കിണര്‍ മലിനമാകുന്നുവെന്ന് ആരോപണം; തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ വെട്ടിക്കൊന്ന് അയൽവാസി

കിണര്‍ മലിനമാകുന്നുവെന്ന് ആരോപണം; തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ വെട്ടിക്കൊന്ന് അയൽവാസി

കൊച്ചി: കിണർ മലിനമാകുന്നുവെന്ന് ആരോപിച്ച് ക്ഷീരകർഷകന്റെ പശുവിനെ വെട്ടിക്കൊന്ന് അയൽവാസി. സംഭവത്തിൽ എടയ്ക്കാട്ടുവയൽ സ്വദേശി പിവി രാജുവിനെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. എടയ്ക്കാട്ടുവയൽ പള്ളിക്കനിരപ്പേൽ മനോജിന്റെ പശുക്കളെയാണ് പ്രതി ആക്രമിച്ചത്.

സംഭവ സമയം മനോജ് വീട്ടിൽ ഉണ്ടായിരുന്നില്ല. ഭാര്യ സുനിതയും മക്കളും മാത്രം വീട്ടിലുണ്ടായിരുന്ന സമയം അതിക്രമിച്ച് കയറി കോടാലി കൊണ്ട് തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ ആക്രമിക്കുകയായിന്നു. ആക്രമിക്കപ്പെട്ട പശുക്കളിൽ നാല് മാസം ​ഗർഭിണിയായിരുന്ന പശുവാണ് ചത്തത്. ശബ്‌ദം കേട്ടെത്തിയ സുനിതയ്ക്ക് നേരെയും പ്രതി കോടാലി വീശി ഭീഷണിപ്പെടുത്തി. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന മനോജിന്റെ മകനെയും ഇയാൾ ആക്രമിച്ചു. വേട്ടേറ്റ് ​ഗുരുതരമായി പരിക്കേറ്റ പശുക്കളെ വെറ്റിനറി ഡോക്ടറും ജീവനക്കാരുമെത്തി ചികിത്സ നൽകി.

മനോജിന്റെ തൊഴുത്തിൽ നിന്നുള്ള മാലിന്യം രാജുവിന്റെ കിണറ്റിലെ വെള്ളം മലിനമാക്കുന്നുവെന്ന പരാതി പഞ്ചായത്തിലുൾപ്പെടെ നൽകിയിരുന്നു. തുടർന്ന് മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി അധികൃതർ നിർദേശിച്ച് നിബന്ധനകൾ പാലിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഇതു സംബന്ധിച്ച് പരിശോധന റിപ്പോർട്ട് മനോജിന് അനുകൂലമായി മെഡിക്കൽ സംഘം നൽകുകയും ചെയ്തിരുന്നു. അതേസമയം, ബയോ​ഗ്യാസ് പ്ലാന്റുൾപ്പെടെ നിർമിച്ച് സുരക്ഷിതമായാണ് മനോജ് പശു വളർത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ റോഡരികിലെ മുറിയില്‍ പൂട്ടിയിട്ട് കടന്നു; മരിച്ച നിലയില്‍

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ റോഡരികിലെ മുറിയില്‍ പൂട്ടിയിട്ട് കടന്നു; മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില്‍ വാഹനം ഇടിച്ചയാളെ റോഡരികിലെ മുറിയില്‍ പൂട്ടിയിട്ടു. പരിക്കേറ്റ കലിങ്ക്‌നട സ്വദേശി സുരേഷ് (52) മുറിക്കുള്ളില്‍ കിടന്ന് മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടമുണ്ടായത്.പരിക്കേറ്റയാളെ മുറിയില്‍ പൂട്ടിയശേഷം വാഹനത്തിലുണ്ടായിരുന്നവര്‍ കടന്നുകളഞ്ഞു. ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ മുറിയുടെ ജനാല തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. റോഡരികില്‍ നിന്ന സുരേഷിനെ വാഹനം ഇടിച്ചിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയില്‍ തന്നെയാണ് മൃതദേഹം കണ്ടത്.

മുറിക്ക് തൊട്ടുമുമ്പില്‍ വെച്ചായിരുന്നു അപകടം. മുറി പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. റോഡില്‍ സുരേഷ് ഇടിയേറ്റു വീഴുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയിലാണ് വര്‍ധനവുണ്ടായത്.

പവന് 280 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,720 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6715 രൂപയാണ്. മാസാദ്യത്തില്‍ പവന്‍ വില 53,560 രൂപയില്‍ എത്തിയിരുന്നു. പിന്നീട് കുറഞ്ഞും, മാറ്റമില്ലാതെയും തുടര്‍ന്ന വില ഈ മാസം ആറിന് ഈ മാസത്തെ ഏറ്റവും വലിയ വര്‍ധനവായ 53,760 രൂപയെന്ന ഉയര്‍ന്ന പോയന്റില്‍ എത്തിയിരുന്നു.

‘സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഇത്തവണ വീട്ടുകാ‌ർക്കൊപ്പം ഓണം ആഘോഷിക്കാം’; ഉത്തരവിറക്കി ഡിജിപി

‘സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഇത്തവണ വീട്ടുകാ‌ർക്കൊപ്പം ഓണം ആഘോഷിക്കാം’; ഉത്തരവിറക്കി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇത്തവണ വീട്ടുകാര്‍ക്കൊപ്പം ഓണം ആഘോഷിക്കാം. ഡിജിപി ഇതുസംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കി. ഡ്യൂട്ടി ക്രമീകരിക്കാന്‍ യൂണിറ്റ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയാണ് ഡിജിപി ഉത്തരവിറക്കിയിരിക്കുന്നത്. വീട്ടിലെ സാധാരണ ചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ പറ്റുന്നില്ലെന്ന പരാതി പൊലീസുകാര്‍ക്കിടയില്‍ ഉണ്ടായിരിക്കെയാണ് ഡിജിപിയുടെ പുതിയ ഉത്തരവ് . പൊലീസുകാരില്‍ ജോലി സമ്മര്‍ദം വര്‍ധിക്കുന്നതും ആത്മഹത്യ പെരുകുന്നതും അടക്കം കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ചയായിരുന്നു.കഴിഞ്ഞ 7 വര്‍ഷത്തിനിടെ ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ മാനസിക സമ്മര്‍ദത്തിനു ചികിത്സ തേടിയെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. 5 വര്‍ഷത്തിനിടെ 88 പൊലീസുകാര്‍ ആത്മഹത്യ ചെയ്തു എന്ന റിപ്പോര്‍ട്ടുമുണ്ടായിരുന്നു.

തിരുവോണത്തിന് ഇനി നാലു ദിസവമാണ് ശേഷിക്കുന്നത്. വരുംദിവസങ്ങളില്‍ പൊലീസുകാര്‍ക്ക് വീട്ടുകാര്‍ക്കൊപ്പം ഓണം ആഘോഷിക്കാനുള്ള ഡ്യൂട്ടി ക്രമീകരണങ്ങള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കും.

ഡോ:സൗമ്യയും ഡോ:അഖിലും പുരസ്കാര ജേതാക്കൾ

ഡോ:സൗമ്യയും ഡോ:അഖിലും പുരസ്കാര ജേതാക്കൾ

സ്കൂൾ ഓഫ് ആർട്ടിസ്റ്റിക് ഹോമിയോപ്പതി ഫോർ യങ്സ്റ്റർസ് ആൻഡ് അഡൽറ്റ്സ് (സഹ്യ) യുടെ 7 ആമത് മികച്ച വനിതാ ഡോക്ടർ അവാർഡിന് ഡോ. സൗമ്യ കൃഷ്ണൻ (സാന്ത്വന ഹോമിയോപതി, ആറ്റിങ്ങൽ)നും, ഏഴാമത് മികച്ച ജൂനിയർ ഡോക്ടർ പുരസ്‌കാരത്തിനു ഡോ:അഖിൽ ശാന്ത ഷാജിയും(മെഡ്‌വിൻ ഹോമിയോപതി ഇൻഫർട്ടിലിറ്റി സെന്റർ, തിരുവനന്തപുരം) അർഹരായി.

തൈറോയ്ഡ് രോഗ ചികിത്സയിലെ പ്രാവീണ്യവും അക്കാദമിക് രംഗത്തെ അധ്യാപന മികവും കണക്കിലെടുത്താണ് ഡോ.സൗമ്യക്കു പുരസ്‌കാരം നൽകുന്നത്. വന്ധ്യത/പി സി ഓ ഡി ചികിത്സയിലെ മികവും, കേരളത്തിലും പുറത്തുമായി നടത്തിയ തുടർ വിദ്യാഭ്യാസ പദ്ധതികളിൽ അവതരിപ്പിച്ച ശ്രദ്ധേയമായ പ്രബന്ധങ്ങളുമാണ് ഡോ: അഖിലിനെ അവാർഡിനർഹനാക്കിയത്. 2024 ഒക്ടോബർ 27 നു ചെറുതുരുത്തി റിവർ റിട്രീറ്റ് ആയുർവേദിക് ഹെറിറ്റേജിൽ നടക്കുന്ന സഹ്യയുടെ 17 ആം വാർഷിക സമ്മേളനത്തിൽ 30000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരങ്ങൾ സമർപ്പിക്കും.

ഉരുള്‍പൊട്ടല്‍ തനിച്ചാക്കിയ ശ്രുതിയെ വിടാതെ ദുരന്തം; പ്രതിശ്രുത വരന്‍ അത്യാസന്ന നിലയില്‍

ഉരുള്‍പൊട്ടല്‍ തനിച്ചാക്കിയ ശ്രുതിയെ വിടാതെ ദുരന്തം; പ്രതിശ്രുത വരന്‍ അത്യാസന്ന നിലയില്‍

കല്‍പറ്റ: മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിക്കും പ്രതിശ്രുത വരന്‍ അമ്പലവയല്‍ സ്വദേശി ജെന്‍സനും വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണു വാനില്‍ സഞ്ചരിച്ചിരുന്ന ശ്രുതിയും ജെന്‍സനുമുള്‍പെടെ ഒമ്പത് പേര്‍ക്കു പരിക്കേറ്റത്.

വയനാട് ഉരുള്‍പ്പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരെ കൂടാതെ ശ്രുതിയുടെ കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചിരുന്നു. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു.

കല്‍പറ്റയിലെ വാടക വീട്ടില്‍ ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതിക്ക് ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ജെന്‍സന്റെ പിന്തുണയാണുള്ളത്. ദുരന്തത്തിന് ഒരു മാസം മുന്‍പ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അന്നുതന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. ശ്രുതിയുടെ വിവാഹത്തിനായി അച്ഛന്‍ സ്വരുക്കൂട്ടി വച്ചിരുന്ന നാലര ലക്ഷം രൂപയും 15 പവനും ഉരുള്‍പൊട്ടലില്‍ നഷ്ടമായി. ഈ മാസം അവസാനം വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കെയാണു വാഹനാപകടം. ഇന്നലെയുണ്ടായ അപകടത്തില്‍ ശ്രുതിയും ജെന്‍സനുമുള്‍പെടെ 9 പേര്‍ക്കാണ് പരിക്കേറ്റത്. ശ്രുതിയുടെ ബന്ധു ലാവണ്യയ്ക്കും പരിക്കേറ്റു. ശിവണ്ണന്റെ സഹോദരന്‍ സിദ്ധരാജിന്റെ മകളായ ലാവണ്യയ്ക്കു ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ടരുന്നു.

ഇടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജെന്‍സന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജെന്റസന്റെ നില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ശ്രുതി കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.