by Midhun HP News | Jun 15, 2026 | Latest News, കേരളം
കാസർകോട്: കാസർകോട് പള്ളിക്കര കല്ലിങ്കലിൽ കടലിൽ കുളിക്കാനിറങ്ങിയതിനെ തുടർന്ന് ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായ കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ രണ്ട് യുവാക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ചീരംചിറ വാഴപ്പള്ളിയിലെ ബാലുവിന്റെ മകൻ അങ്കിത് (20), ചിങ്ങവനം പാത്താമുട്ടത്തെ എബ്രഹാമിന്റെ മകൻ അപ്പു ടി. എബ്രഹാം എന്നിവരാണ് കടലിലെ ഒഴുക്കിൽപ്പെട്ട് മരണത്തിന് കീഴടങ്ങിയത്.
ഞായറാഴ്ച വൈകിട്ടോടെയായിരുന്നു ദാരുണ സംഭവം . നാല് പേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘം പ്രശസ്തമായ ബേക്കൽ ബീച്ച്തീരത്തൂടെ നടന്ന്, പള്ളിക്കര റെഡ് മൂൺ ബീച്ചിന് ഒരു കിലോമീറ്റർ തെക്കോട്ട് മാറി വിജനമായ സ്ഥലത്ത് കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും അപ്പുവും അങ്കിത്തും ശക്തമായ തിരമാലകളെ അതിജീവിച്ച് തിരിച്ചുവരാത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ അലൻ സോണി, അലൻ ദേവസ്യ എന്നിവർ പരിഭ്രാന്തരായി ബീച്ചിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡിനെ വിവരമറിയിക്കുകയായിരുന്നു.
ഉടൻ തന്നെ ബേക്കൽ തീരദേശ പൊലീസും പ്രാദേശിക നാട്ടുകാരും മൽസ്യത്തൊഴിലാളികളും ചേർന്ന് ഞായറാഴ്ച രാത്രി വൈകിയും കടലിൽ വിപുലമായ തെരച്ചിൽ നടത്തിയെങ്കിലും ഇരുട്ടും ശക്തമായ കടൽക്ഷോഭവും പ്രതിരോധം തീർത്തു. തുടർന്ന്, ബേക്കൽ പൊലീസും തളങ്കര തീരദേശ പൊലീസും ഫയർഫോഴ്സും സംയുക്തമായി ഇന്ന് രാവിലെ മുതൽ തെരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കുകയായിരുന്നു.
രാവിലെ 12 മണിയോടെ അപ്പു ടി. എബ്രഹാമിന്റെ മൃതദേഹം ചിത്താരി പുഴയിൽ നിന്നും ഉച്ചയ്ക്ക് 1.30-ഓടെ അങ്കിത്തിന്റെ മൃതദേഹം മട്ടുന്തല അഴിമുഖത്ത് നിന്നുമാണ് പൊലീസും നാട്ടുകാരും ചേർന്ന് കണ്ടെടുത്തത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. വിനോദയാത്രയ്ക്ക് എത്തിയ കൗമാരക്കാരുടെ അപ്രതീക്ഷിത വിയോഗ വാർത്ത അറിഞ്ഞ് ചങ്ങനാശ്ശേരിയിലെ ഇവരുടെ ജന്മനാടും സങ്കടത്തിലാണ്.

by Midhun HP News | Jun 15, 2026 | Latest News, സിനിമ
സലിം കുമാറിന്റെ ചിതയ്ക്ക് അരികില്‍ നിന്ന് പൊട്ടിക്കരയുന്ന ടിനി ടോമിന്റെ വിഡിയോ വൈറലായിരുന്നു. സലിം കുമാറും ടിനി ടോമും തമ്മിലുള്ള അടുപ്പം അറിയുന്നവര്‍ക്ക് ആ കണ്ണീര്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ ടിനിയെ അതിന്റെ പേരില്‍ ട്രോളുകയും വിമര്‍ശിക്കുകയും ചെയ്തു.
തന്നെ ട്രോളിയവര്‍ക്ക് മറുപടി നല്‍കുകയാണ് ടിനി ടോം. തങ്ങള്‍ക്കിടയിലുള്ളത് 30 വര്‍ഷത്തെ ചരിത്രമാണെന്നാണ് ടിനി ടോം പറയുന്നത്. അമ്മയിലെ പ്രതിസന്ധികളില്‍ തനിക്ക് വേണ്ടി സംസാരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു അദ്ദേഹമെന്നും ടിനി പറയുന്നു. പറവൂരില്‍ സംഘടിപ്പിച്ച സലിം കുമാര്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ടിനി. ആ വാക്കുകളിലേക്ക്:
അദ്ദേഹത്തെ ചിതയിലേക്ക് വെക്കുമ്പോള്‍ പിടിച്ചു നില്‍ക്കാനാകാതെ, നാദിര്‍ഷിക്കയുടെ അടുത്ത് നിന്ന് ഞാന്‍ കരഞ്ഞപ്പോള്‍ പലരും ട്രോളി. എന്താണ് ഞാനും സലിയപ്പനും തമ്മിലുള്ള ബന്ധമെന്ന് വളരെ അടുത്തറിയുന്നവര്‍ വേദിയിലുണ്ട്. സലിയപ്പനോളം എനിക്ക് അടുപ്പമുള്ളവരാണ് കെഎസ് പ്രസാദും ഡയാന സില്‍വസ്റ്ററും പ്രിയങ്കയും നാദിര്‍ഷയും ഷാജോണുമൊക്കെ. ഈ പറഞ്ഞവരെയൊക്കെ പരിചയപ്പെടും മുമ്പേ ഞാന്‍ പരിചയപ്പെട്ടയാളാണ് സലിയപ്പന്‍.
ഒന്നാമത് ഞാന്‍ പുത്തന്‍വേലിക്കാരനാണ്. അദ്ദേഹം കോളേജില്‍ എന്നേക്കാള്‍ പ്രായമുണ്ടെങ്കിലും ജൂനിയര്‍ ആയിട്ടാണ് വന്നത്. ജോലി എടുത്ത ശേഷമാണ് പഠിക്കാന്‍ വന്നത്. വന്ന ഉടനെ തന്നെ ഞങ്ങള്‍ക്കിടയിലൊരു ആത്മബന്ധമുണ്ടായി. ഒന്ന് മിമിക്രിക്കാരന്‍ എന്ന നിലയില്‍, പിന്നെ ഞാന്‍ മഹാരാജാസിലെ ശക്തനായ, മുഴുവന്‍ സമയ കെഎസ്‌യു പ്രവര്‍ത്തകനായിരുന്നു. വൈകുന്നേരങ്ങളില്‍ എന്റെ അടുത്ത് വന്നിരിക്കും. മഹാരാജാസിന്റെ മുമ്പിലെ ബെഞ്ചില്‍. മറ്റ് പരിപാടികള്‍ കഴിഞ്ഞേ അദ്ദേഹം കോളേജിലെത്താറുള്ളൂ. അവിടെ ഇരുന്ന്, ആ ബീഡിയുടെ മണത്തില്‍ ഒരുപാട് കാര്യങ്ങള്‍, രാഷ്ട്രീയത്തെക്കുറിച്ചും മിമിക്രിയെക്കുറിച്ചുമൊക്കെ സംസാരിക്കുമായിരുന്നു.
പിന്നീട് യൂണിവേഴ്‌സിറ്റി മത്സരത്തില്‍ മിമിക്രിയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത് ഞാനും പക്രുവും സലിം കുമാറുമാണ്. അതിന് ശേഷം അദ്ദേഹം നാദിര്‍ഷിക്കയുടെ ട്രൂപ്പിലേക്ക് പോയി. പിന്നീട് എന്നെ നാദിര്‍ഷിക്ക മിനിസ്‌ക്രീനിന് പരിചയപ്പെടുത്തി. ശേഷം ഡയാന സില്‍വസ്റ്ററിന്റെ സിനിമാലയില്‍ ഞാന്‍ ഭാഗമായി. സലിം കുമാര്‍ അവതരിപ്പിച്ച സലാം സലിമില്‍ ഞാന്‍ ആയിരുന്നു ഫസ്റ്റ് അസിസ്റ്റന്റും കോര്‍ഡിനേറ്ററും. ചെയ്ത എല്ലാ പരിപാടികളും സൂപ്പര്‍ ഹിറ്റായിരുന്നു.
അതിന് ശേഷം സിനിമയിലെത്തി. സിനിമയില്‍ അധികം ഒരുമിച്ചില്ലെങ്കിലും എല്ലാ ആഴ്ചയും വിളിച്ച് ഒരുപാട് സംസാരിക്കുമായിരുന്നു. എന്റെ ജീവിതത്തിന്റെ ഒരു ഏടാണ്, എന്റെ ജീവിതം തന്നെയാണ് എനിക്ക് നഷ്ടമായത്. ഓരോ ആഴ്ചയും ഓരോ കാര്യങ്ങളും. അവസാനം എന്നോട് പറഞ്ഞ കോമഡി രേഖപ്പെടുത്താത്ത കോമഡിയാണ്.
ഞാന്‍ ഔഷധസസ്യങ്ങള്‍ കൃഷി ചെയ്യുന്നുണ്ട് വീട്ടില്‍. എന്നെ വിളിച്ച് അതേക്കുറിച്ച് ചോദിച്ചു. എന്തിനാണ് എന്ന് ചോദിച്ചു. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇതൊന്നും അറിയില്ല. തലവേദനയും വയറുവേദനയുമൊക്കെ ഇത് കഴിച്ചാല്‍ മാറുമെന്ന് ഞാന്‍ പറഞ്ഞു. ഇത് എങ്ങനെയാണ് എന്ന് ചോദിച്ചു. ഒരു ഒന്നൊന്നര വര്‍ഷം വേണ്ടി വരും വളര്‍ത്തിയെടുക്കാന്‍ എന്ന് ഞാന്‍ പറഞ്ഞു. ഓ ഒന്നൊര വര്‍ഷം വേണ്ടി വരുമല്ലേ നിന്റെ വയറുവേദനയും തലവേദനയും മാറാന്‍? അതിലും ബേധം നിനക്കൊരു മെഡിക്കല്‍ ഷോപ്പ് തുടങ്ങുന്നതല്ലേ, ഇന്ന് തന്നെ കഴിക്കാമല്ലോ എന്നായിരുന്നു മറുപടി.
അതിനേക്കാളൊക്കെ എന്നെ ദുഖിപ്പിച്ച മറ്റൊരു സംഭവമുണ്ട്. അടുത്ത ആഴ്ചയാണ് അമ്മയുടെ ജനറല്‍ ബോഡി. എനിക്ക് വേണ്ടി ശക്തമായി സംസാരിക്കുന്ന കാര്യങ്ങള്‍ നോട്ട് ചെയ്ത് വച്ച് വരാനാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ ചിറകാണ് ഒടിഞ്ഞു പോയത്. അമ്മയിലെ പല അംഗങ്ങളോടും വിളിച്ച് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കി എനിക്ക് സംസാരിക്കാന്‍ റെഡിയാവുകയായിരുന്നു. പ്രസിഡന്റിനോട് വരെ പറഞ്ഞിരുന്നു. അതല്ല എന്റെ നഷ്ടം. എന്ത് പ്രശ്‌നമുണ്ടെങ്കിലും എന്നെ വിളിച്ച് അതിനൊരു കണ്‍ക്ലൂഷന്‍ പറഞ്ഞ് തരുന്ന രണ്ടു പേരുണ്ടായിരുന്നു. ഒന്ന് സംവിധായകന്‍ സിദ്ധീഖ് ഇക്കയായിരുന്നു. അദ്ദേഹം മരിച്ചുപോയി. പിന്നീട് സലിം കുമാറാണ്. ഇനി ഞാന്‍ ആരോട് ചോദിക്കും? ഒരാളില്ലാതായിപ്പോയി.
ആ സലിയപ്പനെ അറിയാവുന്ന ആള്‍ക്കാര്‍ ഉണ്ട്. ഡയാനയെ ആദ്യമായി കാണാന്‍ പോയത് ഞാനും സലിയപ്പനുമാണ്. പത്ത് മുപ്പത് വര്‍ഷത്തെ ചരിത്രമാണ്. അതാണ് ഞാന്‍ പൊട്ടിക്കരഞ്ഞത്. കാരണം എന്റെ ജീവിതം തന്നെയാണ് എനിക്ക് നഷ്ടമായത്. പലരും ട്രോളിയിട്ടുണ്ടാകും, പക്ഷെ ചിലര്‍ പിന്തുണച്ചു. കരയാനെങ്കിലും സ്വാതന്ത്ര്യം വേണ്ടേ? മാറി നിന്ന് കരയുന്നതാണ്. എനിക്കൊന്ന് പൊട്ടിക്കരയണ്ടേ? ഒരു സുഹൃത്തിനെ സ്‌നേഹിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലെന്ന് ബൈബിളില്‍ പറയുന്നു. ഞാന്‍ അത്രയും സ്‌നേഹിച്ചിട്ടുണ്ട്. എന്നേയും സ്‌നേഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അവസാനത്തെ അഭിമുഖത്തിലും ഞാന്‍ പോയിരുന്നു. അദ്ദേഹമായിരുന്നില്ല, വേറൊരു ആളാണ് എന്നെ വിളിച്ചത്. അറിഞ്ഞെത്തുന്നവരാടാ സുഹൃത്തുക്കള്‍. പലരേയും വിളിച്ചു. പക്ഷെ നീ മാത്രമാണ് വന്നതെന്ന് പറഞ്ഞു. സലിയപ്പന്‍ ഞങ്ങളുടെ ഓര്‍മകളിലുണ്ടാകും.
by Midhun HP News | Jun 15, 2026 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ എസ്ബിഐ എടിഎം സിഡിഎമ്മായ് അപ്ഗ്രേഡ് ചെയ്യണമെന്ന ആവിശ്യം ശക്തമാകുന്നു. അഞ്ചുതെങ്ങ് – കടയ്ക്കാവൂർ മേഖലയിലെ ബാങ്ക് ഇടപാട്കാരുടെ ഏക ആശ്രയമായ കടയ്ക്കാവൂർ ചെക്കാലവിളാകത്തെ എടിഎം ക്യാഷ് ഡെപ്പോസിറ്റ് മിഷ്യനായി (CDM) അപ്ഗ്രേഡ് ചെയ്യണമെന്ന ആവിശ്യം ഉയർന്നിരിക്കുന്നത്.
നിലവിൽ എസ്ബിഐ ക്ക് കടയ്ക്കാവൂർ, വർക്കല, വക്കം, ആറ്റിങ്ങൽ, ചിറയിൻകീഴ് തുടങ്ങിയ സ്ഥലങ്ങളിലാണ് എടിഎം നിലവിലുള്ളത്. ഇതിൽ കടയ്ക്കാവൂർ ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലേയും എടിഎമ്മുകളിൽ ക്യാഷ് ഡെപ്പോസിറ്റ് സംവിധാനമുണ്ട്. എസ്ബിഐയുടെ കടയ്ക്കാവൂർ ശാഖയിൽ ദിനംപ്രതി നൂറുകണക്കിന് പേരാണ് ബാങ്കിലെത്തി ഇടപാടുകൾ നടത്തുന്നത്.
ഇത് നിലവിൽ ഇടപാടുകാർക്ക് വൻതോതിൽ സമയനഷ്ടം സൃഷ്ടിക്കുന്നുണ്ട്. നിലവിൽ 40,000 വരെയുള്ള ഇടപാടുകൾ എ ടി എം വഴി നടത്തണമെന്ന നിർദേശം ഉണ്ടെങ്കിലും പലപ്പോഴും ചെക്കാലവിളാകത്തെ എസ്ബിഐ യുടേത് ഉൾപ്പെടെയുള്ള എടിഎമ്മുകൾ പ്രവർത്തിക്കാത്ത അവസ്ഥയിലുമായിരിക്കും. ഇത് ഇടപാട്കാരെ ചെറുതൊന്നുമല്ല വലക്കുന്നത്.
ജി പേ, പേ ടിഎം തുടങ്ങിയ ഓൺലൈൻ പണം ഇടപാടുകൾ രാജ്യത്ത് വർദ്ധിച്ചതോടെ ചെറിയ കാര്യങ്ങൾക്ക് പോലും ഫോൺ പേ സംവിധാനമാണ് ബഹുഭൂരിപക്ഷവും ഉപയോഗപ്പെടുത്തുന്നത്. അതിനാൽ തന്നെ അക്കൗണ്ടിൽ പണം തീർന്നാൽ തിരിച്ചിടുവാൻ ബാങ്ക് ശാഖയിലേക്കോ മറ്റ് സ്ഥലങ്ങളിലോ ഉള്ള ക്യാഷ് ഡെപ്പോസിറ്റ് മിഷീനുകളെ ആശ്രയിക്കേണ്ടുന്ന അവസ്ഥയാണ്. ഇത് 1000 രൂപക്ക് 10 മുതൽ 25 രൂപ നിരക്കിൽ കമ്മീഷൻ വാങ്ങി തുക അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുന്ന ചെറു പണമിടപാട് മാഫിയകളെ സൃഷ്ടിക്കുന്നതിനും കാരണമായിതീർന്നിട്ടുണ്ട്.
എത്രയും പെട്ടെന്ന് തന്നെ കടയ്ക്കാവൂരിലെ എസ്ബിഐ എടിഎം അപ്ഗ്രേഡ് ചെയ്ത് ക്യാഷ് ഡെപ്പോസിറ്റ് സംവിധാനം കൂടി ഉൾപ്പെടുത്തുവാൻ ബന്ധപ്പെട്ടവരുടെ ഭാഗത്ത് മിന്നും നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

by Midhun HP News | Jun 15, 2026 | Latest News, കായികം
കൊച്ചി: ലോകകപ്പ് ഫുട്ബോൾ ലഹരിയിൽ മതിമറക്കുന്ന കൊച്ചിയിലെ കായിക പ്രേമികൾക്ക് ഇനി ഉത്സവകാലം. മത്സരങ്ങൾ ഒരുമിച്ചിരുന്ന് ആസ്വദിക്കാൻ ഫോർട്ട് കൊച്ചിയിൽ ‘ഫിഫ ഫാൻ സോൺ’ തുറന്നു. കൊച്ചി മുൻസിപ്പൽ കോർപറേഷനുമായി സഹകരിച്ച് ഗാമൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ് ഉൾപ്പെടെയുള്ള സംഘാടകരാണ് കാൽപന്ത് ആരാധകർക്കായി വിപുലമായ ഫാൻ പാർക്ക് ഒരുക്കിയത്. ഗാമെൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ എ രാജേഷ് ഫാൻ പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ലോകകപ്പ് മത്സരങ്ങൾ വളരെ വ്യക്തതയോടെ കാണാനായി കൂറ്റൻ പ്രൊജക്ടറുകളും എൽഇഡി സ്ക്രീനുകളുമാണ് ഫാൻ പാർക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം സ്റ്റേഡിയത്തിന് സമാനമായ അനുഭവം നൽകുന്ന മികച്ച ശബ്ദ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓരോ മത്സരങ്ങൾക്കും മുൻപായി കാണികളെ ആവേശത്തിലാക്കാൻ ലൈവ് ബാൻഡ് പ്രകടനങ്ങളും മറ്റ് കലാപരിപാടികളും അരങ്ങേറും.
ബ്രസീലിന്റെ മത്സരത്തിന് വൻ ജനത്തിരക്കായിരുന്നു ഫാൻ പാർക്കിൽ. തങ്ങളുടെ പ്രിയ താരങ്ങളുടെ പേരുകൾ ആലേഖനം ചെയ്ത മഞ്ഞ ജേഴ്സിയണിഞ്ഞ് ആയിരക്കണക്കിന് ആരാധകരാണ് ഫോർട്ട് കൊച്ചിയിലേക്ക് ഒഴുകിയെത്തിയത്. സംഗീതവും ആവേശവും നിറഞ്ഞ ഒരു കാർണിവൽ പ്രതീതി ജനിപ്പിക്കുന്ന ഈ ഫാൻ സോൺ, വരും ദിവസങ്ങളിലും കൊച്ചിയിലെ ഫുട്ബോൾ പ്രേമികളുടെ പ്രധാന സംഗമ വേദിയായി മാറും. യാതൊരു തടസങ്ങളുമില്ലാതെ ലോകകപ്പ് മത്സരങ്ങൾ മുഴുവൻ ഇവിടെ തത്സമയം ആസ്വദിക്കാനാകും.
ഗാമെൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഹെഡ് ഓഫ് ഓപ്പറേഷൻസ് ബിനു റാം, കൊച്ചി കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടികെ അഷ്റഫ്, നഗരസഭ രണ്ടാം ഡിവിഷൻ കൗൺസിലർ ഫൗസിയ സജീർ ചടങ്ങിൽ പങ്കെടുത്തു.

by Midhun HP News | Jun 15, 2026 | Latest News, കേരളം
കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് നടപ്പിലാക്കിയ സൗജന്യ യാത്ര പദ്ധതി ‘പ്രിയദര്‍ശനി’ക്കെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി. പദ്ധതി ഭരണഘടനയുടെ 14, 15 (1) അനുച്ഛേദങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ലിംഗസമത്വത്തിന് വിരുദ്ധമായാണ് പദ്ധതി നടപ്പിലാക്കിയതെന്നാണ് പ്രധാന ആരോപണം. വരുമാന പരിധിയോ, താമസ യോഗ്യതയോ, ഒരു നിര്‍ദ്ദിഷ്ട ക്ഷേമ ലക്ഷ്യമോ ഇല്ലാതെ, ലൈംഗിക ഭേദം മാത്രം അടിസ്ഥാനമാക്കി ആനുകൂല്യം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.
മാസം പത്ത് ലക്ഷം രൂപ ശമ്പളം പറ്റുന്ന ഒരു സ്ത്രീക്ക് സൗജന്യ യാത്ര ലഭിക്കുമ്പോള്‍, ഒരു ദിവസ വേതനക്കാരനായ പുരുഷന്‍ അതേ ബസില്‍ ടിക്കറ്റ് നല്‍കേണ്ടി വരുന്നു, ഒരു ജനാതിപത്യ രാജ്യത്ത് അനുവദനീയമല്ല.
സര്‍ക്കാര്‍ അധികാരത്തിലേറിയ ആദ്യ ദിനം തന്നെ, ഒരു നയ പഠനവും ആഘാത വിലയിരുത്തലും ഇല്ലാതെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം നേരിട്ട് സര്‍ക്കാര്‍ ഉത്തരവാക്കി മാറ്റിയത് ഭരണഘടനാ ലംഘനമാണെന്ന് ഹര്‍ജി ആരോപിക്കുന്നു. . എറണാകുളം സ്വദേശി ആയ മുഹമ്മദ് ഫിര്‍ദൗസ് അഡ്വ. ഷമീം അഹമ്മദ് മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

by Midhun HP News | Jun 15, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മഹിളാ കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡന്റ് സുകന്യ ജി ഐ യെ തെരഞ്ഞെടുത്തു
Recent Comments