സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ; തെരഞ്ഞെടുപ്പ് തോൽവി ചർച്ചയാകും

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ; തെരഞ്ഞെടുപ്പ് തോൽവി ചർച്ചയാകും

ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പി ബി യോഗമാണിത്. കേരളത്തിലെ അടക്കം തെരഞ്ഞെടുപ്പ് പരാജയം യോഗത്തിൽ വിശദമായ ചർച്ചയാകും. സംസ്ഥാനങ്ങളിലെ അവലോകനങ്ങൾക്കായി പിബി അംഗങ്ങളെ പാർട്ടി നിയോഗിച്ചേക്കും.

കേരളത്തിൽ ഒരു സീറ്റു മാത്രമാണ് വിജയിക്കാനായത്. എന്നാൽ തിരിച്ചുവരാമെന്ന പ്രതീക്ഷ വെച്ച പശ്ചിമ ബം​ഗാളിൽ ഒരു സീറ്റിൽ പോലും സിപിഎമ്മിന് വിജയിക്കാനായില്ല. ബംഗാളിലെ കോൺഗ്രസ് – സിപിഎം സഖ്യം വിജയമാകാത്ത സാഹചര്യത്തിൽ വിമർശനം ഉയരാനും സാധ്യതയുണ്ട്. ഈ മാസം അവസാനം കേന്ദ്രകമ്മിറ്റി യോഗവും ഡൽഹിയിൽ ചേരുന്നുണ്ട്.

രാജ്യസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കുള്ളിൽ ചർച്ചകൾ തുടരുന്നു. ദേശീയ നേതാക്കളുൾപ്പടെയുള്ളവരെ സിപിഎം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇന്ത്യ മുന്നണി ശക്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ നീക്കം. എന്നാൽ സംസ്ഥാനത്തെ നേതാക്കൾ തന്നെ മതിയെന്ന അഭിപ്രായം കേരളത്തിലെ മുതിർന്ന നേതാക്കളിൽ ചിലർക്കുണ്ട്. രാജ്യസഭയിലേക്ക് രണ്ടാമത്തെ സീറ്റ് തങ്ങൾക്ക് തന്നെ ലഭിക്കുമെന്നാണ് സിപിഐയുടെ കണക്കുകൂട്ടൽ. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ആനി രാജയെയും ദേശീയ നിർവാഹക സമിതി അംഗം പ്രകാശ് ബാബുവിനെയുമാണ് സിപിഐ പരിഗണിക്കുന്നതെന്നാണ് വിവരം.

കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; തൃശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമ തകർന്നു

കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; തൃശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമ തകർന്നു

തൃശൂർ: കെഎസ്ആർടിസി ബസ് ഇടിച്ചുകയറി ശക്തൻ തമ്പുരാന്റെ പ്രതിമ. തൃശൂർ ന​ഗരത്തിലാണ് ഇന്ന് പലർച്ചയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടെത്തിയ ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറുകയയാരുന്നു. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

മൂന്നരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നി​ഗമനം. പ്രതിമ പൂർണമായി തകർന്ന നിലയിലാണ്. എന്നാൽ അപകടത്തിൽപ്പെട്ട് പരിക്കേറ്റവരുടെ നില ​ഗുരുതരമല്ല. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ബിജെപി പ്രതിനിധിയ്ക്കു വിജയം

കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ബിജെപി പ്രതിനിധിയ്ക്കു വിജയം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ബിജെപി പ്രതിനിധി വിജയിച്ചു. കോഴിക്കോട് മാഗ്‌കോം ഡയറക്ടറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എ കെ അനുരാജ് ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതാദ്യമായാണ് കാലിക്കറ്റ്‌ സർവകലാശാല സിൻഡിക്കേറ്റിൽ ഒരു ബിജെപി പ്രതിനിധി എത്തുന്നത്.

വാശിയേറിയ തെരഞ്ഞെടുപ്പില്‍ ജനറല്‍ കാറ്റഗറിയിലാണ് എ കെ അനുരാജ് മത്സരിച്ചു വിജയിച്ചത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും എതിര്‍പ്പിനെ മറികടന്നാണ് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളില്‍ ഉള്‍പ്പെട്ട അനുരാജ് തെരഞ്ഞെടുക്കപ്പെടുന്നത്. സിൻഡിക്കേറ്റിലെ 13 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിൽ ഇടതു പ്രതിനിധികൾ വിജയിച്ചു. രണ്ടു വീതം സീറ്റുകളിൽ കോൺഗ്രസിൻ്റെയും മുസ്ലിം ലീഗിൻ്റെയും പ്രതിനിധികളും ജയിച്ചു. ഡോ.ടി മുഹമ്മദ് സലീം, പി പി സുമോദ്, ഡോ. കെ മുഹമ്മദ് ഹനീഫ, പി സുശാന്ത്, ഡോ. പി റഷീദ് അഹമ്മദ്, ഡോ. കെ പ്രദീപ്കുമാര്‍, എം പി ഫൈസല്‍, പി മധു, ഇ അബ്ദുറഹീം, സി പി ഹംസ, ടി ജെ മാര്‍ട്ടീന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് അം​ഗങ്ങൾ.

ന്യുനമര്‍ദ്ദ പാത്തി; ഇന്നും ശക്തമായ മഴ, ഇടിമിന്നല്‍ മുന്നറിയിപ്പ്

ന്യുനമര്‍ദ്ദ പാത്തി; ഇന്നും ശക്തമായ മഴ, ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്കന്‍ മഹാരാഷ്ട്ര മുതല്‍ വടക്കന്‍ കേരള തീരത്തിന് സമീപം വരെ ന്യുനമര്‍ദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് അതിശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നു രണ്ടു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിന് പുറമെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം

കേരള തീരത്തും തമിഴ്‌നാട് തീരത്തും ഇന്നു രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ന്യുനമര്‍ദ്ദ പാത്തി; ഇന്നും ശക്തമായ മഴ; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കൂട്ടത്തല്ല്; തൃശൂർ ഡിസിസി സെക്രട്ടറിക്കെതിരെ കേസ്
ജാഗ്രത നിര്‍ദേശങ്ങള്‍

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ; നിയമം ലംഘിച്ച് മീൻപിടിച്ചാൽ കർശന നടപടിയെന്ന് മുന്നറിയിപ്പ്‌

ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ; നിയമം ലംഘിച്ച് മീൻപിടിച്ചാൽ കർശന നടപടിയെന്ന് മുന്നറിയിപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി നിലവിൽവരും. ജൂലായ് 31-നാണ് ട്രോളിങ് നിരോധനം അവസാനിക്കുക. തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. മീന്‍ സമ്പത്ത് വര്‍ധിപ്പിക്കാനും തൊഴിലാളികളുടെ വരുമാനമാര്‍ഗം ഉറപ്പാക്കാനുമാണ് ട്രോളിങ് നിരോധനം. നിയമം ലംഘിച്ച് മീൻപിടിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ്‌ നൽകി.

ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കും. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങും മുമ്പ് കേരളതീരം വിട്ടുപോകേണ്ടതാണ്. ജൂണ്‍ ഒമ്പതിന് വൈകീട്ട് ട്രോളിങ് ബോട്ടുകള്‍ കടലില്‍നിന്നു സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പൊലീസും ഉറപ്പാക്കും. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധനസമയത്തും കടലിൽപ്പോകാം. നിരോധനകാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളമേ അനുവദിക്കൂ. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകൾ പ്രവര്‍ത്തിക്കും.

പുരപ്പുറ സോളാർ പദ്ധതിയിലെ അഴിമതിയും ക്രമക്കേടും അന്വേഷിക്കണം – വി.ഡി.സതീശൻ

പുരപ്പുറ സോളാർ പദ്ധതിയിലെ അഴിമതിയും ക്രമക്കേടും അന്വേഷിക്കണം – വി.ഡി.സതീശൻ

തിരു: ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണ ചിലവ് പതിന്മടങ്ങായി വർദ്ധിക്കാൻ ഇടയാക്കിയതും ദീർഘകാല വൈദ്യുതി വാങ്ങാൻ കരാർ റദ്ദാക്കിയതിലൂടെ 15 കോടിയിൽ പരം രൂപ പ്രതിദിന ബാധ്യത വരുത്തി വച്ചതും വൈദ്യുതി ബോർഡ് അധികൃതരുടെ കെടുകാര്യസ്ഥതയുടെ ഫലമായിട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

പുരപ്പുറ സോളാർ പദ്ധതിയിലെ അഴിമതികളെക്കുറിച്ചുള്ള സമഗ്ര അന്വേഷണവും അദ്ദേഹം ആവശ്യപ്പെട്ടു. കേരള പവർ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.റ്റി.യു.സി. സംഘടിപ്പിച്ച പ്രതീപ് നെയ്യാറ്റിൻകരയുടെ യാത്ര അയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ ഐ.എൻ.റ്റി.യു.സി. സംസ്ഥാന പ്രസിഡൻറ് ആർ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം പി, എം.വിൻസൻ്റ് എം എൽ എ, നിംസ് മെഡിസിറ്റി എം.ഡി. ഡോ.ഫൈസൽ ഖാൻ, കെ പി സി സി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ, മുൻ ഡി സി സി പ്രസിഡൻ്റ് നെയ്യാറ്റിൻകര സനൽ, ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ.ജോസഫ്, ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് വി.ആർ.പ്രതാപൻ, ജില്ലാ സെക്രട്ടറി ആർ.എസ്.വിനോദ് മണി തുടങ്ങിയവർ സംസാരിച്ചു.