ഫ്രീയായി വേൾഡ് കപ്പ് കാണാം’ പണം തട്ടാൻ വ്യാജ ഫുട്ബോൾ ആപ്പുകളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പുമായി കേരള പൊലീസ്

ഫ്രീയായി വേൾഡ് കപ്പ് കാണാം’ പണം തട്ടാൻ വ്യാജ ഫുട്ബോൾ ആപ്പുകളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പുമായി കേരള പൊലീസ്

ഫിഫ ലോകകപ്പ് ആരംഭിക്കുന്ന സാഹചര്യത്തിൽ ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി സൈബർ തട്ടിപ്പുകൾ നടക്കുന്നുവെന്നാണ് പത്രക്കറിപ്പിലൂടെ കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ്, തുടങ്ങിയ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന “FIFA World Cup ലൈവ് ഫ്രീ, “1000+ ടിവി ചാനലുകൾ സൗജന്യം”, “പ്രീമിയം OTT ഉള്ളടക്കം ഫ്രീ”, “പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും” തുടങ്ങിയ ആകർഷകമായ പരസ്യങ്ങളുടെ മറവിൽ, HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ആപ്ലിക്കേഷനുകൾ പോലെ തന്നെ തോന്നിക്കുന്ന വ്യാജ APK ഫയൽ ഡൗൺലോഡ് ലിങ്കുകളിലൂടെയാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നതെന്നാണ് മുന്നറിയിപ്പ്.

ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം മൊബൈൽ ഫോണിൽ “Update Required”, “Activate Subscription”, “Enable Service” തുടങ്ങിയ സന്ദേശങ്ങൾ സജീവമാക്കാൻ ആവശ്യപ്പെടുകയും ഇതിലൂടെ ഫോണിന്റെ Accessibility Service, Screen Overlay, Notification Access തുടങ്ങിയ എല്ലാ അനുമതികളും നേടി സുരക്ഷാ സംവിധാനങ്ങൾ ദുർബലപ്പെടുത്തി, ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോണിലെ വിവിധ അപ്ലിക്കേഷനുകളിലേക്ക് തട്ടിപ്പുകാർ പ്രവേശനം നേടുന്നു. ഇതിലൂടെ ഫോണിന്റെ നിയന്ത്രണം പൂർണമായും തട്ടിപ്പുകാർ കൈ വശപ്പെടുത്തി UPI ആപ്ലിക്കേഷനുകളിലൂടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം അനധികൃതമായി തട്ടിയെടുക്കുന്നുവെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.

തിരുവനന്തപുരത്ത് ഇളകിവീണ പാറയ്ക്കടിയിൽ കുടുങ്ങി വയോധിക

തിരുവനന്തപുരത്ത് ഇളകിവീണ പാറയ്ക്കടിയിൽ കുടുങ്ങി വയോധിക

തിരുവനന്തപുരം: പാറശ്ശാലയിൽ ജനങ്ങളെ മുനമ്പിൽ നിർത്തിയ വലിയൊരു അപകടത്തിൽ നിന്നും അദ്ഭുതകരമായ രക്ഷപെടൽ. വീട്ടുപറമ്പിലെ ഇളകിവീണ കൂറ്റൻ പാറയ്ക്കടിയിൽ കുടുങ്ങിപ്പോയ അമ്പതുവയസ്സുകാരിയെ മണിക്കൂറുകൾ നീണ്ട കഠിനശ്രമത്തിനൊടുവിൽ ഫയർഫോഴ്സും പൊലീസും ചേർന്ന് രക്ഷപെടുത്തി. പാറശ്ശാല സ്വദേശിനിയായ രാജകുമാരി (50) എന്ന വീട്ടമ്മയാണ് അപകടത്തിൽപ്പെട്ടത്. ഇവരെ ഗുരുതര പരിക്കുകളോടെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടം പുലർച്ചെ; രക്ഷപെടാൻ ഓടുന്നതിനിടെ ദുരന്തം

ഇന്ന് പുലർച്ചെ അഞ്ചരമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കനത്ത മഴ പെയ്യുന്നതിനിടെ പ്രാഥമിക ആവശ്യങ്ങൾക്കായി വീടിന് പുറത്തുള്ള ശുചിമുറിയിലേക്ക് പോയതായിരുന്നു രാജകുമാരി. ഈ സമയത്താണ് വീടിന് മുകൾഭാഗത്തുനിന്നും കൂറ്റൻ പാറക്കല്ല് പെട്ടെന്ന് അടർന്നു വീണത്. അപകടം കണ്ട് രാജകുമാരി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും, വീണ പാറക്കല്ലുകൾക്കിടയിൽ അരയ്ക്ക് താഴോട്ട് കുടുങ്ങിപ്പോവുകയായിരുന്നു.

​കനത്ത മഴയെ പ്രതിരോധിച്ച് രക്ഷാപ്രവർത്തനം

തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പൊലീസും പ്രദേശവാസികളും ഉടനടി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രദേശത്ത് കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. വൻ പാറക്കല്ല് ശരീരത്തിന് മുകളിലായിരുന്നതിനാൽ കൈകൾ കൊണ്ട് നീക്കുക അസാധ്യമായിരുന്നു.

​ഒടുവിൽ ജെസിബി (JCB) യന്ത്രം സംഭവസ്ഥലത്ത് എത്തിച്ച്, അതീവ ജാഗ്രതയോടെ പാറയുടെ ഒരുവശം ഉയർത്തിയാണ് ഇവരെ പുറത്തെടുത്തത്.​

നിലവിലെ അവസ്ഥ: പാറയ്ക്കടിയിൽ ദീർഘനേരം കുടുങ്ങിക്കിടന്നതിനാൽ രാജകുമാരിയുടെ കാലുകൾക്കും അരയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലവിൽ കാരക്കോണം മെഡിക്കൽ കോളജിൽ വിദഗ്ധ ചികിത്സയിലാണ് ഇവർ. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോര-പാറപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ലഹരിവേട്ടക്കിടെ നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടിയ യുവതി മരിച്ചു

ലഹരിവേട്ടക്കിടെ നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടിയ യുവതി മരിച്ചു

ഡൽഹി: ലഹരിവേട്ടയ്ക്കിടെ ഫ്ലാറ്റിൻ്റെ നാലാം നിലയിൽ നിന്ന് ചാടിയ യുവതി മരിച്ചു. സ്വരൂപ് നഗറിൽ ലഹരിവിരുദ്ധ സേന നടത്തിയ റെയ്ഡിനിടെയാണ് സംഭവം. കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് ചാടിയ നൈജീരിയൻ സ്വദേശിനി സ്റ്റെല്ല പിയൂസ് (41) ആണ് മരിച്ചത്.

റെയ്ഡിനിടെ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് സിന്തറ്റിക് മയക്കുമരുന്നായ മെത്താഫെറ്റാമിൻ, എംഡിഎംഎ എന്നിവ പിടിച്ചെടുത്തു. ഒരു മുറിയിൽ ലഹരി നിർമ്മാണത്തിനായി സജ്ജീകരിച്ച നിലയിൽ ലബോറട്ടറിയും വൻതോതിൽ രാസവസ്തുക്കളും കണ്ടെത്തി. പരിശോധനയ്ക്കിടെ റോമിയോ എന്ന ആഫ്രിക്കൻ സ്വദേശിയെയും പിടികൂടി. ഇയാളിൽ നിന്ന് 30 ഗ്രാം എംഡിഎംഎയും 1.5 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.

ബംഗളൂരുവിൽ വാഹനാപകടം; മലയാളി വിദ്യാർത്ഥി മരിച്ചു

ബംഗളൂരുവിൽ വാഹനാപകടം; മലയാളി വിദ്യാർത്ഥി മരിച്ചു

കണ്ണൂർ: ബംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ മലയാളി വിദ്യാർത്ഥി മരിച്ചു. മേലൂർ, മുഴപ്പിലങ്ങാട് കടവ് റോഡിൽ സുഷമാലയത്തിൽ ആദിത്യൻ ചാലാടൻ (20) ആണ് മരിച്ചത്. ബംഗളൂരു വിദ്യാനഗറിൽ വെച്ചായിരുന്നു അപകടം . ആദിത്യനും സഹപാഠിയും സഞ്ചരിച്ച ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ ഇരുവർക്കും തലയ്ക്കാണ് ഗുരുതരമായി ക്ഷതമേറ്റത്. ആദിത്യൻ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സഹപാഠി നിലവിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

മേലൂർ-മുഴപ്പിലങ്ങാട് കടവ് റോഡിലെ സുഷമാലയത്തിൽ സജിത്ത് കെ.സി. (സൂസൻ) – വിമിത ദമ്പതികളുടെ മകനാണ് ആദിത്യൻ.സഹോദരി: അനുഷ്ക. നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.

തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയായി പ്രശാന്തൻകാണി

തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയായി പ്രശാന്തൻകാണി

ജനകീയതയും പരിചയസമ്പന്നതയും മുതൽക്കൂട്ടാക്കി തലസ്ഥാന ജില്ലയുടെ റൂറൽ മേഖലയെ നിയന്ത്രിക്കുവാൻ
Share
നിയോഗിക്കപ്പെട്ടു. കേരള പോലീസിൽ ഉന്നത തസ്തികകളിലെ ചുമതലകൾ പുനർ ക്രമീകരിച്ചപ്പോഴാണ് ആറ്റിങ്ങലിന്റെ പ്രിയങ്കരനായ പോലീസ് ഓഫീസർ പ്രശാന്തൻകാണി തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയായി നിയമിതനായത്.

തിരുവനന്തപുരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ച പ്രശാന്തൻ കാണിക്ക് ജില്ലയിലെ ക്രമസമാധാന രംഗം ഏറെക്കുറെ കാണാ പാഠമാണ്. പ്രമാദമായ നിരവധി ക്രിമിനൽ കേസുകളുടെ അന്വേഷണം ഏറ്റെടുത്ത് മികവ് തെളിയിച്ച പോലീസ് ഓഫീസർ കൂടിയാണ് അദ്ദേഹം. ജോലിയോടുള്ള ആത്മാർത്ഥതയും സത്യസന്ധതയും പൊതുസമൂഹത്തിനു മുന്നിൽ പ്രശാന്തൻ കാണിക്ക് പ്രത്യേക സ്ഥാനം നൽകുന്നു.

നെയ്യാർ ഡാമിൽ ജനങ്ങൾക്ക് ഭീഷണി ഉയർത്തിയ ചീങ്കണ്ണിയെ മടിച്ചു നിൽക്കാതെ അവസാനിപ്പിച്ച് ജനസുരക്ഷ ഉറപ്പ് വരുത്തിയത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പാലോട് ജന്മദേശം ആണെങ്കിലും ആറ്റിങ്ങലിന് സമീപത്ത് ആണ് നിലവിൽ താമസിക്കുന്നത്. നിർധന കുടുംബത്തിൽ നിന്നും സ്വന്തം കഴിവ് കൊണ്ട് മാത്രം വളർന്ന് വന്ന പ്രതിഭയാണ് അദ്ദേഹം. ആറ്റിങ്ങൽ ജനകീയ ജിംനേഷ്യം പുനരുദ്ധരിക്കുന്നതിൽ നേതൃത്വപരമായ പങ്കും വഹിച്ചിട്ടുണ്ട്. നിലവിൽ കെഎസ്ഇബി വിജിലൻസ് വിഭാഗത്തിൽ നിന്നുമാണ് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയായി എത്തുന്നത്.

ഗ്രാമവണ്ടികൾ 500 ആക്കും, ബസുകൾക്ക് സ്പോൺസർഷിപ്പ്; സൗജന്യ യാത്രയ്ക്കിടയിലും കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ പുത്തൻ പദ്ധതികൾ

ഗ്രാമവണ്ടികൾ 500 ആക്കും, ബസുകൾക്ക് സ്പോൺസർഷിപ്പ്; സൗജന്യ യാത്രയ്ക്കിടയിലും കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ പുത്തൻ പദ്ധതികൾ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ വനിതകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കുമായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി വരും തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പദ്ധതിയുടെ അന്തിമ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. യാതൊരുവിധ നിബന്ധനകളുമില്ലാതെയാണ് സംസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കുന്നത്. യാത്രയ്ക്കായി മറ്റ് സംസ്ഥാനങ്ങളിലേതുപോലെ തിരിച്ചറിയൽ രേഖകളോ നിയന്ത്രണങ്ങളോ ആവശ്യമില്ലെന്നും എല്ലാ വനിതകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഓർഡിനറി ബസുകളിൽ മാത്രം; നിയന്ത്രണങ്ങളില്ല
യാത്രാസൗജന്യം ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയതിനെക്കുറിച്ചുള്ള പരാതികളോട് പ്രതികരിക്കവെ, പ്രായോഗികമായ സാധ്യതകൾ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ കെഎസ്ആർടിസി സർവീസ് നടത്തുന്ന ബസുകളിൽ 68 ശതമാനവും ഓർഡിനറി വിഭാഗത്തിൽപ്പെടുന്നവയാണ്. അതിനാൽ ഭൂരിഭാഗം യാത്രക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

വരുമാനം കൂട്ടാൻ ‘സ്പോൺസർഷിപ്പും’ പരസ്യങ്ങളും
സൗജന്യ യാത്ര നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത മറികടക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള വിപുലമായ പദ്ധതികൾ ഗതാഗത വകുപ്പ് തയാറാക്കുന്നുണ്ട്.

ചെലവ് ചുരുക്കൽ: വരുമാനം കൂട്ടുന്നതിന്റെ ആദ്യപടിയായി കെഎസ്ആർടിസിയിലെ അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കും.

ബസ് സ്പോൺസർഷിപ്പ്: പുതിയ ബസുകൾ വാങ്ങുന്നതിനായി സ്പോൺസർഷിപ്പ് മാതൃക സ്വീകരിക്കുന്നത് ആലോചനയിലാണ്. താൽപ്പര്യമുള്ള വ്യക്തികൾക്കോ സംഘടനകൾക്കോ കോർപ്പറേഷന് ബസുകൾ വാങ്ങി നൽകാം.

ഗ്രാമവണ്ടികൾ വർധിപ്പിക്കും: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സർവീസ് നടത്തുന്ന ‘ഗ്രാമവണ്ടികളുടെ’ എണ്ണം നിലവിലുള്ള 58-ൽ നിന്നും 500 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

പരസ്യ വരുമാനം: ബസുകളിൽ നിന്നുള്ള പരസ്യ വരുമാനം ഗണ്യമായി വർധിപ്പിക്കും.

ഡിപ്പോകൾക്ക് ജനകീയ പങ്കാളിത്തം
കെഎസ്ആർടിസിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ഘടനപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ കൂടി ചുമതലയാക്കാനുള്ള ശുപാർശ സർക്കാരിന് മുന്നിൽ വയ്ക്കും. അതോടൊപ്പം കെഎസ്ആർടിസി ഡിപ്പോകളുടെ നടത്തിപ്പിൽ എംപിമാർ, എംഎൽഎമാർ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ഒരു ജനകീയ പങ്കാളിത്തം (ഓണർഷിപ്പ്) കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്.

മലബാറിൽ കൂടുതൽ ബസുകൾ; സ്വകാര്യ ബസുകളുടെ ആശങ്ക പരിഹരിക്കും
മലബാർ മേഖലയിൽ കെഎസ്ആർടിസി ബസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യത്തെക്കുറിച്ച് കൃത്യമായ പഠനം നടത്തിയിട്ടുണ്ടെന്നും ഘട്ടഘട്ടമായി ഇവിടെ കൂടുതൽ ബസുകൾ അനുവദിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

സൗജന്യ യാത്രാ പദ്ധതി വലിയ രീതിയിൽ ബാധിക്കുമെന്ന സ്വകാര്യ ബസുടമകളുടെ ആശങ്ക ഗതാഗത വകുപ്പ് പരിശോധിക്കും. പദ്ധതി നടപ്പിലായിക്കഴിഞ്ഞാൽ കളക്ഷനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വിലയിരുത്തിയ ശേഷമാകും തുടനടപടികൾ. സ്വകാര്യ ബസുകളുമായി മത്സര ഓട്ടം ഒഴിവാക്കാൻ കെഎസ്ആർടിസി ശ്രദ്ധിക്കുമെന്നും, ഒരു സ്വകാര്യ ബസ് ഓടുന്ന റൂട്ടിന് തൊട്ടുപിന്നാലെ കെഎസ്ആർടിസി സർവീസ് നടത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതേ സഹകരണം സ്വകാര്യ ബസുടമകളുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നതായും സി.പി. ജോൺ കൂട്ടിച്ചേർത്തു.