര്‍. 20 ആംബുലന്‍സുകള്‍ വിമാനത്താവളത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
by Midhun HP News | Oct 11, 2024 | Latest News, കേരളം
കൊച്ചി: തേവര- കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി വീണ്ടും അടക്കും. ഒരു മാസത്തേക്കാണ് അടച്ചിടുന്നത്. ഈ മാസം 15 മുതല്‍ അടുത്തമാസം 15 വരെയാണ് പാലം അടച്ചിടുക. ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തും.
പാലത്തില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാലം അറ്റകുറ്റപ്പണികള്‍ക്കായി നേരത്തേയും അടച്ചിരുന്നു. ജൂലൈയിലായിരുന്നു പാലം അടച്ചത്. രണ്ട് ദിവസത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പാലം പിന്നീട് തുറന്നുകൊടുക്കുകയായിരുന്നു.
by Midhun HP News | Oct 11, 2024 | Latest News, കേരളം
തിരുവനന്തപുരം; ശബരിമലയില്‍ ഇക്കുറി വെര്‍ച്വല്‍ ക്യൂ മാത്രമായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ഒരു ഭക്തനും ദര്‍ശനം കിട്ടാതെ തിരിച്ചുപോകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ കണക്കിലെടുത്താണ് വെര്‍ച്വല്‍ ക്യൂ തീരുമാനം ഏര്‍പ്പെടുത്തിയതെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളും. ദര്‍ശനത്തിന് എത്തുന്നവരുടെ ആധികാരിക രേഖ പ്രധാനമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിഎസ് പ്രശാന്ത്. 90 ശതമാനം പ്രവര്‍ത്തനങ്ങളും
തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. വെര്‍ച്വല്‍ ക്യൂ എന്നത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സദുദ്ദേശ്യത്തോടെ എടുത്ത തീരുമാനമാണ്. മാലയിട്ട് വ്രതം പിടിച്ച് ഭഗവാനെ കാണാനെത്തുന്ന ആര്‍ക്കും ദര്‍ശനം ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ല, ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കും.
വെര്‍ച്വല്‍ ക്യൂ തയ്യാറാക്കാനുണ്ടായ സാഹചര്യവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍ എത്തുന്ന ഭക്തരുടെ ആധികാരിക രേഖയാണ് വെര്‍ച്വല്‍ ക്യൂ. സ്‌പോട്ട് ബുക്കിങ് എന്നത് വെറും എന്‍ട്രി പാസ് മാത്രമാണ്. 2023ല്‍ മൂന്ന് ലക്ഷത്തിലധികം പേരായിരുന്നു സ്‌പോട്ട് ബുക്കിങ് വഴി ബുക്ക് ചെയ്തത്. 2023- 24 ല്‍ അത് നാലുലക്ഷമായി. വെര്‍ച്വല്‍ ക്യൂവിലേക്ക് പോകുമ്പോള്‍ സ്‌പോട്ട് ബുക്കിങ് വര്‍ധിക്കുന്നത് നല്ല പ്രവണതയല്ല. ഭക്തരുടെയും ക്ഷേത്രത്തിന്റെ സുരക്ഷകൂടി കണക്കിലെടുത്താണ് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം.
മൂന്ന് വഴിയിലൂടെയാണ് പ്രധാനമായും ഭക്തര്‍ എത്തുക. ഏതെങ്കിലും തരത്തില്‍ ഭക്തരെ കാണാതാവുകയോ മറ്റ് എന്തെങ്കിലും സംഭവിച്ചാല്‍ അവരെ തിരിച്ചറിയേണ്ടതില്ലേ?. പമ്പ മുതല്‍ സന്നിധാനം വരെ ആയിരക്കണക്കിന് അപകടം പതിഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍ ഉണ്ട്. എന്തെങ്കിലും സംഭവിച്ചാല്‍ നമുക്ക് ആധികാരികമായ രേഖ വേണ്ടേ?. ഇനിയും സ്‌പോട്ട് ബുക്കിങ് ഉണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുമോ?. വെര്‍ച്വല്‍ ക്യൂ ആകുമ്പോള്‍ എത്രുപേര്‍ വരുമെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയും. അതിനനുസരിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയും. ആധികാരിമായ രേഖ വേണമെന്നതുകൊണ്ടാണ് വെര്‍ച്വല്‍ ക്യൂ നിര്‍ബന്ധമാക്കുന്നത്.
വരുമാനത്തിന്റെ കാര്യമാണെങ്കില്‍ സ്‌പോട്ട് ബുക്കിങ് ആണ് നല്ലത്. എന്നാല്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും വരുമാനം മാത്രം ചിന്തിച്ചാല്‍ പോരാ, ഭക്തരുടെ സുരക്ഷയും പ്രധാനമാണ്. അതുകൊണ്ട് പരമാവധി പേര്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ശബരിമലയില്‍ ദര്‍ശന സമയം പുനഃക്രമീകരിച്ചു. പുലര്‍ച്ചെ മൂന്ന് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയായിരിക്കും. ശേഷം മൂന്നുമുതല്‍ രാത്രി 11 മണിവരെയായിരിക്കും ദര്‍ശനസയമം.
Recent Comments