മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രം ഡോക്ടറെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധവുമായി കെജിഎംഒ എ തിരുവനന്തപുരം ജില്ലാ ഘടകം

മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രം ഡോക്ടറെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധവുമായി കെജിഎംഒ എ തിരുവനന്തപുരം ജില്ലാ ഘടകം

കേവലം ഒരു വ്യാജ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെ ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്പെൻഡ് ചെയ്ത ആരോഗ്യ വകുപ്പ് ഡയരക്ടറുടെ നടപടിയിൽ കെജിഎംഒ എ തിരുവനന്തപുരം ജില്ലാ ഘടകം പ്രതിഷേധിച്ചു. കുടുംബസമേതം താമസിക്കാനായി വാടകയ്ക്ക് എടുത്ത വീട്ടിലാണ് ഒളി ക്യാമറയുമായി ഒരു മാധ്യമ പ്രവർത്തകൻ എത്തിയത്. പൊതു അവധി ദിവസമായ കഴിഞ്ഞ സെപ്റ്റംബർ 21 ന് തൻ്റെ ജോലി സമയത്തിനുശേഷം വൈകുന്നേരം നാലുമണിക്ക് രോഗികളെ പരിശോധിച്ച ഡോക്ടറെയാണ് തെറ്റായ മാധ്യമ വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെ എടുത്തുചാടി നടപടിക്ക് വിധേയനാക്കിയിരിക്കുന്നത്. ഇത് നഗ്നമായ നീതി നിഷേധമാണ്.

കടുത്ത മാനവ വിഭവ ശേഷി കുറവിനിടയിലും 24 മണിക്കൂറും പൊതുജനങ്ങൾക്ക് സേവനം കൊടുക്കുന്ന സ്ഥാപനമാണ് ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രം. ഡോക്ടറെ സസ്പെൻഡ് ചെയ്തതോടെ അവിടുത്തെ സേവനങ്ങൾക്ക് വിഘാതം സൃഷ്ടിക്കപ്പെടുന്നുമുണ്ട്. കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെയും ഡോക്ടറുടെ ഭാഗം കേൾക്കാതെയും എടുക്കുന്ന ഇത്തരം നടപടികൾ ഡോക്ടർ സമൂഹത്തിൻ്റെ തന്നെ മനോവീര്യം തളർത്തുന്നതാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ ആവുന്നതല്ല എന്ന് കെജിഎംഒ എ തിരുവനന്തപുരം ജില്ലാ ഘടകം പറഞ്ഞു. മികച്ച രീതിയിൽ പൊതുജനങ്ങൾക്ക് സേവനം നൽകിക്കൊണ്ടിരിക്കുന്ന ആശുപത്രിയെ തകർക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വ്യാജ പ്രചരണങ്ങൾ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. നടപടി ഉടനടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടിയിലേക്ക് നീങ്ങാൻ സംഘടന നിർബന്ധിതരാകും എന്ന് തിരുവനന്തപുരം ജില്ല കമ്മിറ്റി അറിയിച്ചു.

കിടാരി പാർക്കിലെ ഇന്നത്തെ കാഴ്ച്ച; ഇരുചക്ര വാഹനങ്ങളുടെ അപകടം തുടർക്കഥയാകുന്നു

കിടാരി പാർക്കിലെ ഇന്നത്തെ കാഴ്ച്ച; ഇരുചക്ര വാഹനങ്ങളുടെ അപകടം തുടർക്കഥയാകുന്നു

കടക്കാവൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ കിടാരി പാർക്ക് റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങളായി.
70% വ്യവസായവും നിലച്ചു. തൊഴിലാളികൾ ഉൾപ്പെടെ ഇവിടെ ആർക്കും വരാൻ കഴിയാത്ത അവസ്ഥയാണ്. ഇതുവഴി നിരന്തരം ഇരുചക്ര വാഹനം ഓടിക്കുന്നവർക്ക് നട്ടെല്ലിന് വേദന അനുഭവപ്പെടുകയാണ്. വാഹനങ്ങൾ നിരന്തരം അറ്റകുറ്റപ്പണിയിലാണ് ഒരു ഒമിനിയും രണ്ട് ഇരുചക്രവാഹനങ്ങളും കട്ടപ്പുറത്തായി. 200 ഓളം പശുക്കൾ ഉണ്ടായിരുന്ന സംസ്ഥാന സർക്കാരിൻറെ ആദ്യത്തെ കിടാരി പാർക്ക് ദുരിതങ്ങളുടെ നടുവിലാണ്. പരാതി പറയുമ്പോൾ മുടന്തൻ ന്യായങ്ങൾ മാത്രം പറയുന്ന ഭരണാധികാരികൾ ഈ റോഡിൻറെ ദുരവസ്ഥയും ഇത് ഉപയോഗിക്കുന്ന വൃദ്ധരും കുട്ടികളും അടങ്ങുന്നവരുടെ അവസ്ഥയും നേരിട്ട് കണ്ടു മനസ്സിലാക്കാൻ പോലും താൽപ്പര്യം പ്രകടിപ്പിക്കുന്നില്ല എന്നത് വളരെ ദുഃഖകരമാണ്.

അടിയന്തരമായി ഈ റോഡിൻറെ ദുരവസ്ഥ നേരിട്ട് കണ്ടു ബോധ്യപ്പെടുകയും ഇത് ഗതാഗത യോഗ്യമാക്കുന്നതിന് ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നും ഭരണാധികാരികളോടും ജനപ്രതിനിധികളോടും നിരന്തരം ആവശ്യപ്പെടുകയാണ് ജനങ്ങൾ.

ബം​ഗളൂരു അപ്പാർട്ട്മെന്റിൽ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

ബം​ഗളൂരു അപ്പാർട്ട്മെന്റിൽ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

ബം​ഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി തീർത്ത പൂക്കളം അലങ്കോലമാക്കിയ സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. പത്തനംതിട്ട സ്വദേശിയായ സിമി നായർക്കെതിരെയാണ് കേസ്. തന്നിസാന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ സമ്പി​ഗെഹള്ളി പൊലീസാണ് കേസെടുത്തത്.

ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്മെന്റിൽ ഓണാഘോഷത്തിന്റെ ഭാ​ഗമായാണ് കുട്ടികളുടെ നേതൃത്വത്തിൽ പൂക്കളം ഒരുക്കിയത്. പുലർച്ചെ നാല് മണിക്കാണ് പൂക്കളം പൂർത്തിയാക്കിയത്. ഇതിനു പിന്നാലെ നിമിഷങ്ങൾക്കകം യുവതി പൂക്കളം നശിപ്പിക്കുകയായിരുന്നു.

കോമൺ‌ ഏരിയയിൽ പൂക്കളം ഇട്ടതു ചോദ്യം ചെയ്ത സിമി നായർ തടയാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. സംഘർത്തെ തുടർന്നു ഓണ സദ്യ പാർക്കിങ് ബേയിലേക്ക് മാറ്റിയതായി അസോസിയേഷൻ വ്യക്തമാക്കി. ഏഴ് വർഷമായി മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തുന്നുണ്ട്. പൂക്കളം നശിപ്പിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇവർക്കെതിരെ വ്യാപകമായ വിമർശനവും ഉയർന്നു. ഫ്‌ലാറ്റിലെ മറ്റുള്ളവർ പറഞ്ഞിട്ടും ഇവർ പൂക്കളം അലങ്കോലപ്പെടുത്തുന്നതിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. പൂക്കളത്തിൽ കയറി ഇവർ നിൽക്കുന്നതും വിഡിയോയിൽ കാണാം. ഫ്‌ലാറ്റിലെ ബൈലോ പ്രകാരം ഇവിടെ പൂക്കളമിടാകാനില്ലെന്നും യുവതി വാദിക്കുന്നുണ്ട്.

പൂക്കളം നശിപ്പിക്കുന്ന വിഡിയോ എല്ലാവരെയും കാണിക്കുമെന്ന് പറഞ്ഞപ്പോൾ പ്രശ്‌നമില്ലെന്നും കാണിച്ചോയെന്നും യുവതി മറുപടി നൽകി. പൊതുസ്ഥലം എന്നത് എല്ലാ താമസക്കാർക്കും ഒരുമിച്ച് ഉത്സവങ്ങൾ പങ്കിടാനും ആഘോഷിക്കാനുമുള്ളതാണെന്ന് സഹതാമസക്കാർ പറയുന്നുണ്ടെങ്കിലും ഇവർ അംഗീകരിക്കുന്നില്ല.

ലെബനനിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 492 പേര്‍ മരിച്ചു

ലെബനനിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 492 പേര്‍ മരിച്ചു

ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 492 പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ 35 കുട്ടികളും 58 സ്ത്രീകളും ഉള്‍പ്പെടുന്നു. 1645ഓളം പേര്‍ക്ക് പരുക്കേറ്റെന്ന് ലെബനന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരിലുണ്ട്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. 2006 ല്‍ ഇസ്രയേല്‍ ഹിസ്ബുല്ല യുദ്ധത്തിന് ശേഷം ഇസ്രയേല്‍ നടത്തിയ ഏറ്റഴും രൂക്ഷമായ ആക്രമണമാണിത്. ദക്ഷിണ ലെബനോനില്‍ ഇസ്രയേല്‍ തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഇത്രയധികം പേര്‍ കൊല്ലപ്പെട്ടത്.

ഹിസ്ബുല്ല ആയുധങ്ങള്‍ സൂക്ഷിച്ച സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക വിശദീകരണം. ലെബനനിലെ ബെകാ വാലിയില്‍ വന്‍ തോതില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ പദ്ധതിയിടുന്നതായി ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹാഗറി അറിയിച്ചു. ബിന്റ് ജെബെയില്‍, ഐതറൗണ്‍, മജ്ദല്‍ സെലം, ഹുല, ടൂറ, ക്ലൈലെ, ഹാരിസ്, നബി ചിറ്റ്, തരയ്യ, ഷ്മെസ്റ്റാര്‍, ഹര്‍ബത്ത, ലിബ്ബായ, സോഹ്‌മോര്‍ എന്നിവയുള്‍പ്പെടെ ലെബനനിലെ പ്രധാന കേന്ദ്രങ്ങളെയാണ് ഇസ്രയേല്‍ വ്യോമാക്രമണം ലക്ഷ്യമിട്ടത്. സ്ഥിതിഗതികള്‍ അപകടകരമായ നിലയില്‍ തുടരുകയാണെന്നും നയതന്ത്ര ശ്രമങ്ങളോട് സഹകരിക്കാന്‍ തയാറാകണമെന്നും ലെബനനിലെ യുഎന്‍ കോര്‍ഡിനേറ്റര്‍ അഭ്യര്‍ത്ഥിച്ചു.

എല്ലാ മാസവും ശബരിമലയിൽ; ഒടുവിൽ സന്നിധാനത്തെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ചു

എല്ലാ മാസവും ശബരിമലയിൽ; ഒടുവിൽ സന്നിധാനത്തെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ചു

പത്തനംതിട്ട: ശബരിമല സന്നധാനത്തെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തെങ്കാശി, കീലസുരണ്ട സുരേഷ് (32) ആണ് പമ്പ പൊലീസിന്റെ പിടിയിലായത്. ദേവസ്വം മഹാ കാണിക്കയുടെ മുൻഭാ​ഗത്തെ വഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ചാണ് ഇയാൾ പണം മോഷ്ടിച്ചത്. ചിങ്ങ മാസ പൂജകൾക്കായി ശബരിമല നട തുറന്ന ഓ​ഗസ്റ്റ് 20നാണ് സംഭവം.

നട അടച്ച ശേഷം ഇതു ശ്രദ്ധയിൽപ്പെട്ട ദേവസ്വം ബോർഡ് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.

സന്നിധാനത്തേയും പമ്പയിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് ആളെ മനസിലാക്കിയത്. കന്നി മാസ പൂജകൾക്കായി നട തുറന്നപ്പോൾ സന്നിധാനത്ത് ജോലിക്കു വന്ന ആളുകളെ രഹസ്യമായി നിരീക്ഷിച്ചതിലൂടെ മോഷ്ടാവിനെപ്പറ്റിയുള്ള സൂചന ലഭിച്ചു. ഇയാൾ വർഷങ്ങളായി എല്ലാ മാസവും ശബരിമലയിൽ വരാറുണ്ട്. മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞതോടെ ഇത്തവണ വന്നില്ല. മൊബൈൽ ഫോൺ ഉപയോ​ഗിക്കാത്തത് അന്വേഷണം പ്രതിസന്ധിയിലാക്കി.

ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് പൊലീസ് തിരുനെൽവേലി, തെങ്കാശി, മധുര എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെയോടെയാണ് ഇയാളെ പിടികൂടിയത്. റാന്നി ഡിവൈഎസ്പി ആർ ജയരാജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ഗൂഗിള്‍ മാപ്പ് ചതിച്ചതോ? കുമരകത്ത് കാര്‍ ആറ്റിലേക്ക് മറിഞ്ഞു, രണ്ടു പേര്‍ മരിച്ചു

ഗൂഗിള്‍ മാപ്പ് ചതിച്ചതോ? കുമരകത്ത് കാര്‍ ആറ്റിലേക്ക് മറിഞ്ഞു, രണ്ടു പേര്‍ മരിച്ചു

കോട്ടയം: കുമരകം-ചേര്‍ത്തല റൂട്ടില്‍ കൈപ്പുഴമുട്ട് പാലത്തിന് താഴെ കാര്‍ ആറ്റിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. മഹാരാഷ്ട്ര താനെ കല്യാണ്‍ തങ്കെവാടി പ്രീതാ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 3ല്‍ താമസിക്കുന്ന കൊട്ടാരക്കര ഓടനാവട്ടം ജി.വി. നിവാസില്‍ ജയിംസ് ജോര്‍ജ് (48), മഹാരാഷ്ട്ര ബദ്ലാപുര്‍ ശിവാജി ചൗക്കില്‍ രാജേന്ദ്ര സര്‍ജെയുടെ മകള്‍ ശൈലി രാജേന്ദ്ര സര്‍ജെ (27) എന്നിവരാണു മരിച്ചത്. മഹാരാഷ്ട്രയില്‍ സ്ഥിരതാമസക്കാരനായ ഇവര്‍ കൊച്ചിയില്‍ നിന്നു വാടകയ്‌ക്കെടുത്ത കാറാണ് അപകടത്തില്‍പെട്ടത്. കാറില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 8.45 നായിരുന്നു അപകടം.

കുമരകം ഭാഗത്തുനിന്ന് വന്ന കാര്‍ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സര്‍വിസ് റോഡ് വഴി ആറ്റിലേക്ക് വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കാറിനുള്ളില്‍നിന്ന് നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കാര്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നതാണ് കണ്ടത്. ഹൗസ്‌ബോട്ടുകള്‍ സഞ്ചരിക്കുന്ന ഏറെ ആഴമുള്ള ആറ്റിലേക്കാണ് കാര്‍ മുങ്ങിത്താഴ്ന്നത്. വഴി പരിചയമില്ലാത്തതാണ് അപകടകാരണമായതെന്നും ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് വന്നതിലെ ആശയക്കുഴപ്പമാണോ അപകടത്തിലേക്ക് വഴിവെച്ചതെന്നും സംശയിക്കുന്നു.

മഴയും പ്രദേശത്തെ ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. അരമണിക്കൂറിലേറെയുള്ള പ്രയത്‌നത്തിനൊടുവിലാണ് കാര്‍ ആറ്റില്‍നിന്ന് ഉയര്‍ത്തിയത്. കാറില്‍ കണ്ടെത്തിയ രണ്ടുപേരെയും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സ്ഥിരീകരിക്കുകയായിരുന്നു. നാട്ടുകാരും അഗ്‌നിരക്ഷാസേനാ സ്‌കൂബാ ടീമംഗങ്ങളും വടം ഉപയോഗിച്ച് കെട്ടിവലിച്ചാണ് കാര്‍ കരക്കെത്തിച്ചത്.