by Midhun HP News | Jun 20, 2026 | Latest News, കായികം
വാഷിങ്ടൺ: ഫിഫ ലോകകപ്പിൽ ഹെയ്തിക്കെതിരായ പോരാട്ടത്തിൽ 3-0ത്തിനു തകർപ്പൻ ജയം സ്വന്തമാക്കി ബ്രസീൽ വിജയ വഴിയിൽ തിരിച്ചെത്തിയതിനു പിന്നാലെ ആരാധകർക്ക് ആവേശം നിറയ്ക്കുന്ന വെളിപ്പെടുത്തലുമായി പരിശീലകൻ കാർലോ ആഞ്ചലോട്ടി. പരിക്കിനെ തുടർന്നു ബ്രസീലിന്റെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ സൂപ്പർ താരം നെയ്മർ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ കളിക്കാനുള്ള സാധ്യത കൂടി. ബുധനാഴ്ച മയാമി ഗാർഡൻസിൽ സ്കോട്ലൻഡിനെതിരെ നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നെയ്മർ കളിക്കളത്തിലേക്ക് തിരിച്ചെത്തും.
നെയ്മർ ശനിയാഴ്ച ഒറ്റയ്ക്ക് പ്രത്യേക പരിശീലനം നടത്തും. തുടർന്ന് തിങ്കളാഴ്ചയോടെ ടീമിനൊപ്പം പൂർണ പരിശീലനത്തിലും പങ്കുചേരും. സ്കോട്ലൻഡിനെതിരെയുള്ള ബ്രസീലിന്റെ അവസാന മത്സരത്തിൽ താരം കളിക്കാൻ പൂർണ സജ്ജനായിരിക്കും- ആഞ്ചലോട്ടി വ്യക്തമാക്കി. ആൻസലോട്ടി സ്ഥിരീകരിച്ചു.
മെയ് 17ന് സാന്റോസ് എഫ്സിക്ക് വേണ്ടി കളിക്കുന്നതിനിടെയാണ് നെയ്മർക്കു പരിക്കേറ്റത്. വലതു കാലിലെ പേശിക്കേറ്റ പരിക്കാണ് നെയ്മറെ അലട്ടിയിരുന്നത്. കൂടാതെ 2023 ഒക്ടോബറിൽ ഉണ്ടായ എസിഎൽ പരിക്കിൽ നിന്നു താരം പൂർണമായി മുക്തനായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ലോകകപ്പ് ടീമിലേക്കു ആഞ്ചലോട്ടി നെയ്മറെ ഉൾപ്പെടുത്തിയിരുന്നെങ്കിലും താരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ കളിപ്പിക്കാൻ സാധിക്കുമെന്ന പൂർണ വിശ്വാസം അദ്ദേഹത്തിനുമുണ്ടായിരുന്നില്ല. നോക്കൗട്ട് മുതൽ താരത്തിന്റെ സാന്നിധ്യം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ആഞ്ചലോട്ടി ആദ്യ രണ്ട് മത്സരങ്ങളിലും നെയ്മർക്കു വിശ്രമം നൽകിയത്.
മൂന്നാം പോരാട്ടത്തിലും നെയ്മർ കളിക്കാൻ സാധ്യത കുറവാണെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ അടുത്ത മത്സരം മുതൽ നെയ്മർ ബ്രസീൽ ടീമിലുണ്ടാകുമെന്നു ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
129 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ നെയ്മറുടെ തിരിച്ചുവരവ്, നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുന്ന കാനറികൾക്ക് വലിയ ആത്മവിശ്വാസം നൽകും. സ്കോട്ലൻഡിനെതിരെ വിജയം തുടർന്ന് ഗ്രൂപ്പ് ഘട്ടം മികച്ച രീതിയിൽ അവസാനിപ്പിക്കാനാണ് ബ്രസീൽ ലക്ഷ്യമിടുന്നത്. നെയ്മറുടെ അനുഭവസമ്പത്തും ക്രിയേറ്റിവിറ്റിയും ടീമിന് കൂടുതൽ കരുത്ത് പകരുമെന്നാണ് കരുതപ്പെടുന്നത്
by Midhun HP News | Jun 20, 2026 | Latest News, കേരളം
കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിയെ ശല്യം ചെയ്ത യുവാവ് പിടിയിൽ.തിരുവനന്തപുരം കഠിനംകുളം സ്വദേശി ആന്റണി തോമസാണ് പിടിയിലായത്. യുവതിയുടെ പരാതിയെ തുടർന്ന് ബസ് കണ്ടക്ടർ ഇന്നലെ 3.15 ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ബസ് എത്തിക്കുകയായിരുന്നു.ബസിൽ നിന്ന് ഇറങ്ങി ഓടിയ ആന്റണിയെ യാത്രക്കാരാണ് പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസവും കൊല്ലത്ത് കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാരിയായ യുവതിക്കു മുന്നിൽ പരസ്യമായി നഗ്നതാ പ്രദർശനം നടത്തുകയും ശല്യം ചെയ്യുകയും ചെയ്ത മൈലക്കാട് സ്വദേശി സുനിൽ കുമാർ എന്ന യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. കൊട്ടിയത്തുനിന്നു കൊല്ലത്തേക്കുള്ള യാത്രയിലായിരുന്നു സംഭവം. ഇത്തിക്കരപ്പാലത്തിന് സമീപത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. യാത്രക്കാരി തന്റെ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രതി ഒളിവിൽ പോയതിനെത്തുടർന്ന് കൊല്ലം സിറ്റി പൊലീസ് ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു
by Midhun HP News | Jun 20, 2026 | Latest News, ദേശീയ വാർത്ത
കൊച്ചി: അറ്റകുറ്റപ്പണിക്കായി കൊച്ചിന്‍ ഷിപ്പ്‌യാർഡിലെത്തിച്ച കപ്പലിനുള്ളില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ എന്ന എഴുത്ത് കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. ഷിപ്പ്‌യാർഡിലെ നൂറ്റമ്പതോളം തൊഴിലാളികളെ ചോദ്യം ചെയ്തു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ഈ മാസം 14നാണ് കപ്പലിനകത്തെ ചുമരില്‍ എഴുത്ത് കണ്ടെത്തിയത്. തുടര്‍ന്ന് കപ്പല്‍ശാലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കപ്പലിന്റെ ഉള്‍വശത്തെ ചുമരില്‍ മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് കോറിവരച്ച് എഴുതിയ നിലയിലായിരുന്നു എഴുത്ത്. പ്രതിരോധ മേഖലയില്‍ തന്ത്രപരമായ പ്രാധാന്യമാണ് കൊച്ചിന്‍ ഷിപ്‌യാര്‍ഡിന് ഉള്ളത് എന്നതിനാല്‍ വിഷയത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കപ്പല്‍ശാല അധികൃതര്‍ ആദ്യം ആഭ്യന്തര അന്വേഷണം നടത്തുകയും പിന്നീട് പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കുകയുമായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് നിരവധി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും വിശദമായ പരിശോധനകള്‍ പുരോഗമിക്കുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഷിപ്പ്‌യാർഡ് അധികൃതര്‍ തയ്യാറായിട്ടില്ല. അറ്റകുറ്റപ്പണികള്‍ നടന്ന സമയത്ത് സ്ഥിരം ജീവനക്കാരും കരാര്‍ തൊഴിലാളികളും ഉള്‍പ്പെടെ നൂറോളം പേര്‍ക്ക് ഈ കപ്പലിലേക്ക് പ്രവേശനമുണ്ടായിരുന്നു എന്നാണ് വിവരം.
എഴുത്ത് കണ്ടെത്തിയ ഭാഗത്ത് സിസിടിവി ക്യാമറകള്‍ ഇല്ലായിരുന്നു എന്നത് അന്വേഷണത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍, ഇവിടേക്ക് പ്രവേശനം ഉണ്ടായിരുന്നവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കപ്പല്‍ അറ്റകുറ്റപ്പണിക്കായി കൊച്ചിയില്‍ എത്തുന്നതിന് മുന്‍പാണോ ഈ എഴുത്ത് രേഖപ്പെടുത്തിയത് എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കപ്പല്‍ കൊച്ചിയില്‍ എത്തുന്നതിന് മുന്‍പാണോ ഇത് എഴുതിയതെന്ന് സംശയം ഉയര്‍ന്നിരുന്നെങ്കിലും പഴക്കമില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്. കേന്ദ്ര ഏജന്‍സികളും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.
2019ല്‍ ഐഎന്‍എസ് വിക്രാന്ത് നിര്‍മാണത്തിലിരിക്കെ ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷ്ടിച്ച പ്രതികളെ പിടികൂടിയതിന് സമാന രീതിയില്‍ ഈ സംഭവത്തിന് പിന്നിലുള്ളവരെയും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പാകിസ്താന്‍ ഏജന്റുമാര്‍ക്ക് തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഷിപ്പ്യാര്‍ഡിന്റെ മാല്‍പെ യൂണിറ്റില്‍നിന്ന് 2025ല്‍ യുപിക്കാരായ രണ്ട് കരാര്‍ തൊഴിലാളികള്‍ അറസ്റ്റിലായിരുന്നു.
by Midhun HP News | Jun 20, 2026 | Latest News, കേരളം
കോട്ടയം: കേരളം പകര്‍ച്ചവ്യാധി പിടിയില്‍ അമര്‍ന്നിരിക്കെ, ആശ്വാസമായി എബോള സംശയം നീങ്ങി. എബോള സംശയിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്. പാല സ്വദേശിയായ 52കാരിയുടെ പരിശോധനാഫലമാണ് സംസ്ഥാനത്തിന് ആശ്വാസമായത്.
സൗത്ത് സുഡാനില്‍ നിന്ന് ഉഗാണ്ട വഴി കേരളത്തിലെത്തിയ സ്ത്രീയാണ് എബോളയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ കാണിച്ചത്. ആഫ്രിക്കയിലാണ് എബോള രോഗം പടര്‍ന്നുപിടിച്ചിരിക്കുന്നത്. ആഫ്രിക്കയില്‍ നിന്ന് വന്നതുകൊണ്ടാണ് ആരോഗ്യവകുപ്പ് ഉടന്‍ തന്നെ നടപടികള്‍ സ്വീകരിച്ചത്. ജാഗ്രതയുടെ ഭാഗമായി ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാജ്യത്തിന് ഒന്നടങ്കം ആശ്വാസം പകര്‍ന്ന് നെഗറ്റീവ് ആണ് എന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.
പനിയെ തുടര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ആദ്യം ചികിത്സയ്ക്ക് എത്തിയത്. ആഫ്രിക്കയില്‍ നിന്ന് വന്നതുകൊണ്ട് ഇവരെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
by Midhun HP News | Jun 20, 2026 | Latest News, ദേശീയ വാർത്ത
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കുവൈത്ത്, റിയാദ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ജൂലൈ 3 മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ്. റിയാദ് സെക്ടറില്‍ ഞായര്‍, തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 4.35ന് റിയാദില്‍ എത്തും.
തിരിച്ച് പ്രാദേശിക സമയം 5.35ന് റിയാദില്‍ നിന്ന് പുറപ്പെട്ട് രാത്രി 1.35ന് കണ്ണൂരിലെത്തിച്ചേരും. ഇതേദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 3.25 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 6 മണിക്ക് കുവൈത്തില്‍ എത്തും. തിരിച്ച് 7 മണിക്ക് കുവൈത്തില്‍ നിന്ന് പുറപ്പെട്ട് 2.40ന് കണ്ണൂരില്‍ എത്തിച്ചേരും.
by Midhun HP News | Jun 20, 2026 | Latest News, കായികം
ഫിലാഡൽഫിയ: വീണ്ടുമൊരിക്കൽ കൂടി അലയൊലിയായ ആ മഞ്ഞക്കടലിരമ്പം ഫിലാഡെൽഫിയ സ്റ്റേഡിയത്തെ ആവേശത്തിൽ മുക്കി. ലോകകപ്പ് ഗ്രൂപ്പ് സിയിലെ നിർണായക മത്സരത്തിൽ അഞ്ചുതവണ ലോകചാംപ്യൻമാരായ ബ്രസീൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ഹെയ്തിയെ തോൽപ്പിച്ചു. കാനറികൾക്ക് വേണ്ടി മാത്യൂസ് ക്യൂഞ്ഞ രണ്ടു ഗോളുകളും വിനീഷ്യസ് ജൂനിയർ ഒരു ഗോളും നേടി. ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്. ഈ വിജയത്തോടെ ഗ്രൂപ്പ് സിയിൽ നാല് പോയിന്‍റുമായി ബ്രസീൽ ഒന്നാമതെത്തി. മൊറോക്കോയ്ക്കും നാല് പോയിന്‍റ് ഉണ്ടെങ്കിലും ഗോൾവ്യത്യാസത്തിലെ മികവ് ബ്രസീലിനെ ഒന്നാമതെത്തിക്കുകയായിരുന്നു. അതേസമയം രണ്ട് മത്സരം തോറ്റതോടെ ഹെയ്തി ഏറെക്കുറെ പുറത്തായി കഴിഞ്ഞു. അവസാന മത്സരങ്ങളിൽ ബ്രസീൽ സ്കോട്ട്ലൻഡിനെയും ഹെയ്തി മൊറോക്കോയെയും നേരിടും.
മത്സരത്തിന്‍റെ തുടക്കം മുതൽ മഞ്ഞപ്പട ആധിപത്യം പുലർത്തിയെങ്കിലും ചില നല്ല നീക്കങ്ങളുമായി ഹെയ്തിയുടെ സാന്നിധ്യമറിയിച്ചു. വമ്പൻമാർക്കെതിരെയാണ് മത്സരിക്കുന്നതെന്ന അങ്കലാപ്പ് ഇല്ലാതെ ഹെയ്തി താരങ്ങൾ കളംപിടിക്കുന്നത് കാണാമായിരുന്നു. നാലാം മിനിട്ടിൽ ബ്രസീൽ താരത്തെ ഫൗൾ ചെയ്തതിന് ഹെയ്തിയുടെ കാർലെൻസ് ആർക്കസിന് മഞ്ഞ കാർഡ് ലഭിച്ചു. കളിയുടെ തുടക്കം മുതൽ ബ്രസീൽ ആധിപത്യം പുലർത്തിയെങ്കിലും ചില നല്ല നീക്കങ്ങൾ ഹെയ്തിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. 14ആം മിനിട്ടിൽ റഫീഞ്ഞ്യ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 21ആം മിനിട്ടിൽ ലൂക്കാസ് പാക്വെറ്റയുടെ പാസിൽനിന്ന് വിനീഷ്യസ് ജൂനിയറിന് മികച്ച ഒരു ഗോളവസരം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല.
23ആം മിനിട്ടിൽ ബ്രസീൽ ആരാധകർ കാത്തിരുന്ന ഗോൾ എത്തി. വിനീഷ്യസ് ജൂനിയർ ഡ്രിബിൾ ചെയ്ത് ബോക്സിലേക്ക് നടത്തിയ നീക്കമാണ് ഗോളിൽ കലാശിച്ചത്. റീബൌണ്ട് ചെയ്തുവന്ന പന്ത് മാത്യൂസ് ക്യൂഞ്ഞ ഒരവസരം പോലും നൽകാതെ വലയിലാക്കുകയായിരുന്നു. ഈ സമയം ഹെയ്തി ഗോൾ കീപ്പർ ജോണി പ്ലാസിഡ് വെറും കാഴ്ചക്കാരൻ മാത്രമായിരുന്നു. 36ആം മിനിട്ടിൽ ഒരു ത്രൂപാസ് പിടിച്ചെടുത്ത് മാത്യൂസ് ക്യൂഞ്ഞ ബ്രസീലിന്‍റെ ലീഡ് രണ്ടാക്കി ഉയർത്തി.
ചില പ്രത്യാക്രമണങ്ങൾ ഹെയ്തി നടത്തിയെങ്കിലും അവയ്ക്ക് മൂർച്ഛ പോരായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വിനീഷ്യസ് ജൂനിയർ മനോഹരമായ മറ്റൊരു ഗോളിലൂടെ മഞ്ഞപ്പടയുടെ ലീഡ് മൂന്നാക്കി ഉയർത്തുകയായിരുന്നു. ഹെയ്തിയുടെ മധ്യനിരയെയും പ്രതിരോധത്തെയും വകഞ്ഞ് മുന്നേറിയ വിനീഷ്യസ് ലക്ഷ്യം തെറ്റാതെ അനായാസം പന്ത് വലയിലാക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ കൂടുതൽ ഉണർവോടെ കളിക്കുന്ന ഹെയ്തിയെയാണ് കാണാനായത്. ഡൊമിനിക് സൈമൻ ഗോളിന് തൊട്ടരികിൽ എത്തിയെങ്കിലും ആലിസൺ രക്ഷകനായി മാറി. പിന്നീട് വിനീഷ്യസ് ജൂനിയർ ചില നല്ല അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളായില്ല. 73ആം മിനിട്ടിൽ ബ്രസീൽ താരം എൻഡ്രിക്ക് ഗോൾ നേടിയെങ്കിലും അത് ഓഫ് സൈഡ് ഫ്ലാഗിൽ കുടുങ്ങി. ആശ്വാസഗോൾ കണ്ടെത്താൻ ഹെയ്തി കിണഞ്ഞുപരിശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തകർപ്പനൊരു ഷോട്ട് ആലിസൺ തട്ടിയകറ്റി രക്ഷപ്പെടുത്തി. കളിയുടെ അവസാന നിമിഷം വരെ ബ്രസീലിനും ചില അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം അകലെയായിരുന്നു
മത്സരത്തിൽ 57 ശതമാനത്തോളം ബോൾ പൊസെഷൻ നിലനിർത്തിയത് ബ്രസീൽ ആയിരുന്നു. ഹെയ്തി പോസ്റ്റിലേക്ക് ബ്രസീൽ നാല് തവണയാണ് ഓൺ ടാർജറ്റ് ഷോട്ടുകൾ ഉതിർത്തത്. രണ്ട് ഓൺ ടാർജറ്റ് ഷോട്ടുകൾ ഹെയ്തിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. രണ്ട് ഹെയ്തി താരങ്ങളാണ് ആദ്യ പകുതിയിൽ മഞ്ഞ കാർഡ് കണ്ടത്. ബ്രസീൽ താരം ഡഗ്ലസ് സാന്‍റോസ് 65ആം മിനിട്ടിൽ മഞ്ഞ കാർഡ് കണ്ടു.
ആദ്യ പകുതിയിൽ സൂപ്പർ താരം റഫീഞ്ഞ്യ പരുക്ക് മൂലം പുറത്തായത് ബ്രസീലിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. റയാൻ ആണ് പകരക്കാരനായി മൈതാനത്തേക്ക് എത്തിയത്. ഇന്നും സൂപ്പർതാരം നെയ്മർ ഇല്ലാതെയാണ് ബ്രസീൽ കളത്തിലിറങ്ങിയത്.
Recent Comments