by Midhun HP News | Jun 7, 2026 | Latest News, കേരളം
കൊച്ചി: സലിം കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വിതുമ്പി മലയാള സിനിമാ- സാംസ്‌കാരിക ലോകം. അന്തരിച്ച സലിം കുമാറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. സംസ്‌കാരം ഇന്നു വൈകിട്ട് മൂന്നുമണിക്ക് പറവൂരിലെ വീട്ടുവളപ്പില്‍ നടക്കും. ഇന്നു രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. മുഖ്യമന്ത്രി വി ഡി സതീശന്‍ പറവൂരിലെത്തി അന്ത്യോപചാരമര്‍പ്പിക്കും.
രാവിലെ എട്ടു മണിയോടെ കൊച്ചിയിലെ ആശുപത്രിയില്‍ നിന്നും സലിംകുമാരിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. തുടര്‍ന്നാണ് പറവൂര്‍ ടൗണ്‍ഹാളില്‍ ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി പൊതുദര്‍ശനത്തിന് വെയ്ക്കുക. സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ ഒന്നും പാടില്ലെന്നതായിരുന്നു സലിംകുമാറിന്റെ നിലപാട്. വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിക്കണമെന്നും സലിംകുമാര്‍ വീട്ടുകാരോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
ഇന്നലെ രാത്രി 10.43 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ, പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ് വിട വാങ്ങിയത്. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
എറണാകുളം ചിറ്റാറ്റുകരയില്‍ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബര്‍ 10 നായിരുന്നു സലിം കുമാറിന്റെ ജനനം. പേരു കേട്ടാല്‍ മതം തിരിച്ചറിയേണ്ട എന്നു കരുതി അച്ഛനാണ് സലിം എന്ന പേരിട്ടത്. സ്‌കൂളില്‍ ചെന്നപ്പോള്‍ അധ്യാപികയുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് സലിമിനൊപ്പം കുമാര്‍ കൂട്ടിചേര്‍ത്തത്. മാല്യങ്കര എസ്എന്‍എം കോളജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലായിരുന്നു ഡിഗ്രി പഠനം. സ്‌കൂള്‍ കാലഘട്ടത്തില്‍ മിമിക്രി അവതരിപ്പിച്ചു തുടങ്ങിയെങ്കിലും കോളജില്‍ പഠിക്കുമ്പോഴാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.
‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് സലിം കുമാറിന്റെ ആദ്യസിനിമ. ഇതുവരെ തമിഴ് ചിത്രങ്ങളിലും ബംഗാളി ചിത്രത്തിലുമുൾപ്പെടെ മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013 ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം നേടി. കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്കാരത്തിന് അർഹനായി.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കറുത്ത ജൂതൻ ഉൾപ്പെടെ മൂന്ന് സിനിമകൾ സലിംകുമാർ സംവിധാനം ചെയ്തു. കറുത്ത ജൂതന് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. കറുത്ത ജൂതൻ്റെ കഥയും തിരക്കഥയും നിർവ്വഹിച്ചത് സലിംകുമാറായിരുന്നു. 2018-ൽ ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രവും സലിം കുമാർ സംവിധാനം ചെയ്തു. കംപാർട്ട്മെന്റ് ആണ് മൂന്നാമത്തെ സിനിമ. ‘ഈശ്വരാ വഴക്കില്ലല്ലോ’ എന്ന പേരിൽ ഓർമക്കുറിപ്പുകൾ എഴുതിയിട്ടുണ്ട്. സുനിതയാണ് ഭാര്യ. നടൻ ചന്തു, ആരോമൽ എന്നിവർ മക്കളാണ്.

by Midhun HP News | Jun 6, 2026 | Latest News, സിനിമ
കൊച്ചി: നടൻ സലിം കുമാർ അന്തരിച്ചു. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന തുടരുന്നുണ്ടായിരുന്നു. രാത്രിയോടെയാണ് മരണം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നടൻ ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം കടുത്ത വെല്ലുവിളികൾ നേരിട്ടിരുന്നു.
തനിക്ക് ലിവര്‍ സിറോസിസ് എന്ന രോഗം വന്നത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി കിട്ടിയ അസുഖമായിരുന്നുവെന്നും ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരു ചായ പോലും കുടിക്കാത്ത തന്റെ സഹോദരനും ഇതേ അസുഖമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
രോഗാവസ്ഥയിലായിരുന്ന കാലയളവിൽ വ്യാജ വൈദ്യന്മാരുടെ ചികിത്സകൾ തേടേണ്ടി വന്നതും, അത് ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കിയതും താരം തന്നെ മുൻപ് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ആ കാലഘട്ടത്തിൽ കടുത്ത ഒറ്റപ്പെടലും പ്രതിസന്ധികളും താൻ നേരിട്ടിട്ടുണ്ടെന്നും സലിംകുമാർ നേരത്തെ പങ്കുവെച്ചിരുന്നു.
by Midhun HP News | Jun 6, 2026 | Latest News, കായികം
മുംബൈ: അയർലൻഡ്, ഇംഗ്ലണ്ട് ടി20 പര്യടനങ്ങൾക്കും ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. ടി20 ഫോർമാറ്റിൽ ഇന്ത്യൻ ടീമിനെ ഇനി ശ്രേയസ് അയ്യർ നയിക്കും. സൂര്യകുമാർ യാദവിന് പകരക്കാരനായാണ് ശ്രേയസ് അയ്യർ ടീമിനെ നയിക്കാൻ എത്തുന്നത്.
മുംബൈയിൽ മുഖ്യ സെലക്ടർ അജിത് അഗാർക്കാരുടെ നേതൃത്വത്തിൽ ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് പുതിയ നായകനെ തീരുമാനിച്ചത്. തിലക് വർമയാണ് വൈസ് ക്യാപ്റ്റൻ. ഐപിഎല്ലിലെ വെടിക്കെട്ട് പ്രകടനത്തിലൂടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയും ടീമിൽ ഇടം നേടിയിട്ടുണ്ട്. സഞ്ജു സാംസനെയും ഇഷാൻ കിഷനെയും ടീമിൽ വിക്കറ്റ് കീപ്പർമാരായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സെലക്ഷൻ കമ്മിറ്റി യോഗത്തിന് മുൻപ് തന്നെ ബിസിസിഐയുടെ അപെക്സ് കൗൺസിൽ ഓൺലൈൻ വഴി മീറ്റിംഗ് നടത്തിയിരുന്നു. ഈ യോഗത്തിൽ പുതിയ ക്യാപ്‌റ്റനെക്കുറിച്ചുള്ള ചർച്ചകൾ അനൗദ്യോഗികമായി നടന്നെന്നാണ് സൂചന. ഒടുവിൽ ശ്രേയസ് അയ്യരുടെ പേരിലേക്ക് കൗൺസിൽ അംഗങ്ങൾ എത്തുക ആയിരുന്നു.
സഞ്ജു സാംസണിനെ ടീമിന്റെ നായകനാക്കാൻ അതിനിടെ കോച്ച് ഗൗതം ഗംഭീർ താത്പര്യം എടുത്തതായി നേരത്തെ വിവരമുണ്ടായിരുന്നു. എന്നാൽ അജിത് അഗാർക്കാർ അടക്കമുള്ള സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങൾക്ക് ഗംഭീറിന്റെ അഭിപ്രായത്തോട് യോജിപ്പില്ലായിരുന്നു.
സ്ഥിരതയാർന്ന പ്രകടനമല്ല സഞ്ജുവിന്റേത് എന്നും ദീർഘകാല നായകസ്ഥാനത്തിന് ഇപ്പോൾ പരിഗണിക്കാൻ സമയം ആയിട്ടില്ലെന്നുമാണ് മുഖ്യ സെക്ടർ അജിത് അഗാർക്കർ അടക്കമുള്ളവരുടെ അഭിപ്രായം. ഇതാണ് ശ്രേയസിനു കാര്യങ്ങൾ സുഗമമാക്കിയത്.അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടി20 ടീമിൽ പുതുമുഖങ്ങളായി വൈഭവ് സൂര്യവംശിയും പ്രിൻസ് യാദവും ഇടം നേടി. ഇരുവരും ഇന്ത്യയുടെ സീനിയർ പുരുഷ ടി20 ടീമിലേക്ക് ആദ്യമായാണ് തെരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ എഷ്യൻ ഗെയിംസ് 2026-നുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പ്രിൻസ് യാദവിന് ഇടമില്ല. പകരം ജസ്പ്രിത് ബുംറയെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടി20 ടീം
ശ്രേയസ് അയ്യർ (നായകൻ),അഭിഷേക് ശർമ,സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ),ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ),വൈഭവ് സൂര്യവംശി,ശിവം ദുബെ,തിലക് വർമ,നിതീഷ് റെഡ്ഡി,അക്ഷർ പട്ടേൽ,വാഷിങ്ടൺ സുന്ദർ,വരുണ്‍ ചക്രവർത്തി,രവി ബിഷ്‌ണോയ്,മുഹമ്മദ് സിറാജ്,ഹർഷിത് റാണ,അർഷ്ദീപ് സിങ്,പ്രിൻസ് യാദവ്
എഷ്യൻ ഗെയിംസ് 2026-നുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം
ശ്രേയസ് അയ്യർ (നായകൻ),അഭിഷേക് ശർമ,സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ),ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ),വൈഭവ് സൂര്യവംശി,ശിവം ദുബെ,തിലക് വർമ,നിതീഷ് റെഡ്ഡി,അക്ഷർ പട്ടേൽ,വാഷിങ്ടൺ സുന്ദർ,വരുണ്‍ ചക്രവർത്തി,രവി ബിഷ്‌ണോയ്,മുഹമ്മദ് സിറാജ്,ഹർഷിത് റാണ,അർഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ
by Midhun HP News | Jun 6, 2026 | Latest News, കേരളം
കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ 14കാരന് ദാരുണാന്ത്യം. അയത്തില്‍ സ്വദേശി സല്‍മാന്‍ ഫാരിസ് ആണ് മരിച്ചത്.അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറി ഇറങ്ങുകയായിരുന്നു.
കൊല്ലം പാല്‍കുളങ്ങരയ്ക്ക് സമീപത്താണ് അപകടം. ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഇരുചക്രവാഹനത്തില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടര്‍ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അമ്മ എതിര്‍ ഭാഗത്തേക്കും മകന്‍ ലോറിക്ക് അടിയിലേക്കുമാണ് വീണത്. ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ പല റോഡുകളിലൂടെ വഴി തിരിച്ചാണ് കടത്തി വിടുന്നത്. വീതി കുറവുള്ള റോഡിലാണ് അപകടം ഉണ്ടായത്.
by Midhun HP News | Jun 6, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ മാളവ്യനഗറില്‍ 21 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ പാചകക്കാരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. വിദേശികള്‍ ഉള്‍പ്പെടെ മരിച്ച സംഭവത്തില്‍, പാചകക്കാരന്റെ അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ മറ്റ് ചിലരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെയാണ് മാളവ്യനഗറിലെ ഫ്‌ളറിഷ് സ്റ്റേ ബിഎന്‍ബി ഹോട്ടലില്‍ വന്‍ തീപിടിത്തമുണ്ടായത്. 17 വിദേശികള്‍ ഉള്‍പ്പെടെ 21 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്വേഷണത്തിനിടെ കെട്ടിടത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചകളും അഗ്‌നിസുരക്ഷാ സംവിധാനത്തില്‍ വലിയ പോരായ്മകളും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.കെട്ടിടത്തിലെ ജനലുകളും ഗ്ലാസ് പാനലുകളും പൂര്‍ണമായും അടച്ചുപൂട്ടിയ നിലയിലായിരുന്നു. ഇതുമൂലം പുകയും ചൂടും പുറത്തേക്ക് പോകാന്‍ യാതൊരു വഴിയും ഉണ്ടായിരുന്നില്ല. കൂടാതെ ബേസ്‌മെന്റിലേക്കുള്ള പ്രവേശന കവാടം അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. രക്ഷാപ്രവര്‍ത്തകര്‍ക്ക് ബേസ്‌മെന്റിലേക്ക് പ്രവേശിക്കാന്‍ 10 മിനിറ്റ് സമയം വേണ്ടിവന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തിനുള്ള വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുത്തിയത്.
പരിക്കേറ്റ 15 പേര്‍ ഇപ്പോള്‍ സാകേതിലെ മാക്സ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി പുറത്തിറക്കിയ പ്രസ്താവന പ്രകാരം വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളുടെ നില മെച്ചപ്പെട്ടു വരികയാണ്. ഏതാനും പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ആശുപത്രി വാര്‍ഡുകളിലുമായി ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിന്റെ ഉടമ ലവ്‌കേഷ് ബജാജ്, സ്വീറ്റി സര്‍ക്കാര്‍, പുഷ്‌പോ സര്‍ക്കാര്‍ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്. ഉടമ ലവ്‌കേഷ് ബജാജിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കെട്ടിടത്തിലെ സുരക്ഷാ വീഴ്ചകളാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
by Midhun HP News | Jun 6, 2026 | Latest News, കായികം
ഇന്ത്യൻ ടി20 ടീമിന്റെ പുതിയ നായകനായി ശ്രേയസ് അയ്യരെ തിരഞ്ഞെടുത്തു. ഇംഗ്ലണ്ട്-അയർലൻഡ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ മുൻ നായകൻ സൂര്യകുമാർ യാദവ് ടീമിൽ നിന്ന് പുറത്തായി. കൗമാരതാരം വൈഭവ് സൂര്യവംശി ടീമിലെത്തിയപ്പോൾ സഞ്ജു സാംസൺ ടീമിൽ സ്ഥാനം നിലനിർത്തി.
മുംബൈ: ഇന്ത്യന്‍ ടി20 ടീമിനെ ഇനി ശ്രേയസ് അയ്യര്‍ നയിക്കും. ഇന്ന് ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തിലക് വര്‍മയാണ് വൈസ് ക്യാപ്റ്റന്‍. ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യക്ക് കഴിഞ്ഞ ടി20 ലോകകപ്പ് നേടിതന്ന സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയാണ് ശ്രേയസിനെ നായകനാക്കിയത്. ടീമില്‍ പോലും സൂര്യയെ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം, കൗമാരതാരം വൈഭവ് സൂര്യവന്‍ഷി ടീമിലെത്തി. പ്രിന്‍സ് യാദവാണ് ടീമിലെ മറ്റൊരു പുതുമുഖം. സഞ്ജു സാംസണ്‍ ടീമില്‍ തുടരും. ഏഷ്യന്‍ ഗെയിംസിനുള്ള ടീമിമില്‍ ജസ്പ്രിത് ബുമ്രയും കളിക്കും. ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് പര്യടനത്തില്‍ ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ശുഭ്മാന്‍ ഗില്‍ ടീമിലെത്തിയില്ല. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഏകദിന ടീമിനെ പിന്നീട് പ്രഖ്യാപിക്കും.
ഇംഗ്ലണ്ട്-അയന്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ്.
ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടി20 ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയ്, ജസ്പ്രിത് ബുമ്ര, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്.
രണ്ടര വര്‍ഷത്തോളം ടി20 ടീമിന്റ അ ത്തായിരുന്നു ശ്രേയസ്. തിരിച്ചുവരുന്നതാവട്ടെ നായകസ്ഥാനത്തോടെയും.
സഞ്ജു ക്യാപ്റ്റനാകുമെന്ന് വാര്‍ത്തുകളുണ്ടായിരുന്നെങ്കിലും ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കറുടെ പിന്തുണ ലഭിച്ചിരുന്നില്ല. ശ്രേയസിന്റെ ഐപിഎല്‍ റെക്കോഡ് പരിഗണിച്ചാണ് ക്യാപ്റ്റനാക്കിയതെന്ന് അഗാര്‍ക്കര്‍ വിശദീകരിച്ചു. അര്‍ഹതയ്ക്കുള്ള അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു. സൂര്യവംശി സമ്മര്‍ദ്ദ ഘട്ടത്തില്‍ തിളങ്ങിയെന്നത് നമ്മള്‍ കണ്ടതാണെന്ന് അഗാര്‍ക്കര്‍ വ്യക്തമാക്കി.

Recent Comments