by Midhun HP News | Sep 24, 2024 | Latest News, കേരളം
തൃശൂര്: കയ്പമംഗലത്ത് യുവാവിനെ മര്ദിച്ച് കൊന്ന് ആംബുലന്സില് തള്ളി. കോയമ്പത്തൂര് സ്വദേശി അരുണാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു.
ഇന്നലെ വൈകീട്ട് കയ്പമംഗലത്തുളള സ്വകാര്യ ആംബുലന്സിലേക്ക് ഒരു ഫോണ് കോള് വന്നു. ഒരാളെ വണ്ടി തട്ടിയിട്ടുണ്ടെന്നും ഉടന് ആശുപത്രിയില് എത്തിക്കണമെന്നുമായിരുന്നു ഫോണ് കോളില് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില് ആംബുലന്സ് അവിടെയെത്തി. സമീപത്തുണ്ടായിരുന്ന കാറില് നാലംഗ സംഘവും ഉണ്ടായിരുന്നു. വാഹനം ഇടിച്ചതാണെന്നും ഉടന് ആശുപത്രിയിലെത്തിക്കണമെന്നും അവര് ആംബുലന്സ് ഡ്രൈവറോട് ആവശ്യപ്പെട്ടു. ആരെങ്കിലും ഒരാള് ആംബുലന്സില് കയറണമെന്ന് ഡ്രൈവര് പറഞ്ഞെങ്കിലും കാറില് വരാമെന്ന് യുവാക്കള് അറിയിക്കുകയും ചെയ്തു.
യുവാവിനെ ആംബുലന്സില് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും പുറകില് വന്നവര് സ്ഥലം വിട്ടിരുന്നു. ആശുപത്രി അധികൃതര് പരിശോധിച്ചപ്പോഴെക്കും യുവാവ് നേരത്തെ തന്നെ മരിച്ചതായി കണ്ടെത്തി. തുടര്ന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് ക്രൂരമായി മര്ദനമേറ്റ യുവാവിന്റെ ദേഹമാസകലം പരിക്കേറ്റ പാടുകള് കണ്ടെത്തിയത്. തുടര്ന്ന് ആശുപത്രി അധികൃതര് വിവരം കൊടുങ്ങല്ലൂര് പൊലീസിനെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില് നടത്തിയ അന്വഷണത്തിലാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.
കണ്ണൂര് അഴിക്കലില് ഉള്ള ഐസ് ഫാക്ടറി ഉടമ സാദിഖാണ് കോയമ്പത്തൂരില് നിന്ന് അരുണിനെയും ശശാങ്കനെയും വിളിച്ചുവരുത്തിയതെന്ന് പൊലീസ് കണ്ടെത്തി. അരുണും സാദിഖും തമ്മില് പത്തുലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. പണം തിരിച്ചുകിട്ടാതെ വന്നതോടെ, അത് തിരിച്ചുപിടിക്കാനായാണ് അരുണിനെ കോയമ്പത്തൂരില് നിന്ന് വിളിച്ചുവരുത്തിയത്. തൃശൂരിലെത്തിയ ഇരുവരെയും നാലംഗസംഘം കാറില് പിടിച്ചുകയറ്റി ബന്ദിയാക്കി ക്രൂരമായി മര്ദിച്ചു.
മര്ദനത്തില് അരുണ് മരിച്ചെന്ന് വ്യക്തമായതോടെ മൃതദേഹം ഉപേക്ഷിക്കാന് വേണ്ടി ഐസ് ഫാക്ടറി ഉടമയും സുഹൃത്തുക്കളും കണ്ടെത്തിയ മാര്ഗമാണ് ആംബുലന്സ് വിളിച്ചുവരുത്തല്. മൃതദേഹം ആംബുലന്സ് കയറ്റിയതിന് പിന്നാലെ നാലംഗസംഘം സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഇവര്ക്കായി പൊലീസ് തിരച്ചില് ശക്തമാക്കി. അരുണിനൊപ്പം കോയമ്പത്തൂരില് നിന്നും എത്തിയ ശശാങ്കനില് നിന്നാണ് പൊലീസിന് കൂടുതല് വിവരങ്ങള് ലഭിച്ചത്. ശശാങ്കന് പൊലീസ് കസ്റ്റഡിയിലാണ്.
by Midhun HP News | Sep 24, 2024 | Latest News, കേരളം
കൊച്ചി: ‘ഞാനൊരു രാജ്യദ്രോഹിയല്ല, രാജ്യസ്നേഹിയാണ്. ഇത് തെളിയിക്കണം’ – അതിനായാണ് 75കാരനായ മനോഹരന് കാസര്കോട് നിന്നും തിരുവനന്തപുരത്തേക്ക് കാല്നട യാത്ര നടത്തുന്നത്. കമ്യൂണിസ്റ്റ് ആഭിമുഖ്യത്തിന്റെ പേരില് കേന്ദ്രസര്ക്കാര് രണ്ടുതവണ ജോലിയില് നിന്നും പുറത്താക്കിയ അഡ്വ. ആര് മനോഹരന് നീതിക്കുവേണ്ടിയുള്ള നടത്തത്തിലാണ്. ‘കമ്യൂണിസ്റ്റ് മുദ്രകുത്തി കേന്ദ്രസര്ക്കാര് സര്വീസില്നിന്ന് പുറത്താക്കിയവരെ പുനരധിവസിപ്പിക്കണം’ എന്നതാണ് കാസര്കോട്ടുമുതല് തിരുവനന്തപുരംവരെ നീളുന്ന യാത്രയുടെ ഉദ്ദേശ്യം.
പന്തളത്തെ എന്എസ്എസ് പോളിടെക്നിക്കലില് നിന്ന് എന്ജിനിയറിങ് പൂര്ത്തിയാക്കിയ മനോഹരന് 1969ല് ഇന്ത്യന് ആര്മിയില് ജോലിയില് പ്രവേശിപ്പിച്ചു. ഒന്പതുമാസത്തിന് ശേഷം ജോലിയില് നിന്നും പുറത്താക്കി. തന്റെ സ്വഭാവം നല്ലതല്ലെന്നായിരുന്നു അധികൃതര് അതിനുകണ്ടെത്തിയ കാരണമെന്ന് മനോഹരന് പറയുന്നു. പരിശോധനയില് താന് കമ്യൂണിസ്റ്റാണെന്ന് അവര് കണ്ടെത്തിയിരുന്നു. പിന്നീട് മുംബൈയില് ആദായനികുതി വകുപ്പില് ജോലി കിട്ടി. അവിടെ നിന്ന് ഇതേ കാരണത്താല് തന്നെ പുറത്താക്കിയെന്ന് മനോഹരന് പറയുന്നു.

ജോലിയില് തിരിച്ചെടുക്കണമെന്നും ദേശവിരുദ്ധരില് നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗവര്ണര്ക്കും നിരവധി മെമ്മോറാണ്ടങ്ങള് അയച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മനോഹരന് പറയുന്നു. സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയില് വിഷയം ഉന്നയിച്ചിരുന്നെന്നും മനോഹരന് ന്യൂ ഇന്ത്യന് എക്സ്പ്രസിനോടു പറഞ്ഞു. ‘ഇപ്പോള് എനിക്ക് 75 വയസ്സായി, രാജ്യത്തോടുള്ള എന്റെ സ്നേഹം തെളിയിക്കണം.
ഇതിന്റെ ഭാഗമായി കാസര്കോട് മുതല് തിരുവനന്തപുരം വരെ നീളുന്ന കാല്നടയാത്ര നടത്താന് തീരുമാനിച്ചു. ഓഗസ്റ്റ് 15ന് കാസര്കോട് തലപ്പാടിയിലാണ് യാത്ര തുടങ്ങിയത്. നവംബറോടെ തിരുവനന്തപുരത്തെത്തുമെന്നാണ് പ്രതീക്ഷ’ – മനോഹരന് പറഞ്ഞു. ദിവസവും 15 മുതല് 20 കിലോമീറ്റര് വരെ സഞ്ചരിക്കുന്ന മനോഹരന് ഇപ്പോള് മലപ്പുറം ജില്ലയിലാണ്. അടുത്തയാഴ്ച പാലക്കാട് കടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്ക്കാര് ജോലിയില് നിന്നും പിരിച്ചുവിട്ടശേഷം മനോഹരന് വിവിധ ജോലികളില് മുഴുകി. കായംകുളത്തെ ഒരു സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് സൊസൈറ്റിയായ കേരള കോഓപ്പറേറ്റീവ് ട്രാന്സ്പോര്ട്ടില് (കെസിടി) മെക്കാനിക്കായ അദ്ദേഹം പിന്നീട് അതിന്റെ യൂണിയന് നേതാവായി. 1980-ല് ഒമാനില് പോയി അവിടെ ഒമ്പത് വര്ഷത്തോളം ജോലി ചെയ്തു 1989-ല് തിരിച്ചെത്തി. പിന്നീട് തിരുവനന്തപുരത്തെ കേരള ലോ അക്കാദമിയില് എല്എല്ബി നേടിയ ശേഷംം അഭിഭാഷകനായി ജോലി ചെയ്തു. അച്ഛന് രാമകൃഷ്ണനാണ് മനോഹരനെ കമ്യൂണിസത്തിലേക്ക് ആകര്ഷിച്ചത്. 2012വരെ സിപിഎമ്മില് സജീവമായിരുന്ന മനോഹരന്, ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്ന്ന് പരസ്യമായി ശബ്ദമുയര്ത്തിയതോടെ പാര്ട്ടി അംഗത്വത്തില് നിന്ന് പുറത്താക്കപ്പെട്ടു. ‘ഞാനൊരു കമ്യൂണിസ്റ്റാണ്, പക്ഷേ രാജ്യദ്രോഹിയല്ല. എന്റെ മരണത്തിന് മുമ്പ് എനിക്ക് അത് തെളിയിക്കണം, ‘അദ്ദേഹം പറഞ്ഞു.
by Midhun HP News | Sep 24, 2024 | Latest News, കേരളം
കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസില് മുന്കൂര് ജാമ്യ ഹര്ജി ഹൈക്കോടതി തള്ളിയതോടെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന് പൊലീസ് നീക്കം തുടങ്ങി. സിദ്ദിഖ് വിദേശത്തേയ്ക്ക് കടക്കാതിരിക്കാന് വിമാനത്താവളങ്ങളില് ലുക്ക് ഔട്ട് സര്ക്കുലര് ഇറക്കി. അതേസമയം സിദ്ദിഖ് എവിടെ എന്നതില് വ്യക്തതയില്ല. അദ്ദേഹത്തിന്റെ ഫോണുകള് സ്വിച്ച് ഓഫ് ആണെന്നാണ് പൊലീസ് പറയുന്നത്. കാക്കനാട് പടമുഗളിലെ വീട്ടിലും ആലുവ കുട്ടമശേരിയിലെ വീട്ടിലും സിദ്ദിഖ് ഇല്ല. കുട്ടമശേരിയിലെ വീട് പൂട്ടിയ നിലയിലാണ്.
അതിനിടെ ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാര് ഉന്നയിച്ച ആരോപണങ്ങള് അന്വേഷിക്കാന് രൂപം നല്കിയ പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്ട്ടുകള്. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതില് തടസ്സങ്ങള് ഒന്നുമില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന് കൊച്ചി പൊലീസിന് ക്രൈംബ്രാഞ്ച് മേധാവി നിര്ദേശം നല്കി. സുപ്രീംകോടതി തീരുമാനം വരെ കാത്തിരിക്കേണ്ടെന്നും ഉടന് അറസ്റ്റ് ചെയ്യാനും ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കടേഷ് നിര്ദേശം നല്കിയതാണ് വിവരം.
തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര് ചെയ്ത കേസില് സിദ്ദിഖ് നല്കിയ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് രാവിലെയാണ് തള്ളിയത്. തനിക്കെതിരായ ആരോപണങ്ങള് ആടിസ്ഥാനരഹിതമാണെന്നാണ് സിദ്ദിഖ് ഹര്ജിയില് ബോധിപ്പിച്ചത്. വര്ഷങ്ങള്ക്കു മുന്പ് യുവനടി ഉന്നയിച്ച ആരോപണങ്ങളില് ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദിഖ് ജാമ്യാപേക്ഷയില് പറഞ്ഞിരുന്നു.
നടനെതിരെ യുവനടി നല്കിയ പരാതിയില് ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. തിരുവനന്തപുരത്തെ ഹോട്ടലില് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരി വയ്ക്കുന്നതാണ് തെളിവുകളെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ഹേമ കമ്മിറ്റി റിപ്പോര്ട്ട് വന്നതിനു പിന്നാലെയാണ് സിദ്ദിഖിനെതിരെ ലൈംഗിക അതിക്രമ കേസ് രജിസ്റ്റര് ചെയ്തത്. യുവ നടിയാണ് പരാതി നല്കിയത്. 2016 ജനുവരി 28നാണ് സംഭവമെന്നായിരുന്നു നടിയുടെ ആരോപണം. നിള തിയേറ്ററില് സിനിമ പ്രിവ്യു കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലില് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
by Midhun HP News | Sep 24, 2024 | Latest News, കേരളം
കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 9.45 നാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. പിന്നാലെ അറസ്റ്റ് ചെയ്ത് ജാമ്യത്തില് വിട്ടയക്കുകയായിരുന്നു. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷിന് മുൻകൂർ ജാമ്യം നൽകിയിരുന്നു.
by Midhun HP News | Sep 24, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില റെക്കോര്ഡുകള് ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്ധിച്ചതോടെ സ്വര്ണവില ആദ്യമായി 56,000 തൊട്ടു. ഗ്രാമിന് 20 രൂപയാണ് വര്ധിച്ചത്. 7000 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. മെയില് രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വര്ണവില പുതിയ ഉയരം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില് 53,360 രൂപയായിരുന്നു സ്വര്ണവില. പടിപടി ഉയര്ന്ന സ്വര്ണവില സെപ്റ്റംബര് 16നാണ് വീണ്ടും 55,000 കടന്നത്.
എന്നാല് പിന്നീടുള്ള മൂന്ന് ദിവസം ഇടിഞ്ഞതോടെ സ്വര്ണവില വീണ്ടും 55,000ല് താഴെയെത്തി. എന്നാല് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 480 രൂപ വര്ധിച്ച് വീണ്ടും സ്വര്ണവില 55,000ന് മുകളില് എത്തിയതോടെയാണ് റെക്കോര്ഡുകള് ഭേദിച്ച് മുന്നേറുമെന്ന സൂചന നല്കിയത്. അഞ്ചുദിവസത്തിനിടെ 1400 രൂപയാണ് വര്ധിച്ചത്.
by Midhun HP News | Sep 24, 2024 | Latest News
കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസില് നടന് സിദ്ദിഖ് നല്കിയ മുന്കൂര് ജാമ്യ ഹര്ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര് ചെയ്ത കേസിലാണ് സിദ്ദിഖ് മുന്കൂര് ജാമ്യാപേക്ഷ നല്കിയത്.
തനിക്കെതിരായ ആരോപണങ്ങള് ആടിസ്ഥാനരഹിതമാണെന്നാണ് സിദ്ദിഖ് ഹര്ജിയില് ബോധിപ്പിച്ചത്. വര്ഷങ്ങള്ക്കു മുന്പ് യുവനടി ഉന്നയിച്ച ആരോപണങ്ങളില് ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദിഖ് ജാമ്യാപേക്ഷയില് പറഞ്ഞിരുന്നു.
നടനെതിരെ യുവനടി നല്കിയ പരാതിയില് ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. തിരുവനന്തപുരത്തെ ഹോട്ടലില് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരി വയ്ക്കുന്നതാണ് തെളിവുകളെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
Recent Comments