സ്വര്‍ണവില കുറഞ്ഞു; 1,14,000ല്‍ താഴെ

സ്വര്‍ണവില കുറഞ്ഞു; 1,14,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,13,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കുറഞ്ഞത്. 14,235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പശ്ചിമേഷ്യയില്‍ സംഘര്‍ഷ സ്ഥിതി വീണ്ടും വഷളായി എന്ന് സൂചന നല്‍കി ഇറാന്‍ ചരക്കുകപ്പല്‍ അമേരിക്ക പിടിച്ചെടുത്തത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. എണ്ണവില ഉയര്‍ന്നതോടെ സ്വാഭാവികമായി ആഗോള വിപണിയില്‍ സ്വര്‍ണവില കുറയുകയായിരുന്നു. ഇതാണ് കേരളത്തിലെ സ്വര്‍ണവില്‍പ്പനയില്‍ പ്രതിഫലിച്ചത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം, 17 പേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് ഗുരുതര പരിക്ക്

തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം, 17 പേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് ഗുരുതര പരിക്ക്

ചെന്നൈ: തമിഴ്‌നാട് വിരുദുനഗറില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം. 17 പേര്‍ മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ ഒട്ടേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് കുടുങ്ങി കിടക്കുന്ന നിരവധിപ്പേരെ പുറത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സംഭവ സമയത്ത് സ്ഥലത്ത് 50ലധികം പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷിച്ച് വരികയാണ്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പടക്കനിര്‍മ്മാണശാലയിലെ നാലുമുറികള്‍ പൂര്‍ണമായി തകര്‍ന്നു. സ്‌ഫോടനത്തിന്റെ പ്രകമ്പനം പത്തുകിലോമീറ്റര്‍ വരെ അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. സ്ഥലത്ത് നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം. ഇവരെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. തീ ആളിക്കത്തുന്നതിനാല്‍ കുടുങ്ങി കിടക്കുന്നവരുടെ അരികില്‍ എത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

‘ദൂരദര്‍ശനെ ദുരുപയോഗം ചെയ്തു’; പ്രധാനമന്ത്രിക്കെതിരെ പരാതിയുമായി ഇടത് പാര്‍ട്ടികള്‍

‘ദൂരദര്‍ശനെ ദുരുപയോഗം ചെയ്തു’; പ്രധാനമന്ത്രിക്കെതിരെ പരാതിയുമായി ഇടത് പാര്‍ട്ടികള്‍

ഡല്‍ഹി: ദൂരദര്‍ശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് പരാതിയുമായി ഇടത് പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ സന്ദേശങ്ങള്‍ പങ്കുവയ്ക്കാന്‍ ദൂരദര്‍ശനെ ഉപയോഗിച്ച നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സിപിഎമ്മും സിപിഐയും ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരുപാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

2026 ഏപ്രില്‍ 18 ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരികയും തമിഴ്നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയും ചെയ്ത സമയത്ത്, പ്രധാനമന്ത്രി തന്റെ സംപ്രേക്ഷണത്തിലൂടെ ദൂരദര്‍ശനെ രാഷ്ട്രീയ സന്ദേശങ്ങള്‍ക്കായി ദുരുപയോഗം ചെയ്തു. വിഷയത്തില്‍ പ്രധാനമന്ത്രിക്കും മറ്റുള്ളവര്‍ക്കുമെതിരെ ഈ ലംഘനത്തിന് നടപടിയെടുക്കണം എന്നും പാര്‍ട്ടികള്‍ ആരോപിച്ചു.

നേരത്തെ, വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ അനില്‍ അക്കരയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സമയത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംവിധാനങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം ഉള്‍പ്പെടെ നടത്തിയെന്ന് പരാതിയില്‍ പറയുന്നു. ഔദ്യോഗിക പ്ലാറ്റ്‌ഫോം രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാന്‍ പ്രധാനമന്ത്രി ദുരുപയോഗം ചെയ്തു. രാഷ്ട്രീയ പരമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ശ്രീകൃഷ്ണനെ അവഹേളിച്ച് വിഷു ആശംസ പോസ്റ്റുകള്‍; തീവ്രവാദബന്ധം അന്വേഷിക്കണമെന്ന് ഹിന്ദുഐക്യവേദി

ശ്രീകൃഷ്ണനെ അവഹേളിച്ച് വിഷു ആശംസ പോസ്റ്റുകള്‍; തീവ്രവാദബന്ധം അന്വേഷിക്കണമെന്ന് ഹിന്ദുഐക്യവേദി

തിരുവനന്തപുരം: വിഷുദിനത്തില്‍ ശ്രീകൃഷ്ണനെ അവഹേളിച്ച് ആശംസാ പോസ്റ്റുകള്‍ പ്രചരിപ്പിച്ച ഹോട്ടലുടമകള്‍ക്കെതിരെ പരാതിയുമായി ഹിന്ദുഐക്യവേദി. സംഭവത്തിന് പിന്നിലെ അസ്വഭാവികതയും തീവ്രവാദബന്ധവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി ഡിജിപിക്ക് പരാതി നല്‍കി. ശ്രീകൃഷ്ണന് മുന്നില്‍ കുഴിമന്തി വച്ചിരിക്കുന്ന തരത്തില്‍ തയാറാക്കിയ പോസ്റ്റര്‍ ആണ് പ്രചരിച്ചത്.

കേരളത്തിലെ വിവിധ റെസ്റ്റോറന്റുകള്‍ ഇത്തരത്തില്‍ വിഷു ആശംസാ പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും ഹിന്ദുഐക്യവേദി ആരോപിച്ചു. ഹിന്ദുഐക്യവേദി അദ്ധ്യക്ഷന്‍ ആര്‍ വി ബാബുവാണ് ഇക്കാര്യം അറിയിച്ചത്.

ശ്രീകൃഷ്ണനെ അധിക്ഷേപിച്ച് വിഷു ആശംസാ പോസ്റ്റുകള്‍ പങ്കുവച്ചതിന് ചേര്‍ത്തല സ്വദേശിയും മെഹര്‍ മന്തി എന്ന റെസ്റ്റോറന്റ് ഉടമയുമായ യുവാവ് അറസ്റ്റിലായിരുന്നു. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ശ്രീകൃഷ്ണന് മുന്നില്‍ കുഴിമന്തി വച്ചിരിക്കുന്ന തരത്തിലാണ് പോസ്റ്റര്‍ തയാറാക്കിയത്. ബോധപൂര്‍വം ചെയ്തതല്ലെന്നും സോഷ്യല്‍ മീഡിയ പോസ്റ്റ് തയാറാക്കാന്‍ ഫ്രീലാന്‍സറെ ഏല്‍പ്പിച്ചതാണെന്നുമാണ് ഹോട്ടല്‍ ഉടമയുടെ വിശദീകരണം. തണ്ണീര്‍മുക്കം സ്വദേശിയായ അഭിഭാഷകന്‍ എം വി ബിജു നല്‍കിയ പരാതിയിലായിരുന്നു കേസ്. ഒരു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

അലിന്‍ ജോസ് പെരേരയെ വിളിച്ച് വരുത്തി അപമാനിച്ചു? ഷര്‍ട്ടൂരി റോഡിലൂടെ നടത്തി

അലിന്‍ ജോസ് പെരേരയെ വിളിച്ച് വരുത്തി അപമാനിച്ചു? ഷര്‍ട്ടൂരി റോഡിലൂടെ നടത്തി

സോഷ്യല്‍ മീഡിയയിലെ താരമാണ് അലിന്‍ ജോസ് പെരേര. സിനിമയുടെ റിവ്യു പറഞ്ഞ് വൈറലായി മാറിയ അലിന്‍ ജോസ് പെരേരയുടെ വിഡിയോകള്‍ ട്രോളുകളിലും മറ്റും നിറയാറുണ്ട്. വിവാദങ്ങള്‍ക്കും ഒട്ടും പഞ്ഞമില്ല. അലിന്‍ ജോസ് പെരേരയെ വിവാഹ ചടങ്ങില്‍ നിന്നും ഇറക്കിവിട്ടുവെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ പറയുന്നത്.

മലപ്പുറം കൊണ്ടോട്ടിയില്‍ നടന്നൊരു വിവാഹത്തിന് അലിന്‍ ജോസ് പെരേരയെ അതിഥിയായി ക്ഷണിച്ചിരുന്നു. തുടര്‍ന്ന് അവിടെയെത്തിയ അലിന്‍ ജോസ് പെരേരയെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് അവഹേളിക്കുകയും ഇറക്കി വിടുകയും ചെയ്തുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. ഇതിന്റെ വിഡിയോയും പ്രചരിക്കുന്നുണ്ട്.

വിവാഹത്തില്‍ പങ്കെടുക്കുന്ന അലിന്‍ ജോസ് പെരേരയേയും പിന്നീട് അദ്ദേഹം റോഡിലൂടെ നടന്നു പോകുന്നതും വിഡിയോയില്‍ കാണാം. അലിന്‍ ജോസിന് പിന്നാലെ കളിയാക്കി കൊണ്ട് യുവാക്കളുടെ ഒരു സംഘവുമുണ്ട്. ഷര്‍ട്ട് ഊരിപ്പിച്ചതായും വിഡിയോയില്‍ കാണാം. ഒടുവില്‍ എല്ലാത്തിനുമൊരു പരിധിയുണ്ടെന്ന് യുവാക്കളോട് പറയുന്ന അലിന്‍ ജോസ് പെരേരയേയും കാണാം.

വിഡിയോ വൈറലായതോടെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്. ക്ഷണിച്ചു വരുത്തി അപമാനിച്ചത് ഒരു തരത്തിലും ന്യായീകരിക്കാനാകുന്നതല്ലെന്നാണ് വിമര്‍ശനം. എല്ലാവര്‍ക്കും ആത്മാഭിമാനമുണ്ട്. മനുഷ്യനെ മനുഷ്യനായി കണ്ട് ബഹുമാനം നല്‍കാനാകണം. ആള്‍ക്കൂട്ട ആക്രമണം അംഗീകരിക്കാനാകില്ലെന്നും വിമര്‍ശകര്‍ പറയുന്നു. അതേസമയം ഇതൊക്കെ പബ്ലിസിറ്റിയ്ക്ക് വേണ്ടി ചെയ്യുന്നതാണെന്നും ആരോപണമുണ്ട്. അലിന്‍ ജോസ് പെരേരയും അറിഞ്ഞു കൊണ്ട് ചെയ്തതാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്.

സംഭവത്തില്‍ അലിന്‍ ജോസ് പെരേര ഇതുവരേയും പ്രതികരിച്ചിട്ടില്ല. അലിന്‍ ജോസ് പെരേരയെ വിവാഹങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കും പണം നല്‍കി അതിഥിയായി ക്ഷണിക്കാറുണ്ട്.

തൃശൂരിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, സഹോദരന്റെ നില ഗുരുതരം

തൃശൂരിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, സഹോദരന്റെ നില ഗുരുതരം

തൃശ്ശൂര്‍: കോടാലിയില്‍ എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചു. കോടാലിയില്‍ കാവുങ്ങല്‍ സില്‍ജോ-ജോണ്‍സി ദമ്പതികളുടെ മകന്‍ ആൻ ജോയാണ് മരിച്ചത്. ആനു ജോയുടെ സഹോദരന്‍ അനോജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തലേദിവസം രാത്രി ജ്യൂസ് കുടിച്ചതിന് ശേഷമാണ് കുട്ടികള്‍ കിടന്നത്. അതുകൊണ്ട് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്നായിരുന്നു മാതാപിതാക്കള്‍ കരുതിയത്. എന്നാല്‍ ആശുപത്രിയിലെ പരിശോധനയിലാണ് പാമ്പ് കടിയേറ്റതാണെന്ന് മനസിലായത്. പിന്നാലെ ബന്ധുക്കൾ വീടിനുള്ളില്‍ നടത്തിയ തിരച്ചിലില്‍ കുട്ടികള്‍ കിടന്നിരുന്ന മുറിയിലെ തലയണയ്ക്ക് അടിയില്‍ നിന്ന് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തുകയായിരുന്നു.