ലാന്‍ഡ് ചെയ്യാനാകുന്നില്ല; ട്രിച്ചി വിമാനത്താവളത്തില്‍ ആശങ്ക

ലാന്‍ഡ് ചെയ്യാനാകുന്നില്ല; ട്രിച്ചി വിമാനത്താവളത്തില്‍ ആശങ്ക

ചെന്നൈ: ട്രിച്ചി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു. സാങ്കേതിക തകരാര്‍ മൂലം വിമാനം താഴെയിറക്കാന്‍ കഴിയാതെ ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. വിമാനത്തിന്റെ ഹൈഡ്രോളിക്‌സ് സംവിധാനത്തില്‍ പിഴവുണ്ടെന്നാണ് മനസിലാക്കുന്നത്. 15 മിനിറ്റിനുള്ളില്‍ വിമാനം ലാന്‍‍ഡ് ചെയ്യുമെന്നാണ് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കുന്നു.

വൈകുന്നേരം 5.40 ന് ഷാര്‍ജയിലേയ്ക്ക് പറക്കുന്ന വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം ഇറക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത്. 141 യാത്രക്കാരാണ് വിമാനത്തിലുള്ളത്. കഴിഞ്ഞ രണ്ടര മണിക്കൂറായി വിമാനം തിരിച്ചിറക്കാനുള്ള ശ്രമം തുടരുകയാണ്. എയര്‍ ഇന്ത്യയുടെ തിരുച്ചിറപ്പള്ളി-ഷാര്‍ജ വിമാനത്തിനാണ് തകരാര്‍. 20 ആംബുലന്‍സുകള്‍ വിമാനത്താവളത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

തേവര- കുണ്ടന്നൂര്‍ പാലം ഒരുമാസം അടച്ചിടും

തേവര- കുണ്ടന്നൂര്‍ പാലം ഒരുമാസം അടച്ചിടും

കൊച്ചി: തേവര- കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി വീണ്ടും അടക്കും. ഒരു മാസത്തേക്കാണ് അടച്ചിടുന്നത്. ഈ മാസം 15 മുതല്‍ അടുത്തമാസം 15 വരെയാണ് പാലം അടച്ചിടുക. ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തും.

പാലത്തില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാലം അറ്റകുറ്റപ്പണികള്‍ക്കായി നേരത്തേയും അടച്ചിരുന്നു. ജൂലൈയിലായിരുന്നു പാലം അടച്ചത്. രണ്ട് ദിവസത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പാലം പിന്നീട് തുറന്നുകൊടുക്കുകയായിരുന്നു.

ഇക്കുറി വെര്‍ച്വല്‍ ക്യൂമാത്രം; ദര്‍ശന സമയത്തില്‍ മാറ്റം; ഭക്തരുടെ സുരക്ഷ പ്രധാനമെന്ന ദേവസ്വം ബോര്‍ഡ്

ഇക്കുറി വെര്‍ച്വല്‍ ക്യൂമാത്രം; ദര്‍ശന സമയത്തില്‍ മാറ്റം; ഭക്തരുടെ സുരക്ഷ പ്രധാനമെന്ന ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം; ശബരിമലയില്‍ ഇക്കുറി വെര്‍ച്വല്‍ ക്യൂ മാത്രമായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ഒരു ഭക്തനും ദര്‍ശനം കിട്ടാതെ തിരിച്ചുപോകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ കണക്കിലെടുത്താണ് വെര്‍ച്വല്‍ ക്യൂ തീരുമാനം ഏര്‍പ്പെടുത്തിയതെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളും. ദര്‍ശനത്തിന് എത്തുന്നവരുടെ ആധികാരിക രേഖ പ്രധാനമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിഎസ് പ്രശാന്ത്. 90 ശതമാനം പ്രവര്‍ത്തനങ്ങളും
തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. വെര്‍ച്വല്‍ ക്യൂ എന്നത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സദുദ്ദേശ്യത്തോടെ എടുത്ത തീരുമാനമാണ്. മാലയിട്ട് വ്രതം പിടിച്ച് ഭഗവാനെ കാണാനെത്തുന്ന ആര്‍ക്കും ദര്‍ശനം ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ല, ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കും.

വെര്‍ച്വല്‍ ക്യൂ തയ്യാറാക്കാനുണ്ടായ സാഹചര്യവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍ എത്തുന്ന ഭക്തരുടെ ആധികാരിക രേഖയാണ് വെര്‍ച്വല്‍ ക്യൂ. സ്‌പോട്ട് ബുക്കിങ് എന്നത് വെറും എന്‍ട്രി പാസ് മാത്രമാണ്. 2023ല്‍ മൂന്ന് ലക്ഷത്തിലധികം പേരായിരുന്നു സ്‌പോട്ട് ബുക്കിങ് വഴി ബുക്ക് ചെയ്തത്. 2023- 24 ല്‍ അത് നാലുലക്ഷമായി. വെര്‍ച്വല്‍ ക്യൂവിലേക്ക് പോകുമ്പോള്‍ സ്‌പോട്ട് ബുക്കിങ് വര്‍ധിക്കുന്നത് നല്ല പ്രവണതയല്ല. ഭക്തരുടെയും ക്ഷേത്രത്തിന്റെ സുരക്ഷകൂടി കണക്കിലെടുത്താണ് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം.

മൂന്ന് വഴിയിലൂടെയാണ് പ്രധാനമായും ഭക്തര്‍ എത്തുക. ഏതെങ്കിലും തരത്തില്‍ ഭക്തരെ കാണാതാവുകയോ മറ്റ് എന്തെങ്കിലും സംഭവിച്ചാല്‍ അവരെ തിരിച്ചറിയേണ്ടതില്ലേ?. പമ്പ മുതല്‍ സന്നിധാനം വരെ ആയിരക്കണക്കിന് അപകടം പതിഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍ ഉണ്ട്. എന്തെങ്കിലും സംഭവിച്ചാല്‍ നമുക്ക് ആധികാരികമായ രേഖ വേണ്ടേ?. ഇനിയും സ്‌പോട്ട് ബുക്കിങ് ഉണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുമോ?. വെര്‍ച്വല്‍ ക്യൂ ആകുമ്പോള്‍ എത്രുപേര്‍ വരുമെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയും. അതിനനുസരിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയും. ആധികാരിമായ രേഖ വേണമെന്നതുകൊണ്ടാണ് വെര്‍ച്വല്‍ ക്യൂ നിര്‍ബന്ധമാക്കുന്നത്.

വരുമാനത്തിന്റെ കാര്യമാണെങ്കില്‍ സ്‌പോട്ട് ബുക്കിങ് ആണ് നല്ലത്. എന്നാല്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും വരുമാനം മാത്രം ചിന്തിച്ചാല്‍ പോരാ, ഭക്തരുടെ സുരക്ഷയും പ്രധാനമാണ്. അതുകൊണ്ട് പരമാവധി പേര്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ശബരിമലയില്‍ ദര്‍ശന സമയം പുനഃക്രമീകരിച്ചു. പുലര്‍ച്ചെ മൂന്ന് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയായിരിക്കും. ശേഷം മൂന്നുമുതല്‍ രാത്രി 11 മണിവരെയായിരിക്കും ദര്‍ശനസയമം.

നടിയെ ആക്രമിച്ച കേസ്: ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച

നടിയെ ആക്രമിച്ച കേസ്: ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്‍ഡ് തുറന്ന സംഭവത്തിൽ നടിയുടെ ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പ്രസ്താവിക്കും. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്നും, കോടതിയുടെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് വിധി പറയുക. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ നിയമ വിരുദ്ധമായി തുറന്നു പരിശോധിച്ചുവെന്നാണ് കണ്ടെത്തിയത്.

ഇതേത്തുടർന്ന് സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരി​ഗണിച്ച ഹൈക്കോടതി, മെമ്മറി കാര്‍ഡ് ആര്, എന്തിന് പരിശോധിച്ചുവെന്ന് കണ്ടെത്തണമെന്ന് ഉത്തരവിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെയാണ് അന്വേഷണത്തിനായി നിയോ​ഗിച്ചത്. രണ്ട് കോടതി ജീവനക്കാരും അങ്കമാലി മുന്‍ മജിസ്‌ട്രേറ്റുമാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.

അതിനിടെ, മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്നും, റദ്ദാക്കണമെന്നും കോടതി മേല്‍നോട്ടത്തില്‍ ഐജി റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍ ഉപഹര്‍ജി നൽകുകയായിരുന്നു. അതിജീവിതയുടെ ഹര്‍ജിയെ അനുകൂലിച്ചാണ് സംസ്ഥാന സര്‍ക്കാരും നിലപാട് എടുത്തത്.

ഗുരുവായൂരില്‍ നവരാത്രി ചടങ്ങുകള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം; വിദ്യാരംഭം ഞായറാഴ്ച രാവിലെ എഴുമുതല്‍

ഗുരുവായൂരില്‍ നവരാത്രി ചടങ്ങുകള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം; വിദ്യാരംഭം ഞായറാഴ്ച രാവിലെ എഴുമുതല്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നവരാത്രി പൂജവെയ്പ് ചടങ്ങുകള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. വിജയദശമി ദിനമായ ഞായറാഴ്ച രാവിലെ ഏഴു മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും.

കൂത്തമ്പലത്തിലെ അലങ്കരിച്ച സരസ്വതി മണ്ഡപത്തില്‍ ഗ്രന്ഥങ്ങള്‍ പൂജവെച്ചു. ഗുരുവായൂരപ്പന്‍, സരസ്വതി ദേവി, ഗണപതി ചിത്രങ്ങള്‍ക്കു മുന്നില്‍ കീഴ്ശാന്തിക്കാര്‍ ദീപം തെളിയിച്ചു. ദീപാരാധനയ്ക്ക് ശേഷമായിരുന്നു പുസ്തകങ്ങളും കൃഷ്ണനാട്ടം കളരിയിലെ താളിയോല ഗ്രന്ഥങ്ങളും ആയുധങ്ങളും സ്വീകരിച്ച് പൂജവെയ്പ് ചടങ്ങുകള്‍ ആരംഭിച്ചത്.

ഞായറാഴ്ച സരസ്വതി പൂജയും ശീവേലിയും പൂര്‍ത്തിയാകുന്നതോടെ വടക്കേ പത്തായപ്പുരയിലെ വിദ്യാരംഭം ഹാളിലേക്ക് ദേവീദേവന്‍മാരുടെ ചിത്രം എഴുന്നള്ളിക്കും. കീഴ്ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാര്‍ ആചാര്യന്‍മാരായി രാവിലെ ഏഴു മുതല്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് നടക്കും.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കാസര്‍കോട് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കാസര്‍കോട് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: ട്രാഫിക് നിയമ ലംഘനം ആരോപിച്ച് പൊലീസ് പിടികൂടിയ ഓട്ടോ തിരിച്ചു നല്‍കാത്തതില്‍ മനംനൊന്ത് ഫെയ്‌സ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്ത് ഓട്ടോഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. കാസര്‍കോട് സ്‌റ്റേഷനിലെ എസ്‌ഐ പി അനൂപിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. എസ്‌ഐ അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറോട് മോശമായി പെരുമാറുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് നടപടി.

പിടിച്ചെടുത്ത ഓട്ടോ എസ്‌ഐ വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് കര്‍ണാടക മംഗളൂരു പാണ്ഡേശ്വരയിലെ കുദ്രോളി അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്തത്. കാസര്‍കോട് ടൗണില്‍ നെല്ലിക്കുന്ന് ബീച്ച് റോഡ് ജങ്ഷനില്‍ റോഡിനു നടുവില്‍ വഴി തടസ്സം ഉണ്ടാക്കി എന്നാരോപിച്ചാണ് ഓട്ടോയുടെ താക്കോല്‍ പൊലീസ് ഊരിയെടുത്തെത്. പിന്നീട് സ്റ്റേഷനിലെത്തിച്ച ഓട്ടോ 5 ദിവസം കഴിഞ്ഞും വിട്ടു കിട്ടാത്തതിനെ തുടര്‍ന്ന് സത്താര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

ഹൃദ്രോഗി ആണെന്നതിന്റെ രേഖകളും പൊലീസിനെ കാണിച്ച് തന്റെ ദയനീയാവസ്ഥ പറഞ്ഞിട്ടും പൊലീസ് കേട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ആരോപണ വിധേയനായ കാസര്‍കോട് എസ്‌ഐ പി.അനൂപിനെ ചന്തേരയിലേക്ക് സ്ഥലം മാറ്റിയിരുന്നു.