by Midhun HP News | Feb 14, 2026 | Latest News, കായികം
പട്‌ന: അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യക്കു സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച 14കാരന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി വീണ്ടും സ്‌കൂള്‍ ജീവിതത്തിലേക്ക്. ലോകകപ്പ് നേടിയ ആവേശവുമായി വൈഭവ് 10ാം ക്ലാസിലെ ബോര്‍ഡ് എക്‌സാമിനുള്ള തയ്യാറെടുപ്പിലാണ്.

സമഷ്ടിപുരിലെ പോഡര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് വൈഭവ്. ലോക കിരീടം സമ്മാനിച്ച് രാജ്യത്തിന്റെ ഹീറോ ആയെങ്കിലും സ്‌കൂളില്‍ പ്രത്യേക പരിഗണന നല്‍കുകയില്ലെന്നു പ്രിന്‍സിപ്പല്‍ നീല്‍ കിഷോര്‍ വ്യക്തമാക്കി. മറ്റ് കുട്ടികള്‍ക്കുള്ള എല്ലാ നിയമങ്ങളും വൈഭവിനും ബാധകമാണെന്നു പ്രന്‍സിപ്പല്‍ വ്യക്തമാക്കി.
പത്താം ക്ലാസ് ബോര്‍ഡ് എക്‌സാമിനുള്ള അഡ്മിറ്റ് കാര്‍ഡ് വൈഭവ് നേരിട്ട് വാങ്ങിയിട്ടുണ്ട്. താരത്തിന്റെ സ്‌കൂളിലേക്കുള്ള തിരിച്ചു വരവ് ടീച്ചര്‍മാരിലും മാതാപിതാക്കളിലും സഹ പാഠികളിലുമൊക്കെ ആവേശം നിറയ്ക്കുന്നതു തന്നെയാണ്. എങ്കിലും വൈഭവ് ഇപ്പോഴും ഒരു വിദ്യാര്‍ഥിയാണ്. പരീക്ഷ എഴുതാനാണ് വരുന്നത്. ഇത് അക്കാദമിക് പിച്ചാണ് ക്രിക്കറ്റ് പിച്ചല്ല. അതിനാല്‍ അതിന്റേതായ ഗൗരവം വിഷയത്തിനുണ്ടെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. ഈ മാസം 17 മുതലാണ് ബോര്‍ഡ് എക്‌സാം ആരംഭിക്കുന്നത്.
ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ താരം മിന്നലടികളുമായി കളം വാണിരുന്നു. 15 വീതം സിക്‌സും ഫോറും മാലപ്പടക്കം പോലെ പൊട്ടിച്ച് താരം അടിച്ചെടുത്തത് 175 റണ്‍സ്. വൈഭവിന്റെ ബലത്തില്‍ ഇന്ത്യ 400നു മുകളില്‍ സ്‌കോര്‍ ചെയ്തു ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ആറാം തവണയും അണ്ടര്‍ 19 ലോക കിരീടം ഉയര്‍ത്തിയത്.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ വൈഭവ് രണ്ടാം സ്ഥാനത്തുണ്ട്. താരം 439 റണ്‍സാണ് ഏഴ് മത്സരങ്ങളില്‍ നിന്നു സ്വന്തമാക്കിയത്. 62.71 ആവറേജും 170 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം കത്തിക്കയറിയത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും 14കാരന്‍ ലോകകപ്പില്‍ അടിച്ചെടുത്തു.
ലോകകപ്പിലാകെ താരം 30 സിക്‌സുകളാണ് അടിച്ചുകൂട്ടിയത്. അണ്ടര്‍ 19 ലോകകപ്പിന്റെ ഒറ്റ എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിക്കുന്ന താരമെന്ന റെക്കോര്‍ഡും വൈഭവ് ഇത്തവണ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസിന്റെ റെക്കോര്‍ഡാണ് വൈഭവ് പഴങ്കഥയാക്കിയത്. ബ്രെവിസ് ഒറ്റ എഡിഷനില്‍ 18 സിക്‌സുകള്‍ നേടിയാണ് ആദ്യം റെക്കോര്‍ഡ് സ്ഥാപിച്ചത്.

by Midhun HP News | Feb 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിവാഹ സത്കരത്തിനു പപ്പടം വിളമ്പാത്തതിന്റെ പേരിൽ അരങ്ങേറിയത് കൂട്ടയടി. വധുവിന്റേയും വരന്റേയും വീട്ടുകാർ തമ്മിലാണ് പൊരിഞ്ഞ അടി നടന്നത്. ഊരുട്ടമ്പലത്തിനു സമീപം നീറമൺകരയിലാണ് സംഭവം.

വിവാഹ സത്കാര ഹാളിൽ പപ്പടം എത്താതിരുന്നതോടെ ഊട്ടുപുരയിൽ നിന്നാണ് അടി തുടങ്ങിയത്. നേരിയ വാക്കേറ്റം പിന്നീട് തർക്കത്തിലേക്ക് നീങ്ങി. സംഭവം ഇരു ഭാഗത്തേയും ആളുകൾ ഏറ്റുപിടിച്ചതോടെ തല്ലിലേക്കു നീങ്ങുകയായിരുന്നു.
മാറനല്ലർ- നരുവാമൂട് പൊലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശത്താണ് വിവാഹ സത്കാരം നടന്നത്. സംഭവമറിഞ്ഞ് മാറനല്ലൂരിൽ നിന്നും നരുവാമൂട്ടിൽ നിന്നും പൊലീസ് എത്തി. എന്നാൽ പരാതി നൽകാൻ ഇരു കൂട്ടരും വിസമ്മതിച്ചു. ഇതോടെ പൊലീസ് മടങ്ങി. അടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിലാണ് പ്രചരിച്ചത്.

by Midhun HP News | Feb 14, 2026 | Latest News, കേരളം
കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ. ശിവരാത്രി ദിവസമായ ഞായറാഴ്ച തൃപ്പൂണിത്തുറ ടെര്‍മിനലില്‍ നിന്ന് അവസാന സര്‍വീസ് രാത്രി 11.30നാണ് പുറപ്പെടുക.

ശിവരാത്രി ദിനമായ ഞായറാഴ്ച രാത്രി ഉറക്കമിളച്ച് പുലര്‍ച്ചെ മണപ്പുറത്ത് ബലിതര്‍പ്പണം നടത്തി മടങ്ങിപ്പോകുന്ന ഭക്തര്‍ക്കായി പ്രത്യേക സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ആലുവ മെട്രോ സ്‌റ്റേഷനില്‍ നിന്ന് പുലര്‍ച്ച നാലിന് സര്‍വീസ് ആരംഭിക്കും. രാവിലെ ആറുവരെ 30 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് ഉണ്ടായിരിക്കും. തുടര്‍ന്ന് ട്രെയിനുകള്‍ പതിവ് ടൈംടേബിള്‍ പ്രകാരം സര്‍വീസ് നടത്തും.
അതിനിടെ ഞായറാഴ്ച മുതല്‍ രാത്രി 11 വരെ സര്‍വീസ് സമയം കൊച്ചി മെട്രോ ദീര്‍ഘിപ്പിച്ചു. യാത്രക്കാരുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധനവും ഉയര്‍ന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ചാണ് തീരുമാനം. ഫെബ്രുവരി 15 ഞായറാഴ്ച മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും. ഇതനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നി ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് അവസാന സര്‍വീസ് രാത്രി 11ന് പുറപ്പെടും.

by Midhun HP News | Feb 14, 2026 | Latest News, കേരളം
കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശിയില്‍ (ഫെബ്രുവരി-മാര്‍ച്ച്) ആചരിക്കുന്ന മഹാശിവരാത്രിയില്‍, ശിവക്ഷേത്രങ്ങളിലും നദീതീരങ്ങളിലും പിതൃക്കള്‍ക്കായി നടത്തുന്ന ബലിതര്‍പ്പണമാണ് ശിവരാത്രി ബലി.

കേരളത്തില്‍ പിതൃതര്‍പ്പണത്തിന് പേരുകേട്ട പ്രധാന കേന്ദ്രങ്ങള്‍ ആലുവ മണപ്പുറം, തിരുവല്ലം പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തിരുനെല്ലി പാപനാശിനി തീര്‍ത്ഥം, കോഴിക്കോട് വരയ്ക്കല്‍ കടപ്പുറം എന്നിവയാണ്. കൂടാതെ പയ്യാംമ്പലം ബീച്ച്, പാലക്കാട് തിരുവില്വാമല, കൊല്ലം മുനീശ്വരന്‍ കോവില്‍ തുടങ്ങിയ സ്ഥലങ്ങളിലും വലിയ തോതില്‍ തര്‍പ്പണം നടക്കുന്നു. പിതൃക്കളുടെ അനുഗ്രഹം ലഭിക്കാനും മോക്ഷത്തിനും ഈ ബലി ഉത്തമമായി കരുതപ്പെടുന്നു.
ശിവരാത്രി ബലിയും വ്രതാനുഷ്ഠാനങ്ങളും:
ബലിതര്‍പ്പണം: ശിവരാത്രി ദിനത്തില്‍, സാധാരണയായി പുലര്‍ച്ചെയാണ് പിതൃക്കള്‍ക്ക് ബലിയിടുന്നത്. ഇത് പൂര്‍വികരുടെ അനുഗ്രഹം നേടിത്തരുമെന്ന് വിശ്വസിക്കപ്പെടുന്നു.
ബലിതര്‍പ്പണ സമയം: ഫെബ്രുവരി 15-ന്റെയും 16-ന്റെയും ഇടയിലുള്ള അമാവാസി സമയം, പ്രധാനമായും രാവിലെ സൂര്യോദയത്തിന് ശേഷം.
വ്രതാനുഷ്ഠാനം: തലേദിവസം (ത്രയോദശി) മുതല്‍ വ്രതം ആരംഭിക്കുന്നു. അരി ആഹാരം ഒഴിവാക്കി ലഘുഭക്ഷണം കഴിക്കുന്നു.
ശിവരാത്രി രാത്രി: വ്രതമെടുക്കുന്നവര്‍ രാത്രി മുഴുവന്‍ ഉറക്കമിളച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തുകയും ‘ഓം നമഃ ശിവായ’ മന്ത്രം ജപിക്കുകയും ചെയ്യുന്നു.
അഭിഷേകം: കൂവളത്തില ചാര്‍ത്തിയും പാല്‍, തേന്‍, കരിക്ക് എന്നിവകൊണ്ട് ശിവലിംഗത്തില്‍ അഭിഷേകം നടത്തുന്നതും വിശേഷമാണ്.
വ്രതം അവസാനിപ്പിക്കല്‍: പിറ്റേന്ന് രാവിലെ ക്ഷേത്രദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ചാണ് വ്രതം അവസാനിപ്പിക്കുന്നത്.
2026-ലെ മഹാശിവരാത്രി ഫെബ്രുവരി 15 ഞായറാഴ്ചയാണ്. പിതൃപ്രീതി, പാപനാശം, മനഃശാന്തി എന്നിവയ്ക്കായി ലക്ഷക്കണക്കിന് ഭക്തര്‍ ഈ ദിവസം ശിവരാത്രി ബലിയും വ്രതവും അനുഷ്ഠിക്കുന്നു.

by Midhun HP News | Feb 14, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കൊല്ലമ്പുഴ ആവണിപുരം ശ്രീമഹാവിഷ്ണു സ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഫെബ്രുവരി 18 മുതൽ 26 വരെ നടക്കും

ഒന്നാം ദിവസം രാത്രി നടക്കുന്ന തൃക്കൊടിയേറ്റോടെ ഉത്സവത്തിന് തുടക്കമാകും. രണ്ടാം ദിവസം രാവിലെ എട്ടുമണിക്ക് പാൽപ്പായസം പൊങ്കാല, 9. 30ന് കാപ്പി സദ്യ,
മൂന്നാം ദിവസം രാത്രി ഏഴുമണിക്ക് വേണി ഭജൻസിന്റെ സ്വര ജപലഹരി,
നാലാം ദിവസം രാത്രി ഏഴിന് കരോക്കെ ഗാനമേള,
അഞ്ചാം ദിവസം രാവിലെ 10. 30 ന് ഉത്സവ ബലി ഉത്സവദർശനം,
ആറാം ദിവസം രാത്രി ഏഴിന് അക്ഷയ എസ് അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ്,
ഏഴാം ദിവസം രാത്രി 7. 30ന് ആവണീശ്വരം കലാസമിതി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി,
എട്ടാം ദിവസം രാത്രി ഏഴിന് ശിവധ്വനി അവതരിപ്പിക്കുന്ന തിരുവാതിര, രാത്രി 9 30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്
ഒമ്പതാം ദിവസം രാവിലെ എട്ടിന് ആറാട്ട് ബലി തുടർന്ന് തൃക്കൊടിയിറക്കോടെ ഉത്സവം സമാപിക്കും.

by Midhun HP News | Feb 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന് നടക്കും. ഭക്തലക്ഷങ്ങള്‍ എത്തുന്ന മഹോത്സവത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് അധിക സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഇത് സംബന്ധിച്ച റൂട്ടുകള്‍ ഉടന്‍ പ്രഖ്യാപിക്കും. പതിവ് പോലെ നിവേദ്യത്തിനു ശേഷം ഭക്തജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി നഗരത്തില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് വിവിധ ഡിപ്പോകളുടെ ബസുകള്‍ ലൈന്‍ അപ്പും പാര്‍ക്കിങ്ങും ചെയ്യുന്നത് സംബന്ധിച്ച് കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഭക്തര്‍ക്ക് ഈ സ്ഥലങ്ങളില്‍ എത്തി യാത്ര ചെയ്യാം.

പൊങ്കാല നിവേദ്യത്തിനു രണ്ടു മണിക്കൂര്‍ മുന്‍പ് മുതല്‍ ബസുകള്‍ ലൈന്‍ അപ്പ് ചെയ്ത് നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തും. ഉള്ളൂര്‍, ശ്രീകാര്യം, എം സി റോഡ്, പേരൂര്‍ക്കട എന്നീ ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസുകള്‍ വികാസ് ഭവനില്‍ നിന്ന് ഗവ.ലോ കോളേജ്, ബാര്‍ട്ടന്‍ഹില്‍ സ്‌കൂള്‍ ഗ്രൗണ്ട്, പാറ്റൂര്‍, വഞ്ചിയൂര്‍, ഉപ്പിടാംമൂട് പാലം, ഫോര്‍ട്ട് സ്‌കൂള്‍, എസ്.പി ഫോര്‍ട്ട് ആശുപത്രി, വാഴപ്പള്ളി ജംഗ്ഷന്‍, അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി ഓവര്‍ ബ്രിഡ്ജ് വരെ നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് ലൈന്‍ അപ്പ് ചെയ്യുന്നതും പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളെ ഈസ്റ്റ് ഫോര്‍ട്ട് നോര്‍ത്ത് സ്റ്റാന്റില്‍ നിന്നും കയറ്റി സര്‍വീസ് നടത്തുന്നതുമാണ്. വികാസ് ഭവന്‍, ഫോര്‍ട്ട് സ്‌കൂള്‍, കിഴക്കേകോട്ട എന്നിവിടങ്ങളില്‍ പാര്‍ക്കിംഗിന്റെയും ലൈനപ്പിന്റെയും ക്രമീകരണത്തിനായി ഓഫീസുകള്‍ പ്രവര്‍ത്തിക്കും.
നെയ്യാറ്റിന്‍കര, നേമം ഭാഗത്തേക്കുള്ള ബസുകള്‍ കരമന – പി.ആര്‍.എസ് ഹോസ്പിറ്റല്‍ -കിള്ളിപ്പാലം റൗണ്ട് കറങ്ങി നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റി കരമന, നെയ്യാറ്റിന്‍കര ഭാഗങ്ങളിലേക്ക് സര്‍വ്വീസ് നടത്തും. കരമന, പാപ്പനംകോട് എന്നിവിടങ്ങളില്‍ ഇതിന്റെ ക്രമീകരണത്തിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.
നെയ്യാറ്റിന്‍കര, നേമം ഭാഗങ്ങളില്‍ നിന്നും വരുന്ന 15 ഓളം ബസുകള്‍ കൈമനം, കരുമം റോഡ് വഴി കാലടി സ്‌കൂള്‍ മുതല്‍ മരുതൂര്‍ക്കടവ് പാലം വരെ നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുമ്പ് ലൈന്‍അപ്പ് ചെയ്ത് യാത്രക്കാരെ കയറ്റി തിരികെ ഈ റൂട്ട് വഴി മുന്‍ വര്‍ഷങ്ങളിലേതുപോലെ സര്‍വീസ് നടത്തുന്നതാണ്. മരുതൂര്‍ക്കടവില്‍ ഇതിന്റെ ക്രമീകരണത്തിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കും.
മലയിന്‍കീഴ് – കാട്ടാക്കട ഭാഗത്തേക്കുള്ള ബസുകള്‍ ബേക്കറി ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്ത് നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് ലൈന്‍ അപ്പ് ചെയ്ത് യാത്രക്കാരെ കയറ്റി മലയിന്‍കീഴ്, കാട്ടാക്കട ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതാണ്. ബേക്കറി ജംഗ്ഷനില്‍ ഇതിന്റെ ക്രമീകരണത്തിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കും.
വിഴിഞ്ഞം, തിരുവല്ലം ഭാഗത്ത് നിന്നുള്ള ബസുകള്‍ തിരുവല്ലത്തു നിന്നും തിരിഞ്ഞ് ബൈപ്പാസ് റോഡ് വഴി ബൈപ്പാസ് പരുത്തിക്കുഴി തിരിഞ്ഞു സര്‍വീസ് റോഡ് വഴി ആര്യന്‍കുഴി റോഡിലൂടെ കമലേശ്വരം സ്‌കൂളിനടുത്ത് നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പായി ലൈന്‍ അപ്പ് ചെയ്ത് യാത്രക്കാരെ കയറ്റി അമ്പലത്തറ, തിരുവല്ലം, വിഴിഞ്ഞം ഭാഗത്തേക്ക് വണ്‍വേ ആയി മുന്‍ വര്‍ഷത്തെ പോലെ സര്‍വീസ് നടത്തുന്നതാണ്. കമലേശ്വരം സ്‌കൂള്‍ കേന്ദ്രീകരിച്ച് ഇതിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതാണ്.
തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റാന്റില്‍ നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ കൃത്യമായി വന്നുപോകുന്നതിനുള്ള സംവിധാനം മുന്‍ വര്‍ഷത്തെ പോലെ ക്രമീകരിക്കും. ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ പാളയം ജംഗ്ഷന്‍ മുതല്‍ പനവിള ജംഗ്ഷന്‍ വരെ ലൈന്‍ അപ്പ് ചെയ്യും. പൊങ്കാല നിവേദ്യത്തിനു ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റാന്റില്‍ തിരക്കനുസരിച്ച് പനവിള നിന്നും തിരു. സെന്‍ട്രല്‍ യൂണിറ്റിലേക്ക് ബസുകള്‍ കടത്തിവിട്ട് സര്‍വീസ് ക്രമീകരിക്കുന്നതാണ്. മോഡല്‍ സ്‌കൂള്‍ ജംഗ്ഷനിലും തമ്പാനൂര്‍ ബസ് സ്റ്റാന്റിലും ഇതിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതാണ്.
സ്റ്റാച്യുവില്‍ നിന്നും കിഴക്കേകോട്ടയിലേക്ക് വരുന്ന ബസുകള്‍ എസ്എംവി സ്‌കൂള്‍ വരെ ബസ് പാര്‍ക്ക് ചെയ്ത് പൊങ്കാല നിവേദ്യത്തിനു ശേഷം കിഴക്കേകോട്ടയില്‍ എത്തി യാത്രക്കാരെ കയറ്റി മുന്‍ വര്‍ഷത്തെ പോലെ സര്‍വീസ് നടത്തുന്നതാണ്. പാര്‍ക്കിംഗിനായി നിശ്ചയിച്ചിരിക്കുന്ന ഏഴ് സ്ഥലങ്ങളില്‍ നിന്നും ഭക്തജനങ്ങളെ തിരികെ കൊണ്ടു പോകുന്നതിനും കെഎസ്ആര്‍ടിസി ബസ് പാര്‍ക്ക് ചെയ്യുന്നതിനും വേണ്ടി സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് കര്‍ശനമായി ഒഴിവാക്കേണ്ടതാണെന്നും നിര്‍ദേശമുണ്ട്.
ഉത്സവം തുടങ്ങുന്ന ഫെബ്രുവരി 23 മുതല്‍ ഉത്സവ ദിവസങ്ങളില്‍ ആറ്റുകാല്‍ ക്ഷേത്രത്തിലെക്കെത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് വേണ്ടി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ആറ്റുകാല്‍ ക്ഷേത്ര നടയില്‍ ഉത്സവം അവസാനിക്കുന്നതുവരെ പ്രത്യേക സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസും പ്രവര്‍ത്തിക്കും.

Recent Comments