സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ എത്തുമോ?, ഒറ്റയടിക്ക് 1400 രൂപ കുറഞ്ഞു; രണ്ടാഴ്ചക്കിടെ 7000 രൂപയുടെ ഇടിവ്

സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ എത്തുമോ?, ഒറ്റയടിക്ക് 1400 രൂപ കുറഞ്ഞു; രണ്ടാഴ്ചക്കിടെ 7000 രൂപയുടെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1400 രൂപയാണ് കുറഞ്ഞത്. 1,04,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 175 രൂപയാണ് കുറഞ്ഞത്. 13,060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയക്കിടെ പവന് ഏകദേശം 7000 രൂപയാണ് കുറഞ്ഞത്.

ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില കുതിച്ചു ഉയരുകയാണ്. ബാരലിന് 113 ഡോളര്‍ കടന്നിരിക്കുകയാണ്. ഇതിന്റെ ഫലമായി പണപ്പെരുപ്പ നിരക്ക് കൂടുമെന്നതിനാല്‍ വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. പലിശനിരക്ക് കൂട്ടിയാല്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ഒന്‍പത് ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്

ഒന്‍പത് ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്, തീവ്ര മഴ കണക്കിലെടുത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റെല്ലാം ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും.

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണുര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6mm മുതല്‍ 204.4mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

വെള്ളിയാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും തിങ്കളാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ 25/10/2026 വരെയും കർണാടക തീരത്ത് 23/10/2026 മുതൽ 25/10/2026 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

25/10/2026 വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

23/10/20206 മുതൽ 25/10/2026 വരെ: കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

കള്ളക്കടൽ ജാഗ്രത നിർദേശം- പുതുക്കിയത്

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് (23/10/2026) രാവിലെ 11.30 മുതൽ 24/10/2026 രാത്രി 11.30 വരെ 0.8 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് 24/10/2026 വൈകുന്നേരം 05.30 വരെ 0.9 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

ചിറയിൻകീഴിൽ വൻ ലഹരി വേട്ട

ചിറയിൻകീഴിൽ വൻ ലഹരി വേട്ട

രണ്ടരക്കോടി രൂപയുടെ എംഡി എംഐയുമായി യുവാവ് പിടിയിൽ
നിരവധി ലഹരി കേസുകളിലെ പ്രതിയായ മുഹമ്മദ് ഷാഫിയാണ് വൻതോതിൽ ഉള്ള എംഡിഎമ്മുമായി തിരുവനന്തപുരം റൂറൽ ഡാൻസഫ് ടീമിന്റെ പിടിയിലായത്

പ്രധാനമന്ത്രിയുടെ ചിത്രം നിലത്തിട്ട് ചവിട്ടി; പത്ത് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസ്

പ്രധാനമന്ത്രിയുടെ ചിത്രം നിലത്തിട്ട് ചവിട്ടി; പത്ത് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസ്

പാലക്കാട്: മണ്ണാര്‍ക്കാട് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. കല്ലടി എംഇഎസ് കോളജിലെ കണ്ടാലറിയാവുന്ന പതിനഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 15-ഓളം എംഎസ്എഫ്, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് നടപടി.

വിദ്യാര്‍ത്ഥികള്‍ മോദിയുടെ ഫോട്ടോയില്‍ ചവിട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മണ്ണാര്‍ക്കാട്ടെ ബിജെപി നേതാവ് ബിജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

ഒക്ടോബര്‍ 13-ന് മണ്ണാര്‍ക്കാട് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ ആഘോഷങ്ങള്‍ക്കിടെ ആയിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. കലാപ ആഹ്വാനം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രതികള്‍ പ്രധാനമന്ത്രിയുടെ ചിത്രം കീറുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 192 പ്രകാരമാണ് മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ കേസെടുത്തിരിക്കുന്നത്.

’50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം’; കേസിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീല്‍ നോട്ടീസ്

’50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം’; കേസിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീല്‍ നോട്ടീസ്

പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. ഫെയ്‌സ്ബുക്കിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് വക്കീല്‍ നോട്ടീസ്. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഉദയഭാനു നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോള്‍ കെ പി ഉദയഭാനു വനിതാ ജീവനക്കാരിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി ശ്രീനാദേവി കുഞ്ഞമ്മ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഉദയഭാനു ഉപയോഗിക്കുന്ന വാഹനം സംബന്ധിച്ചും ശ്രീനാദേവി കുഞ്ഞമ്മ പോസ്റ്റില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് ഉദയഭാനു നിയമനടപടിയുമായി മുന്നോട്ടു പോയിരിക്കുന്നത്.

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ശ്രീനാദേവി കുഞ്ഞമ്മ പരസ്യമായി മാപ്പ് എഴുതി നല്‍കണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ 15 ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെ കെ പി ഉദയഭാനു വിമര്‍ശിച്ചതിന് പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മ ഉദയഭാനുവിനെതിരെ വിവാദ കുറിപ്പിട്ടത്.

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ ഉദയഭാനുവിന്റെ പരാതിയില്‍ നേരത്തെ അടൂര്‍ പൊലീസ് ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസ് എടുത്തിരുന്നു. പൊതുപ്രവര്‍ത്തന ജീവിതത്തെ അപകീര്‍ത്തിപ്പെടുത്തി, ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് എഫ്‌ഐആറില്‍ പറയുന്നത്. 2025 നവംബറിലാണ് ശ്രീനാദേവി സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

അധ്യാപികയും എഴുത്തുകാരിയുമായ രതിമോള്‍ ജിനിയുടെ കഥാസമാഹാരം ‘ശ്രീമയി’  പ്രകാശനം ചെയ്തു

അധ്യാപികയും എഴുത്തുകാരിയുമായ രതിമോള്‍ ജിനിയുടെ കഥാസമാഹാരം ‘ശ്രീമയി’ പ്രകാശനം ചെയ്തു

വര്‍ക്കല: അധ്യാപികയും എഴുത്തുകാരിയുമായ രതിമോള്‍ ജിനിയുടെ കഥാസമാഹാരം ‘ശ്രീമയി’ സാഹിത്യകാരന്‍ ഉണ്ണി ആറ്റിങ്ങല്‍ പ്രകാശനം ചെയ്തു. കവിയും നാടകപ്രവര്‍ത്തകനുമായ രാധാകൃഷ്ണന്‍ കുന്നുംപുറം പുസ്തകം ഏറ്റുവാങ്ങി. രതിമോള്‍ ജിനിയുടെ കഥകള്‍ ലളിതവും ജീവിതഗന്ധിയുമാണെന്ന് ഉണ്ണി ആറ്റിങ്ങല്‍ പറഞ്ഞു.

എഴുത്തുകാരന്‍ സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. കഥാകൃത്ത് പ്രേം മധുസൂദനന്‍ പുസ്തക പരിചയം നടത്തി. ആറ്റിങ്ങല്‍ വീരളം ദ്വാരക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരായ രശ്മി മൂത്തേടത്ത്, ദിലിപ്രസാദ് സുരേന്ദ്രന്‍, ദിനശ്രീ സുചിത്തന്‍, രതിമോള്‍ ജിനി, റിട്ട. അധ്യാപകന്‍ ലോഹിദാസ് എസ്, ശാന്തകുമാരി അമ്മ, അധ്യാപകരായ മണികണ്ഠന്‍ ജി.എസ്, കൃഷ്ണ ടി.എസ്, എം.ജി. മനോജ്, അക്ഷര രാജ് തുടങ്ങിയവര്‍ സംസാരിച്ചു. സാഹിത്യ പബ്ലിക്കേഷന്‍സ് ആണു പ്രസാധകര്‍. വര്‍ക്കല ശിവഗിരി ശ്രീനാരായണ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപികയാണു രതിമോള്‍ ജിനി.