by Midhun HP News | Jun 10, 2026 | Latest News, ജില്ലാ വാർത്ത
സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയി എംഎല്‍എ തുടരും. ജില്ലയില്‍ നിന്നുളള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഇന്ന് നടക്കുന്ന ജില്ലാ കമ്മിറ്റിയില്‍ സംസ്ഥാന സെന്റര്‍ വി ജോയിയുടെ പേര് നിര്‍ദ്ദേശിക്കും. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിൽ നിന്നും വീണ്ടും മത്സരിച്ച സാഹചര്യത്തിലായിരുന്നു വി ജോയ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിന്നത്. പകരം സെക്രട്ടറിയായി രാജ്യസഭാ എം പി എ എ റഹീമിന് സിപിഐഎം ചുമതല നൽകിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന ഘട്ടത്തിൽ ജില്ലാ സെക്രട്ടറി ആയതിനാൽ ജോയി സിറ്റിംഗ് സീറ്റായ വർക്കലയിൽ മത്സരിക്കേണ്ടന്ന് സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ജോയ് മത്സരിച്ചില്ലെങ്കിൽ വർക്കല സീറ്റ് നഷ്ടപ്പെടുമെന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് വി ജോയ് വർക്കലയിൽ മത്സരിക്കുന്നതും ജില്ലാ സെക്രട്ടറിയുടെ ചുമതല ഒഴിയുന്നതും.
സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് വിട്ടു നിന്ന് വി ശിവന്‍കുട്ടി
സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് വിട്ടു നിന്ന് വി ശിവന്‍കുട്ടി. വി ജോയിയെ ജില്ലാ സെക്രട്ടറിയായി തുടരാന്‍ അനുവദിക്കുന്നതിലുള്ള എതിര്‍പ്പു മൂലമാണ് വിട്ടുനില്‍ക്കലെന്നാണ് വിവരം. സിപിഐഎമ്മിന്റെ സംസ്ഥാന സമിതി അംഗമായ വി ശിവന്‍കുട്ടി തിരുവനന്തപുരത്തെ എല്ലാ സംഘടനായോഗങ്ങളിലും മുടക്കമില്ലാതെ പങ്കെടുക്കുന്ന നേതാവാണ്.
തിരഞ്ഞെടുപ്പ് ഫല അവലോകന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയ്ക്കും ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പുമാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഇത് ചര്‍ച്ച ചെയ്യുന്നതിന് മുന്നോടിയായുള്ള ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്നാണ് വി ശിവന്‍കുട്ടി വിട്ടുനില്‍ക്കുന്നത്.
ഇന്നലെ, ജില്ലയില്‍ നിന്നുളള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് വി ജോയിയെ ജില്ലാ സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്. തീരുമാനത്തെ എതിര്‍ത്ത് കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. വി ശിവന്‍കുട്ടിയെ ജില്ലാ സെക്രട്ടറിയെ ആക്കണമെന്ന് ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വി. ശിവന്‍കുട്ടിയുടെ പേരും കടകംപള്ളി നിര്‍ദേശിച്ചു. എന്നാല്‍ സമ്മേളനം തിരഞ്ഞെടുത്ത വി.ജോയി തുടരട്ടെയെന്ന് സംസ്ഥാന നേതൃത്വം പറഞ്ഞു. ആനാവൂര്‍ നാഗപ്പന്‍, എം. വിജയകുമാര്‍ എന്നിവര്‍ ജോയിയെ അനുകൂലിച്ചു.
by Midhun HP News | Jun 10, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം 15 മുതല്‍ പദ്ധതി നടപ്പിലാക്കും. ആദ്യഘട്ടത്തിലാണ് ഓര്‍ഡിനറി ബസുകളില്‍ യാത്രാ സൗജന്യം നല്‍കാന്‍ തീരുമാനിച്ചതെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചു.
ഇന്ദിരാഗ്യാരന്റി പ്രകാരമുള്ള ഈ പദ്ധതി ‘പ്രിയദര്‍ശിനി’ എന്ന പേരില്‍ അറിയപ്പെടും. വരുമാനം, പ്രായം എന്നിവ കണക്കാക്കാതെ എല്ലാ സ്ത്രീകള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ട്രാന്‍സ്‌ഡെന്‍ഡേഴ്‌സിനും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഈ പദ്ധതിക്ക് മാസം 65-70 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാരിന് വരും. ഒരു വര്‍ഷം 800 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് കെഎസ്ആര്‍ടിസിക്ക് വരികയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കാനായി സര്‍ക്കാര്‍ ഈ പണം കോര്‍പ്പറേഷന് അനുവദിക്കും. നിലവില്‍ ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ 1500 കോടി രൂപ നല്‍കുന്നുണ്ട്. ഇതുകൂടാതെ, സൗജന്യ യാത്രയ്ക്ക് വേണ്ടി വരുന്ന സാമ്പത്തിക ബാധ്യത നികത്താനുള്ള പണം കൂടി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയോട് ആറു മാസത്തിനുള്ളില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഇത് അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ നിയമിച്ചവരെക്കൂടാതെ, 40 ഗവണ്‍മെന്റ് പ്ലീഡര്‍മാരെ കൂടി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ സ്റ്റേറ്റ് അറ്റോര്‍ണിയായി അനൂപ് വി നായരെ നിയമിക്കാനും തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചു.
by Midhun HP News | Jun 10, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ഇലക്ട്രിക് കാര്‍ വിപണിയിലെ മുന്‍നിരക്കാരായ ബിവൈഡി ഇന്ത്യയില്‍ അവരുടെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ചു. ഒറ്റ ചാര്‍ജില്‍ ആയിരം കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നതാണ് ബിവൈഡിയുടെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനത്തിന്റെ സവിശേഷത. സീൽ യു എന്ന പേരിലാണ് പുതിയ കാർ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ വർഷം അവസാനത്തോടെ കാർ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കാനാണ് കമ്പനിയുടെ പരിപാടി.
പെട്രോള്‍ എന്‍ജിന്റെ കരുത്തിനൊപ്പം വൈദ്യുതി ബാറ്ററിയുടെ പിന്തുണയും ചേരുന്നതോടെ ദീര്‍ഘദൂര യാത്രക്ക് അനുയോജ്യമായ വാഹനമായി ഇത് മാറും. ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഇവികളിലേക്കുള്ള മാറ്റത്തില്‍ നിര്‍ണായക ചുവടുവെപ്പാവും പുത്തന്‍ മോഡലെന്നാണ് കരുതപ്പെടുന്നത്.
ബിവൈഡി തങ്ങളുടെ ഡിഎം-ഐ സാങ്കേതികവിദ്യയുമായാണ് ഇന്ത്യയിലെത്തിയത്. പരിചയമുള്ള ഹൈബ്രിഡ് വാഹനങ്ങളില്‍ നിന്നും ഇത് തികച്ചും വ്യത്യസ്തമാണ്. ഇന്ത്യ പൂര്‍ണ്ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണോ അതോ പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളെത്തന്നെ തുടര്‍ന്നും ആശ്രയിക്കണോ എന്ന് വാഹന വ്യവസായ രംഗം ചര്‍ച്ച ചെയ്യുന്ന സമയത്താണ് പുതിയ സാങ്കേതികവിദ്യ ബിവൈഡി അവതരിപ്പിച്ചത്. ഡിഎം-ഐ എന്നത് അടിസ്ഥാനപരമായി ഒരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് സംവിധാനമാണ്. ഇത് ഭൂരിഭാഗം സമയവും ഒരു ഇലക്ട്രിക് വാഹനം പോലെ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. അതേസമയം ദീര്‍ഘദൂര യാത്രകള്‍ക്കായി ഒരു പെട്രോള്‍ എന്‍ജിന്റെ സൗകര്യവും ഇത് നിലനിര്‍ത്തുന്നു.
ടൊയോട്ട ഹൈറൈഡര്‍, മാരുതി ഗ്രാന്‍ഡ് വിറ്റാര, ഇന്നോവ ഹൈക്രോസ് തുടങ്ങിയ ജനപ്രിയ കാറുകളിലെ ഹൈബ്രിഡ് സംവിധാനങ്ങള്‍ പ്രധാനമായും ‘എന്‍ജിന്‍-ഫസ്റ്റ്’ രീതിയിലുള്ളവയാണ്. അതായത്, ഇതില്‍ പെട്രോള്‍ എന്‍ജിനാണ് ഭൂരിഭാഗം ജോലികളും ചെയ്യുന്നത്. ആവശ്യമുള്ളപ്പോള്‍ മാത്രം ഇലക്ട്രിക് മോട്ടോര്‍ സഹായത്തിനെത്തുന്നു.
എന്നാല്‍ ബിവൈഡിയുടെ ഡിഎം-ഐ ഇതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഈ സംവിധാനം ‘ഇലക്ട്രിക്-ഫസ്റ്റ്’ ആണ്. അതായത്, വാഹനം പരമാവധി ബാറ്ററി കരുത്തില്‍ത്തന്നെ ഓടിക്കാന്‍ ഇത് ശ്രമിക്കുന്നു. ഇതിലെ പെട്രോള്‍ എന്‍ജിന്‍ പലപ്പോഴും ചക്രങ്ങളെ നേരിട്ട് ചലിപ്പിക്കുന്നതിന് പകരം, വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഒരു ജനറേറ്ററായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. പല സാഹചര്യങ്ങളിലും, പ്രത്യേകിച്ച് നഗരങ്ങളിലെ യാത്രകളില്‍, ഈ കാര്‍ ഒരു പ്യുവര്‍ ഇവി പോലെയാണ് പെരുമാറുക. അതുകൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങളില്‍ മാത്രം കാണുന്ന സുഗമമായ ഡ്രൈവിങ് അനുഭവം സമ്മാനിക്കുന്നു. ഒപ്പം ചാര്‍ജ് തീര്‍ന്നുപോകുമെന്ന ആശങ്കയും ഇല്ലാതാക്കുന്നു. വാഹനത്തിന്റെ വേഗം, ബാറ്ററിയുടെ ചാര്‍ജ്, ആവശ്യമായ കരുത്ത് എന്നിവയെ ആശ്രയിച്ച് ബിവൈഡിയുടെ ഈ സംവിധാനം വിവിധ ഓപ്പറേറ്റിങ് മോഡുകളിലേക്ക് സ്വയം മാറിക്കൊണ്ടിരിക്കുന്നു.
ഇതില്‍ പെട്രോള്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുമെങ്കിലും അത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടി മാത്രമായിരിക്കും. ചക്രങ്ങള്‍ തുടര്‍ന്നും ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിച്ച് തന്നെയാണ് ചലിക്കുക. ഇത് ഇലക്ട്രിക് വാഹനം ഓടിക്കുന്ന അതേ അനുഭവം നിലനിര്‍ത്തുന്നു. കൂടിയ വേഗതയില്‍ പോകുമ്പോഴോ അല്ലെങ്കില്‍ പെട്ടെന്ന് വേഗം കൂട്ടേണ്ടി വരുമ്പോഴോ പരമാവധി കാര്യക്ഷമതയ്ക്കായി പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറിനൊപ്പം ചേര്‍ന്ന് ചക്രങ്ങളിലേക്ക് നേരിട്ട് കരുത്ത് നല്‍കുന്നു. ഈ മോഡുകള്‍ക്കിടയിലുള്ള മാറ്റം തികച്ചും സ്വയമേവ നടക്കുന്നതായതുകൊണ്ട് ഡ്രൈവര്‍ക്ക് ഇത് ഒട്ടും പ്രകടമാകില്ല.
1.5 ലിറ്റര്‍ ഷിയാവുന്‍ പെട്രോള്‍ എന്‍ജിനാണ് ഇതിന്റെ കരുത്ത്. ഈ എന്‍ജിന് 43.04 ശതമാനം തെര്‍മല്‍ എഫിഷ്യന്‍സി ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ വാഹനത്തിന് 1,200 കിലോമീറ്ററിലധികം കമ്പൈന്‍ഡ് റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നുണ്ട്. ഇത് വലിയ നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുമ്പോള്‍ ഇന്ധനം നിറയ്ക്കുന്നതിനോ ചാര്‍ജ് ചെയ്യുന്നതിനോ വേണ്ടിയുള്ള തടസ്സങ്ങള്‍ കുറയ്ക്കാന്‍ ഡ്രൈവര്‍മാരെ സഹായിക്കും.
by Midhun HP News | Jun 10, 2026 | Latest News, ജില്ലാ വാർത്ത
കുവൈത്ത് സിറ്റി: ഇറാന്‍ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ച് കുവൈത്തും ബഹ്‌റൈനും. ആക്രമണത്തില്‍ കുവൈത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അടിയന്തരമായി സജ്ജമാക്കുകയും ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും ആകാശത്തുതന്നെ തകര്‍ക്കുകയും ചെയ്തതായി കുവൈത്ത് സായുധസേനയുടെ ജനറല്‍ കമാന്‍ഡ് അറിയിച്ചു.
നിശ്ചിത പ്രവര്‍ത്തനക്രമങ്ങള്‍ പാലിച്ചാണ് രാജ്യം വ്യോമാക്രമണങ്ങളെ നേരിട്ടത്. അനാവശ്യ ഭീതി ഒഴിവാക്കാന്‍ ജനങ്ങള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം ആശ്രയിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി.
അതേസമയം, ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ വ്യോമാക്രമണങ്ങളെ ബഹ്‌റൈന്‍ സൈന്യവും വിജയകരമായി പ്രതിരോധിച്ചു. പുലര്‍ച്ചെയോടെ രാജ്യത്ത് വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന സൈറണുകള്‍ മുഴങ്ങിയതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സുരക്ഷിതമായ ഇടങ്ങളിലേക്ക് അടിയന്തരമായി മാറാന്‍ ജനങ്ങള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാന്റെ വ്യോമാക്രമണങ്ങളെ ബഹ്‌റൈന്റെ വ്യോമപ്രതിരോധ സംവിധാനം നേരിട്ടതായും വിജയകരമായി പ്രതിരോധിച്ചതായും ബഹ്‌റൈന്‍ രാജാവിന്റെ മാധ്യമ ഉപദേശകന്‍ സ്ഥിരീകരിച്ചു.
by Midhun HP News | Jun 10, 2026 | Latest News, കേരളം
കോട്ടയം: ആഭ്യന്തര റബര്‍ വില റെക്കോര്‍ഡില്‍. ഇന്നലെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ സ്‌പോട്ട് വില കിലോഗ്രാമിന് 269 രൂപയായി. കിലോഗ്രാമിന് 242 രൂപയുമായി ലാറ്റക്‌സ് പിന്നാലെയുണ്ട്.
കോട്ടയം, കൊച്ചി മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ വില 268 രൂപയായി ഉയര്‍ന്നു. 2011 ഏപ്രില്‍ അഞ്ചിന് രേഖപ്പെടുത്തിയ 243 രൂപയായിരുന്നു ദീര്‍ഘകാലം ആര്‍എസ്എസ് നാല് റബറിന്റെ ഏറ്റവും ഉയര്‍ന്ന വില. 2024ല്‍ ഓഗസ്റ്റില്‍ വില 247 രൂപയായിരുന്നു. ആ റെക്കോര്‍ഡ് എല്ലാം തിരുത്തിക്കുറിച്ചാണ് ആഭ്യന്തര റബര്‍ വില 269 രൂപയില്‍ എത്തിയത്.
ബാങ്കോക്ക് വിപണിയിലെ വിലക്കയറ്റം, പ്രധാന റബര്‍ ഉല്‍പ്പാദക രാജ്യങ്ങളായ തായ്‌ലന്‍ഡ്, മലേഷ്യ, ഇന്ത്യോനേഷ്യ എന്നിവിടങ്ങളിലെ ഉല്‍പ്പാദനക്കുറവ്, പശ്ചിമേഷ്യന്‍ പ്രതിസന്ധികള്‍ കാരണം ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത് തുടങ്ങിയ കാരണങ്ങളാലാണ് വില ഉയര്‍ന്നത്.
by Midhun HP News | Jun 10, 2026 | Latest News, കേരളം
കൊല്ലം: ശാസ്താംകോട്ടയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കോവൂര്‍ സ്വദേശി ഷിബു (40) ആണ് മരിച്ചത്. സംഭവത്തില്‍ പ്രദേശവാസിയായ ഉന്മേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങ മാമ്പുഴമുക്കില്‍ ടുവീലര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയാണ് ഷിബു.
ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. അറസ്റ്റിലായ ഉന്മേഷിന്റെ വീടിന് സമീപത്തിരുന്ന് മദ്യപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് പൊലീസ് പറയുന്നു.
പിക്ക് അപ്പ് ഓട്ടോ ഡ്രൈവറാണ് പ്രതി ഉന്മേഷ്. മുന്‍പും സമാനമായ കൊലപാതക ശ്രമകേസില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തിയാണ് ഉന്മേഷ് എന്നും പൊലീസ് പറയുന്നു. നേരത്തെയും ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായിട്ടുള്ളതായി പ്രദേശവാസികള്‍ ആരോപിക്കുന്നു.
Recent Comments