by Midhun HP News | Oct 1, 2024 | Latest News, ജില്ലാ വാർത്ത
സുകുമാർ അനുസ്മരണം സർഗ്ഗ ആർട്സ് ആൻഡ് സ്പോർട്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ടൗൺ യുപിഎസിൽ നടന്നു. അനുസ്മരണയോഗം ആറ്റിങ്ങൽ നഗരസഭ അധ്യക്ഷ എസ് കുമാരി ഉദ്ഘാടനം ചെയ്തു. സർഗ്ഗ പ്രസിഡന്റ് ശശിധരൻ നായർ അധ്യക്ഷനായി. ഡോക്ടർ രാധാകൃഷ്ണൻ നായർ, സി ജെ രാജേഷ് കുമാർ, എം എം പുരവൂർ മലയാ പ്രസ് ഹരി, അഡ്വക്കേറ്റ് മുഹ്സിൻ, കെ മോഹന്ലാല്, കരവാരം രാമചന്ദ്രൻ, സന്തോഷ് ആറ്റിങ്ങൽ, രാമചന്ദ്രൻ നായർ, പത്മനാഭ റാവു, പി എസ് രാജൻ, മാനസ് തുടങ്ങിയവർ സംസാരിച്ചു സർഗ്ഗ സെക്രട്ടറി കെ സുരേഷ് ബാബു നന്ദി രേഖപ്പെടുത്തി.
സുകുമാർ പുരസ്കാരം:
ആറ്റിങ്ങൽ സർഗ്ഗ ആർട്സ് ആൻഡ് സ്പോർട്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സുകുമാർ പുരസ്കാരത്തിന് ഹാസ്യകഥകൾ ക്ഷണിക്കുന്നു. 08/10/2024 വൈകുന്നേരം 5 മണിക്ക് മുൻപ് ശശിധരൻ നായർ, പ്രസിഡന്റ്(സർഗ്ഗ ആർട്സ് ആൻഡ് സ്പോർട്സ് സെന്റർ), കൃഷ്ണകൃപ, കോയിക്കൽ പാലസിനു സമീപം ആറ്റിങ്ങൽ പി ഒ എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്.
ഫോൺ നമ്പർ: 8907146877
by Midhun HP News | Oct 1, 2024 | Latest News, കേരളം
പാലക്കാട്: പൊതുചടങ്ങിനിടെ ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്നവരും ചേര്ന്ന് ഉടന് തീ അണച്ചു. ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് ഗവർണർ എത്തിയത്.
ആശ്രമത്തിന്റെ അടുത്തുള്ള സ്ഥലത്ത് ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നതിനിടെയാണ് സമീപത്ത് കത്തിച്ചു വെച്ച നിലവിളക്കിൽ നിന്ന് ഗവർണറുടെ കഴുത്തിൽ കിടന്ന ഷാളിലേക്ക് തീ പടർന്നത്. എന്നാൽ ഗവർണർ ഇത് അറിഞ്ഞിരുന്നില്ല. വേദിയിൽ ഗവർണറുടെ പിന്നിൽ നിന്നിരുന്ന വനിതയാണ് ഷാളിന് തീപിടിച്ച കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ഗവർണർ തന്നെ ഷാളൂരി മാറ്റുകയും സുരക്ഷാ ഉദ്യോഗസ്ഥർ തീ അണയ്ക്കുകയും ചെയ്തു.
by Midhun HP News | Oct 1, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും ബുധനാഴ്ചയും വ്യാഴാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില് 64.5 മില്ലിമീറ്റര് മുതല് 115.5 മില്ലിമീറ്റര് വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്ട്ട് കൊണ്ട് അര്ത്ഥമാക്കുന്നത്. കേരള- ലക്ഷദ്വീപ് തീരങ്ങളില് ഇന്ന് മത്സ്യബന്ധനത്തിന് പോകാന് പാടില്ല. കേരള – ലക്ഷദ്വീപ് തീരങ്ങളില് മണിക്കൂറില് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് മണിക്കൂറില് 55 കിലോമീറ്റര് വരെയും വേഗത്തില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല് ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് ബുധനാഴ്ച രാത്രി 11.30 വരെ 0.9 മുതല് 1.0 മീറ്റര് വരെ ഉയര്ന്ന തിരമാലയ്ക്കും കള്ളക്കടല് പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില് പറയുന്നു.
ജാഗ്രതാ നിര്ദേശങ്ങള്:
1. കടല്ക്ഷോഭം രൂക്ഷമാകാന് സാധ്യതയുള്ളതിനാല് അപകട മേഖലകളില് നിന്ന് അധികൃതരുടെ നിര്ദേശാനുസരണം മാറി താമസിക്കണം.
2. മല്സ്യബന്ധന യാനങ്ങള് (ബോട്ട്, വള്ളം, മുതലായവ) ഹാര്ബറില് സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള് തമ്മില് സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില് ഇറങ്ങിയുള്ള വിനോദങ്ങളും പൂര്ണമായും ഒഴിവാക്കുക.
by Midhun HP News | Oct 1, 2024 | Latest News, കേരളം
കോഴിക്കോട്: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പിവി അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ റദ്ദാക്കി. കടുത്ത തൊണ്ടവേദനയെ തുടർന്ന് സംസാരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെ പി വി അൻവർ തന്നെയാണ് ഈ വിവരം അറിയിച്ചത്. ചൊവ്വ, ബുധന് ദിവസങ്ങളിലെ പൊതുയോഗങ്ങളാണ് റദ്ദാക്കിയത്.
ഇന്ന് അരീക്കോടും നാളെ മഞ്ചേരിയിലും നടത്താനിരുന്ന യോഗങ്ങളാണ് മാറ്റിയത്. ഡോക്ടര്മാര് വിശ്രമം നിര്ദേശിച്ചതോടെയാണ് യോഗങ്ങള് മാറ്റിയതെന്നെ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ അൻവർ പറഞ്ഞു. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് എംഎൽഎ ക്ഷമാപണം നടത്തി. വരും ദിവസങ്ങളിലെ യോഗത്തേക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുമെന്നും അൻവർ വ്യക്തമാക്കി.
ഇന്നലെ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന ആക്ഷൻ കമ്മിറ്റിയുടെ വിശദീകരണ യോഗത്തിൽ മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് അൻവർ സംസാരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായാണ് പി വി അൻവർ രംഗത്ത് എത്തിയത്. മതസൗഹാർദ്ദത്തിന്റെ കടയ്ക്കൽ കത്തിവെക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് പി വി അൻവർ ആരോപിച്ചു. മുഖ്യമന്ത്രി ആർ എസ്എസുമായും രാജ്യത്തെ ഭീകരവാദികളുമായും ചേർന്ന് ഒരു സമൂഹത്തെയാകെ അപരവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നും അൻവർ തുറന്നടിച്ചു.

by Midhun HP News | Oct 1, 2024 | Latest News, കേരളം
കൊച്ചി: ബലാത്സംഗ കേസില് നടന് നിവിന് പോളിയെ കൊച്ചിയില് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സിനിമയില് അവസരം വാഗ്ദാനം ചെയ്ത് ദുബായില്വച്ച് കൂട്ടബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയില് അന്വേഷണത്തിന്റെ ഭാഗമായാണ് സംഘം കൊച്ചിയില് എത്തിയത്. നിവിന് നല്കിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തു.
നിവിന് ഉള്പ്പെടെ കേസില് ആറ് പ്രതികളുണ്ട്. കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളില് ഗൂഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നിവിന് പോളിയും പരാതി നല്കിയിട്ടുണ്ട്. ഇതിലും അന്വേഷണം നടക്കുകയാണ്. 2023 ഡിസംബര് 14, 15 തിയതികളില് ദുബായില് വെച്ച് അതിക്രമം നടന്നെന്നായിരുന്നു യുവതിയുടെ പരാതി. മൊബൈല് ഫോണില് ദൃശ്യങ്ങള് ചിത്രീകരിച്ചെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിലുണ്ട്. സെക്ഷന് 376, 376 ഡി, 354, കുട്ടബലാത്സംഗം, സ്തീത്വത്തെ അപമാനിക്കല് തുടങ്ങിയ വകുപ്പുകള് പ്രകാരമാണ് കേസ്. നിവിന് പോളി ആറാം പ്രതിയാണ്. രണ്ടാം പ്രതി നിര്മാതാവ് എ കെ സുനില്, ബിനു, ബഷീര്, കുട്ടന് എന്നിവരാണ് മറ്റ് പ്രതികള്.
എന്നാല് യുവതി പീഡനം ആരോപിച്ച തീയതികളില് നിവിന് പോളി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനിലായിരുന്നുവെന്നതിന്റെ തെളിവുകള് പിന്നീട് പുറത്ത് വന്നിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലര്ച്ചെ വരെ നിവിന് തന്റെ കൂടെയായിരുന്നുവെന്നും പരാതി വ്യാജമെന്നും സംവിധായകന് വിനീത് ശ്രീനിവാസനും വ്യക്തമാക്കിയിട്ടുണ്ട്. പിന്നാലെ ഡിജിറ്റല് തെളിവുകളടക്കം നിരത്തി നടിയും അവതാരകയുമായ പാര്വതി ആര് കൃഷ്ണയും രംഗത്തെത്തിയിരുന്നു.

by Midhun HP News | Oct 1, 2024 | Latest News, കേരളം
ആലപ്പുഴ: വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടില് എടിഎം കവര്ച്ചാ ശ്രമം. അലാറാം അടിച്ചതോടെ കള്ളന് രക്ഷപ്പെട്ടു. മുഖംമൂടി ധരിച്ച് സ്കൂട്ടറില് എത്തിയ കള്ളന്റെ ദൃശ്യങ്ങള് സിസിടിവിയില് പതിഞ്ഞിട്ടുണ്ട്.
തൃശൂരിലെ എടിഎം കവര്ച്ചയുടെ ഞെട്ടല് വിട്ടുമാറും മുന്പാണ് മറ്റൊരു സംഭവം. എസ്ബിഐ ബാങ്കിനോട് ചേര്ന്നുള്ള എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. അര്ദ്ധരാത്രിയോടെയാണ് കള്ളന് എത്തിയത്. കവര്ച്ചാശ്രമം തുടങ്ങി നിമിഷങ്ങള്ക്കകം അലാറം അടിച്ചതോടെ കള്ളന് പുറത്തേയ്ക്ക് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.അലാറം അടിച്ചതോടെ കണ്ട്രോള് റൂമില് വിവരം ലഭിച്ചു. കണ്ട്രോള് റൂമാണ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില് വിവരം അറിയിച്ചത്.സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധര് അടക്കം എത്തി തെളിവ് ശേഖരം നടത്തി.

Recent Comments