ഉരുള്‍പൊട്ടല്‍ തനിച്ചാക്കിയ ശ്രുതിയെ വിടാതെ ദുരന്തം; പ്രതിശ്രുത വരന്‍ അത്യാസന്ന നിലയില്‍

ഉരുള്‍പൊട്ടല്‍ തനിച്ചാക്കിയ ശ്രുതിയെ വിടാതെ ദുരന്തം; പ്രതിശ്രുത വരന്‍ അത്യാസന്ന നിലയില്‍

കല്‍പറ്റ: മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിക്കും പ്രതിശ്രുത വരന്‍ അമ്പലവയല്‍ സ്വദേശി ജെന്‍സനും വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണു വാനില്‍ സഞ്ചരിച്ചിരുന്ന ശ്രുതിയും ജെന്‍സനുമുള്‍പെടെ ഒമ്പത് പേര്‍ക്കു പരിക്കേറ്റത്.

വയനാട് ഉരുള്‍പ്പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരെ കൂടാതെ ശ്രുതിയുടെ കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചിരുന്നു. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു.

കല്‍പറ്റയിലെ വാടക വീട്ടില്‍ ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതിക്ക് ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ജെന്‍സന്റെ പിന്തുണയാണുള്ളത്. ദുരന്തത്തിന് ഒരു മാസം മുന്‍പ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അന്നുതന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. ശ്രുതിയുടെ വിവാഹത്തിനായി അച്ഛന്‍ സ്വരുക്കൂട്ടി വച്ചിരുന്ന നാലര ലക്ഷം രൂപയും 15 പവനും ഉരുള്‍പൊട്ടലില്‍ നഷ്ടമായി. ഈ മാസം അവസാനം വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കെയാണു വാഹനാപകടം. ഇന്നലെയുണ്ടായ അപകടത്തില്‍ ശ്രുതിയും ജെന്‍സനുമുള്‍പെടെ 9 പേര്‍ക്കാണ് പരിക്കേറ്റത്. ശ്രുതിയുടെ ബന്ധു ലാവണ്യയ്ക്കും പരിക്കേറ്റു. ശിവണ്ണന്റെ സഹോദരന്‍ സിദ്ധരാജിന്റെ മകളായ ലാവണ്യയ്ക്കു ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ടരുന്നു.

ഇടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജെന്‍സന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജെന്റസന്റെ നില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ശ്രുതി കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പോക്സോ കേസിൽ യുവാവിന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

പോക്സോ കേസിൽ യുവാവിന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

കടയ്ക്കാവൂർ: കടയ്ക്കാവൂർ സ്റ്റേഷൻ പരിധിയിൽ 2018 ജൂണിൽ 15 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കീഴാറ്റിങ്ങൽ വിളയിൽ മൂല, ആർ ആർ നിവാസിൽ രമേശ് (28) നെയാണ് വർക്കല അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പെൺകുട്ടിയോട് സ്നേഹം നടിച്ചു ചിറയിൻകീഴ് പുരവൂരിലെ വാടക വീട്ടിൽ എത്തിച്ചാണ് ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചത്. കടയ്ക്കാവൂർ എസ്. ഐ സെന്തിൽ കുമാർ, എസ്.എച്ച്. ഒ.കെ. എസ് അരുൺ എന്നിവരാണ് ഐ.പി.സി 363, 376(1) സെക്ഷൻ, 3, 4 പോക്സോ നിയമം എന്നിവ പ്രകാരം കേസ് എടുത്ത് അന്വേഷിച്ചത്.

പോക്സോ പ്രകാരം 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു
വർഷം തടവ് അനുഭവിക്കണം. പിഴത്തുക ഒരു ലക്ഷം ഇരയ്ക്ക് നഷ്ടപരിഹാരം നൽകണം. ഐ.പി.സി 36) പ്രകാരം 3 വർഷം തടവും 25000 പിഴയും ശിക്ഷാവിധിയിൽ പറയുന്നു. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ് അനുഭവിക്കണം. കൂടാതെ നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവീസ് അതോറിട്ടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ജില്ലാ ജഡ്‌ജി സിനി. എസ്. ആർ ആണ് വിധി പ്രസ്ഥാവിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ പി ഹേമചന്ദ്രൻ നായർ, അഡ ഷിബു, അഡ്വ ഇക്‌ബാൽ എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

സാമ്പത്തിക ബാധ്യത; വയനാട് വ്യാപാരി സ്വന്തം കടയ്ക്കുള്ളിൽ തൂങ്ങിമരിച്ചു

സാമ്പത്തിക ബാധ്യത; വയനാട് വ്യാപാരി സ്വന്തം കടയ്ക്കുള്ളിൽ തൂങ്ങിമരിച്ചു

വയനാട് സാമ്പത്തികബാധ്യതയെ തുടർന്ന് വ്യാപാരി കടയ്ക്കുള്ളിൽ തൂങ്ങിമരിച്ചു. പാടിച്ചിറ കിളയാകട്ട ജോസിനെയാണ്(68) സ്വന്തം കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാടിച്ചിറ ടൗണിൽ പച്ചക്കറി കച്ചവടം നടത്തി വരികയായിരുന്നു ജോസ്. ചൊവ്വാഴ്ച പകൽ സമയം ജോസ് കടയ്ക്കുള്ളിൽ ഉണ്ടായിരുന്നു. എന്നാൽ വൈകുന്നേരത്തോടെ ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു. ഫോണിൽ വിളിച്ചു നോക്കിയിട്ടും പ്രതികരണമില്ലാതെ വന്നതോടെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് പച്ചക്കറിയോട് ചേർന്ന് തന്നെ അടച്ചിട്ട ജോസിന്റെ കോഴിക്കടയിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. അയൽക്കൂട്ടത്തിൽ നിന്നും ബാങ്കിൽ നിന്നുമൊക്കെയായി ജോസ് വായ്പകൾ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവിന് പ്രയാസം നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു.

കടവന്ത്ര സ്വദേശി സുഭദ്രയെ പ്രതികള്‍ കൊലപ്പെടുത്തിയത് ദീര്‍ഘമായ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ് നിഗമനം

കടവന്ത്ര സ്വദേശി സുഭദ്രയെ പ്രതികള്‍ കൊലപ്പെടുത്തിയത് ദീര്‍ഘമായ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ് നിഗമനം

ആലപ്പുഴ: കലവൂരില്‍ മരിച്ച കടവന്ത്ര സ്വദേശി സുഭദ്രയെ പ്രതികള്‍ കൊലപ്പെടുത്തിയത് ദീര്‍ഘമായ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ് നിഗമനം. കടം വാങ്ങിയ പണത്തെച്ചൊല്ലി ഇടഞ്ഞ സുഭദ്രയെ അനുനയിപ്പിച്ച് വീട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് വിലയിരുത്തൽ. പ്രതികളായ മാത്യൂസിനും ശര്‍മിളയ്ക്കും വേണ്ടി പൊലീസ് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. അതേസമയം സുഭദ്രയെ അറിയാമെന്ന് മാത്യൂസിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. മാത്യൂസും ശര്‍മിളയും തമ്മിലുള്ള വിവാഹത്തിന് മുന്‍കൈയെടുത്തത് സുഭദ്രയാണ്. മകനെപ്പറ്റി മാസങ്ങളായി ഒരു വിവരവും ഇല്ലെന്നും മാത്യൂസിന്റെ മാതാപിതാക്കള്‍ പറയുന്നു.

മാത്യൂസ് ശര്‍മിളയെ വിവാഹം കഴിച്ചപ്പോള്‍ സുഭദ്ര വീട്ടില്‍ വന്നിരുന്നു. ആന്റി എന്നാണ് സുഭദ്രയെ ശര്‍മിള പരിചയപ്പെടുത്തിയത്. ആരുമില്ലാത്ത അനാഥക്കൊച്ചല്ലേ എന്നു വിചാരിച്ചായിരുന്നു വിവാഹത്തിന് സമ്മതിച്ചതെന്ന് മാത്യൂസിന്റെ അമ്മ പറഞ്ഞു. മാത്യൂസും ശര്‍മിളയും സ്ഥിരം മദ്യപാനികളായിരുന്നു. മദ്യപിച്ചശേഷം വലിയ പ്രശ്‌നമുണ്ടാക്കുമായിരുന്നു. ശര്‍മിള മദ്യപിച്ച് മാത്യൂസിന്റെ പിതാവിനെ ചീത്ത വിളിക്കുകയും, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്ന് അമ്മ പറയുന്നു.

വിവാഹത്തിന് മുമ്പ് സുഭദ്ര വീട്ടില്‍ വന്നിരുന്നു. വിവാഹം എറണാകുളത്തു വെച്ചു നടത്തണമെന്ന് പറഞ്ഞു. കല്യാണം കഴിഞ്ഞ് പിന്നീട് ഒരു ദിവസം വന്നു. ശര്‍മിള വാങ്ങിയ 3000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുഭദ്ര വീട്ടില്‍ വന്ന് വഴക്കുണ്ടാക്കി. 7000 രൂപ വീട്ടില്‍ നിന്നും വാങ്ങിക്കൊണ്ടുപോയി. മാത്യൂസിന്റെ കൈക്ക് പരിക്കുണ്ടായിരുന്നു. വെട്ടേറ്റ് മൂന്നു ഞരമ്പു മുറിഞ്ഞുപോയിരുന്നു. അത് ശര്‍മിള വെട്ടിയതാണെന്നാണ് പരിസരവാസികള്‍ പറഞ്ഞ് അറിഞ്ഞതെന്നും മാത്യൂസിന്റെ മാതാപിതാക്കള്‍ പറയുന്നു.

കൊലപാതകത്തിനു ശേഷം മാത്യൂസും ശര്‍മിളയും ആലപ്പുഴയിലെ തുറവൂരിലെ ഒരു വീട്ടിലും താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. തുറവൂരിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ആലപ്പുഴയ്ക്ക് പുറമെ, ഉഡുപ്പിയിലും പ്രതികള്‍ സ്വര്‍ണം പണയം വെച്ചതായും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ലൊക്കേഷന്‍ അവസാനമായി ലഭിച്ചത് ഉഡുപ്പിയില്‍ നിന്നാണ്. എന്നാല്‍ ഉഡുപ്പിയില്‍ പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.

ആലപ്പുഴയിലെയും ഉഡുപ്പിയിലെയും ജ്വല്ലറികളില്‍ പൊലീസ് പരിശോധന നടത്തി. ആലപ്പുഴയിലെ ഒരു ജ്വല്ലറിയില്‍ മൂന്നു പവന്റെ വള വിറ്റു. ഒരു സ്ത്രീ ഒറ്റയ്‌ക്കെത്തിയാണ് വള വിറ്റതെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. കൊലപാതകത്തിന് മുമ്പാണോ ഉഡുപ്പിയില്‍ ഇവര്‍ സ്വര്‍ണം പണയം വെച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കലവൂരില്‍ മാത്യൂസും ശര്‍മിളയും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് സമീപത്തു കുഴിച്ചിട്ട വയോധികയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ എന്നാണ് കൊലപാതകം നടന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് പറയുന്നു.

അരലക്ഷം കളഞ്ഞു പോയി, വീട്ടിലേക്ക് മടങ്ങാന്‍ മനപ്രയാസം, ബസുകള്‍ കയറിയിറങ്ങി ഊട്ടിയിലെത്തി

അരലക്ഷം കളഞ്ഞു പോയി, വീട്ടിലേക്ക് മടങ്ങാന്‍ മനപ്രയാസം, ബസുകള്‍ കയറിയിറങ്ങി ഊട്ടിയിലെത്തി

മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായി ഊട്ടിയിൽ കണ്ടെത്തിയ വിഷ്ണു ജിത്തിനെ മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് നാടു വിട്ടതെന്ന് വിഷ്ണു ജിത്ത് പൊലീസിനോട് പറഞ്ഞു. കാണാതായി ആറാം ദിവസമാണ് ശേഷമാണ് യുവാവിനെ കണ്ടെത്തുന്നത്. വിഷ്ണുവിന്‍റെ ഫോൺ ഓണായതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

വിവാഹത്തിന് സുഹൃത്തിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയിൽ അമ്പതിനായിരം രൂപ കളഞ്ഞു പോയി. പതിനായിരം രൂപ വീട്ടിലേക്ക് അയച്ചുകൊടുത്തത് കഴിഞ്ഞ് ബാക്കി കയ്യിലുണ്ടായിരുന്നത് നാൽപതിനായിരം രൂപ മാത്രമായിരുന്നു. ഈ പണം വിവാഹത്തിന് തികയില്ലെന്ന് ഭയന്നാണ് നാടുവിട്ടതെന്ന് വിഷ്ണു പൊലീസിനോട് പറഞ്ഞു. മനപ്രയാസത്തിൽ പല ബസുകൾ കയറി ഇറങ്ങി ഊട്ടിയിലെത്തുകയായിരുന്നു. ഊട്ടിയിൽ നിന്ന് പരിചയമില്ലാത്ത ഒരാളുടെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചുവെന്നും വിഷ്ണു പറയുന്നു.

ഈ വിളി പിന്തുടർന്നാണ് പൊലീസ്‌ വിഷ്ണു ജിത്തിലേക്ക് എത്തിയത്. കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. മഞ്ചേരി സ്വദേശിയാണ് വധു. വിവാഹത്തിന് മൂന്ന് ദിവസം മുന്‍പാണ് പണത്തിന്‍റെ ആവശ്യത്തിനായി വിഷ്ണുജിത്ത് പാലക്കാട്ടേക്ക് പോയത്. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫായി.

ആറ്റിങ്ങൽ കെ എസ് എഫ് ഇ ഗാലക്സി ചിട്ടി ശാഖാതല സമ്മാനം നൽകി

ആറ്റിങ്ങൽ കെ എസ് എഫ് ഇ ഗാലക്സി ചിട്ടി ശാഖാതല സമ്മാനം നൽകി

കെ എസ് എഫ് ഇ ഗാലക്സി ചിട്ടികളുടെ ശാഖാതലസമ്മാനമായ 3500 രൂപയുടെ ഓണക്കോടികളുടെ സമ്മാനവിതരണം ആറ്റിങ്ങൽ മെയിൻ ബ്രാഞ്ചിൽ വച്ച് നടന്നു. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി സമ്മാനദാനം നിർവഹിച്ചു. പുതിയ ഗാലക്സി ചിട്ടികളിൽ ചേരുന്ന ഓരോ 10 വരിക്കാരിൽ നിന്നും ഒരാൾക്ക് 3500 രൂപയുടെ ഓണക്കോടിയാണ് ശാഖാതല സമ്മാനം. 10 പേർക്കാണ് ആദ്യഘട്ടത്തിൽ സമ്മാനം ലഭിച്ചത്. ലാഭത്തിന്റെ ഒരു വിഹിതം കെ എസ് എഫ് ഇ ഇടപാടുകാർക്ക് ഇത്തരം സമ്മാനപദ്ധതികൾ വഴി തിരിച്ച് നൽകുന്നത് മാതൃകാപരമാണെന്ന് അഡ്വ. എസ്. കുമാരി അഭിപ്രായപ്പെട്ടു.