അഞ്ചല്ല, പത്ത് തവണ നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; കേന്ദ്ര നിയമം പരിഷ്കരിക്കാൻ കേരളം

അഞ്ചല്ല, പത്ത് തവണ നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; കേന്ദ്ര നിയമം പരിഷ്കരിക്കാൻ കേരളം

തിരുവനന്തപുരം: വർഷത്തിൽ അഞ്ചോ അതിലധികമോ ഗതാഗത നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. വിഷയത്തിൽ കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ പരിഷ്ക്കരണം വരുത്തിയാകും നിയമം നടപ്പിലാക്കുക. പത്തോ അധിലധികമോ നിയമലംഘനം നടത്തിയ ആളുടെ ലൈസൻസ് റദ്ദാക്കും എന്ന രീതിയിലേക്ക് പരിഷ്ക്കരണം വരുത്തും. ഇത് സംബന്ധിച്ച റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പ് സർക്കാരിന് ഉടൻ സമർപ്പിക്കും.

എന്നാൽ ചരക്ക് ലോറികൾ,ബസുകൾ എന്നിവയിലാണ് കൂടുതൽ നിയമലംഘനങ്ങൾ നടക്കുന്നത്. അവയെ നിയന്ത്രിക്കാൻ കർശനമായി നിയമങ്ങൾ നടപ്പാക്കണമെന്നും മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. രാജ്യത്താകെ ജനുവരി 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തിലായിട്ടുണ്ട്.എന്നാൽ നിയമഭേദഗതി അതേപടി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു.

മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വകുപ്പ് പുതിയ നീക്കം നടത്തുന്നത്.ഇതുമായി ബന്ധപ്പെട്ട നിർദേശം മന്ത്രിയിൽ നിന്ന് മോട്ടോർ വാഹന വകുപ്പിന് നൽകിയിരുന്നു. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ മാത്രമേ നിയമങ്ങള്‍ നടപ്പിലാക്കൂകയുള്ളു എന്നും കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതികള്‍ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് പഠിച്ചു, ചര്‍ച്ച ചെയ്തു മാത്രമേ നടപടി സ്വീകരികയുള്ളു എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.ഒരു വര്‍ഷത്തില്‍ തുടര്‍ച്ചയായി അഞ്ച് നിയമലംഘനങ്ങള്‍ നടത്തിയാല്‍ വാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനും ആവര്‍ത്തിച്ച് നിയമം ലംഘിക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനും കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിലെടുക്കാനും മോട്ടോര്‍ വാഹന വകുപ്പിന് സാധിക്കുന്നതായിരുന്നു പുതിയ ഭേദഗതി.

കലാഭവൻ മണിസേവന സമിതിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്നേഹോപഹാരം നൽകി

കലാഭവൻ മണിസേവന സമിതിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്നേഹോപഹാരം നൽകി

കലാഭവൻ മണിസേവന സമിതിയുടെ ആഭിമുഖ്യത്തിൽ വക്കം മണിദേവാലയത്തിൽ ജനപ്രതിനിധികളെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മണിദേവാലയം സെക്രട്ടറി സുമ സ്വാഗതം പറഞ്ഞു. ജയൻ ജഗദേവൻ (സെക്രട്ടറി, കലാഭവൻ മണി സേവനസമിതി വക്കം യൂണിറ്റ്) അധ്യക്ഷനായി. അജിൽ മണിമുത്ത് (ചെയർമാൻ, കലാഭവൻ മണി സേവന സമിതി) മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യപ്രവർത്തകൻ ആർ. എസ് ഗാന്ധി മുഖ്യഅതിഥിയായി. പ്രഭാഷകൻ പള്ളിക്കൽ മണികണ്ഠൻ സ്നേഹോപഹാര
സമർപ്പണംനടത്തി.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻ്റ് ഗീത സുരേഷ്, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വക്കം സജീവ്, ആനക്കുഴി മുഷാദ് (റവന്യൂ ഇൻസ്പെക്ടർ,ആറ്റിങ്ങൽ മുനിസിപ്പാലിറ്റി) എന്നിവർസംസാരിച്ചു.

ചടങ്ങിൽ ഗോപകുമാർ (രക്ഷാധികാരി, വക്കം യൂണിറ്റ്), രജനി(പ്രസിഡന്റ്, സംസ്ഥാന വനിതാ യൂണിറ്റ്), അനില (വൈസ് പ്രസിഡന്റ് വക്കം യൂണിറ്റ്), ഷിജിനി (ജോയിന്റ് സെക്രട്ടറി, വക്കം യൂണിറ്റ്) എന്നിവർ പങ്കെടുത്തു. സംഗീത( ട്രഷറർ,കലാഭവൻ മണി സേവനസമിതി വക്കം യൂണിറ്റ്) നന്ദി പറഞ്ഞു.

‘ഇനി സ്‌കൂളില്‍ പോകണം’; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

‘ഇനി സ്‌കൂളില്‍ പോകണം’; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

കൊച്ചി: ചികിത്സ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചുമാറ്റപ്പെട്ട ഒമ്പതുവയസുകാരി വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു. പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ഇടപെടലില്‍ കൊച്ചിയിലെ സ്വകാര്യ ക്ലിനിക്കില്‍ വെച്ചാണ് കൃത്രിമക്കൈ ഘടിപ്പിച്ചത്.

കൈ ഘടിപ്പിച്ച ശേഷം സമ്മാനങ്ങളുമായി വിനോദിനിയെ പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചു. രണ്ടു ദിവസം കൂടി ആശുപത്രിയില്‍ കഴിയണം. പിന്നീട് സ്‌കൂളില്‍ പോകണം, അതാണ് വിനോദിനിയുടെയും കുടുംബത്തിന്റെയും തീരുമാനം.

2025 സെപ്റ്റംബറിലാണ് പല്ലശ്ശന സ്വദേശിനി ഒമ്പതു വയസ്സുകാരി വിനോദിനിക്ക് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ വീണ് പരിക്കേറ്റത്. വലതുകൈയുടെ എല്ല് പൊട്ടി. പാലക്കാട് ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്ലാസ്റ്ററിട്ട് മടക്കിയയച്ചു. മുറിവ് വൃത്തിയാക്കാതെ പ്ലാസ്റ്ററിട്ടതിനാല്‍ പഴുപ്പ് കയറി അണുബാധയുണ്ടായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് കൈ മുട്ടിനു താഴെ മുറിച്ചുമാറ്റുകയായിരുന്നു. ഇന്ന് കാക്കനാട്ടെ സ്വകാര്യ പ്രോസ്‌തെറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക് റിഹാബിലിറ്റേഷന്‍ സെന്ററില്‍ വിനോദിനിക്ക് പുതിയ കൈ വച്ചുകൊടുത്തു. വിഡി സതീശനാണ് ഇതിന്റെ മുഴുവന്‍ ചെലവും വഹിച്ചത്.

വിരലുകള്‍ മടക്കാന്‍ പറ്റുന്ന തരത്തില്‍ ആധുനിക രീതിയിലുള്ള കൈയാണ് ഘടിപ്പിച്ചത്. നാലു മണിക്കൂറോളം ചാര്‍ജ് ചെയ്താല്‍ രണ്ടുമൂന്നു ദിവസം പ്രവര്‍ത്തിക്കും. വിരലുകള്‍ ഇഷ്ടാനുസരണം ചലിപ്പിക്കാനും എഴുതാനുമെല്ലാം കഴിയുമെന്നതിനാല്‍ വിനോദിനിയും കുടുംബവും സന്തോഷത്തിലാണ്. അഴിച്ചുവെക്കാനും വീണ്ടും ഘടിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള കൈയാണിത്. തിങ്കളാഴ്ച കൂടി ആശുപത്രിയില്‍ തുടര്‍ന്ന ശേഷം ചൊവ്വാഴ്ച വിനോദിനി നാട്ടിലേക്ക് മടങ്ങും. അടുത്ത ദിവസം മുതല്‍ സ്‌കൂളില്‍ പോകാനുള്ള തയാറെടുപ്പിലാണ് വിനോദിനി.

‘ഇടനാഴിയില്‍ ഒരു കാലൊച്ച’; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

‘ഇടനാഴിയില്‍ ഒരു കാലൊച്ച’; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയുമാണ് ഉണ്ടാവുക, അവരുടെയൊക്കെ നല്ല സമയമെന്നാണ് മന്ത്രിയുടെ പരിഹാസം.

സംസ്ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന എയിംസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കാതെ കടലാമ ആവാസ വ്യവസ്ഥയെ സംരക്ഷിക്കാന്‍ കേരളത്തിലടക്കം പദ്ധതി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരിഹാസം. ‘ഇടനാഴിയില്‍ ഒരു കാലൊച്ച’ എന്ന തലക്കെട്ടോടെ ഒരു കടലാമയുടെ ചിത്രം പങ്കുവെച്ച് മന്ത്രി ഫെയ്‌സ്ബുക്കിലൂടെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചു.

ആമയും പശുവുമൊക്കെ ഉണ്ടാകും. കേന്ദ്രബജറ്റില്‍ മനുഷ്യര്‍ക്ക് ഒന്നും ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. അവരുടെയൊക്കെ സമയം എന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ബജറ്റില്‍ പൊതുവിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും അവഗണിച്ചെന്നും മന്ത്രി വിമര്‍ശിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ മാത്രം ലക്ഷ്യംവെച്ചുള്ളതാണ് ബജറ്റ്. സ്‌കൂള്‍ വിദ്യാഭ്യാസത്തെ അവഗണിച്ചു. സംസ്ഥാന ബജറ്റില്‍ നിന്നും കേന്ദ്രം പാഠം പഠിക്കണം. പൊതു വിദ്യാഭ്യാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം. കോര്‍പ്പറേറ്റ് നയങ്ങള്‍ സംരക്ഷിക്കാനുള്ള ബജറ്റാണ് നടന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ബജറ്റ് വന്‍കിട കമ്പനികളെ സഹായിക്കുന്നതാണ്. ബജറ്റില്‍ ദരിദ്രരെ പാടെ അവഗണിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി.

കുടുംബത്തിലെ എല്ലാവരും ക്ഷമിക്കണം’; സിജെ റോയിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്?

കുടുംബത്തിലെ എല്ലാവരും ക്ഷമിക്കണം’; സിജെ റോയിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്?

ബംഗളൂരു: ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗളൂരുവില്‍ ആത്മഹത്യ ചെയ്ത കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ മരണത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. റോയി എഴുതി എന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്, ഇത് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് നിര്‍ണായക സൂചനകള്‍ നല്‍കുന്നു. 9 പേജുകളുള്ള അത്മഹത്യാക്കുറിപ്പാണ് കുടുംബാഗംങ്ങള്‍ക്ക് കിട്ടിയത്. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാന്‍ തീരുമാനിച്ച ശേഷമാണെന്നും ആദായനികുതി വകുപ്പിന്റെ നിരന്തര ഇടപെടല്‍ സമ്മര്‍ദത്തിലാക്കിയെന്നുമാണ് വിവരം.

മരണത്തിന് പിന്നിലെ നിഗൂഢതകള്‍ ഒഴിവാക്കാന്‍ ഈ കുറിപ്പ് സഹായകമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. പ്രത്യേക അന്വേഷണ സംഘം ഈ കുറിപ്പ് വിശദമായി പരിശോധിച്ചുവരികയാണെന്നും ഇത് അന്വേഷണത്തിലെ പ്രധാന തെളിവാണെന്നും പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടാണ് സിജെ റോയിയുടെ കുറിപ്പ് ആരംഭിക്കുന്നത്. താന്‍ ഒരു ‘അറ്റകൈ പ്രയോഗത്തിന്’ മുതിരുകയാണെന്നും അതിന് എല്ലാവരും ക്ഷമിക്കണമെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. കടുത്ത മാനസിക വിഷമം പ്രകടമാക്കുന്നതോടൊപ്പം തന്നെ, തന്റെ വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ നിര്‍ദ്ദേശങ്ങളും കുറിപ്പിലുണ്ട്.

വിവിധ വ്യക്തികള്‍ക്ക് നല്‍കാനുള്ള പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കൃത്യമായ സാമ്പത്തിക കാര്യങ്ങള്‍ റോയി കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ മരണശേഷം ബിസിനസ് ആര് നിയന്ത്രിക്കണമെന്നും, തന്റെ പിന്‍ഗാമികള്‍ ആരായിരിക്കണമെന്നും കുറിപ്പിലുണ്ട്. കോണ്‍ഫിഡന്റ് ഗ്രൂപ്പുമായി ദീര്‍ഘകാലമായി സഹകരിക്കുന്നവരെ മാറ്റിനിര്‍ത്തരുതെന്ന് അദ്ദേഹം പറയുന്നു. അവര്‍ തന്റെ വിശ്വസ്തരായ സഹപ്രവര്‍ത്തകരാണെന്നും, ഇവര്‍ തുടര്‍ന്നും സ്ഥാപനത്തിന്റെ ഭാഗമായി തുടരണമെന്നും കുറിപ്പിലുണ്ട്.

പ്രത്യേക അന്വേഷണ സംഘം നിലവില്‍ കുറിപ്പിലെ വിവരങ്ങള്‍ പരിശോധിച്ചു. ഇതിന്റെ ഭാഗമായി റോയിയുടെ ഭാര്യയുടെയും മക്കളുടെയും മൊഴി രേഖപ്പെടുത്തും. കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന സാമ്പത്തികവും ബിസിനസ് സംബന്ധവുമായ കാര്യങ്ങള്‍ ഒത്തുനോക്കാന്‍ ഇവരുടെ മൊഴികള്‍ സഹായിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ്; വീഡിയോ പകര്‍ത്തിയ ബസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും

ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ്; വീഡിയോ പകര്‍ത്തിയ ബസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും

കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ മരണത്തില്‍ ജയിലില്‍ കഴിയുന്ന ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കുന്ദമംഗലം കോടതി പരിഗണിക്കും. കസ്റ്റഡിയില്‍ കിട്ടിയാല്‍ വീഡിയോ പകര്‍ത്തിയ ബസില്‍ ഉള്‍പ്പടെ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസ് നീക്കം. ഷിംജിതയുടെ ജാമ്യാപേക്ഷ ബുധനാഴ്ച ജില്ലാ കോടതി പരിഗണിക്കും.

ദീപക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനും വീഡിയോ ചിത്രീകരിച്ച സാഹചര്യത്തെക്കുറിച്ച് വിശദമായ മൊഴി രേഖപ്പെടുത്താനും ഷിംജിതയെ ചോദ്യം ചെയ്യും. ഷിംജിതയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയതതാണെന്നാണ് പൊലിസിന്റെ സംശയം. ഈ വീഡിയോകള്‍ എഡിറ്റ് ചെയ്യാന്‍ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നതും പൊലീസ് പരിശോധിക്കും. ഇതിനായി കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു കഴിഞ്ഞു.

ജാമ്യം ലഭിച്ചാല്‍ പ്രതി ഇനിയും സമാനമായ കുറ്റകൃത്യം നടത്താനിടയുണ്ടെന്നും മറ്റുള്ളവരും ഇത്തരത്തില്‍ പ്രവൃത്തികള്‍ ചെയ്യുമെന്നും ജാമ്യം നല്‍കുന്നത് അവര്‍ക്ക് പ്രേരണയാകുമെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ തള്ളിയത്. സമൂഹവിചാരണ എന്ന ലക്ഷ്യത്തോടെയാണ് ഷിംജിത വീഡിയോ പ്രചരിപ്പിച്ചതെന്ന പ്രൊസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും വാദിഭാഗം കോടതിയെ ബോധിപ്പിച്ചിരുന്നു.

ഗോവിന്ദപുരം സ്വദേശി യു ദീപക് ജീവനൊടുക്കിയത് ഷിംജിത സമൂഹമാധ്യമത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിലെ മനോവിഷമത്തിലാണെന്ന് മാതാവ് നല്‍കിയ പരാതിയിലാണ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി ഷിംജിതയെ അറസ്റ്റ് ചെയ്തത്. നിലവില്‍ മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡിലാണ് ഷിംജിത.