മോഹന്‍ലാലിന്റെ പുതിയ ചിത്രം ബറോസിന്റെ റിലീസ് തടയണം; കോടതിയില്‍ ഹര്‍ജി

മോഹന്‍ലാലിന്റെ പുതിയ ചിത്രം ബറോസിന്റെ റിലീസ് തടയണം; കോടതിയില്‍ ഹര്‍ജി

കൊച്ചി: മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന മെഗാ ത്രിഡി ചിത്രമായ ബറോസിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. പ്രവാസി ഇന്ത്യക്കാരനായ ജോര്‍ജ് തുണ്ടിപ്പറമ്പില്‍ ആണ് സിനിമയുടെ റിലീസ് നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയില്‍ പരാതി നല്‍കിയത്.

‘ബറോസ്, ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍’ എന്ന സിനിമ തന്റെ ‘മായ’ എന്ന നോവലിന്റെ പകര്‍പ്പവകാശ ലംഘനമാണെന്നാണ് ജോര്‍ജി തുണ്ടിപ്പറമ്പില്‍ ആരോപിച്ചിട്ടുള്ളത്. സംവിധായകനും നടനുമായ മോഹന്‍ലാല്‍, ജിജോ പുന്നൂസ്, ടി കെ രാജീവ് കുമാര്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കെതിരെ ജര്‍മ്മനിയില്‍ താമസക്കാരനായ ജോര്‍ജ് കേസ് കൊടുത്തിട്ടുണ്ട്.

പകര്‍പ്പവകാശ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ് 2024 ജൂലൈയില്‍ മോഹന്‍ലാല്‍ അടക്കം നാലുപേര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതുവരെ ‘ബറോസ്, ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍’ റിലീസ് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ 2024 ഓഗസ്റ്റ് 11-ന് നല്‍കിയ, വക്കീല്‍ നോട്ടീസിനുള്ള മറുപടിയില്‍ പകര്‍പ്പവകാശ ലംഘനം നിഷേധിച്ചിരുന്നു. എന്നാല്‍ തന്റെ കൃതിയുടെ തനിപ്പകര്‍പ്പാണ് ബറോസ് സിനിമയെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് ബറോസ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോ?; വി ഡി സതീശന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോ?; വി ഡി സതീശന്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കെ കെ രമ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നും പോക്‌സോ അടക്കമുള്ള കണ്ടെത്തലുകളില്‍ അന്വേഷണം നടത്തിയില്ലെന്നും കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും നോട്ടീസില്‍ ആരോപിക്കുന്നു.

എന്നാല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നും, അതിനാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ ഷംസീര്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്. സ്പീക്കറുടെ നടപടിയെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദ്യം ചെയ്തു. എങ്കില്‍പ്പിന്നെ ചോദ്യം അനുവദിച്ചത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സ്ത്രീകളെ ഇതുപോലെ ബാധിച്ച വിഷയം ചര്‍ച്ച ചെയ്യാത്തത് അപമാനകരമാണ്. സ്ത്രീകളെ ബാധിക്കുന്ന വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് പറഞ്ഞാല്‍ സര്‍ക്കാരിന് നാണക്കേടാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ചോദ്യം ചോദിക്കാന്‍ അനുവദിക്കാമെങ്കില്‍ എന്തുകൊണ്ട് പ്രമേയം അവതരിപ്പിച്ചുകൂടായെന്ന് വിഡി സതീശന്‍ ചോദിച്ചു. സ്പീക്കറുടെ വിവേചനാധികാരം ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. റിപ്പോര്‍ട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ചതില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. വാക്കൗട്ട് പ്രസംഗവും സ്പീക്കര്‍ അനുവദിച്ചിരുന്നില്ല.

ലൈംഗിക കുറ്റകൃത്യം നടന്നിട്ടും സര്‍ക്കാര്‍ ഒളിച്ചു വെക്കുകയാണെന്ന് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ കത്തെഴുതിയെന്ന് പറഞ്ഞ് സര്‍ക്കാര്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. മുഖ്യമന്ത്രിയാണ് ആദ്യം ഇതു പറഞ്ഞത്. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല. നിയമസഭയില്‍ അല്ലെങ്കില്‍ പിന്നെ എവിടെയാണ് ചര്‍ച്ച ചെയ്യുന്നത്?. കേരള നിയമസഭ കൗരവസഭയായി മാറുകയാണോ എന്നും വിഡി സതീശന്‍ ചോദിച്ചു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ എത്തി. തൊണ്ടവേദനയും പനിയും കാരണം സഭയില്‍ നിന്നും വിട്ടു നിന്നതെന്നായിരുന്നു അന്നു നല്‍കിയ വിശദീകരണം.

ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ മുകേഷ് അംബാനി ഒന്നാം സ്ഥാനത്തെത്തി

ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ മുകേഷ് അംബാനി ഒന്നാം സ്ഥാനത്തെത്തി

ഇന്ത്യയിലെ സമ്പന്നരുടെ ഈ വര്‍ഷത്തെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ് ഇന്ത്യ. 108 ബില്ല്യണ്‍ ഡോളറിന്റെ(ഏകദേശം 893,760 കോടി രൂപ) ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യയിലെ സമ്പന്നരായ 100 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.

ഗൗതം അദാനിയും കുടുംബവുമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. വൈവിധ്യമാര്‍ന്ന ആസ്തികളിലായി ഏകദേശം 116 ബില്യണ്‍ ഡോളര്‍ മൂല്യമാണ് അദ്ദേഹത്തിനുള്ളത്. അദാനി ഗ്രൂപ്പിന്റെ ഉടമ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. .സാവിത്രി ജിന്‍ഡാലും കുടുംബവുമാണ് മൂന്നാം സ്ഥാനത്ത്. അവരുടെ ലോഹങ്ങളില്‍ നിന്നും ഖനന ബിസിനസില്‍ നിന്നും 43.7 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് ഇവര്‍ക്കുള്ളത്.

മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി 108.3 ബില്ല്യണ്‍ ഡോളറാണ്. ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ 13-ാം സ്ഥാനത്താണ് മുകേഷ് അംബാനിയുള്ളത്.

ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനം പുനരാലോചിക്കാൻ സർക്കാർ തീരുമാനം

ശബരിമല ദർശനത്തിന് സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തിൽ സർക്കാർ പുനരാലോചിക്കുന്നു. സ്‌പോട്ട് ബുക്കിംഗിൽ ഇളവ് അനുവദിക്കാനാണ് ആലോചന. വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നീക്കം. സ്‌പോട് ബുക്കിംഗ് നിർത്തിയതിനെതിരെ ചില സംഘടനകൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു

ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സ്‌പോട്ട് ബുക്കിംഗ് അനുവദിച്ചേക്കും. എങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാരിന്റേതാകും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം മതിയെന്ന് തീരുമാനിച്ചത്.

മുതലാളിത്വത്തിന്റെ നുകങ്ങളില്‍നിന്നും മനുഷ്യസ്‌നേഹത്തിന്റെ മഹാവാതായനങ്ങളിലേക്കു ബിസിനസ്സിനെ പരിവര്‍ത്തിപ്പിച്ച മനുഷ്യസ്‌നേഹി

മുതലാളിത്വത്തിന്റെ നുകങ്ങളില്‍നിന്നും മനുഷ്യസ്‌നേഹത്തിന്റെ മഹാവാതായനങ്ങളിലേക്കു ബിസിനസ്സിനെ പരിവര്‍ത്തിപ്പിച്ച മനുഷ്യസ്‌നേഹി

മുംബൈ: ഇന്ത്യ കണ്ട എക്കാലത്തേയും ഏറ്റവും വലിയ മനുഷ്യ സ്‌നേഹിയായ ബിസിനസുകാരന്‍ ആരെന്നു ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ അതിനുണ്ടാവൂ. ടാറ്റ സണ്‍സിന്റെയും ടാറ്റ ഗ്രുപ്പിന്റെയും ചെയര്‍മാന്‍ ആയിരുന്ന രത്തന്‍ നാവല്‍ ടാറ്റ എന്ന രത്തന്‍ ടാറ്റ. ഒരു കാലത്ത് രാജ്യത്തെ തൊഴിലാളികള്‍ക്ക് ടാറ്റയും ബിര്‍ളയുമെല്ലാം കുത്തകകളായിരുന്നു. അവര്‍ ചെയ്യുന്നതിനെ എല്ലാം എതിര്‍ക്കാന്‍ ഒരുകൂട്ടം തൊഴിലാളികളും അവരുടെ നേതൃത്വത്തിലുള്ള യൂണിയനുകളുമുണ്ടായിരുന്നു.

നവ മുതലാളിത്വ വ്യവസ്ഥിതിയുടെ ചുവടുപിടിച്ച് പുത്തന്‍ ആഗോള കുത്തകളും ഇന്ത്യന്‍ കുത്തകകളുമെല്ലാം ഉദയം ചെയ്തതോടെയാണ് ടാറ്റയെന്ന മനുഷ്യന്റെ വലിപ്പം ലോകവും ഇന്ത്യയും അറിയുന്നത്. ആ മനുഷ്യന്‍ ജീവകാരുണ്യ വിദ്യാഭ്യാസ മേഖലയില്‍ ചെയ്തതുപോലുള്ള ഒരു സഹായവും സൗകര്യങ്ങളുമൊന്നും ഇന്ത്യയുടെ ഭാവി ചരിത്രത്തില്‍പോലും ആര്‍ക്കും ചെയ്ത് മറികടക്കാന്‍ ആവില്ലെന്ന് ഉറപ്പാണ്.

ടാറ്റയുടെ ഉടമകള്‍ ഇന്ത്യന്‍ വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളില്‍ നല്‍കിയ അമൂല്യമായ സംഭാവനകളില്‍ ഒന്നാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനങ്ങളില്‍ ഒന്നായ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസേര്‍ച്ച്. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ സ്ഥാപനമായ ഐഐടിക്കുപോലും മുകളിലാണ് ഈ ഗവേഷണ സ്ഥാപനം എന്ന് അറിയുമ്പോഴാണ് അതിന്റെ മഹത്വം ബോധ്യപ്പെടുക.

നവല്‍ ടാറ്റയുടെയും സൂനി ടാറ്റയുടെയും മകനായി 1937 ഡിസംബര്‍ 28ന് മുംബൈയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഭാരത് രത്‌ന ഒഴികേയുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നീ സിവിലിയന്‍ ബഹുമതികള്‍ക്കും അര്‍ഹനായി. ഒക്ടോബര്‍ 9ന് വിടവാങ്ങുമ്പോള്‍ രാജ്യം കണ്ട ഏറ്റവും വലിയ ഒരു മനുഷ്യസ്‌നേഹിയാണ് മണ്‍മറയുന്നത്.

ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോര്‍സ്, ടാറ്റ പവര്‍, ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ ടീ, ടാറ്റ കെമികല്‍സ്, ടാറ്റ ടെലി സര്‍വീസസ്, ദി ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി തുടങ്ങിയവയുടെ ചെയര്‍മാന്‍ കൂടിയായിരുന്ന രത്തന്‍ ടാറ്റ ഈ സ്ഥാനങ്ങളെല്ലാം 2012 ഡിസംബറിലാണ് ഒഴിഞ്ഞത്.

ഉപ്പില്‍ തുടങ്ങി ഐടി രംഗത്തോളം എത്തി നില്‍ക്കുന്നതാണ് 155 വര്‍ഷം പഴക്കം അവകാശപ്പെടാനുള്ള ജാംഷെഡ്ജി ടാറ്റ സ്ഥാപിച്ച ഈ വ്യവസായിക സാമ്രാജ്യം. ഇന്ത്യയിലേക്കു ലോകോത്തര ആഢംബര കാറുകളായ റേഞ്ച് റോവറും ജാഗ്വറുമെല്ലാം എത്തിച്ചതിന് പിന്നിലും മറ്റൊരു ഗ്രൂപ്പോ, അമരക്കാരനോ ആയിരുന്നില്ല. 100 ബില്യണ്‍ യുഎസ് ഡോളര്‍(83,97,37,00,00,00 ഇന്ത്യന്‍ രൂപ) വാര്‍ഷിക വരുമാനമുള്ള ഗ്രൂപ്പിന് കീഴിലെ നൂറില്‍ അധികം കമ്പനികളിലായി 6.6 ലക്ഷം ജീവനക്കാരാണ് ഇന്ത്യ ഉള്‍പ്പെടെ ആറു വന്‍കരകളിലെ നൂറില്‍ അധികം രാജ്യങ്ങളിലായി ജോലിചെയ്യുന്നത്.

ടാറ്റ ഗ്രൂപ്പിനെക്കുറിച്ചുള്ള ഔദ്യോഗിക പുസ്തകമായ ദ സ്റ്റോറി ഓഫ് ടാറ്റയുടെ രചയിതാവായ പീറ്റര്‍ കാസെയുടെ വാക്കുകള്‍ കടംകൊണ്ടാല്‍ ബിസിനസ്സിനെ മറ്റുള്ളവരുടെ ക്ഷേമത്തിനായി മുതലാളിത്വത്തിന്റെ നുകങ്ങളില്‍നിന്നും മനുഷ്യസ്‌നേഹത്തിന്റെ മഹാവാതായനങ്ങളിലേക്കു പരിവര്‍ത്തിപ്പിച്ച മനുഷ്യന്‍ എന്ന് രത്തന്‍ ടാറ്റയെ ചുരുക്കാം.

1962 അമേരിക്കയിലെ കോര്‍ണല്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ആര്‍ക്കിട്ടെക്ചറില്‍ ബി.എസ്.സി ബിരുദം നേടിയ ശേഷമായിരുന്നു 1962ല്‍ ടാറ്റാ ഗ്രൂപ്പില്‍ ചേരുന്നത്. 1971 നാഷണല്‍ റേഡിയോ ആന്‍ഡ് എലെക്ട്രോണിക്‌സ് കമ്പനിയുടെ (നെല്‍കൊ) ഡയരക്ടറും 1974ല്‍ ടാറ്റാ സണ്‍സിന്റെ ഡയരക്ടറുമായി. 1975ല്‍ ഹാര്‍വാര്‍ഡ് ബിസിനസ്സ് സ്‌കൂളില്‍നിന്ന് മനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ ശേഷം 1977ല്‍ എമ്പ്രെസ്സ് മില്ലുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത രത്തന്‍ ടാറ്റ 1981ല്‍ ടാറ്റാ ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായി നിയമിതാനായി. 1991ല്‍ ജെ ആര്‍ ഡി ടാറ്റയില്‍ നിന്ന് ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. വിദേശകമ്പനികള്‍ ഏറ്റെടുത്തുകൊണ്ട് ടാറ്റയുടെ വ്യവസായ സാമ്രാജ്യം ആഗോളവ്യാപകമായി വിപുലീകരിക്കുന്നതിനും രത്തന്‍ ടാറ്റയുടെ നേതൃത്വത്തിന് കീഴിലായിരുന്നു.

അമ്മാവനായ ജെ ആര്‍ ഡി ടാറ്റയെപ്പോലെ രത്തന്‍ ടാറ്റയും കഴിവുറ്റ ഒരു പൈലറ്റ് ആയിരുന്നു. ജെ ആര്‍ ഡിയുടെ വിയോഗത്തോടെയായിരുന്നു രത്തന്‍ ടാറ്റ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിക സാമ്രാജ്യമായ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ പദവിയിലേക്ക് എത്തുന്നത്. സ്വന്തം ഫാള്‍കന്‍ ബിസിനസ് ജെറ്റ് രത്തന്‍ ടാറ്റ പറത്താറത്തുമായിരുന്നു. എയറോ ഇന്ത്യ 2007ല്‍ പ്രദര്‍ശനത്തിനെത്തിയ എഫ്-16, എഫ്/എ-18 ഫൈറ്റര്‍ വിമാനങ്ങളും ഈ വ്യവസായി പറത്തിയത് അന്ന് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

നൂറു ശതമാനവും ഇന്ത്യയില്‍ തന്നെ രൂപകല്പന പൂര്‍ത്തീകരിച്ചു നിര്‍മ്മിച്ച ആദ്യ കാറുകളായ ഇന്‍ഡിക്കയും നാനോയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിലായിരുന്നു ടാറ്റാ മോടോഴ്‌സ് പുറത്തിറക്കിയത്. നാനോയുടെ ലോഞ്ചിന് വളരെ മുന്‍പ് തന്നെ ഇന്ത്യക്കാര്‍ക്കായി താന്‍ ഒരു ലക്ഷം രൂപക്ക് കാര്‍ നല്‍കുമെന്ന് രത്തന്‍ ടാറ്റ പറയുകയും അത് അക്ഷരാര്‍ഥത്തില്‍ നടപ്പാക്കുകയും ചെയ്തത് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായ രംഗത്തെ ചരിത്രപരമായ ഒരു ഏടായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വിലക്കുറവുള്ള കാറെന്ന ഖ്യാതിയും നാനോക്ക് മാത്രം അവകാശപ്പെട്ടതാണ്.

ദുബൈ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ അഞ്ച് മലയാളികള്‍ക്ക് സ്വര്‍ണം

ദുബൈ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ അഞ്ച് മലയാളികള്‍ക്ക് സ്വര്‍ണം

ദുബൈ: ഈ മാസം വിവിധ ദിവസങ്ങളില്‍ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 5 മലയാളികള്‍ക്ക് സ്വര്‍ണം. 19 ലക്ഷത്തോളം രൂപ(80,000 ദിര്‍ഹം) വില മതിക്കുന്ന സമ്മാനമാണ് ഇവര്‍ക്ക് ലഭിച്ചത്.

27 വര്‍ഷത്തോളമായി കുവൈത്തില്‍ പ്രവാസിയായ ഫൈസല്‍ ഇബ്രാഹിം കുട്ടി, ദുബൈയില്‍ ജോലി ചെയ്യുന്ന പ്രസാദ് കൃഷ്ണപിള്ള, അബുദാബിയില്‍ ജോലി ചെയ്യുന്ന പനച്ചക്കുന്നില്‍ ഗോപിനാഥ് അജിത്. മസ്‌കത്തില്‍ ജോലി ചെയ്യുന്ന രാജന്‍ പിള്ള, ഖത്തറില്‍ പ്രവാസിയായ ഷാബിന്‍ നമ്പോലന്‍ എന്നിവര്‍ക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.

ഫൈസല്‍ ഇബ്രാഹിം തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനം നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും സ്വര്‍ണം എല്ലാവരുമായി പങ്കിടുമെന്നും അദ്ദേഹം പ്രതികരിച്ചു. 12 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്.