ആലംകോട് മീരാൻകടവ് റോഡ്: പാണന്റെമുക്ക്–മണനാക്ക് ഭാഗത്ത് നാളെ (ഫെബ്രുവരി 11) ഗതാഗത നിരോധനം

ആലംകോട് മീരാൻകടവ് റോഡ്: പാണന്റെമുക്ക്–മണനാക്ക് ഭാഗത്ത് നാളെ (ഫെബ്രുവരി 11) ഗതാഗത നിരോധനം

ആറ്റിങ്ങൽ: ആലംകോട് മീരാൻകടവ് റോഡിന്റെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി പാണന്റെമുക്ക് മുതൽ മണനാക്ക് വരെ നാളെ (ഫെബ്രുവരി 11, 2026) പൂർണ്ണ ഗതാഗത നിരോധനം ഏർപ്പെടുത്തും. നാളെ രാവിലെ 5 മണി മുതൽ രാത്രി 10 മണി വരെയാണ് ഈ ഭാഗത്ത് വാഹന ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുക.

ഇതിനാൽ ആറ്റിങ്ങൽ, ആലംകോട് ഭാഗങ്ങളിൽ നിന്ന് നിലയ്ക്കാമുക്ക് ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ വിളയിൽമൂല – തിനവിള – പള്ളിമുക്ക് വഴിയുള്ള വഴിമാറി യാത്ര ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

കണക്ടഡ് ലോഡ് സ്വയം വെളിപ്പെടുത്തൽ പദ്ധതി: ചിറയിൻകീഴ് സെക്ഷൻ പരിധിയിലെ ഉപഭോക്താക്കൾക്ക് മാർച്ച് 31 വരെ അവസരം

കണക്ടഡ് ലോഡ് സ്വയം വെളിപ്പെടുത്തൽ പദ്ധതി: ചിറയിൻകീഴ് സെക്ഷൻ പരിധിയിലെ ഉപഭോക്താക്കൾക്ക് മാർച്ച് 31 വരെ അവസരം

ചിറയിൻകീഴ്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെ.എസ്.ഇ.ബി.എൽ.) ഉപഭോക്താക്കൾക്ക് അവരുടെ പ്രിമിസസിലെ കണക്ടഡ് ലോഡ് ക്രമീകരിക്കുന്നതിനായി “കണക്ടഡ് ലോഡ് – സ്വയം വെളിപ്പെടുത്തൽ പദ്ധതി 2026” പ്രകാരം പ്രത്യേക അവസരം ഒരുക്കുന്നു.

31.12.2025- B.O. (FTD) No.804/2025 (KSEBL/DIR/DIST/920/2025-AES) എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഈ പദ്ധതി പ്രകാരം ചിറയിൻകീഴ് സെക്ഷൻ പരിധിയിലെ എല്ലാ ഉപഭോക്താക്കൾക്കും, വീട്ടിലോ സ്ഥാപനത്തിലോ നിലവിലുള്ള കണക്ടഡ് ലോഡിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിൽ, അപേക്ഷ ഫീസ്, അധിക കരുതൽ തുക, പിഴ എന്നിവയില്ലാതെ അത് ക്രമപ്പെടുത്തുന്നതിനായി 2026 മാർച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.

അപേക്ഷകൾ ചിറയിൻകീഴ് സെക്ഷൻ ഓഫീസിൽ നേരിട്ട് സമർപ്പിക്കുകയോ, അല്ലെങ്കിൽ wss.kseb.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി നൽകുകയോ ചെയ്യാം.

ക്രിക്കറ്റ് ആരാധകര്‍ക്കായി കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍; അറിയാം 499 പ്ലാന്‍ ഫീച്ചര്‍

ക്രിക്കറ്റ് ആരാധകര്‍ക്കായി കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍; അറിയാം 499 പ്ലാന്‍ ഫീച്ചര്‍

ഡല്‍ഹി: ടി20 ലോകകപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ക്രിക്കറ്റ് ആരാധകര്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ചു. ജിയോഹോട്ട്സ്റ്റാര്‍, സോണിലിവ്, സീ5 എന്നിവ മൂന്ന് മാസം ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ ആഡ്-ഓണ്‍ പായ്ക്ക് ആണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്.

ഈ പ്ലാന്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിന്റെയും ഐപിഎല്‍ 2026 ന്റെയും എല്ലാ മത്സരങ്ങളും കാണാന്‍ കഴിയും. ലൈവ് ക്രിക്കറ്റിന് പുറമേ, വരിക്കാര്‍ക്ക് വെബ് സീരീസുകള്‍, സിനിമകള്‍, മറ്റ് വിനോദ ഉള്ളടക്കം എന്നിവയും സ്ട്രീം ചെയ്യാന്‍ കഴിയുന്ന 499 രൂപ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. 499 രൂപയുടെ ഈ പ്ലാന്‍ മൂന്ന് മാസത്തെ (90 ദിവസം) വാലിഡിറ്റിയോടെയാണ് വരുന്നത്. നിലവിലുള്ള ഏതെങ്കിലും ബിഎസ്എന്‍എല്‍ പ്ലാനുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഈ പായ്ക്ക് ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും.

ജിയോഹോട്ട്സ്റ്റാര്‍, സോണിലൈവ്, സീ5 എന്നിവയിലേക്ക് മൂന്ന് മാസത്തെ ആക്‌സസ് ആണ് ഇതുവഴി ലഭിക്കുന്നത്. ഉപയോക്താക്കള്‍ക്ക് മൊബൈലിലും ടിവിയിലും ഒരേസമയം ഉള്ളടക്കം സ്ട്രീം ചെയ്യാന്‍ കഴിയും. ക്രിക്കറ്റ് ആരാധകര്‍ക്ക് ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിലെയും ഐപിഎല്‍ 2026ലെയും എല്ലാ മത്സരങ്ങളും ജിയോഹോട്ട്സ്റ്റാറില്‍ കാണാന്‍ കഴിയും. അതേസമയം സോണിലിവ് മറ്റ് വിവിധ കായിക പരിപാടികളിലേക്ക് ആക്‌സസ് നല്‍കുന്നു.

‘ഭാരത മാതാവിനെ വിറ്റു, സര്‍ക്കാര്‍ എല്ലാം അടിയറവു വെച്ചു’; യുഎസ്‌ വ്യാപാര കരാറിനെതിരെ രാഹുല്‍ ഗാന്ധി

‘ഭാരത മാതാവിനെ വിറ്റു, സര്‍ക്കാര്‍ എല്ലാം അടിയറവു വെച്ചു’; യുഎസ്‌ വ്യാപാര കരാറിനെതിരെ രാഹുല്‍ ഗാന്ധി

ഡല്‍ഹി: അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറിലൂടെ ബിജെപി സര്‍ക്കാര്‍ ‘ഭാരത മാതാവിനെ’ വിറ്റുവെന്നും രാഹുല്‍ ലോക്‌സഭയില്‍ ആരോപിച്ചു. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ പൂര്‍ണമായും അമേരിക്കയ്ക്ക് കൈമാറിയെന്നും കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ വിട്ടുവീഴ്ച ചെയ്തുവെന്നും രാഹുഗാന്ധി പറഞ്ഞു.

കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ‘ഇന്ത്യ സഖ്യ’മാണ് യുഎസുമായി വ്യാപാര കരാര്‍ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഇന്ത്യയെ തുല്യമായി പരിഗണിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനോട് പറയുമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘നിങ്ങള്‍ ഇന്ത്യയെ വിറ്റു. ഇന്ത്യയെ വില്‍ക്കുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ? നിങ്ങള്‍ നമ്മുടെ അമ്മയായ ഭാരത മാതാവിനെ വിറ്റു,’ വ്യാപാര കരാറിനെ ചൂണ്ടി രാഹുല്‍ പറഞ്ഞു. ഊര്‍ജ്ജ സുരക്ഷ ഇന്ത്യ-യുഎസ് വ്യാപാര കരാറിന് കീഴിലാണെന്നും ‘ആരില്‍ നിന്ന് എണ്ണ വാങ്ങണമെന്ന്’ യുഎസ് ആണ് തീരുമാനിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കരാറില്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്നും യുഎസില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണികളില്‍ വന്നുനിറയുമെന്നും ഇത് ഇന്ത്യയിലെ കര്‍ഷകര്‍ ദുരിതത്തിലാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ശബരിമല കൊടിമര പുനർനിർമാണം; സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ തേടി വിജിലൻസ്; മൊഴിയെടുക്കും

ശബരിമല കൊടിമര പുനർനിർമാണം; സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ തേടി വിജിലൻസ്; മൊഴിയെടുക്കും

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണത്തിന് സംഭാവന നൽകിയവരുടെ വിവരങ്ങൾ ശേഖരിച്ച് വിജിലൻസ്. സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള 27 പേരുടെ വിവരങ്ങളാണ് വിജിലൻസ് തേടിയത്. രേഖകൾ ആവശ്യപ്പെട്ട് എസ്ഐടിക്ക് വിജിലൻസ് കത്ത് നൽകി. എല്ലാവരെയും നേരിൽക്കണ്ട് മൊഴിയെടുക്കാനാണ് വിജിലൻസിന്റെ നീക്കം. അഭിഭാഷക കമ്മീഷനായിരുന്ന എഎസ്പി കുറുപ്പ്, തിരുവാഭരണം കമ്മീഷണർ, ശില്പി വെങ്കിടേഷ് എന്നിവരെയും വിജിലൻസ് വിളിച്ചുവരുത്തും. അന്വേഷണം വേഗത്തിലാക്കാൻ വിജിലൻസിന് ഉന്നതതല നിർദേശമുണ്ട്.

ശബരിമലയിലെ കൊടിമരത്തിന് സ്വർണം സംഭാവന നല്‍കിയവരില്‍ സിനിമാ മേഖലയില്‍ നിന്നുളളവരുടെ നീണ്ട നീരയാണുളളത്. സംഭാവന നല്‍കിയവര്‍ സ്വര്‍ണപ്പാളികള്‍ ഒട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് ലഭിച്ചിരുന്നു. നടന്മാരായ സുരേഷ് ഗോപി, മകന്‍ ഗോകുല്‍ സുരേഷ്, സുധീര്‍ കരമന, തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ എന്നിവരാണ് ചടങ്ങിനെത്തിയത്. എന്നാൽ അഭിഭാഷക കമ്മീഷണര്‍ എഎസ്പി കുറുപ്പ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം സുരേഷ് ഗോപി മാത്രമാണ് സംഭാവന നല്‍കിയവരുടെ പട്ടികയില്‍ ഉളളത്.