ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍. കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ആരോപണവിധേയര്‍ക്കെതിരെ ക്രിമിനല്‍നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ കോടതി പരിഗണിക്കും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണസംഘത്തിലെ വനിത ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയ നടിമാരെയും ചലച്ചിത്ര പ്രവര്‍ത്തകരെയും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ മൊഴി നല്‍കിയവരില്‍ കൂടുതല്‍ പേരും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നാണ് അറിയിച്ചതെന്നാണ് സൂചന.

ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. തമിഴ്‌നാട് തീരത്ത് (കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെല്‍വേലി) ഇന്ന് രാത്രി 11.30 വരെ 0.9 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ലക്ഷദ്വീപ് തീരങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം; ഇന്ത്യയുടെ ആദ്യ മത്സരം ന്യൂസിലന്‍ഡിനെതിരെ

വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം; ഇന്ത്യയുടെ ആദ്യ മത്സരം ന്യൂസിലന്‍ഡിനെതിരെ

അബുദാബി: വനിതാ ടി 20 ലോകകപ്പ് മല്‍സരങ്ങള്‍ ഇന്ന് തുടക്കമാകും. രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്ന് വേദി യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ഷാര്‍ജയിലും, ദുബായിലുമായാണ് മല്‍സരങ്ങള്‍. യുഎഇ സമയം ഉച്ചക്ക് രണ്ടിന് ഷാര്‍ജയില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ബംഗ്ലാദേശ് അയര്‍ലന്‍ഡിനെ നേരിടും. വൈകുന്നേരം ആറിന് ദുബായില്‍ പാകിസ്ഥാന്‍ ശ്രീലങ്കയുമായി ഏറ്റുമുട്ടും.

വെള്ളിയാഴ്ച വൈകീട്ട് ദുബായില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. ഈമാസം ആറിന് ഉച്ചയ്ക്ക് രണ്ടിനായിരിക്കും ഇന്ത്യ പാക് പോരാട്ടം. ഇതുവരേ കിരീടം സ്വന്തമാക്കാത്ത ഇന്ത്യയ്ക്ക് ഇത്തവണ ഏതുവിധേനയും കപ്പ് നേടണമെന്ന ലക്ഷ്യമാണുള്ളത്. 2020ല്‍ ഇന്ത്യ ആദ്യമായി ടി20 ലോകകപ്പ് ഫൈനലിലെത്തി. എന്നാല്‍ അപ്രതീക്ഷിതമായി ഓസ്ട്രേലിയയോട് തോറ്റു. ക്രിക്കറ്റില്‍ മികവ് പുലര്‍ത്തുന്ന ഓസീസ് വനിതാ ടീം ഇതുവരെ ആറ് തവണയാണ് ലോക കിരീടം നേടിയത്.

വയനാട് മാനന്തവാടി സ്വദേശി സജ്ന സജീവന്‍, തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ആശാ ശോഭന എന്നീ മലയാളികള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ടീം. ഇന്ത്യയുടെ എല്ലാമല്‍സരങ്ങള്‍ക്കും ദുബായ് ക്രിക്കറ്റ് സ്റ്റേഡിയാണ് വേദി. പുരുഷ-വനിതാ മല്‍സരങ്ങളുടെ സമ്മാനതുക ഏകീകരിച്ചതിന് ശേഷം നടക്കുന്ന ആദ്യ ലോകകപ്പാണിത്.

സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും

സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും

മണമ്പൂർ ലയൺസ് ക്ലബ്ബിന്റെയും തിരുനെൽവേലി അരവിന്ദ് ഐ ഹോസ്പിറ്റലിന്റെയും കൈരളി ജ്വല്ലറിയുടെയും കെറ്റിസിറ്റി യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഒക്ടോബർ 5 ശനിയാഴ്ച രാവിലെ 8 മണി മുതൽ 1 മണി വരെ കെടിസിടി ഓഡിറ്റോറിയത്തിൽ വെച്ച് തികച്ചും സൗജന്യമായി നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തുന്ന വിവരം ക്ലബ്ബ് പ്രസിഡന്റ് Ln. ഷിജു ഷറഫ് അറിയിച്ചു.
contact :-
Ln.Shijusharaf (Pres): 8606224050
Ln. Sanalkumar (sec):
9447655573
Ln. Vijayakumar(treas):
9249714234

ഹിസ്ബുല്ലയുമായി ഏറ്റുമുട്ടല്‍; എട്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു

ഹിസ്ബുല്ലയുമായി ഏറ്റുമുട്ടല്‍; എട്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ലെബനാനില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടത്. 7 സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ ഇഗോസ് യൂണിറ്റില്‍ നിന്നുള്ളവരാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. നേരത്തെ ഇതേ യൂണിറ്റില്‍ നിന്നുള്ള ഓരാള്‍ മരിച്ചതായി സൈന്യം അറിയിച്ചിരുന്നു. ലെബനനില്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെടുന്ന എട്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്.

തെക്കന്‍ ലെബനാനിലെ ഗ്രാമത്തില്‍ ഒരു കെട്ടിടത്തിനകത്ത് ഹിസ്ബുല്ല പോരാളികളുമായി ഏറ്റുമുട്ടല്‍ ഉണ്ടായതായും പരിക്കേറ്റ സൈനികരെ ചികിത്സിക്കാന്‍ മെഡിക്കല്‍ സംഘത്തോട് അങ്ങോട്ട് എത്താന്‍ ആവശ്യപ്പെട്ടതായും ഇസ്രായേല്‍ സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലിലേക്ക് മിസൈലാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ഇറാന് കനത്ത തിരിച്ചടി നല്‍കാന്‍ ഇസ്രയേല്‍ തയ്യാറെടുക്കുകയാണ്. ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണത്തിന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ആണവോര്‍ജ കേന്ദ്രങ്ങളില്‍പ്പോലും ആക്രമണം നടന്നേക്കാമെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി മനാഫ്

ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി മനാഫ്

കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ. തന്റെ യൂട്യൂബ് ചാനലിൽ താൻ ഇഷ്ടമുള്ളത് ഇടുമെന്നും ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് പറയുന്നു.

യൂട്യൂബ് ചാനൽ തുടങ്ങുന്നതില്‍ എന്താണ് തെറ്റ്. ഷിരൂരിൽ എത്തിയ ശേഷമാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. യൂട്യൂബ് ചാനലിൽ തനിക്ക് ഇഷ്ടമുള്ളത് ഇടും. അത് ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശം. അർജുന്റെ ചിത അണയും മുമ്പ് ക്രൂശിക്കുന്നത് എന്തിനാണ്. തനിക്ക് ആരോടെങ്കിലും സംസാരിക്കണം എന്ന് കരുതിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. അർജുനെ കിട്ടും വരെ ഉപയോഗിക്കാനാണ് അത് തുടങ്ങിയത്. ഇനിയിപ്പോൾ യൂട്യൂബ് ചാനൽ ഉഷാറാക്കും. എന്നെ തള്ളി പറഞ്ഞാലും കുഴപ്പമില്ല. അർജുന്റെ കുടുംബത്തിന് ആവശ്യം വന്നാൽ ഇനിയും കൂടെ ഉണ്ടാകും. എന്റെ ലോറിക്ക് അർജുന്റെ പേരിടുമെന്നും കാര്യമായ തർക്കം കുടുംബവുമായി ഉണ്ടായിട്ടില്ലെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.