നവീന്‍ ബാബുവിന്റെ മരണം : അന്വേഷണം സിബിഐക്ക് വിട്ടു; മകള്‍ക്ക് ആശ്രിത നിയമനം നല്‍കും

നവീന്‍ ബാബുവിന്റെ മരണം : അന്വേഷണം സിബിഐക്ക് വിട്ടു; മകള്‍ക്ക് ആശ്രിത നിയമനം നല്‍കും

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന നായര്‍ക്ക് ആശ്രിത നിയമനം നല്‍കാനും കാബിനറ്റ് തീരുമാനിച്ചു. മന്ത്രിസഭായോഗത്തില്‍ ഔട്ട് ഓഫ് അജണ്ടയായിട്ടാണ് വിഷയം പരിഗണിച്ചത്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐക്ക് വിട്ടുകൊണ്ട് ഉടന്‍ തന്നെ വിജ്ഞാപനം പുറപ്പെടുവിക്കും. കേസ് ഏറ്റെടുക്കുന്നതില്‍ ഇനി സിബിഐയാണ് നിലപാട് സ്വീകരിക്കേണ്ടത്. നവീന്‍ബാബുവിന്റെ മരണത്തില്‍ സിപിഎം നേതാവും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി പി ദിവ്യയാണ് ഏക പ്രതി.

നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും, അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രി വിഡി സതീശനെ കണ്ടിരുന്നു. അക്കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം കേസ് സിബിഐക്ക് വിടാന്‍ തീരുമാനമെടുത്തത്.അതേസമയം കേസ് അന്വേഷണം സിബിഐക്ക് വിടാനുള്ള തീരുമാനത്തെ സിപിഎം എതിര്‍ക്കുകയാണ്. നിലവിലെ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി വിലയിരുത്തിയതാണെന്നും, കേസ് സിബിഐക്ക് വിടുന്നത് രാഷ്ട്രീയപ്രേരിതമാണെന്നും സിപിഎം ആരോപിക്കുന്നു. വിഡി സതീശന്‍ സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെയാണ് അമിതമായി വിശ്വസിക്കുന്നതെന്നും സിപിഎം നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

നവീന്‍ബാബുവിന്റെ യാത്രയയപ്പു വേളയില്‍ അപ്രതീക്ഷിതമായി കടന്നുവന്ന ജില്ലാ പഞ്ചായത്തു പ്രസിഡന്റായിരുന്ന പി പി ദിവ്യ നടത്തിയ പ്രസംഗമാണ് സംഭവത്തിന് തുടക്കം. പെട്രോള്‍ പമ്പ് അനുവദിക്കുന്നതില്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു ദിവ്യ ആരോപിച്ചത്. ആരോപണത്തില്‍ മനംനൊന്ത് നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു.

ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് ദിവ്യയ്‌ക്കെതിരെ കേസെടുത്തത്. പെട്രോള്‍ പമ്പിന് അനുമതി തേടിയ പ്രശാന്തന്റെ, പാര്‍ട്ട്ണര്‍ഷിപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രേഖകള്‍ നിലവില്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കെ എസ് എഫ് ഇ ആറ്റിങ്ങൽ മെയിൻ ബ്രാഞ്ചിൽ ഹാർമണി ചിറ്റ്സ് സീരീസ്-3 ശാഖാതല നറുക്കെടുപ്പ് നടത്തി

കെ എസ് എഫ് ഇ ആറ്റിങ്ങൽ മെയിൻ ബ്രാഞ്ചിൽ ഹാർമണി ചിറ്റ്സ് സീരീസ്-3 ശാഖാതല നറുക്കെടുപ്പ് നടത്തി

ആറ്റിങ്ങൽ: കെ.എസ്.എഫ്.ഇ. ആറ്റിങ്ങൽ മെയിൻ ബ്രാഞ്ചിൽ ഹാർമണി ചിറ്റ്സ് സീരീസ്-3 ശാഖാതല നറുക്കെടുപ്പ് 2026 മേയ് 29-ന് രാവിലെ 11 മണിക്ക് നടന്നു. ആറ്റിങ്ങൽ നഗരസഭ വാർഡ് 18 കൗൺസിലർ കെ. സതി നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ്.ഇ തിരുവനന്തപുരം റൂറൽ റീജിയൺ അസിസ്റ്റൻ്റ് ജനറൽ മാനേജർ എൻ. കേശവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.

ഹാർമണി ചിറ്റ്സ് സീരീസ്-3 വരിക്കാർക്കായി സംഘടിപ്പിച്ച നറുക്കെടുപ്പിൽ രണ്ട് ഭാഗ്യശാലികളെയാണ് വിജയികളായി തിരഞ്ഞെടുത്തത്. വിജയികൾക്ക് മൊബൈൽ ഫോൺ അല്ലെങ്കിൽ 20,000 രൂപ ക്യാഷ് പ്രൈസ് സമ്മാനമായി ലഭിക്കും.

ചിട്ടി നമ്പർ 28/2025-248-ലെ വരിക്കാരിയായ ലിസ്സ പാങ്ക്രബാസും ചിട്ടി നമ്പർ 1/2026-24-ലെ വരിക്കാരിയായ എൻ. സുശീലയും നറുക്കെടുപ്പിലെ വിജയികളായി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും കെ.എസ്.എഫ്.ഇ. ആറ്റിങ്ങൽ മെയിൻ ബ്രാഞ്ച് അധികൃതർ നന്ദി രേഖപ്പെടുത്തി.

ആറ്റിങ്ങൽ നഗരസഭസാക്ഷരതാ മിഷൻ തുല്യതാ കോഴ്സുകൾക്ക് അഡ്‌മിഷൻ ആരംഭിച്ചു

ആറ്റിങ്ങൽ നഗരസഭസാക്ഷരതാ മിഷൻ തുല്യതാ കോഴ്സുകൾക്ക് അഡ്‌മിഷൻ ആരംഭിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പും കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും സംയുക്തമായി നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം.

ഹയർസെക്കണ്ടറി തുല്യത

22 വയസ്സ് പൂർത്തിയായ പത്താം ക്ലാസ്സ്/ പത്താംതരം തുല്യത കോഴ്സ് വിജയിച്ചവർക്കും +1, +2 ക്ലാസ്സുകളിൽ പഠനം നിർത്തിയവർക്കും കോഴ്സിൽ ചേരാവുന്നതാണ്. ഹയർസെക്കണ്ടറി തുല്യത കോഴ്സ് ഫീസ് 2600+20 രൂപ. ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന എസ്.സി.വിഭാഗക്കാർക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും.

പത്താംതരം തുല്യത

17 വയസ്സ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർക്കും 8, 9 ക്ലാസ്സുക ളിൽ പഠനം നിർത്തിയവർക്കും പത്താം ക്ലാസ്സ് പാസ്സാവാത്തവർക്കും കോഴ്‌സിന് ചേരാവുന്നതാണ്. പത്താംതരം തുല്യത കോഴ്സ് ഫീസ് 1950+20 രൂപ. ജാതി സർട്ടിഫിക്കറ്റ് ഹാജരാ ക്കുന്ന എസ്.സി. വിഭാഗക്കാർക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും

നാലാംതരം ഏഴാംതരം തുല്യതാ കോഴ്‌സുകളിലേയ്ക്കും അഡ്‌മിഷൻ ആരംഭിച്ചിട്ടുണ്ട്.

വിശദവിവരങ്ങൾക്ക് വിളിക്കുക: 9446272192

സൗജന്യയാത്ര ഏതൊക്കെ ബസ്സുകളില്‍?; ഇനി 10 ദിവസം മാത്രം, പദ്ധതി ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും

സൗജന്യയാത്ര ഏതൊക്കെ ബസ്സുകളില്‍?; ഇനി 10 ദിവസം മാത്രം, പദ്ധതി ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കണം എന്നതില്‍ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് തീരുമാനമെടുക്കും. യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച സ്ത്രീകളുടെ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. അത് എങ്ങനെ നടപ്പാക്കണം, മാനദണ്ഡങ്ങള്‍ വേണോ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.

മുഖ്യമന്ത്രി അറിയിച്ചത് അനുസരിച്ച് പദ്ധതി നടപ്പാക്കാന്‍ ഇനി 10 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. കാബിനറ്റിന്റെ ഇന്നത്തെ അജണ്ടയില്‍ ഇല്ലെങ്കിലും, പ്രത്യേക വിഷയമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. നിലവില്‍ ഓര്‍ഡിനറി- ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളില്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന് 90 കോടി രൂപയാണ് സര്‍ക്കാരിന് അധികബാധ്യതയായി വരുന്നത്. ഇത് എങ്ങനെ കണ്ടെത്തും എന്നത് അടക്കം മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്യും.

ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ പദ്ധതി നടപ്പിലാക്കാനാണ് ഗതാഗതമന്ത്രി സി പി ജോണ്‍ നിര്‍ദേശം മുന്നോട്ടുവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കെഎസ്ആര്‍ടിസിയുടെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് മന്ത്രിയുടെ നിലപാട്. എന്നാല്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ കൂടി പദ്ധതി നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രി വിഡി സതീശന്‍ ആഗ്രഹിക്കുന്നത്. കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിടുന്നതിലും മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.

അധ്യാപക  ഒഴിവ്

അധ്യാപക ഒഴിവ്

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. എൽ പി എസ് രാമച്ചംവിള സ്കൂളിൽ എൽ പി എസ് ടി വിഭാഗത്തിലുള്ള ഒരു ഒഴിവിലേക്ക് നാളെ (05/06/2026 വെള്ളിയാഴ്ച) രാവിലെ 11.30 ന് സ്കൂളിൽ വച്ച് അഭിമുഖം നടത്തുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എന്ത്?; ധവളപത്രം ഇന്ന് നിയമസഭയില്‍

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എന്ത്?; ധവളപത്രം ഇന്ന് നിയമസഭയില്‍

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വിഡി സതീശനാണ് ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും. ഇന്നുരാവിലെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ ധവളപത്രം വിശദമായി ചര്‍ച്ച ചെയ്യും.

കഴിഞ്ഞ പത്തുവര്‍ഷത്തെ സര്‍ക്കാരിന്റെ വരുമാന ചോര്‍ച്ചയും ധൂര്‍ത്തും ധവളപത്രത്തില്‍ ഇടംപിടിക്കുമെന്നാണ് സൂചന. കിഫ്ബി ഉണ്ടാക്കിയ സാമ്പത്തിക ബാദ്ധ്യത, നികുതി പിരിവിലെ പ്രശ്‌നങ്ങള്‍, കേന്ദ്രത്തില്‍ നിന്ന് പല ഇനങ്ങളിലായി ലഭിച്ചിട്ടുള്ള തുക, ഇതിന്റെ ചെലവഴിക്കല്‍, വകമാറ്റി ചെലവഴിക്കല്‍ തുടങ്ങിയ കാര്യങ്ങളും വിശദമായി പ്രതിപാദിച്ചേക്കും. സര്‍ക്കാര്‍ ഖജനാവിന്റെ ഇപ്പോഴത്തെ കൃത്യമായ അവസ്ഥയും വ്യക്തമാക്കും.

സംസ്ഥാനത്തിന്റെ നിലവിലെ സമ്പദ്വ്യവസ്ഥയെക്കുറിച്ച് വിസ്മയിപ്പിക്കുന്ന ഒരു ധവളപത്രം വരുന്നുണ്ടെന്നും അതില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക വീഴ്ചകള്‍ക്കുള്ള കൃത്യമായ മറുപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ സഭയില്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തില്‍ നിന്ന് മുമ്പ് എന്ത് കിട്ടി, ഇപ്പോള്‍ എന്ത് കിട്ടുന്നില്ല എന്നതിനെക്കുറിച്ചെല്ലാം ധവളപത്രത്തില്‍ വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.

എന്നാല്‍ ധവളപത്രം എന്ന ഉമ്മാക്കി കാണിച്ച് തങ്ങളുടെ വായടപ്പിക്കാന്‍ നോക്കേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്. ധവളപത്രം വരുമ്പോള്‍ അതിന് പറയേണ്ട മറുപടി ആ ഘട്ടത്തില്‍ കൃത്യമായി പറയുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയും ഇന്ന് അവസാനിക്കും. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി വിഡി സതീശന്‍ മറുപടി പറയും.