തൃശൂരില്‍ എടിഎം കൊള്ളയടിച്ച സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍; ഒരാള്‍ കൊല്ലപ്പെട്ടു, പണം നിറച്ചത് കണ്ടെയിനറില്‍

തൃശൂരില്‍ എടിഎം കൊള്ളയടിച്ച സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍; ഒരാള്‍ കൊല്ലപ്പെട്ടു, പണം നിറച്ചത് കണ്ടെയിനറില്‍

തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ച സംഘം തമിഴ്നാടില്‍ പിടിയില്‍. ഹരിയാനക്കാരായ സംഘം നാമക്കല്ലിൽ വെച്ചാണ് തമിഴ്നാട് പൊലീസിന്‍റെ പിടിയിലായത്. നേരത്തെ കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊള്ള നടത്തിയ അതേസംഘമാണ് ഇതെന്ന് പൊലീസ് പറയുന്നു. ഏറ്റുമുട്ടലില്‍ ഒരു പ്രതി കൊല്ലപ്പെട്ടു.

പ്രതികളെ പിന്തുടരുന്നതിനിടെയാണ് തമിഴ്നാട് പൊലീസുമായി ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാരനും പരിക്കേറ്റു. ഇൻസ്‌പെക്ടർ തവമണി, രഞ്ജിത്ത് കുമാർ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊള്ളസംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു. പണം കണ്ടയ്നറിൽ കെട്ടുകെട്ടായി കൊണ്ടുപോവുകയായിരുന്നു. കവർച്ച സംഘത്തിന്‍റെ കയ്യിൽ തോക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. പുലർച്ചെ 2.30 നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്തയിരുന്നു കവര്‍ച്ച. മൂന്ന് എടിഎമ്മുകളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊർണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ബാങ്ക് ഉദ്യോഗസ്ഥർക്കെത്തിയ മെസേജിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്. കൊള്ള സംഘം എത്തിയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സിസിടിവി ക്യാമറകളിൽ കറുത്ത സ്പ്രേ ചെയ്തതിന് ശേഷമായിരുന്നു മോഷണം.

നൈപുണ്യവികസന കേന്ദ്രത്തിന് വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ തുടക്കം കുറിക്കുന്നു

നൈപുണ്യവികസന കേന്ദ്രത്തിന് വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ തുടക്കം കുറിക്കുന്നു

വക്കം: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരള വഴി എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും നടപ്പിലാക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആറ്റിങ്ങൽ മണ്ഡലത്തിൽ തുടക്കം ആവുന്നു. വക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്നനൈപുണ്യ കേന്ദ്രത്തിനായുള്ള കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.

ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജയ. ജി അധ്യക്ഷത വഹിച്ചു. എച്ച്എസ്എസ്. പ്രിൻസിപ്പൽ ഷീല കുമാരി.കെ സ്വാഗതം ആശംസിച്ചു പിടിഎ പ്രസിഡന്റ് അശോക് പി, എസ്.എം.സി ചെയർമാൻ അക്ബർ ഷാ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ നവാസ്.കെ പദ്ധതി വിശദീകരിച്ചു. ഹൈസ്കൂൾ എച്ച് എം ബിന്ദു സി.എസ് നന്ദി അറിയിച്ചു. നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പുതിയതായി ജി എസ് ടി അസിസ്റ്റന്റ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നീ കോഴ്സുകളാണ് അനുവദിച്ചത്.

ബ്രേക്കില്‍ നിന്ന് കാലെടുത്ത് വീണ്ടും കുതിച്ച് സ്വര്‍ണവില; 57,000ലേക്ക്

ബ്രേക്കില്‍ നിന്ന് കാലെടുത്ത് വീണ്ടും കുതിച്ച് സ്വര്‍ണവില; 57,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്നത് തുടരുന്നു. ഇന്നലെ കുതിപ്പിന് ബ്രേക്കിട്ട സ്വര്‍ണവില ഇന്ന് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. 57000ലേക്ക് കുതിക്കുമെന്ന സൂചനയാണ് ഇന്ന് നല്‍കിയത്. ഇന്ന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒരാഴ്ചയ്ക്കിടെ ഏകദേശം 2200 രൂപയാണ് വര്‍ധിച്ചത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം തിരുത്തിയ ശേഷവും മുന്നേറ്റത്തിന്റെ പാതയിലാണ് സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. 25 ദിവസത്തിനിടെ ഏകദേശം 3500 രൂപയാണ് വര്‍ധിച്ചത്.

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. നാളെ മുതൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ശനിയാഴ്ച മുതല്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ നാലു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഞായറാഴ്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 മുതൽ നാളെ രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ആന്ധ്രാ – ഒഡിഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ഛത്തിസ്ഗഡിന് മുകളില്‍ ചക്രവാതചുഴിയായി ശക്തി കുറഞ്ഞത്. ഇതാണ് കേരളത്തില്‍ മഴയെ സ്വാധീനിക്കുന്നത്.

ഡിഎൻഎ ഫലത്തിനായി കാത്തിരിപ്പ്; അർജുന്റെ മൃതദേഹം നാളെ രാവിലെയോടെ വീട്ടിൽ എത്തിക്കും

ഡിഎൻഎ ഫലത്തിനായി കാത്തിരിപ്പ്; അർജുന്റെ മൃതദേഹം നാളെ രാവിലെയോടെ വീട്ടിൽ എത്തിക്കും

അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ശനിയാഴ്ച രാവിലെയോടെ വീട്ടിൽ എത്തിക്കും. ഡിഎൻഎ ഫലം വന്നതിനു ശേഷമാകും മൃതദേഹം വിട്ടുകൊടുക്കുക. ഇന്ന് വൈകിട്ടോടെ ഡിഎൻഎ താരതമ്യ പരിശോധന പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്.

മൃതദേഹത്തിൽനിന്ന് ഡിഎൻഎ സാംപിൾ ശേഖരിച്ച് ഹൂബ്‌ളി റീജണൽ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വരാൻ 18 മണിക്കൂർവരെ സമയമെടുത്തേക്കാമെന്നാണ് ലാബ് ഡയറക്ടർ അറിയിച്ചതെന്ന് മഞ്ചേശ്വരം എംഎൽഎ എ കെ എം. അഷറഫ് പറഞ്ഞു.

അർജുന്‍റെ സഹോദരൻ അഭിജിത്തിന്‍റെ ഡിഎൻഎ സാംപിൾ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അർജുന്‍റെ തുടയെല്ലും നെഞ്ചിന്‍റെ ഭാഗത്തുള്ള വാരിയെല്ലിന്‍റെ ഒരു ഭാഗവുമാണ് അയച്ചിട്ടുള്ളത്. രണ്ട് ഡിഎൻഎയും ഒത്തുപോകുന്നുവെന്ന് വാക്കാൽ വിവരം ലഭിച്ചാൽത്തന്നെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ട് നൽകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഫലം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് അർജുന്റെ സഹോദരീഭർത്താവ് ജിതിനെ പൊലീസ് അറിയിച്ചത്. അങ്ങനെയെങ്കിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി വെള്ളിയാഴ്ച വൈകീട്ട് തന്നെ മൃതദേഹം കൊണ്ടുവരാൻ സാധിക്കും. മൃതദേഹം കൊണ്ടുവരാൻ കർണാടക സർക്കാർ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കണ്ണാടിക്കലിലെ വീടുവരെ കർണാടക പോലീസ് ആംബുലൻസിന് അകമ്പടിവരും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്.