ലേബർ കോഡ്: ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സമിതി രൂപീകരിക്കും; 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

ലേബർ കോഡ്: ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സമിതി രൂപീകരിക്കും; 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

തിരുവനന്തപുരം: കേരളത്തിൽ ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമഗ്രമായി പരിശോധിച്ച് പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി തൊഴിലാളി യൂണിയൻ പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. സെക്രട്ടറിയേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായത്. 22 പ്രധാന ട്രേഡ് യൂണിയനുകളുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.

സംസ്ഥാനത്ത് ലേബർ കോഡ് നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി വിഡി സതീശൻറെ പ്രഖ്യാപനം ഏറെ വിവാദമായിരുന്നു. ലേബർ കോഡ് വിഷയത്തിലെ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനെപ്പോലും തൃണവൽഗണിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്നും കേന്ദ്ര സർക്കാരിനെ തൃപ്‌തിപ്പെടുത്താനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് വിഷയം ചർച്ച ചെയ്യാൻ ട്രേഡ് യൂണിയനുകളുടെ ഭാരവാഹികളുടെ കൂടെ യോഗം സർക്കാർ വിളിച്ചു ചേർത്തത്.

ലേബർ കോഡിന്റെ അനുബന്ധമായി സംസ്ഥാനത്തിനാവശ്യമായ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ മുഖ്യ ചുമതല. തൊഴിൽ വകുപ്പ് സെക്രട്ടറി കൺവീനറായും നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി അംഗമായും പ്രവർത്തിക്കുന്ന സമിതിയിൽ വിവിധ തൊഴിലാളി യൂണിയനുകളിൽനിന്നുള്ള ഏഴ് പ്രതിനിധികളും തൊഴിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടും. സമിതി രൂപീകരിച്ച് 10 ദിവസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കേൾക്കുകയും നിയമപരമായ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുകയും ചെയ്ത ശേഷം മാത്രമേ ലേബർ കോഡ് നടപ്പാക്കുന്നതിൽ അന്തിമ തീരുമാനമെടുക്കൂ എന്ന് യോഗത്തിൽ സർക്കാർ വ്യക്തമാക്കി. നിയമപരമായ പരിധിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ലേബർ കോഡിന്റെ പ്രതികൂല ആഘാതം പരമാവധി കുറയ്ക്കാനും തൊഴിലാളികളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കാനുമുള്ള നടപടികൾ സ്വീകരിക്കും. കേരളം രൂപീകരിക്കുന്ന ലേബർ ചട്ടങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാകുന്ന വിധത്തിലാകണം തയാറാക്കേണ്ടതെന്നും ചർച്ചയിൽ നിർദേശമുയർന്നു.

ലേബർ കോഡിൽ തൊഴിലാളികളുടെ പരിധി നിശ്ചയിച്ചിട്ടുള്ളതുമായി ബന്ധപ്പെട്ട് യൂണിയനുകൾ ഉന്നയിച്ച ആശങ്കകൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. ഈ പരിധി കുറയ്ക്കണമെന്ന സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യം കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു. 2021-ൽ തയ്യാറാക്കിയ പ്രാഥമിക കരട് രേഖയിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ യൂണിയനുകൾക്ക് അവസരം നൽകും.

പ്രത്യേക കമ്മിറ്റി തയാറാക്കുന്ന കരട് നിർദേശങ്ങൾ എല്ലാ ട്രേഡ് യൂണിയനുകൾക്കും കൈമാറും. തുടർന്ന് കമ്മിറ്റി നടത്തുന്ന സിറ്റിങ്ങുകളിൽ നേരിട്ട് പങ്കെടുത്ത് നിലപാടുകളും നിർദേശങ്ങളും അറിയിക്കാനുള്ള അവസരവും ട്രേഡ് യൂണിയനുകൾക്ക് ഉണ്ടാകും. സമിതി സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന്റെയും തൊഴിലാളി സംഘടനകളുടെ പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്തെ ലേബർ കോഡ് ചട്ടങ്ങൾക്ക് അന്തിമരൂപം നൽകുക.

ഓട്ടോ ഡ്രൈവറെ ഫോണിലൂടെ കബളിപ്പിച്ച് 14,700 രൂപ തട്ടിയെടുത്തു; തട്ടിപ്പ് നടത്തിയത് ഷൊർണൂരിൽനിന്ന് മോഷ്ടിച്ച ഫോൺ വഴി

ഓട്ടോ ഡ്രൈവറെ ഫോണിലൂടെ കബളിപ്പിച്ച് 14,700 രൂപ തട്ടിയെടുത്തു; തട്ടിപ്പ് നടത്തിയത് ഷൊർണൂരിൽനിന്ന് മോഷ്ടിച്ച ഫോൺ വഴി

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച മൊബൈൽ ഫോൺ ഉപയോഗിച്ച് ചരക്ക് ഓട്ടോ ഡ്രൈവറെ കബളിപ്പിച്ച് 14,700 രൂപ തട്ടിയെടുത്തതായി പരാതി. പാലക്കാട് വടക്കന്തറ വൃന്ദാവൻ കോളനി സ്വദേശിയായ ഗുഡ്സ് ഓട്ടോ ഡ്രൈവർ മണികണ്ഠനാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ പാലക്കാട് ടൗൺ നോർത്ത് പൊലീസും സൈബർ സെല്ലും കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.

രണ്ട് ദിവസം മുൻപായിരുന്നു സംഭവം. മേലാമുറിയിലെ ഒരു ഗോഡൗണിൽനിന്ന് വാളയാറിലെ സ്ഥാപനത്തിലേക്ക് ഇരുമ്പുകമ്പികൾ എത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് തട്ടിപ്പുസംഘം ഫോൺ വഴി മണികണ്ഠനെ ഓട്ടം വിളിച്ചത്. ഇതനുസരിച്ച് ഗോഡൗണിലെത്തിയ മണികണ്ഠൻ അരലക്ഷം രൂപയിലധികം വിലമതിക്കുന്ന കമ്പികൾ ഓട്ടോറിക്ഷയിൽ കയറ്റി വാളയാറിലേക്ക് തിരിച്ചു. വാഹനം കോട്ടമൈതാനത്തിന് സമീപമെത്തിയപ്പോൾ പ്രതികൾ വീണ്ടും മണികണ്ഠനെ ഫോണിൽ ബന്ധപ്പെട്ടു.

സൈറ്റിലേക്ക് ഒരു ഇലക്ട്രിക് കട്ടിങ് മെഷീൻ കൂടി വാങ്ങേണ്ടതുണ്ടെന്നും ഇതിന്റെ തുക തൽക്കാലം നൽകണമെന്നും വാളയാറിൽ എത്തുമ്പോൾ ഓട്ടക്കൂലിയോടൊപ്പം ഈ തുക കൂടി തിരികെ നൽകാമെന്നും ഇവർ വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച മണികണ്ഠൻ അവർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി 14,700 രൂപ അയച്ചുകൊടുത്തു.

പണം അക്കൗണ്ടിലെത്തിയ ഉടൻ തന്നെ തട്ടിപ്പുസംഘം വീണ്ടും മണികണ്ഠനെ വിളിച്ചു. സൈറ്റിൽ ചില അസൗകര്യങ്ങൾ ഉള്ളതിനാൽ ലോഡ് ഇപ്പോൾ ഇറക്കാൻ കഴിയില്ലെന്നും പിന്നീട് അറിയിക്കാമെന്നും പറഞ്ഞ സംഘം ഉടൻ തന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. സംശയമൊന്നും തോന്നാത്ത മണികണ്ഠൻ കമ്പി ലോഡുമായി ഒന്നര ദിവസത്തോളം റോഡരികിൽ കാത്തിരുന്നു. തുടർന്നും ബന്ധപ്പെടാൻ സാധിക്കാതിരുന്നതോടെയാണ് ഇയാൾ സൈബർ പൊലീസിനെ സമീപിക്കുന്നത്.

പൊലീസ് നടത്തിയ പ്രാഥമിക സൈബർ പരിശോധനയിലാണ് തട്ടിപ്പ് നടത്താൻ ഉപയോഗിച്ച സിം കാർഡും ഫോണും ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് യാത്രക്കാരനിൽനിന്ന് മോഷ്ടിച്ചതാണെന്ന് വ്യക്തമായത്. പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് വിവരങ്ങൾ കേന്ദ്രീകരിച്ച് യഥാർത്ഥ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബർ വിഭാഗം.

ഏലൂരിൽ 11 കെവി വൈദ്യുതി ലൈൻ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുകളിലേക്ക് പൊട്ടിവീണു; ഒഴിവായത് വൻ ദുരന്തം

ഏലൂരിൽ 11 കെവി വൈദ്യുതി ലൈൻ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുകളിലേക്ക് പൊട്ടിവീണു; ഒഴിവായത് വൻ ദുരന്തം

കൊച്ചി: കനത്ത മഴയ്ക്കും ശക്തമായ ഇടിമിന്നലിനും പിന്നാലെ കൊച്ചി ഏലൂരിൽ 11 കെവി വൈദ്യുത ലൈൻ വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും മുകളിലേക്ക് പൊട്ടിവീണു. വ്യാഴാഴ്ച പുലർച്ചെ 12:30 ഓടെയാണ് സംഭവം. അർധരാത്രിയിൽ ലൈൻ പൊട്ടിവീണ ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായതെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു.

ഏലൂർ പുതിയ റോഡ് ഭാഗത്തുകൂടി കടന്നുപോകുന്ന 11 കെവി ഹൈടെൻഷൻ ലൈനാണ് കനത്ത കാറ്റിലും മഴയിലും മിന്നലിലും തകർന്ന് വീണത്. വീടുകൾക്കും സമീപത്തെ കടകൾക്കും മുകളിലേക്കാണ് ലൈൻ പതിച്ചതെങ്കിലും ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ ഉണ്ടാവുകയോ ചെയ്തിട്ടില്ല.

പരിഭ്രാന്തരായ പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കെഎസ്ഇബി അധികൃതരും അഗ്നിരക്ഷാ സേനയും ഉടൻ സ്ഥലത്തെത്തി. താഴെ വീണുകിടന്ന ലൈനുകൾ മാറ്റി സുരക്ഷിതമാക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥർ വേഗത്തിൽ പൂർത്തിയാക്കി. അറ്റകുറ്റപ്പണികൾ പൂർത്തിയായ ശേഷം മേഖലയിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. നിരവധി ഫാക്ടറികളും വ്യവസായശാലകളും പ്രവർത്തിക്കുന്ന പ്രധാന വ്യവസായ മേഖലയിലാണ് അപകടമുണ്ടായത്.

പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മ വീടിന് മുന്നിൽ അജ്ഞാത വാഹനമിടിച്ച് മരിച്ചു

പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മ വീടിന് മുന്നിൽ അജ്ഞാത വാഹനമിടിച്ച് മരിച്ചു

പഴയങ്ങാടി : പ്രഭാത നടത്തത്തിനിറങ്ങിയ വീട്ടമ്മ വീടിന് മുന്നിൽ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു. പഴയങ്ങാടി അടുത്തില സ്വദേശി കെ. സുലോചന (53) യാണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ വീടിന് തൊട്ടുമുന്നിലെ റോഡിലായിരുന്നു സംഭവം. നടന്നുപോകുന്നതിനിടെ അമിതവേഗതയിലെത്തിയ വാഹനം സുലോചനയെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ ഓടിച്ചുപോവുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സുലോചനയെ ശബ്ദം കേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഭർത്താവ്: ഗോപി. മകൾ: പി.കെ. സ്നേഹ. മരുമകൻ: ശ്രീജിത്ത്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

അപകടമുണ്ടാക്കി നിർത്താതെ പോയ അജ്ഞാത വാഹനത്തെയും ഡ്രൈവറെയും കണ്ടെത്താൻ പഴയങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടം നടന്ന റോഡിലൂടെ ആ സമയത്ത് കടന്നുപോയ വാഹനങ്ങൾ തിരിച്ചറിയുന്നതിനായി പ്രദേശത്തെ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് വിശദമായി പരിശോധിച്ചുവരികയാണ്. വാഹനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു.

യാത്രക്കാരുടെ ശ്രദ്ധക്ക്; കേരളത്തില്‍ ആദ്യമായി റെയില്‍വേ സ്‌റ്റേഷനില്‍ ഗെയിമിംഗ്&എന്റര്‍ടെയ്ന്‍മെന്റ് സെന്റര്‍

യാത്രക്കാരുടെ ശ്രദ്ധക്ക്; കേരളത്തില്‍ ആദ്യമായി റെയില്‍വേ സ്‌റ്റേഷനില്‍ ഗെയിമിംഗ്&എന്റര്‍ടെയ്ന്‍മെന്റ് സെന്റര്‍

കൊല്ലം: ട്രെയിന്‍ കാത്തു നില്‍ക്കുന്ന യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് സമയം വിനോദപ്രദമായി ചെലവഴിക്കാന്‍ ഗെയിമിംഗ്&എന്റര്‍ടെയ്ന്‍മെന്റ് സെന്ററുമായി ദക്ഷിണ റെയില്‍വേ. കേരളത്തില്‍ ആദ്യമായി എറണാകുളം ജംഗ്ഷന്‍ (SOUTH) റെയില്‍വേ സ്‌റ്റേഷനിലാണ് സെന്റര്‍ ആരംഭിക്കുന്നത്. രണ്ട് നിലകളിലായി 6,000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണ്ണമുള്ള ഈ കേന്ദ്രത്തില്‍ ഗെയിം സോണുകള്‍, വെര്‍ച്വല്‍ ഗെയിമിംഗ്, വിനോദത്തിനായി മറ്റു സൗകര്യങ്ങളും ഉണ്ടാകും. ഏതാനും മാസങ്ങള്‍ക്കുള്ളില്‍തന്നെ സെന്റര്‍ പ്രവര്‍ത്തനസജ്ജമാകും.

ഓഫീസേഴ്‌സ് റെസ്റ്റ് ഹൗസിന് സമീപത്തായി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതി ‘ബില്‍ഡ്, ഓപ്പറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍ (BOT) മാതൃകയിലാണ് നടപ്പിലാക്കുക. തിരുവനന്തപുരം ഡിവിഷന്‍ 10 വര്‍ഷത്തെ കരാര്‍ കാലാവധിയോടെ പദ്ധതിക്കായി ടെന്‍ഡറുകള്‍ ക്ഷണിച്ചു. കേന്ദ്രത്തിന്റെ ഒന്നാം നിലയില്‍ മൂന്ന് മീറ്റിംഗ് റൂമുകള്‍ ഉണ്ടായിരിക്കും. ഇതില്‍ ഒന്നില്‍ ഏകദേശം 15 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. മറ്റൊന്ന് കുടുംബങ്ങള്‍ക്കായുള്ള ചെറിയ മുറിയായിരിക്കും. മൂന്നാമത്തെ മുറിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ടോയ്‌ലറ്റുകളും വാഷ്‌റൂമുകളും ഉണ്ടാകും.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ ഒരു പ്രധാന കേന്ദ്രമായതിനാലാണ് ആദ്യം തെരഞ്ഞെടുത്തിരിക്കുന്നത്. ജനങ്ങളുടെ പ്രതികരണം കണക്കിലെടുത്ത് ഈ ആശയം മറ്റ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. ചെറിയ സ്റ്റേഷനുകളില്‍ പ്ലേസ്റ്റേഷന്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യവും ഡിവിഷന്‍ പരിഗണിക്കുന്നുണ്ടെന്ന് ദക്ഷിണ റെയില്‍വേ കൊമേഴ്‌സ്യല്‍ വിഭാഗത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

റെയില്‍വേ സ്റ്റേഷനുകളിലെ ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കാനും പരമ്പരാഗത യാത്രാ സേനവനങ്ങള്‍ക്കപ്പുറമുള്ള സൗകര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ഡിവിഷന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരഭം. പലചരക്ക് സ്റ്റാളുകള്‍, കാര്‍ സര്‍വീസ് സെന്ററുകള്‍, പെര്‍ഫ്യും സ്റ്റാളുകള്‍ തുടങ്ങിയവ സ്റ്റേഷനുകളില്‍ അവതരിപ്പിച്ചതും ഈ ലക്ഷ്യത്തോടെയാണ്.

ആലംകോട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് ഡോ.എ.പി.ജെ അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം ലഭിച്ചു

ആലംകോട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് ഡോ.എ.പി.ജെ അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം ലഭിച്ചു

ആറ്റിങ്ങൽ: ആലംകോട് ഗവൺമെന്റ് വൊക്കേഷണൻ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിന് മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള ഡോ. എപിജെ അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം ലഭിച്ചു.
പരിസ്ഥിതി പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, നൈപുണ്യ വികസനം, മറ്റ് മാതൃക പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് യൂണിറ്റിന് അവാർഡ് ലഭിച്ചത്.

തിരുവനന്തപുരം മ്യൂസിയം ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. മോൺസ് ജോസഫിൽ നിന്നും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി. സന്ധ്യ എസ് നായരും എൻഎസ്എസ് വോളണ്ടിയേഴ്സും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.