by Midhun HP News | Oct 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തൃശൂര്‍ പൂരത്തിനിടെയുണ്ടായ പൊലീസ് ഇടപെടലില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ രണ്ടുമണിവരെയായിരിക്കും ചര്‍ച്ചയെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ അറിയിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തുടര്‍ച്ചയായ മൂന്നാം ദിവസവും അടിയന്തരപ്രമേയത്തിന് അനുമതി നല്‍കുന്നത് ഇതാദ്യമാണ്.
പൂരം കലക്കലുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്ന് നോട്ടീസിന് മറുപടി നല്‍കിയ മന്ത്രി എംബി രാജേഷ് അറിയിച്ചു. പ്രതിപക്ഷത്തിന്റെ ദുരുദ്ദേശ്യം തുറന്നുകാണിക്കാനാണ് ചര്‍ച്ച നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. രണ്ട് ദിവസങ്ങളിലായി അടിയന്തപ്രേമയത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ എന്താല്ലാമാണോ അത് തന്നെയാണ് പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. രാഷ്ട്രീയമായിട്ടുള്ള പുകമറ പൊതുമണ്ഡലത്തില്‍ നിലനിര്‍ത്തുകയെന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. മാധ്യമപിന്തുണയോടെ പുറത്തുനടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരണങ്ങളെ സഭയ്ക്കകത്ത് ഉയര്‍ത്തിക്കൊണ്ടുവരിക, അതിന് സഭയെ ദുരുപയോഗം ചെയ്യുകയാണ് ലക്ഷ്യമാക്കുന്നത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടക്കുകയാണ്. സാധാരണഗതിയില്‍ പ്രഥമദൃഷ്ട്യാ തള്ളിക്കളയേണ്ട നോട്ടീസാണിത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയമായ ഗൂഡോദ്ദേശ്യം തുറന്നുകാണിക്കാനാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നതെന്ന് മന്ത്രി രാജേഷ് പറഞ്ഞു.
വിവാദങ്ങള്‍ക്കും എല്‍ഡിഎഫില്‍ നിന്നുള്ള പുറത്തുപോകലിനും പിന്നാലെ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഇന്ന് നിയമസഭയിലെത്തി. കയ്യില്‍ ചുവന്ന തോര്‍ത്തുമായാണ് അന്‍വര്‍ സഭയിലെത്തിയത്. കഴുത്തില്‍ ഡിഎംകെയുടെ ഷാളും അണിഞ്ഞിട്ടുണ്ട്. കെടി ജലീലിനൊപ്പം എത്തിയ അന്‍വര്‍ ഒന്നാം നില വരെ ജലീലിനൊപ്പം തുടര്‍ന്നു. പിന്നീട് അകത്തേക്ക് പ്രവേശിച്ച്, പുതിയതായി അനുവദിച്ച ഇരിപ്പിടത്തിലേക്ക് മാറി. പ്രതിപക്ഷത്തോട് ചേര്‍ന്ന് നാലാം നിരയില്‍, ലീഗ് എംഎല്‍എ എകെഎം അഷ്‌റഫിനോട് ചേര്‍ന്നാണ് അന്‍വറിന്റെ ഇരിപ്പിടം. അന്‍വര്‍ സഭയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ മഞ്ഞളാംകുളി അലി എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. നജീബ് കാന്തപുരം, പി ഉബൈദുള്ള എന്നിവരും അന്‍വറിന് കൈകൊടുത്തു
അതേസമയം, മുഖ്യമന്ത്രി ഇന്ന് നിയമസഭയിലെത്തില്ല. പനി ആയതിനാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് ഇന്നലെ നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. രാവിലെ സഭയില്‍ എത്തിയ ശേഷം അദ്ദേഹം മടങ്ങുകയായിരുന്നു.
by Midhun HP News | Oct 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമലയില്‍ ഓൺലൈൻ ബുക്കിംഗ് മാത്രമാക്കിയാൽ ഭക്തർക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സർക്കാർ താരുമാനം ഗുരുതര പ്രസിന്ധിക്ക് വഴിവക്കും. കഴിഞ്ഞ വർഷം പ്രതിദിനം 90000 പേരെ ആയിരുന്നു അനുവദിച്ചത്. സ്പോട് ബുക്കിംഗ് സൗകര്യം ഒരുക്കിയേ തീരു. ഓൺലൈൻ ബുക്കിംഗ് നടത്തിയ 80000 പേർക്കെന്നാണ് നിലവിൽ സർക്കാർ തീരുമാനം. ഇത് അപകടകരമായ നിലയിലേക്ക് പോകും. ഗൗരവം മുന്നിൽ കണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതേ കാര്യം ഡെപ്യൂട്ടി സ്പീക്കറും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി മറുപടി നല്‍കി. 80000ലധികം ആളുവന്നാൽ സൗകര്യ കുറവ് കണക്കിലെടുത്താണ് അങ്ങനെ തീരുമാനിച്ചതെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.
by Midhun HP News | Oct 9, 2024 | Latest News, കേരളം
കൊച്ചി: മൂന്ന് തലമുറകളായി മുനമ്പത്ത് പൂര്‍വികര്‍ വിലകൊടുത്ത് വാങ്ങിയ സ്ഥലത്തുനിന്ന് കുടിയിറക്ക് ഭീഷണി നേരിടുന്നവരുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ പാര്‍ട്ടി രാഷ്ട്രീയമായും നിയമപരമായും സംരക്ഷണം നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുനമ്പം അധിനിവേശത്തിനെതിരായി കൊച്ചി വഖഫ് ബോര്‍ഡ് ഓഫീസിലേക്ക് ന്യൂനമോര്‍ച്ച സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.
കോണ്‍ഗ്രസും പ്രതിപക്ഷ നേതാവും പ്രശ്‌നം പരിഹരിക്കുമെന്നാണ് പറയുന്നത്. 2013ല്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയ വഖഫ് നിയമമാണ് ഈ പ്രശ്‌നങ്ങളുടെ കാതല്‍. മതതത്തിന്റെ പേരില്‍ മതനേതാക്കളും കോണ്‍ഗ്രസ് നേതാക്കളും വഖഫ് സ്വത്തുക്കള്‍ കൊള്ളയടിക്കുന്നതില്‍ നിന്ന് വിശ്വാസികളെ സംരക്ഷിക്കാനാണ് ബിജെപി സര്‍ക്കാര്‍ വഖഫ് നിയമ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ വലിയ ഭൂരിപക്ഷത്തോടെ പാസായി നിയമമാകുമെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Oct 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വഴിയാത്രക്കാരിയായ യുവതിയെ പിന്തുടര്‍ന്ന് അശ്ലീലച്ചുവയുള്ള കമന്റുകള്‍ പറഞ്ഞു ശല്യം ചെയ്ത യുവാവിന് തടവുശിക്ഷ. ഒന്നരവര്‍ഷം കഠിനതടവും 5,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
തൈക്കാട് മേട്ടുക്കട സ്വദേശി ധനുഷിനെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത പ്രതിയെ തമ്പാനൂര്‍ പൊലീസാണ് പിടികൂടിയത്. 2023 ജൂണ്‍ 21-ന് രാവിലെ മേട്ടുക്കട ഭാഗത്തുവെച്ചാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്.
by Midhun HP News | Oct 9, 2024 | Latest News, ജില്ലാ വാർത്ത
കൊല്ലം: മലയാള ചലച്ചിത്ര നടൻ നടൻ ടി പി മാധവൻ അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
by Midhun HP News | Oct 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളായതിനാൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 12 വരെയും ,കർണാടക തീരത്ത് ഈ മാസം 11 നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
Recent Comments