വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ സംഭവം; അഞ്ചു പ്രതികളെയും പോലീസ് പിടികൂടി

വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ സംഭവം; അഞ്ചു പ്രതികളെയും പോലീസ് പിടികൂടി

വർക്കലയിൽ ഇക്കഴിഞ്ഞ ദിവസം മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ സംഭവത്തിൽ അഞ്ചുപ്രതികളെയും പോലീസ് പിടികൂടി.

വർക്കല താഴെവെട്ടൂർ സ്വദേശി യൂസഫ് (40), സഹോദരൻ ജവാദ് (34), ആശാൻ മുക്ക് സ്വദേശി നിസാമുദ്ദീൻ (48), ജഹാംഗീർ (28), നൈസാം എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 6.30 ഓടെ താഴെ വെട്ടൂർ ജംഗ്ഷനിലാണ് സംഭവം.

വെട്ടൂർ സ്വദേശികളായ നൗഷാദ് (45), അൽ അമീൻ (31), ഷംനാദ് (49) എന്നിവർക്കാണ് തലയ്ക്ക് വെട്ടേറ്റത്. കടൽ തീരത്ത് നിന്നും താഴെ വെട്ടൂർ ജംഗ്ഷനിൽ എത്തിയ ഇവരെ പ്രദേശവാസികളായ 5 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ജംഗ്ഷനിൽ ഉണ്ടായിരുന്ന വെട്ടൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നാസിമുദ്ധീൻ ഇവരെ തടയാൻ ശ്രമിച്ചു. പിടിച്ച് മാറ്റുന്നതിനിടയിൽ നാസിമുദ്ധീന് മുഖത്തു പരിക്കെറ്റു. നിലത്തു വീണ മൂന്ന് പേരെയും സംഘം വാൾ ഉപയോഗിച്ച് വെട്ടിയും മർദിച്ചും അപായപ്പെടുത്താൻ ശ്രമിച്ചു. നാട്ടുകാർ ഓടി കൂടിയപ്പോഴേയ്ക്കും സംഘം ഓടി രക്ഷപ്പെട്ടു. മൂന്നാം പ്രതിയായ നൈസാമിനെ തമിഴ്നാട്ടിൽ നിന്നും മറ്റ് പ്രതികളെ പരിസരപ്രദേശങ്ങളിൽ നിന്നും പോലീസ് പിടികൂടി.

രാവിലെ മുതൽ ഇവർ എട്ടു പേരും തമ്മിൽ നിസ്സാര കാര്യങ്ങളെ ചൊല്ലി വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് അസഭ്യം വിളിക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. വെട്ടേറ്റ മൂന്ന് പേരെയും വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ശാന്തിഗിരി ഫെസ്റ്റിൽ സ്കൂൾ കുട്ടികൾക്ക് പ്രവേശനം സൗജന്യം

ശാന്തിഗിരി ഫെസ്റ്റിൽ സ്കൂൾ കുട്ടികൾക്ക് പ്രവേശനം സൗജന്യം

പോത്തൻകോട്: ശാന്തിഗിരി ഫെസ്റ്റിന് ഒക്ടോബര്‍ 2 ന് വിളംബരസമ്മേളനത്തോടെ തുടക്കംകുറിച്ചിരിക്കുകയാണ്. വീട്ടില്‍ കുട്ടികള്‍ ബഹളം വെയ്ക്കുന്നുണ്ടാകും. ഞങ്ങള്‍ക്കും പോണം. കുട്ടികള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് ഇനി വരുന്നത്. സ്കൂളുകളില്‍ നിന്നും കുട്ടികള്‍ക്ക് ഫെസ്റ്റ് കാണുവാന്‍ പ്രത്യേക പാസ് വേണ്ടതില്ല. പ്ലസ് ടു വരെയുള്ള സ്കൂൾ കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട് ശാന്തിഗിരി. സ്കൂള്‍ കുട്ടികള്‍ക്ക് കൗതുകം നിറയ്ക്കുന്നതും മനസ്സിന് കുളിര്‍മ്മയേകുന്നതുമായ നിരവധി ദൃശ്യങ്ങളാണ് ഫെസ്റ്റിലുള്ളതും ഒപ്പം വിജ്ഞാനത്തിന് മുന്‍തൂക്കവും നല്‍കിക്കൊണ്ട് എജ്യൂഫെസ്റ്റും ഫെസ്റ്റിന്റെ ഭാഗമായിട്ടുണ്ട്.

കൺനിറയെ കാഴ്ചകളൊരുക്കിയാണ് ഫെസ്റ്റിന്റെ മൂന്നാം പതിപ്പ് സംഘടിപ്പിക്കുന്നത്. പ്രവേശനകവാടത്തിനടുത്തുളള ഗോശാല മുതൽ ആശ്രമത്തിന്റെ സ്പിരിച്വൽ സോണിലെ ഗുരുവിന്റെ ഉദ്യാനം വരെയുളള ക്രമീകരണങ്ങളിൽ ഓരോയിടത്തും വ്യത്യസ്തത നിറച്ചാണ് ഇത്തവണത്തെ പ്രദർശനം. സെൽഫി പോയിന്റുകൾക്കുമപ്പുറം നക്ഷത്രവനത്തിലെത്തി തങ്ങളുടെ ജന്മനക്ഷത്രത്തിന്റെ മരം കണ്ടു പിടിച്ച് സെൽഫി എടുക്കാനും കുട്ടികൾ കൗതുകം കാണിക്കുന്നുണ്ട്.

പെറ്റ് ഷോ, അക്വാഷോ എന്നിവയ്ക്കു പുറമെ ബുദ്ധ സ്ക്വയർ, വൈൽഡ് ഗാർഡൻ എന്നിവയും മികച്ച കാഴ്ച സമ്മാനിക്കുന്നു. മൃഗങ്ങളുടെയും പക്ഷികളുടേയും രൂപങ്ങൾ നിറഞ്ഞ വെൽഡ് ഗാർഡൻ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം കൂടിയാണ് മുന്നോട്ട് വെയ്ക്കുന്നത്. വിനോദത്തിനൊപ്പം അറിവും നേടാനുളള ഇടങ്ങൾ ഫെസ്റ്റിലുണ്ട്.

കുഞ്ഞുമനസ്സുകളിൽ പോലും ഹൃദ്യത ചൊരിയുന്ന രീതിയിലാണ് ഓരോ അവതരണവും. ഹാപ്പിനസ് പാർക്കാണ് സന്തോഷം സമ്മാനിക്കുന്ന മറ്റൊരിടം. ശാന്തിഗിരിയിലെ കാണാകാഴ്ചകൾ സൗജന്യമായി കാണാൻ അവസരമൊരുക്കുന്നതിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആശ്രമം ജനറൽ സെക്രട്ടറി അറിയിച്ചു. സ്കൂളുകളിൽ നിന്ന് സംഘമായി വരാൻ ആഗ്രഹിക്കുന്നവർക്കും രക്ഷിതാക്കൾക്കൊപ്പം വരാൻ ആഗ്രഹിക്കുന്നവർക്കും സമയപരിമിതി ഇല്ലാതെ ഫെസ്റ്റിലെ കാഴ്ചകൾ ആസ്വദിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9207410326.

പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; നിയമസഭയില്‍ തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി വി അന്‍വര്‍

പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; നിയമസഭയില്‍ തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി വി അന്‍വര്‍

മലപ്പുറം: നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. താന്‍ പ്രതിപക്ഷത്തിന്റെ ഭാഗമല്ല. തന്നെ ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക് മാറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനു തന്നെയാണ്. തന്നെ പ്രതിപക്ഷമാക്കാനുള്ള വ്യഗ്രത സിപിഎമ്മിനുണ്ടെങ്കില്‍ നമുക്ക് നോക്കാം എന്നും അന്‍വര്‍ പറഞ്ഞു. ഭരണപക്ഷം പുറത്താക്കിയിട്ടുണ്ടെങ്കില്‍ സ്വതന്ത്ര ബ്ലോക്കാക്കി തനിക്ക് അനുവദിക്കേണ്ടി വരുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

നിയമസഭയില്‍ എവിടെ ഇരിക്കണം എന്നതു സംബന്ധിച്ച് നിയമവിദഗ്ധരുമായി സംസാരിച്ച് വേണ്ടതു ചെയ്യും. വേറെ സീറ്റ് വേണമെന്ന് സ്പീക്കര്‍ക്ക് കത്തു കൊടുക്കുമെന്നും പി വി അന്‍വര്‍ വ്യക്തമാക്കി. സിപിഎം പാര്‍ലമെന്ററി കാര്യ സെക്രട്ടറി ടിപി രാമകൃഷ്ണന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാന്തതിലാണ് പി വി അന്‍വറിന്റെ നിയമസഭയിലെ ഇരിപ്പിടം പ്രതിപക്ഷത്തിന്റെ പിന്‍നിരയിലേക്ക് മാറ്റിയത്.

സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി ശശിയുടെ വക്കില്‍ നോട്ടീസ് കിട്ടിയിട്ടില്ല. നോട്ടീസ് കിട്ടിയാല്‍ അതിനു മറുപടി കൊടുക്കും. അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അന്‍വര്‍ പറഞ്ഞു. തന്റെ നെഞ്ചത്തേക്ക് കയറാന്‍ ഒരു സഖാവും വരേണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു. തന്നെ തല്ലാന്‍ ആരെയെങ്കിലും വിട്ടാല്‍ വിട്ടവന്റെ തലയ്ക്കടിക്കും. താന്‍ ഇല്ലാതായാലും അതിനുള്ള ഏര്‍പ്പാട് ഉണ്ടാക്കിയിട്ടുണ്ട്. പുതിയ പാര്‍ട്ടിയുണ്ടാക്കിയാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വരുമോ എന്നതില്‍ നിയമപരമായി പരിശോധിച്ചു വരികയാണെന്നും പി വി അന്‍വര്‍ വ്യക്തമാക്കി.

അതിനിടെ, പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പൊലീസ് വീണ്ടും കേസെടുത്തു. അരീക്കോട് എംഎസ്പി ക്യാംപില്‍വച്ച് ഫോണ്‍ ചോര്‍ത്തിയെന്ന പരാമര്‍ശത്തിലാണ് മഞ്ചേരി പൊലീസ് കേസ് എടുത്തത്. ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് സൂപ്രണ്ടിൻ്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസുകള്‍ കൂടി വരുന്നതിനാല്‍ നിയമപഠനം ആലോചിക്കുന്നുവെന്ന് പി വി അന്‍വര്‍ പ്രതികരിച്ചു. അങ്ങനെയെങ്കിൽ കോടതിയിൽ സ്വയം വാദിക്കാമല്ലോയെന്നും പി വി അൻവർ കൂട്ടിച്ചേർത്തു. നിയമപരമായി മുന്നോട്ടുപോകും. കോടതികളും ഇതെല്ലാം കാണുന്നുണ്ടല്ലോയെന്നും പി വി അൻവർ പറഞ്ഞു.

മദ്യലഹരിയില്‍ കാര്‍ ഓടിച്ച് നടി; ഒരു മണിക്കൂര്‍ ഗതാഗതക്കുരുക്ക്, കേസ്

മദ്യലഹരിയില്‍ കാര്‍ ഓടിച്ച് നടി; ഒരു മണിക്കൂര്‍ ഗതാഗതക്കുരുക്ക്, കേസ്

പത്തനംതിട്ട: മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാര്‍ രണ്ടു വാഹനങ്ങളില്‍ ഇടിച്ച് അപകടം. വ്യാഴാഴ്ച വൈകീട്ട് 6ന് കുളനട ടിബി ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിനു മുന്‍പിലായിരുന്നു അപകടം നടന്നത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31) ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് നടിയുടെ കാര്‍ ആദ്യം ഇടിച്ചത്. അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയിലും പിന്നീട് കാറിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇതിനെ തുടര്‍ന്ന് എംസി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മദ്യപിച്ചാണു വാഹനം ഓടിച്ചതെന്നു വൈദ്യപരിശോധനയില്‍ തെളിഞ്ഞതോടെ നടിക്കെതിരെ പൊലീസ് കേസെടുത്തു. വാഹനത്തില്‍നിന്നു മദ്യക്കുപ്പി കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറ്റി; ഡിസംബറിന് പകരം ജനുവരിയില്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറ്റി; ഡിസംബറിന് പകരം ജനുവരിയില്‍

തിരുവനന്തപുരം: 63-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025 ജനുവരി ആദ്യ ആഴ്ചയിലേക്ക് മാറ്റിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. തീയതി പിന്നീട് തീരുമാനിക്കും. തിരുവനന്തപുരമാണ് വേദി. ഡിസംബര്‍ മൂന്നുമുതല്‍ ഏഴുവരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്.

ഡിസംബര്‍ നാലിന് നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ (നാസ്) പരീക്ഷ പ്രഖ്യാപിച്ചതിനാലാണ് തീയതി മാറ്റിയത്. ഇത്തവണ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് നാസ് പരീക്ഷ എഴുതുന്നത്. ഡിസംബര്‍ 12 മുതല്‍ 20വരെ സംസ്ഥാനത്ത് രണ്ടാംപാദ വാര്‍ഷിക പരീക്ഷയാണ്. 21 മുതല്‍ 29വരെ ക്രിസ്മസ് അവധിയും. ഈ സാഹചര്യത്തിലാണ് കലോത്സവം ജനുവരിയിലേക്ക് മാറ്റിയത്. സ്‌കൂള്‍, ഉപജില്ലാ, ജില്ലാ കലോത്സവ തീയതിയും പുതുക്കി. സ്‌കൂള്‍തല മത്സരം 15നകം പൂര്‍ത്തിയാക്കും. ഉപജില്ലാതലം നവംബര്‍ പത്തിനും ജില്ലാതലം ഡിസംബര്‍ മൂന്നിനുമകം പൂര്‍ത്തിയാക്കും.

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച് സ്വര്‍ണവില

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച് സ്വര്‍ണവില. 57,000 തൊടാന്‍ ഇനി 40 രൂപയുടെ അകലം മാത്രമാണ് സ്വര്‍ണവിലയ്ക്ക് ഉള്ളത്. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. പത്തുരൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7120 രൂപയായി. അടുത്തിടെ 56,800 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡിട്ട സ്വര്‍ണവില തുടര്‍ന്നുള്ള മൂന്ന് ദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം മുതല്‍ തിരിച്ചുകയറിയ സ്വര്‍ണവില 56,800 എന്ന റെക്കോര്‍ഡും മറികടന്നാണ് കുതിക്കുന്നത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് വരുന്നത്.