ഭാര്യയുടെ കാമുകനെന്ന് സംശയം; ബന്ധുവായ യുവാവിനെ കൊലപ്പെടുത്തി

ഭാര്യയുടെ കാമുകനെന്ന് സംശയം; ബന്ധുവായ യുവാവിനെ കൊലപ്പെടുത്തി

കോട്ടയം: ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് ബന്ധുവായ യുവാവിനെ കൊലപ്പെടുത്തി. കോട്ടയം വടവാതൂരില്‍ ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. ചെങ്ങളം സ്വദേശി രഞ്ജിത് (40) ആണ് മരിച്ചത്. രഞ്ജിത്തിനേയും സുഹൃത്തിനേയും യുവതിയുടെ ഭര്‍ത്താവായ അജീഷാണ് ആക്രമിച്ചത്.

സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. അജീഷിന്റെ ഭാര്യയുടെ ബന്ധുവാണ് മരിച്ച രഞ്ജിത്ത്. ഇടതു കൈയുടെ മുകള്‍ ഭാഗത്തായിട്ടാണ് രഞ്ജിത്തിന് വെട്ടേറ്റത്. ആദ്യം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രഞ്ജിത്തിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ വലതു കയ്യിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തെത്തുടര്‍ന്ന് നാട്ടുകാര്‍ കൂടിയതോടെ അജീഷ് സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി മണര്‍കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

പൂജിക്കാൻ നൽകിയ നവരത്ന മോതിരം പണയംവെച്ച് മേൽശാന്തി: തിരിച്ചുകൊടുത്തത് പൂവും ചന്ദനവും; സസ്പെൻഷൻ

പൂജിക്കാൻ നൽകിയ നവരത്ന മോതിരം പണയംവെച്ച് മേൽശാന്തി: തിരിച്ചുകൊടുത്തത് പൂവും ചന്ദനവും; സസ്പെൻഷൻ

കോട്ടയം: പ്രവാസി മലയാളി കുടുംബം പൂജിക്കാൻ ഏൽപ്പിച്ച നവരത്ന മോതിരം പണയംവെച്ച മേൽശാന്തിയ്ക്ക് സസ്പെൻഷൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുമൂഴിക്കുളം ദേവസ്വം മേൽശാന്തി കെ പി വിനീഷിനെയാണ് പരാതിയെ തുടർന്ന് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ദേവസ്വത്തിന്റേയും വിജിലൻസിന്റേയും അന്വേഷണം പുരോ​ഗമിക്കുകയാണ്.

ദുബായിൽ ജോലി നോക്കുന്ന പറവൂർ സ്വദേശിയും കുടുംബവുമാണ് ഒന്നര ലക്ഷം രൂപ മൂല്യം വരുന്ന നവരത്ന മോതിരം പൂജിക്കാനായി മേൽശാന്തിയെ ഏൽപ്പിച്ചത്. 21 ദിവസത്തെ പൂജ ചെയ്തതാൽ കൂടുതൽ ഉത്തമമാകുമെന്ന് ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു. മോതിരം തിരിച്ചുവാങ്ങാനായി എത്തിയപ്പോൾ പൂജയുടെ പൂവും ചന്ദനവും മാത്രമാണ് പ്രസാദമായി പട്ടിൽ പൊതിഞ്ഞ് നൽകിയത്. മോതിരം ചോ​ദിച്ചപ്പോൾ കൈമോശം വന്നെന്നാണ് പറഞ്ഞത്.

പ്രവാസി ദേവസ്വം കമ്മീഷണർക്ക് പരാതി നൽകിയതോടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോതിരം പണയംവച്ചെന്ന് സമ്മതിച്ചു. പിന്നീട് മോതിരികെ നൽകുകയും ചെയ്തു. മോതിരം രസീത് എഴുതി വഴിപാടായി ക്ഷേത്രത്തിൽ ഏൽപ്പിച്ചതല്ലെന്നും മേൽശാന്തിയുമായി നേരിട്ടാണ് ഇടപാട് മചക്കിയത് എന്നുമാണ് തിരുമൂഴിക്കുളം ദേവസ്വം അധികൃതർ പറഞ്ഞത്. തിരുമൂഴിക്കുളം ദേവസ്വത്തിലെ കീഴ്ശാന്തി മനോജിനെ മേടവിഷു ഡ്യൂട്ടിക്ക് ശബരിമയിൽ ആട്ടിയ നെയ് മറിച്ചുവിറ്റെന്ന പരാതിയിൽ കഴിഞ്ഞ മാസം സസ്പെൻഡ് ചെയ്തിരുന്നു.

ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം: ആറ് നവജാത ശിശുക്കൾ മരിച്ചു

ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം: ആറ് നവജാത ശിശുക്കൾ മരിച്ചു

ന്യൂഡൽഹി: വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് നവജാത ശിശുക്കൾ മരിച്ചു. 6 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഒരു കുഞ്ഞടക്കം 6 പേർ വെൻറിലേറ്ററിൽ ചികിത്സയിലാണ്. ഇന്നലെ അർധരാത്രിയിലാണ് ഈസ്റ്റ് ഡൽഹിയിലെ ആശുപത്രിയിൽ തീപ്പിടുത്തമുണ്ടായത്. രണ്ട് കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. ആശുപത്രിക്ക് പുറമേ റസിഡൻഷ്യൽ ബിൽഡിങ്ങിലെ രണ്ട് നിലകളിലും തീപിടുത്തം ഉണ്ടായി. 16 അഗ്നിശമന സംഘങ്ങൾ ചേർന്നാണ് പുലർച്ചയോടെ തീയണച്ചത്.

ക്ഷേമ പെന്‍ഷന്‍ വിതരണം ബുധനാഴ്ച മുതല്‍

ക്ഷേമ പെന്‍ഷന്‍ വിതരണം ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ബുധനാഴ്ച വിതരണം ചെയ്യും. ഒരുമാസത്തെ കുടിശിക തീർക്കാൻ 900 കോടി ധനവകുപ്പ് അനുവദിച്ചു. നിലവിൽ അഞ്ചുമാസത്ത കുടിശികയുണ്ട്.

തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ടുമാസത്തെ കുടിശിക വിതരണം ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതാണ് ക്ഷേമ പെന്‍ഷന്‍ വിതരണം വൈകുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് 18,253 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു.

പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

കെഎസ്‌യു നേതൃക്യാമ്പില്‍ കൂട്ടത്തല്ല്; നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

കെഎസ്‌യു നേതൃക്യാമ്പില്‍ കൂട്ടത്തല്ല്; നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ നടക്കുന്ന കെഎസ്‌യുവിന്റെ ദക്ഷിണമേഖല ക്യാമ്പില്‍ കൂട്ടയടി. പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി. നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനല്‍ ചില്ലുകള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.

സംഘര്‍ഷത്തില്‍ ഒരു നിയോജക മണ്ഡലം പ്രസിഡന്റിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാമ്പിനിടെ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. സംഘര്‍ഷത്തിന്റെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നേതാക്കള്‍ ഇടപെട്ട് ഡിലീറ്റ് ചെയ്യിച്ചു. സംഘര്‍ഷത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തമായ വിവരം പുറത്തു വന്നിട്ടില്ല. പരിപാടിയിലേക്ക് പുറത്തു നിന്നാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്നും, ക്യാമ്പ് നല്ല രീതിയില്‍ നടന്നു പോകുന്നതില്‍ ചില ആളുകള്‍ക്കുള്ള പ്രയാസമാണ് സംഘര്‍ഷത്തിന് കാരണമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.