by Midhun HP News | Apr 20, 2026 | Latest News, ദേശീയ വാർത്ത
ന്യൂയോര്‍ക്ക്: ഇറാന്‍ സര്‍ക്കാരിന് വേണ്ടി ആയുധ ഇടപാടുകള്‍ നടത്തിയെന്നാരോപിച്ച് അമേരിക്കയിലെ സ്ഥിരം താമസക്കാരിയായ ഇറാനിയന്‍ വംശജ അറസ്റ്റില്‍. ശനിയാഴ്ച രാത്രി ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. സുഡാനിലെ ആഭ്യന്തര യുദ്ധത്തിലേക്കായി ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുന്നതില്‍ ഇവര്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചു എന്നാണ് റിപ്പോര്‍ട്ട്.
മതിയായ അനുമതിയില്ലാതെ ആയുധ ഇടപാടുകള്‍ നടത്തിയെന്ന കുറ്റമാണ് പ്രതി ഷമീം മാഫിക്കെതിരെ (44) കാലിഫോര്‍ണിയയിലെ യുഎസ് അറ്റോര്‍ണി ഓഫീസ് ചുമത്തിയിരിക്കുന്നത്.’അറ്റ്ലസ് ഇന്റര്‍നാഷണല്‍ ബിസിനസ്’ എന്ന പേരില്‍ ഒമാനില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജ കമ്പനി വഴിയാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. ഇറാനിയന്‍ മിലിട്ടറി ഗ്രേഡ് ഡ്രോണുകളായ മൊഹാജെര്‍-6 വാങ്ങുന്നതിനായി 7 കോടി ഡോളറിലധികം മൂല്യമുള്ള കരാറില്‍ ഇവര്‍ ഏര്‍പ്പെട്ടതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. കൂടാതെ 55,000 ബോംബ് ഫ്യൂസുകള്‍ സുഡാന്‍ പ്രതിരോധ മന്ത്രാലയത്തിന് എത്തിച്ചതായും ആരോപണമുണ്ട്.
2022 ഡിസംബര്‍ മുതല്‍ 2025 ജൂണ്‍ വരെയുള്ള കാലയളവില്‍ ഇവര്‍ ഇറാന്റെ രഹസ്യാന്വേഷണ-സുരക്ഷാ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇറാന് വേണ്ടി അമേരിക്കയില്‍ പ്രവര്‍ത്തിച്ചു എന്ന ആരോപണം മാഫി നിഷേധിച്ചു. 2020-ല്‍, മാഫിക്ക് പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കള്‍ ഇറാനിയന്‍ അധികൃതര്‍ പിടിച്ചെടുത്തുവെന്നും തുടര്‍ന്ന് സര്‍ക്കാരില്‍ നിന്ന് ആ സ്വത്തുക്കള്‍ തിരികെ ലഭിക്കുന്നതിനായി യുഎസില്‍ ഒരു ബിസിനസ്സ് ആരംഭിക്കാന്‍ ഇറാന്റെ ഇന്റലിജന്‍സ് മന്ത്രാലയം അവരോട് പറഞ്ഞതായും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.

by Midhun HP News | Apr 20, 2026 | Latest News, ജില്ലാ വാർത്ത
പാലക്കാട്: ഉയർന്ന താപനില പരിഗണിച്ച് ജില്ലയിലെ സ്കൂളുകൾ കോളജുകൾ (പ്രൊഫഷണൽ/ടെക്നിക്കൽ ഉൾപ്പെടെ) കോച്ചിംഗ് സെന്ററുകൾ ഉൾപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ ഇന്നു (ഏപ്രിൽ 20) മുതൽ നിർത്തി വെക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ല കലക്ടറുടെ നിർദേശം. 24 മണിക്കൂറിനകം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
നിലവിലെ താപനില: 40.1°C (ഫീൽഡ് ടെംപറേച്ചർ 45°C വരെ), ഉയർന്ന UV ഇൻഡക്സ് (7) – ഹീറ്റ് സ്ട്രോക്ക്, ഡീഹൈഡ്രേഷൻ എന്നിവയ്ക്കുള്ള സാധ്യത, ക്ലാസ് മുറികളിലെ മിതമായ താപനില,വെന്റിലേഷൻ സൗകര്യങ്ങളുടെ അഭാവം, വരും ദിവസങ്ങളിലെ താപനില കുറയാനുള്ള സാധ്യത കുറവ് എന്നിവ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. താപനില 37°C- ലൊ അതിൽ താഴെയൊ രണ്ട് തുടർച്ചയായ ദിവസങ്ങൾ രേഖപ്പെടുത്തിയാൽ മാത്രമെ ഉത്തരവ് പിൻവലിക്കപ്പെടുകയുള്ളുവെന്നും ഉത്തരവിൽ പറയുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ 24 മണിക്കൂറിനകം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനും നിർദ്ദേശമുണ്ട്. Google Classroom, Microsoft Teams Zoom തുടങ്ങിയ യൂണിവേഴ്സിറ്റി/ ബോർഡുകൾ അംഗീകരിച്ച പ്ലാറ്റ്ഫോമുകളിലൂടെ ക്ലാസുകൾ ,പരീക്ഷകൾ ഉൾപ്പെടെയുള്ള അക്കാദമിക്ക് പ്രവർത്തനങ്ങൾ നടത്താവുന്നതാണ്. ഓൺലൈൻ ഉപാധികളിലൂടെ മാത്രം ക്ലാസുകളുടെ തുടർച്ചയും ഹാജർ നിലയും നിലനിർത്തണം. അതു വഴി ഒരു വിദ്യാർത്ഥിക്കും അക്കാദമിക്ക് തലത്തിൽ നഷ്ടങ്ങൾ ഉണ്ടാകരുതെന്നും ഉത്തരവിൽ പറയുന്നു.
ഇതിനകം നിശ്ചയിച്ച പരീക്ഷകളും പ്രാക്ടിക്കൽ ക്ലാസുകളും മിതമായ താപനിലയിൽ, കുടിവെള്ളം, ORS ലായനി എന്നിവ ഉറപ്പാക്കി കൊണ്ട് നടത്താം. ഒഴിച്ചുകൂടാൻ പറ്റാത്തതും ഓൺലൈനായി സാധ്യമാകാത്തതുമായ ലാബോറട്ടറി, ക്ലിനിക്കൽ, പ്രാക്ടിക്കൽ പരീക്ഷകൾ ചെറിയ ബാച്ചുകളായി രണ്ട് മണിക്കൂറിൽ കൂടാത്ത സമയ പരിധിക്കുള്ളിൽ മതിയായ വെന്റിലേഷനോടെയും മിതമായ താപനിലയും ഉറപ്പാക്കി കൊണ്ട് നടത്താവുന്നതാണ്.
രാവിലെ 10 മുതൽ വൈകീട്ട് 4 വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. മതിയായ അളവിൽ വെള്ളം കുടിക്കണം. ഹോസ്റ്റലുകളിലും റെസിഡൻഷ്യൽ സ്ഥാപനങ്ങളിലും ആവശ്യമായ ശുദ്ധജല ലഭ്യത, ശീതീകരണ സംവിധാനങ്ങൾ, മെഡിക്കൽ സഹായം ഉറപ്പാക്കണം.

ഉത്തരവിൻ്റെ ലംഘനം ശ്രദ്ധയിൽ പ്പെട്ടാൽ ഡിസ്ട്രിക്റ്റ് എമർജൻസി ഓപ്പറേഷൻ സെൻറർ ഹെൽപ്പ് ലൈൻ നമ്പറായ1077 എന്നതിൽ ബന്ധപ്പെടാവുന്നതാണ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ Disaster Management Act, 2005 പ്രകാരം നടപടി സ്വീകരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
by Midhun HP News | Apr 20, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ശസ്ത്രക്രിയകള്‍ക്ക് പുതിയ മാര്‍ഗരേഖ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. രോഗികള്‍ക്ക് ശസ്ത്രക്രിയ വിവരങ്ങള്‍ അടങ്ങിയ റിസ്റ്റ് ബാന്‍ഡ് ധരിപ്പിച്ചിരിക്കണം. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുന്‍കൂട്ടി അടയാളപ്പെടുത്തണം. ഓപ്പറേഷന്‍ തിയേറ്ററില്‍ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ മാര്‍ഗരേഖയില്‍ ഉള്‍പ്പെടുന്നു.
ശസ്ത്രക്രിയയ്ക്ക് മുമ്പ് വൈറ്റ് ബോര്‍ഡില്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം. ശസ്ത്രക്രിയയ്ക്ക് ശേഷം ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ച് ചെക്ക്‌ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണമെന്നും നിര്‍ദേശിക്കുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്‌സും രോഗിയുടെ ഐപി നമ്പര്‍, കേസ് റെക്കോര്‍ഡ് എന്നിവ പൂര്‍ത്തിയാക്കണം.
വാര്‍ഡ് ഡോക്ടറും നഴ്‌സ് ഇന്‍ ചാര്‍ജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം. തിയേറ്റര്‍ ചുമതലയുള്ള നഴ്‌സിങ്ങ് ഓഫീസര്‍ ഇതു വായിച്ച് വ്യക്തത വരുത്തി ഒപ്പിടണം. അതിനുശേഷം മാത്രമേ തീയേറ്ററിനുള്ളിലേക്ക് രോഗിയെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂവെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. ചെറുതും വലുതുമായ എല്ലാത്തരം ശസ്ത്രക്രിയയ്ക്കും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

by Midhun HP News | Apr 20, 2026 | Latest News, കേരളം
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍, ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ അധ്യാപകര്‍ കേരളം വിട്ടെന്ന് പൊലീസ്. അധ്യാപകനും ഓറല്‍ പതോളജി ആന്റ് മൈക്രോബയോളജി വിഭാഗം മേധാവിയായിരുന്ന ഡോ. എം കെ റാം ആന്ധ്രയിലാണെന്ന് പൊലീസിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രതി ചേര്‍ക്കപ്പെട്ട അധ്യാപിക ഡോ. സംഗീത നമ്പ്യാറും കേരളത്തില്‍ ഇല്ലെന്ന് പൊലീസ് കണ്ടെത്തി.
നിതിന്റെ മരണത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ ആയിരുന്ന ഡോ. റാമിനെ 16 ന് കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു. ആന്ധ്ര സ്വദേശിയാണ് ഇയാള്‍. ഈ മാസം 10 ന് ഉച്ചയ്ക്കാണ് നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചത്. ഈ മാസം 12 നാണ് പ്രത്യേക അന്വേഷണ സംഘം അധ്യാപകരായ ഡോ. റാമിനും ഡോ. സംഗീതയ്ക്കുമെതിരെ കേസെടുത്തത്. ആത്മഹത്യാ പ്രേരണ, ജാതീയ അധിക്ഷേപം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. നിതില്‍ മരിച്ച് 10 ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല.
ലോണ്‍ ആപ്പ് കാരണമാണ് നിതിന്‍ രാജ് മരിച്ചതെന്ന് വരുത്തിതീര്‍ക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. കേസെടുത്തതിന് പിന്നാലെ അധ്യാപകരായ ഡോ. റാം, ഡോ. സംഗീത എന്നിവര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു. കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതി അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഈ മാസം 22 ന് പരിഗണിക്കുന്നുണ്ട്. നിതിന്‍ രാജിനെ ഭീഷണിപ്പെടുത്തിയ ലോണ്‍ ആപ്പിലെ മൂന്നു ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ കസ്റ്റഡി അപേക്ഷ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നു പരിഗണിക്കും.
by Midhun HP News | Apr 20, 2026 | Latest News, കേരളം
കൊച്ചി: അക്ഷയ തൃതീയ ദിനമായ ഞായറാഴ്ച വില്‍പ്പനയില്‍ നേട്ടവുമായി സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരികള്‍. കേരളമെമ്പാടുമുള്ള 12,000 ജ്വല്ലറികളില്‍ നിന്നായി ഞായറാഴ്ച വൈകീട്ട് വരെ ഏകദേശം 1260 കോടി രൂപയുടെ വ്യാപാരം നടന്നതായാണ് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ കണക്ക്.
ഏകദേശം 900 കിലോയുടെ സ്വര്‍ണമാണ് വിറ്റുപോയത്. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായില്ലെന്നത് വാങ്ങാനെത്തിയവര്‍ക്ക് ആശ്വാസമായതായും ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് അബ്ദുള്‍ നാസര്‍ പറഞ്ഞു.
by Midhun HP News | Apr 20, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷ സ്ഥിതി വീണ്ടും വഷളാകുന്നു. ഹോര്‍മുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാന്‍ ശ്രമിച്ച ഇറാന്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്തതായി അമേരിക്ക. ഇറാനിയന്‍ പതാക നാട്ടിയ കപ്പലാണ് ഒമാന്‍ തീരത്തിന് സമീപത്ത് നിന്ന് പിടിച്ചെടുത്തതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ അറിയിച്ചു.
ടൗസ്‌ക എന്നു പേരുള്ള 900 അടി നീളവും വിമാനത്തോളം ഭാരവുമുള്ള കപ്പലാണ് പിടിച്ചെടുത്തിട്ടുള്ളതെന്നും ട്രംപ് അറിയിച്ചു. അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് സ്പ്രുവാന്‍സ് ഇറാനിയന്‍ കപ്പലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അവര്‍ അതു ചെവിക്കൊണ്ടില്ല. എഞ്ചിന്‍ റൂം തുളച്ച് ഞങ്ങള്‍ അതിനെ തടഞ്ഞുവെന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കാലയളവ് അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് യുഎസ് നീക്കം. അമേരിക്കയുടെ നടപടി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്ന് ഇറാന്‍ അഭിപ്രായപ്പെട്ടു. കപ്പല്‍ പിടിച്ചെടുത്ത അമേരിക്കയ്‌ക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ സൂചിപ്പിച്ചു. യുഎസിന്റെ നടപടി കടല്‍ക്കൊള്ളയാണെന്നും ഇറാന്‍ വിശേഷിപ്പിച്ചു. ആവശ്യമെങ്കില്‍ പൂര്‍ണയുദ്ധത്തിന് തയ്യാറാണെന്നും ഇറാന്‍ സൈന്യം സൂചിപ്പിച്ചു.
Recent Comments