by Midhun HP News | Aug 31, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്നും വീണ പരിക്കേറ്റ് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ബന്ധുക്കള്‍ രംഗത്ത്. പക്ഷാഘാതത്തിന് ചികിത്സ തേടിയ ചടയമംഗലം സ്വദേശി സുകുമാരപിള്ളയാണ് മരിച്ചത്. കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ ശേഷം നല്‍കിയ ചികിത്സയില്‍ വീഴ്ചയുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. ഐസിയുവിലേക്ക് മാറ്റുന്നതുള്‍പ്പടെയുള്ള നടപടിയുണ്ടായില്ലെന്ന് സുകുമാരപിള്ളയുടെ മകള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഈ മാസം 26നാണ് ചടയമംഗലം സ്വദേശിയായ സുകുമാരാപിള്ളയെ പക്ഷാഘാതത്തെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അവിടെ വച്ച് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയില്‍ കാര്യാമായ പുരോഗതിയുണ്ടായിരിക്കെ 29ാം തീയതി ഇയാള്‍ കട്ടിലില്‍ നിന്ന് വീണ് ദേഹമാസകലം പരിക്കേറ്റു. മുഖത്തും തലയിലും തുന്നലുകള്‍ ഇടേണ്ടി വന്നു. എന്നാല്‍ വീണ് പരിക്കേറ്റ ശേഷവും ഐസിയുവിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് മകള്‍ പറഞ്ഞു.
വീണ്ടും സ്‌ട്രോക്കിന് സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും സ്‌ഫേറ്റി റെയിലിങ് ഉള്ള ബെഡ് നല്‍കിയില്ലെന്നും കുടുംബം ആരോപിക്കുന്നു. എന്നാല്‍ വീണശേഷമുള്ള ചികിത്സയില്‍ അനാസ്ഥയുണ്ടായെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. 28ാം വാര്‍ഡില്‍ സ്‌ഫേറ്റി റെയിലിങ് ഉള്ള ബെഡ് ഇല്ലാത്തതിനാല്‍ ആണ് സിംഗിള്‍ ബെഡ് നല്‍കിയതെന്ും രണ്ട് ബൈസ്റ്റാന്‍ഡര്‍ മാര്‍ക്ക് നില്‍ക്കാനുള്ള അനുമതി നല്‍കിയിരുന്നതായും സൂപ്രണ്ട് പറഞ്ഞു.
by Midhun HP News | Aug 31, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസം കെഎസ്ഇബി ഇന്ധന സര്‍ചാര്‍ജ് ഈടാക്കും. കഴിഞ്ഞ മാസങ്ങളില്‍ വൈദ്യുതി വാങ്ങിയ വകയില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനുണ്ടായ അധികച്ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളില്‍ നിന്നും ഈ തുക ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ മാസത്തില്‍ കെഎസ്ഇബിക്ക് അധികമായി വൈദ്യുതി വാങ്ങേണ്ടി വന്നതിനാല്‍ 6.29 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിട്ടുള്ളത്. ഈ തുകയാണ് സര്‍ചാര്‍ജ് രൂപത്തില്‍ ഈടാക്കാന്‍ ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് മാലം സര്‍ചാര്‍ജ് പിരിച്ചിരുന്നില്ല.
ഇതനുസരിച്ച് പ്രതിമാസം വൈദ്യുതി ബില്ലടയ്ക്കുന്നവര്‍ക്കും രണ്ടുമാസത്തിലൊരിക്കല്‍ ബില്ലടയ്ക്കുന്നവര്‍ക്കും സര്‍ചാര്‍ജ് ബാധകമായിരിക്കും. പ്രതിമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് മൂന്ന് പൈസയും, ദ്വൈമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് രണ്ട് പൈസയുമാണ് അധികമായി നല്‍കേണ്ടി വരിക.
കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ പ്രകാരം, ഇന്ധനവിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂലം വൈദ്യുതി വാങ്ങുന്നതിലുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡുകള്‍ക്ക് അധികാരമുണ്ട്. ഇതനുസരിച്ചാണ് കെഎസ്ഇബിയുടെ നടപടി.
by Midhun HP News | Aug 31, 2026 | Latest News, കേരളം
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട കാസർകോട് ചന്തേരയിലെ എംഡിഎംഎ മയക്കുമരുന്ന് കടത്ത് കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. കേസിൽ ലഹരിക്കടത്ത് ശൃംഖലയുടെ മുഖ്യപ്രതികളായ ഘാന സ്വദേശിയും മറ്റൊരു യുവതിയും പൊലീസ് പിടിയിലായി. ഘാന സ്വദേശിയായ വിക്ടർ സാബെ എന്നയാളെ കൊല്ലത്ത് വെച്ചും, ഈ റാക്കറ്റിലെ പ്രധാന കണ്ണിയായ ഗുജറാത്ത് സ്വദേശിനി നിറിയാ ഖാൻ (റിയ) എന്ന യുവതിയെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വെച്ചുമാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂർ റേഞ്ച് ഡിഐജി കെ കാർത്തിക്കിന്റെ മേൽനോട്ടത്തിൽ കാസർകോട് ജില്ലാ പൊലീസ് മേധാവി പി. നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.

കേസിന് അന്താരാഷ്ട്ര തലത്തിലുള്ള ലഹരി മാഫിയകളുമായി നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ പൗരന്മാരിലേക്കും വ്യാപിപ്പിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ നേതാക്കൾക്കൊപ്പം ഫോട്ടോ എടുത്തു എന്നത് കൊണ്ട് ഒരു മയക്കുമരുന്ന് കടത്തുകാരനും രക്ഷപ്പെടാൻ പോകുന്നില്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. നേരത്തെ ചന്തേര മയക്കുമരുന്ന് കേസിൽ പ്രതിയായി പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.



by Midhun HP News | Aug 31, 2026 | Latest News, കേരളം
തൃശൂർ: തോളൂരില്‍ വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവൻ കവർച്ച നടത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പീച്ചി പാണഞ്ചേരി പുളിക്കല്‍ സന്തോഷ് (കല്‍ക്കി, 44), മണലൂര്‍ എങ്ങണ്ടി വീട്ടില്‍ സജിത(46), ശ്രീനാരായണപുരം കോതപറമ്പ് കാരിയെഴുത്ത് അഖില (35) എന്നിവരാണ് പിടിയിലായത്. പറപ്പൂര്‍ സെന്ററില്‍ തുണിക്കട നടത്തുന്ന നാലകത്ത് സക്കീറിന്റെ വീട്ടില്‍ 20നാണ് മോഷണം നടന്നത്.

മകളുടെ കല്യാണ ആവശ്യങ്ങള്‍ക്കും മറ്റുമായി സൂക്ഷിച്ചുവച്ച ആഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്. ഓണക്കാലമായതിനാല്‍ കടയടക്കാന്‍ വൈകിയ വീട്ടുടമ രാത്രി ഒരു മണിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ പ്രധാനിയായ സന്തോഷിനെ വലപ്പാട് ബീച്ച് പരിസരത്തു നിന്ന് പിടികൂടിയത്.

ഇയാള്‍ ജില്ലയിലും പുറത്തും ഒട്ടനവധി മോഷണക്കേസുകളിലെ പ്രതിയാണെന്നും കര്‍ണാടകയിലെ സ്വര്‍ണക്കൊള്ള കേസിലും ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. മോഷണ മുതലുകള്‍ വില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി പ്രതിയെ സഹായിച്ച കുറ്റത്തിനാണ് മറ്റു രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഇനി ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.


by Midhun HP News | Aug 31, 2026 | Latest News, ജില്ലാ വാർത്ത
ലെഗസി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടിയുടെ പൊതുസമ്മേളനം കിഴുവിലം ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ സജിത്ത് മുട്ടപ്പലം ഉദ്ഘാടനം ചെയ്തു. കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമീർ കിഴുവിലം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ അഭിലാഷ് സമ്മാനദാനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ അൻവർഷ, ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ എ എസ് ഐ അൻസാർ എന്നിവർ ആശംസകൾ അറിയിച്ചു.

പൊതുസമ്മേളനത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിലെ ഡോക്ടറെയും എം ബി ബി എസ് വിദ്യാർത്ഥിനിയെയും എക്സൈസ് ഓഫീസറെയും കലാകാരന്മാരെയും ആദരിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.


by Midhun HP News | Aug 31, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: സംസ്ഥാനത്തെ സർവ്വകലാശാല വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരും ചാൻസലറായ ഗവർണറും തമ്മിൽ നീണ്ടുനിന്ന നിയമപോരാട്ടത്തിന് വിരാമം. എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറായി ഡോ സിസ തോമസും, കേരള ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലറായി ഡോ സജി ഗോപിനാഥും തുടരും. വൈസ് ചാൻസലർ നിയമന തർക്കത്തിൽ സർക്കാരും ഗവർണറും സമവായത്തിലെത്തിയതിനെ തുടർന്ന് സുപ്രീം കോടതി കേസ് തീർപ്പാക്കി.

തിരുവനന്തപുരം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ മാധ്യസ്ഥതയിലാണ് മാസങ്ങളായി തുടർന്ന തർക്കത്തിന് പരിഹാരം കണ്ടത്. ചാൻസലറുടെ പ്രതിനിധിയായി ഗവർണറുടെ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി പി. അശ്വതിയും, സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് സെക്രട്ടറി എസ്. സുനിൽ കുമാറുമാണ് ഒത്തുതീർപ്പ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

സിസ തോമസും സജി ഗോപിനാഥും വൈസ് ചാൻസലർമാരായി തുടരുമെന്നതിന് പുറമെ സർവകലാശാല നിയമനങ്ങളിൽ യുജിസി ചട്ടങ്ങൾക്ക് അനുസൃതമായി ഭേദഗതി ചെയ്യണമെന്ന നിർദേശവും ധാരണാപത്രത്തിലുണ്ട്. കേസിൽ ഉന്നയിച്ച നിയമപരമായ പ്രശ്‌നങ്ങളും വാദങ്ങളും തുടരുമെന്നതാണ് മറ്റൊരു വ്യവസ്ഥ. വ്യവസ്ഥകൾ അംഗീകരിക്കുന്നതായി ചാൻസലറും സർക്കാരും കോടതിയെ അറിയിച്ചു. ഇതുകൂടി കണക്കിലെടുത്താണ് ജസ്റ്റിസ് മാരായ അരവിന്ദ് കുമാർ, വിപിൻ പഞ്ചോലി എന്നിവർ അടങ്ങിയ ബെഞ്ച് ചാൻസലർ നൽകിയ ഹർജി തീർപ്പാക്കിയത്. വൈസ് ചാൻസലർ നിയമനത്തിലാണ് ചാൻസലർ കൂടിയായ ഗവർണർ കോടതിയെ സമീപിച്ചിരുന്നത്.

നേരത്തെ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സുധാൻഷു ധൂലിയ കമ്മീഷൻ തയ്യാറാക്കി സമർപ്പിച്ച പാനലിൽ നിന്നാണ് ഡോ. സിസ തോമസിനെയും ഡോ. സജി ഗോപിനാഥിനെയും വിസിമാരായി നിയമിച്ച് ഗവർണർ ഉത്തരവിറക്കിയിരുന്നത്. അന്ന് അധികാരത്തിലിരുന്ന പിണറായി വിജയൻ സർക്കാരും ചാൻസലറും തമ്മിൽ സമവായത്തിലെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.

എന്നാൽ നിയമനത്തിൽ തീരുമാനമായെങ്കിലും ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പൂർണ്ണമായി അവസാനിപ്പിച്ചിരുന്നില്ല. തുടർന്നാണ് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമവായ ചർച്ചകളിലൂടെ അന്തിമ ധാരണാപത്രം തയ്യാറാക്കുകയും സുപ്രീം കോടതി ഹർജി തീർപ്പാക്കുകയും ചെയ്തത്
Recent Comments