‘അയ്യൻ്റെ സ്വര്‍ണം കട്ടവരെ ജനകീയ കോടതിയില്‍ ശിക്ഷ വിധിക്കുന്ന ദിവസം’: കെ സി വേണുഗോപാല്‍

‘അയ്യൻ്റെ സ്വര്‍ണം കട്ടവരെ ജനകീയ കോടതിയില്‍ ശിക്ഷ വിധിക്കുന്ന ദിവസം’: കെ സി വേണുഗോപാല്‍

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായ ജനവിധി ഉണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ജനങ്ങള്‍ കൃത്യമായ തീരുമാനത്തോടെ വോട്ട് ചെയ്യുമെന്നും കേരള ജനത ഒറ്റക്കെട്ടായി സര്‍ക്കാരിനെതിരെ ജനവിധി എഴുതുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. നൂറിലധികം സീറ്റുകളോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘അയ്യന്റെ സ്വര്‍ണം കട്ടവരെ ജനകീയ കോടതിയില്‍ ശിക്ഷ വിധിക്കുന്ന ദിവസമാണിന്ന്. വ്യാജ ഓഡിയോ ക്ലിപ്പ് ആണെങ്കില്‍ എന്തുകൊണ്ടാണ് പരാതി നല്‍കാത്തത്? എന്തുകൊണ്ട് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുന്നില്ല? ഓഡിയോ ക്ലിപ്പ് വ്യാജമല്ല. കൃത്യമായ ജനവിധി ഉണ്ടാകും. പിണറായി വീണഅടും അഞ്ചുവര്‍ഷം കൂടി ഭരിക്കണോ?’: കെ സി വേണുഗോപാല്‍ ചോദിച്ചു.

ആ വീഡിയോ എഐ ആണോയെന്ന് പരിശോധിക്കണം: ശോഭാ സുരേന്ദ്രൻ

ആ വീഡിയോ എഐ ആണോയെന്ന് പരിശോധിക്കണം: ശോഭാ സുരേന്ദ്രൻ

പാലക്കാട്: തനിക്കെതിരായ വീഡിയോ എഐ ആണോയെന്ന് പരിശോധിക്കണമെന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ ശോഭ സുരേന്ദ്രൻ. പാലക്കാട്ടെ കണ്ണാടി പഞ്ചായത്തിൽ വയോധികയ്ക്ക് വോട്ടിന് പണം നൽകിയെന്ന വിവാദത്തിലാണ് ശോഭയുടെ പ്രതികരണം. ആരാണ് പണം നൽകിയത്?. പണം നൽകിയതിന്റെ രേഖ എവിടെ? പണം തന്നിട്ടില്ല എന്ന് അമ്മ പറഞ്ഞത് എന്തുകൊണ്ട് റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. പാലക്കാട്ടെ ജനങ്ങളുമായി ഒരു ഡീൽ മാത്രമേയുള്ളൂ. അത് വികസനത്തിനായുള്ള ഡീൽ ആണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

വലിയൊരു കഥ കെട്ടിച്ചമച്ച് കേരളത്തിന്റെ മണ്ണിൽ പടർത്താനാണ് ശ്രമിച്ചത്. കലക്ടർക്ക് പരാതി നൽകിയ ശേഷമാണ് കഥയുണ്ടാക്കുന്നത്. ശോഭാ സുരേന്ദ്രന്റെ സ്റ്റിക്കർ ഒട്ടിച്ച നിരവധി കാറുകൾ ഓടുന്നുണ്ട്. പാലക്കാട്ട് ശോഭാ സുരേന്ദ്രൻ ജയിച്ച് പദ്ധതികൾ കൊണ്ടുവരരുത് എന്ന് ഒരു വിഭാഗം മാധ്യമങ്ങൾ ആഗ്രഹിക്കുന്നുണ്ട്. തന്നെ വേട്ടയാടാൻ ജമാ അത്തെ ഇസ്ലാമിയുടെ തണൽ പറ്റി ഒരു മാധ്യമ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.

ആ മാധ്യമസിൻഡിക്കേറ്റിന്റെ കേരളത്തിലാകമാനമുള്ള പ്രവർത്തനത്തിനുള്ള മറുപടി മെയ് 4 ന് ശേഷം പറയും. ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കാമെന്ന് കരുതേണ്ട. ശോഭ സുരേന്ദ്രൻ കേരള നിയമസഭയിൽ പോയാൽ പലരുടേയും മുഖംമൂടി പിച്ചിചീന്തപ്പെടും. ഇടത്തോട്ടും വലത്തോട്ടുമല്ലാതെ ഈ കേരളത്തിലെ അഴിമതിക്കെതിരെ ശോഭ സുരേന്ദ്രൻ പോരാട്ടം നടത്തും. അതുകൊണ്ടാണ് ഇത്തരം മാധ്യമങ്ങൾ തനിക്കെതിരെ തിരിയുന്നത്.

ഷാഫി പറമ്പിലിന്റെ അനുയായി ആയ പ്രശോഭ് ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചത് മാധ്യമങ്ങൾ വാർത്തയാക്കിയില്ല. ഷാഫി പറമ്പിൽ തന്റെ ബോസ് ആണെന്നാണ് പ്രശോഭ് പറയുന്നത്. ഷാഫി പറമ്പിലിന് ജമാഅത്തെ ഇസ്‌ലാമിയുമായും പോപ്പുലർ ഫ്രണ്ടുമായും ബന്ധമുണ്ട്. ഇതറിയണമെങ്കിൽ ശൈലജ ടീച്ചറോട് ചോദിച്ചാൽ മതിയെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. വോട്ടു കോഴ ആരോപണത്തിൽ തനിക്കെതിരെ വാർത്താസമ്മേളനം നടത്തിയവരിൽ ഒരാൾ കോൺ​ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ സഹോദരനാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

രാഹുൽ​ഗാന്ധിക്ക് ഉപദേശം നൽകുന്ന ഒരു മഹാനുണ്ട്. കെ സി വേണു​ഗോപാൽ എന്നാണ് പേര്. അദ്ദേഹത്തിന്റെ സോളാർ കഥകളൊന്നും ഇപ്പോൾ പറയുന്നില്ല. അതെന്റെ മര്യാദ കൊണ്ടാണ്. കെ സി വേണു​ഗോപാലാണ് 500 ന്റെ നോട്ടുകെട്ടുകൾക്ക് മുകളിൽ അടയിരുന്നത്. കോൺ​ഗ്രസിന്റെ ചിഹ്നത്തിൽ മത്സരിക്കാൻ 19 കോടി വാങ്ങിയെന്ന് ഒരു സ്ഥാനാർത്ഥിയുടെ ഭാര്യ വാർത്താസമ്മേളനത്തിൽ പറഞ്ഞതാണ്. ആ കെ സി വേണു​ഗോപാലാണ് ഇപ്പോൾ ഉപദേശിക്കാൻ വന്നിരിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

എല്ലാവരും നിര്‍ബന്ധമായി വോട്ട് ചെയ്യണമെന്ന് ആസിഫ് അലി

എല്ലാവരും നിര്‍ബന്ധമായി വോട്ട് ചെയ്യണമെന്ന് ആസിഫ് അലി

എല്ലാവരും നിര്‍ബന്ധമായി വോട്ട് ചെയ്യണമെന്ന് നടന്‍ ആസിഫ് അലി. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടന്‍.

‘എല്ലായ്‌പോഴും നമ്മള്‍ ആഗ്രഹിക്കുന്ന പോലെ നമ്മള്‍ക്ക് കിട്ടിയിട്ടുള്ള പോലെ അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ഒരു സര്‍ക്കാരായിരിക്കണം നമുക്ക് വേണ്ടത്. അതാണ് ഞാന്‍ എപ്പോഴും പറയുന്നത്. നമുക്ക് ഇന്ററാക്ട് ചെയ്യാന്‍ കഴിയുന്ന , നമുക്ക് ആക്‌സസ് ചെയ്യാന്‍ പറ്റുന്ന നമ്മുടെ കൈയെത്തും ദൂരത്തുള്ള ഒരു ഭരണ സംവിധാനം തന്നെ വേണം നമുക്ക് എപ്പോഴും.

പിഷാരടി മാത്രമല്ല, നമുക്ക് വ്യക്തിപരമായി അറിയാവുന്ന ഒരുപാട് പേര്‍, നിലവില്‍ മന്ത്രിമാരായിരിക്കുന്നവരും എംഎല്‍എമാരായിട്ടിരിക്കുന്നവരും ഇഷ്ടപ്പെടുന്നവരും മത്സരരംഗത്തുണ്ട്. അവരുമായി സംസാരിക്കുന്നുണ്ട്. എനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുന്നുണ്ട്. കൃത്യമായി ഗൈഡന്‍സ് നല്‍കുകയും യുവതലമുറയ്ക്കായി മാറി നില്‍ക്കുകയും ചെയ്യുന്നത് സീനിയര്‍ നേതാക്കള്‍ പിന്തുടരേണ്ട കാര്യമാണ്. സ്ഥാനാര്‍ഥിത്വ ഘട്ടത്തില്‍ എന്റെ പേര് ഉണ്ടായിരുന്നു.

പി ജെ ജോസഫ് സാര്‍ വിളിച്ചു ചോദിച്ചു. ഞാന്‍ ഇലക്ഷന് നില്‍ക്കുന്നുണ്ടോ എന്ന് വിളിച്ചു ചോദിച്ചു. വീട്ടില്‍ ബാപ്പയ്ക്കും ഉമ്മയും വലിയ അത്ഭുതമായിരുന്നു. ചെറുപ്പം മുതല്‍ അറിയാവുന്ന രണ്ട് പേരുകളാണ്. പി ജെ ജോസഫും പി ടി തോമസുമായി ചെറുപ്പം മുതല്‍ തന്നെ വ്യക്തിപരമായ അടുപ്പം ഉണ്ട്.’- ആസിഫ് അലി പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം 33.37%

തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം 33.37%

തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം 33.37%

വർക്കല -30.42
ആറ്റിങ്ങൽ -30.31
ചിറയിൻകീഴ് -30.04
നെടുമങ്ങാട് -35.41
വാമനപുരം -34.
71
കഴക്കൂട്ടം -36.03
വട്ടിയൂർക്കാവ് -35.71
തിരുവനന്തപുരം -32.83
നേമം -35.3
അരുവിക്കര -34.79
പാറശ്ശാല -33.34
കാട്ടാക്കട -34.85

കോവളം -31.5
നെയ്യാറ്റിൻകര -32.97

‘ഇനി നിങ്ങളുടെ ഊഴം’; വോട്ട് ചെയ്ത് മോഹൻലാലും മമ്മൂട്ടിയും

‘ഇനി നിങ്ങളുടെ ഊഴം’; വോട്ട് ചെയ്ത് മോഹൻലാലും മമ്മൂട്ടിയും

തിരുവനന്തപുരം: മുടവൻമുഗളിലെ സ്കൂളിലെത്തി വോട്ട് ചെയ്ത് നടൻ മോഹൻലാൽ. നേമം മണ്ഡലത്തിലെ മുടവൻമു​ഗൾ സ്കൂൾ ബൂത്ത് 36 ൽ എത്തിയാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. അമേരിക്കയിൽ അവധി ആ​ഘോഷിക്കാൻ പോകുന്നതിന് മുൻപായാണ് അദ്ദേഹം കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തി തന്റെ വോട്ടവകാശം വിനിയോ​ഗിച്ചത്.

ഇന്ന് വൈകിട്ട് അദ്ദേഹം അമേരിക്കയിലേക്ക് പോകും. പിന്നീട് അടുത്ത മാസമാകും നാട്ടിൽ തിരിച്ചെത്തുക. വോട്ട് ചെയ്തതിന്റെ ചിത്രവും മോഹൻലാൽ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘‘ഞാൻ എന്റെ കടമ ചെയ്തു. ഇനി നിങ്ങളുടെ ഊഴം, കേരളമേ വോട്ട് ചെയ്യാൻ പോകുക’’.- എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ മോഹൻലാൽ പോളിങ് ബൂത്തിൽ എത്തിയിരുന്നു. ക്യൂ നിന്ന് തന്നെയാണ് നടൻ വോട്ട് രേഖപ്പെടുത്തിയത്. മോഹൻലാലിനെ കൂടാതെ മറ്റ് പല താരങ്ങളും രാഷ്ട്രീയ പ്രമുഖരും വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്.

തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലെത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുൽഫത്തും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. ഗുരുവായൂരിർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137 നമ്പർ ബൂത്തിലെത്തി സുരേഷ്​ ഗോപി വോട്ട് ചെയ്തു.

കളമശ്ശേരി അംബേദ്കർ തൊഴിൽ പരിശീലന കേന്ദ്രം ബൂത്ത് നമ്പർ 190 ൽ നടൻ അജു വർഗീസ് വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്. തേവര സർക്കാർ ഫിഷറീസ് സ്കൂളിൽ നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും വോട്ട് ചെയ്യാനെത്തി.

പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം സ്ത്രീ സംവരണം; നാരീശക്തി വന്ദൻ അഭിയാൻ ഭേദഗതി ബില്ലിന് അം​ഗീകാരം

പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം സ്ത്രീ സംവരണം; നാരീശക്തി വന്ദൻ അഭിയാൻ ഭേദഗതി ബില്ലിന് അം​ഗീകാരം

ഡൽഹി: വനിതാസംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭായോ​ഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. പാർലമെന്റിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണംകൂട്ടി സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ബിൽ.

നാരീശക്തി വന്ദൻ അഭിയാൻ ഭേദഗതി ബിൽ എന്ന പേരിലുള്ള ബിൽ ഏപ്രിൽ 16 മുതൽ ചേരുന്ന ബജറ്റ് സമ്മേളനത്തുടർച്ചയിൽ പാർലമെന്റിൽ അവതരിപ്പിക്കും. മണ്ഡല പുനർ നിർണയ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ മറ്റൊരു ബില്ലും കേന്ദ്രസർക്കാർ അവതരിപ്പിക്കും.

ഭേദഗതിപ്രകാരം ലോക്സഭാ സീറ്റുകൾ നിലവിലെ 543-ൽനിന്ന് 816 ആയി വർധിക്കും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണംചെയ്യും. 2029-ലെ പൊതുതെരഞ്ഞെടുപ്പിലാകും നിയമം പ്രാബല്യത്തിൽ വരുന്നത്. സ്ത്രീകൾക്കുള്ള സംവരണം കൂട്ടുമ്പോഴും പട്ടികജാതി, പട്ടിക വർ​ഗ സംവരണം തുടരും. നിയമസഭകളിലും സമാനരീതിയിൽ സീറ്റുകൾ വർധിപ്പിച്ച് അനുപാതികമായി സ്ത്രീകൾക്ക് സംവരണം നൽകും.

2011 സെൻസസ് അടിസ്ഥാനമാക്കി മണ്ഡലപുനർനിർണയം പൂർത്തിയാക്കും. 2027 സെൻസസ് പൂർത്തിയാക്കിയശേഷം സംവരണം നടപ്പാക്കാനായിരുന്നു ആദ്യതീരുമാനമെങ്കിലും ഇത് 2034 വരെ നീണ്ടേക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് പഴയ സെൻസസ് മാനദണ്ഡമാക്കുന്നത്. സ്ത്രീസംവരണ ബില്ലിന് 2023 സെപ്റ്റംബറിലാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. ഇതാണ് ഭേദ​ഗതി വരുത്തുന്നത്.