ബലാത്സംഗക്കേസില്‍ ചോദ്യം ചെയ്യല്‍; സിദ്ദിഖ് പൊലീസ് സംഘത്തിന് മുന്നിൽ

ബലാത്സംഗക്കേസില്‍ ചോദ്യം ചെയ്യല്‍; സിദ്ദിഖ് പൊലീസ് സംഘത്തിന് മുന്നിൽ

തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖ് പൊലീസിന് മുന്നില്‍ ഹാജരായി. തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. മകനും ഒപ്പമുണ്ട്. നേരത്തെ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി സിദ്ദിഖിന് പൊലീസിന് നോട്ടീസ് നല്‍കിയിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

സുപ്രീംകോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് സിദ്ദിഖ് പൊലീസിന് ഇ-മെയില്‍ അയച്ചിരുന്നു. ഇതിന് മറുപടിയായാണ് സിദ്ദിഖിനോട് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസ് നല്‍കിയത്. സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയക്കും.

ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് സിദ്ദിഖ് കത്ത് നല്‍കിയത്. ഈ മാസം 22ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോള്‍ കത്ത് നല്‍കിയ കാര്യം അറിയിക്കാനായിരുന്നു സിദ്ദിഖിന്റെ നീക്കം.

കൊച്ചിയില്‍ പേപ്പര്‍ പഞ്ചിങ് മെഷീനില്‍ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം

കൊച്ചിയില്‍ പേപ്പര്‍ പഞ്ചിങ് മെഷീനില്‍ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം

കൊച്ചി: സ്വകാര്യ പ്രസിലെ പേപ്പര്‍ പഞ്ചിങ് മെഷീനിനുള്ളില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. വടുതല പൂതാംമ്പിള്ളി വീട്ടില്‍ പരേതനായ പി ജെ അലക്‌സാണ്ടറിന്റെയും കൊച്ചുത്രേസ്യയുടെയും മകന്‍ അലന്‍ അലക്സാണ്ടറിനാണു(27) ജോലിക്കിടെ അപകടമുണ്ടായത്.

വടുതല ജോണ്‍സണ്‍ ബൈന്‍ഡേഴ്‌സ് എന്ന സ്ഥാപനത്തില്‍ ശനിയാഴ്ച വൈകീട്ട് 5.30ന് ആയിരുന്നു അപകടം. ക്രിസ്മസ് നക്ഷത്രങ്ങളുടെ നിര്‍മാണത്തിനിടെ പഞ്ചിങ് മെഷീനില്‍ കുടുങ്ങിയ കടലാസ് എടുക്കാന്‍ ശ്രമിക്കവേ അലന്റെ കൈ മെഷിനില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ അലന്‍ മെഷീനുള്ളിലേക്കു ശക്തിയോടെ വലിച്ചെടുക്കപ്പെട്ടു. യന്ത്രഭാഗങ്ങള്‍ക്കുള്ളില്‍ ശരീരത്തിന്റെ മുകള്‍ഭാഗം പൂര്‍ണമായും ഞെരിഞ്ഞമര്‍ന്നു. ഹൃദയമടക്കമുള്ള ആന്തരികാവയവങ്ങള്‍ ചതഞ്ഞും വാരിയെല്ലുകള്‍ നുറുങ്ങിയുമായിരുന്നു മരണം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല്‍പതോളം തൊഴിലാളികളാണു ജോണ്‍സണ്‍ ബൈന്‍ഡേഴ്‌സിലുള്ളത്. ഏറെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബമാണ് അലന്റേതെന്നു ബന്ധുക്കള്‍ പറഞ്ഞു.

തിരക്കിന് ആശ്വാസം; കൊല്ലം- എറണാകുളം മെമു ട്രെയിന്‍ സര്‍വീസ് ഏറ്റെടുത്ത് യാത്രക്കാര്‍

തിരക്കിന് ആശ്വാസം; കൊല്ലം- എറണാകുളം മെമു ട്രെയിന്‍ സര്‍വീസ് ഏറ്റെടുത്ത് യാത്രക്കാര്‍

കൊച്ചി: യാത്രക്കാരുടെ നീണ്ടകാലത്തെ ആവശ്യത്തിനൊടുവില് കോട്ടയം പാതയില്‍ കൊല്ലം- എറണാകുളം മെമു ട്രെയിന്‍ ഓടിത്തുടങ്ങി. യാത്രക്കാരുടെ ദുരിതയാത്രയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്.

യാത്രക്കാര്‍ക്കൊപ്പം എംപിമാരായ എന്‍ കെ പ്രേമചന്ദ്രനും, കൊടിക്കുന്നില്‍ സുരേഷും ആദ്യയാത്രയില്‍ പങ്കുചേര്‍ന്നു. ശനി, ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും മെമു ഉണ്ടാകും. കൊല്ലം വിട്ടാല്‍ ജില്ലയില്‍ ശാസ്താംകോട്ട, കരുനാഗപ്പള്ളി സ്റ്റേഷനില്‍ മാത്രമായിരുന്നു സ്റ്റോപ്പ്. ഇതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മണ്‍റോതുരുത്തും, പെരിനാടും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്ന് എം പി മാര്‍ അറിയിച്ചു.

രാവിലെ പോകുന്ന പാലരുവി, വേണാട് എന്നി ട്രെയിനുകളിലെ തിരക്കുമൂലം ഈ രണ്ട് ട്രെയിനുകള്‍ക്കിടയില്‍ ഒരു ട്രെയിന്‍ വേണമെന്ന ദിവസ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് നടപ്പിലായത്. കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവയാണ് മറ്റ് സ്റ്റോപ്പുകള്‍.

ഭാരത് സേവക് ഹോണർ ദേശീയ പുരസ്‌കാരത്തിനർഹനായി രാഷ്ട്ര ദീപിക റിപ്പോർട്ടർ

ഭാരത് സേവക് ഹോണർ ദേശീയ പുരസ്‌കാരത്തിനർഹനായി രാഷ്ട്ര ദീപിക റിപ്പോർട്ടർ

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ആസൂത്രണ കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരമായ ഭാരത് സേവക് ഹോണർ പുരസ്കാരം ദീപിക & രാഷ്ട്ര ദീപിക തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ടർ എം. സുരേഷ് ബാബുവിനു സമ്മാനിച്ചു.

രാജ്യത്ത് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് നൽകുന്ന പുരസ്കാരമാണ് ഭാരത് സേവക് ഹോണർ പുരസ്‌കാരം. രാഷ്ട്ര ദീപികയിൽ പ്രസിദ്ധീകരിച്ച പരമ്പരകളും അനേഷണാത്മകമായ വിവിധ വാർത്ത റിപ്പോർട്ടുകളുടെ മികവും പരിഗണിച്ചായിരുന്നു അവാർഡ്. കവടിയാർ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ. ബി എസ് ബാലചന്ദ്രനാണ് സുരേഷ് ബാബുവിന് അവാർഡ് നൽകിയത്.

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1952ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്. ഇന്ത്യൻ ഫെഡറേഷൻ ഓഫ്‌ സ്‌മോൾ ആന്റ് മീഡിയം ന്യൂസ്‌ പേപ്പേഴ്സിന്റെ പൂവച്ചൽ സദാശിവൻ സ്മാരക മാധ്യമ പുരസ്‌കാരവും ഭാരത രത്നം ഡോ. കാമരാജ് സ്മാരക മാധ്യമ പുരസ്‌കാരവും
പ്രേംനസീർ സുഹൃത് സമിതിയുടെ പ്രേംനസീർ മാധ്യമ പുരസ്‌കാരവും എം സുരേഷ് ബാബുവിന് ലഭിച്ചിരുന്നു.

എസ് പി സുജിത് ദാസ് അടക്കമുള്ള പൊലീസുകാർക്കെതിരായ വീട്ടമ്മയുടെ ബലാത്സംഗ പരാതി വ്യാജമെന്ന് സർക്കാ‍ർ കോടതിയിൽ

എസ് പി സുജിത് ദാസ് അടക്കമുള്ള പൊലീസുകാർക്കെതിരായ വീട്ടമ്മയുടെ ബലാത്സംഗ പരാതി വ്യാജമെന്ന് സർക്കാ‍ർ കോടതിയിൽ

കൊച്ചി: മലപ്പുറം മുൻ എസ്പി: സുജിത് ദാസ്, സിഐ വിനോദ് എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതിയിൽ കഴമ്പില്ലെന്നും വീട്ടമ്മയുടേത് കളളപ്പരാതിയാണെന്നും സർക്കാ‍ർ ഹൈക്കോടതിയിൽ. പരാതിക്കാരിയുടെ മൊഴികൾ പരസ്പര വിരുദ്ധമാണെന്നും പരാതിക്ക് യാതൊരടിസ്ഥാനവുമില്ലെന്നുമാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

എസ്പി അടക്കമുളളവർക്കെതിരെ കേസെടുക്കാനുളള തെളിവില്ല. സംഭവം നടന്ന സ്ഥലങ്ങൾ, തീയതി എന്നിവയിലെല്ലാം പരാതിക്കാരിയുടെ മൊഴികൾ പരസ്പര വിരുദ്ധമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരുടെ സിഡിആർ അടക്കമുളളവ പരിശോധിച്ചു. കേസെടുക്കാനുളള യാതൊരു തെളിവുമില്ല. വ്യാജപ്പരാതിയിൽ കേസെടുത്താൽ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ബലാൽസംഗ പരാതി നൽകിയിയിട്ടും പൊലീസ് കേസെടുക്കില്ലെന്നാരോപിച്ച് വീട്ടമ്മ നൽകിയ ഹർജിയിലാണ് സർക്കാർ നടപടി. പരാതിക്കാരിയുടെ ഹർജി തളളണമെന്നും സർക്കാർ ആവശ്യപ്പെടുന്നു.

മലപ്പുറം എസ്പി ആയിരിക്കെ സുജിത്ദാസും സിഐ വിനോദും ബലാൽസംഗം ചെയ്തുവെന്ന ആരോപണവുമായാണ് വീട്ടമ്മ രംഗത്തെത്തിയത്. പരാതി അന്വേഷിച്ച സിഐ ബെന്നിക്കെതിരെയും വീട്ടമ്മ ആരോപണമുന്നയിച്ചിരുന്നു. കുടുംബവസ്തുവമായി ബന്ധപ്പെട്ട പരാതിയുമായി പൊലീസിനെ സമീപിച്ചതിന് ശേഷം തന്നെ ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ പരാതിയിൽ പറയുന്നത്. പൊന്നാനി സിഐ വിനോദിനെയാണ് പരാതിയുമായി ആദ്യം സമീപിച്ചത്. വിനോദ് അന്വേഷണത്തിന്റെ മറവിൽ പീഡിപ്പിച്ചു. പിന്നീട് ഇതേക്കുറിച്ച് പരാതിയുമായി ചെന്നപ്പോൾ എസ്പിയായിരുന്ന സുജിത് ദാസും പീഡിപ്പിച്ചു. ഡിവൈഎസ് പി ബെന്നി മോശമായി പെരുമാറിയതായും വീട്ടമ്മ ആരോപിക്കുന്നു. പാരാതികളിൽ കേസെടുക്കാതായതോടെയാണ് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചത്.

സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ സമ്മേളനം സംഘടിപ്പിച്ചു

സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ സമ്മേളനം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി അജയകുമാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം ജി നാരായണ പിള്ള പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന യ്ക്ക് ശേഷം സമ്മേളനം ആരംഭിച്ചു. ലോക്കൽക്കമ്മിറ്റി അംഗങ്ങളായ എസ് സതീഷ് കുമാർ, എസ്.എൽ സംഗീത്, സി.വി അനിൽ കുമാർ, എസ് ഷീജ എന്നിവരാണ് പ്രസീഡിയം നിയന്ത്രിച്ചത്.

രക്തസാക്ഷി പ്രമേയം എൽ.സി അംഗം പി.എസ് വീണയും, സീതാറാം യെച്ചൂരി അനുശോചന പ്രമേയം എൽ.സി അംഗം പി സന്തോഷും, കൊടിയേരി ബാലകൃഷ്ണനൻ അനുശോചന പ്രമേയം ബ്രാഞ്ച് സെക്രട്ടറി സുജിനും, ആനത്തലവട്ടം ആനന്ദൻ അനുശോചന പ്രമേയം ബ്രാഞ്ച് സെക്രട്ടറി വി.എസ് അജിയും, പുഷ്പൻ അനുശോചന പ്രമേയം എൽ.സി അംഗം അജിൻ പ്രഭയും, പൊതു അനുശോചന പ്രമേയം എൽ.സി അംഗം എസ് സുഖിലും അവതരിപ്പിച്ചു. സ്വാഗതം എൽ.സി.അംഗം ജി തുളസീധരൻ പിള്ള പറഞ്ഞു. ജില്ലാകമ്മിറ്റി അംഗങ്ങളായ ആർ സുഭാഷ്, വി.എ വിനീഷ്, ആറ്റിങ്ങൽ എം.എൽ.എ ഒ.എസ് അംബിക, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം തുടങ്ങിയവർ പങ്കെടുത്തു.