കിഫ്ബിയെ നയിച്ചത് രാഷ്ട്രീയ താത്പര്യങ്ങള്‍, ഏറ്റവുമധികം പദ്ധതികള്‍ കണ്ണൂരില്‍: അടിമുടി മാറ്റണമെന്ന് ധവളപത്രം

കിഫ്ബിയെ നയിച്ചത് രാഷ്ട്രീയ താത്പര്യങ്ങള്‍, ഏറ്റവുമധികം പദ്ധതികള്‍ കണ്ണൂരില്‍: അടിമുടി മാറ്റണമെന്ന് ധവളപത്രം

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന കിഫ്ബിക്കെതിരെ നിശിത വിമര്‍ശനവുമായി പുതിയ സര്‍ക്കാരിന്റെ ധവളപത്രം. പത്തുവര്‍ഷക്കാലം കിഫ്ബിയെ നയിച്ചത് സംസ്ഥാന താല്പര്യങ്ങളല്ല, രാഷ്ട്രീയ താത്പര്യങ്ങള്‍ ആയിരുന്നെന്നാണ് വ്യാഴാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വെച്ച ധവളപത്രം പറയുന്നത്.

അടിസ്ഥാനസൗകര്യ വികസനത്തിനായി കിഫ്ബി മുടക്കിയ ആകെ തുകയില്‍ 20 ശതമാനവും കണ്ണൂര്‍ ജില്ലയിലായിരുന്നെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സിപിഎമ്മിന്റെ ചുവപ്പുകോട്ടയായ കണ്ണൂര്‍ ജില്ല മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി കമ്മ്യൂണിസ്‌റ് നേതാക്കളുടെ ജന്മസ്ഥലവുമാണ്.

നിലവില്‍ കിഫ്ബിയുടെ കട ബാധ്യത 21,000 കോടി രൂപയാണ്. ഏറ്റെടുത്ത പദ്ധതികള്‍ക്കായി മറ്റൊരു 35,000 കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. കിഫ്ബിയുടെ കട ബാധ്യത സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. കണ്ണൂരിന് ശേഷവും തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് കിഫ്ബി കൂടുതല്‍ പണം മുടക്കിയത്, അകെ തുകയുടെ 17 ശതമാനം. അത് കഴിഞ്ഞാല്‍ എറണാകുളം, 11 ശതമാനം. ഈ മൂന്നു ജില്ലകളിലുമായാണ് കിഫ്ബിയുടെ 50 ശതമാനം പണവും മുടക്കിയത്. ഇങ്ങനെ മൂന്നു ജില്ലകളില്‍ മാത്രമായി ഇത്രയധികം പണം മുടക്കാന്‍ യാതൊരു ന്യായീകരണവുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാനവ വികസന സൂചികയുടെ മാനദണ്ഡങ്ങളോ സാമ്പത്തിക ആവശ്യങ്ങളോ ഒന്നും കണക്കിലെടുത്തായിരുന്നില്ല കിഫ്ബിയുടെ ഫണ്ട് വിതരണമെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.

കിഫ്ബി സിഇഓ ആയിരുന്ന കെ എം എബ്രഹാമിന് 2017 ല്‍ ധനവകുപ്പിന്റെ എക്‌സ്-ഒഫീഷ്യോ സെക്രട്ടറിയുടെ അധികാരങ്ങള്‍ നല്‍കിയതിനെയും ധവളപത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ഈ നടപടി സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസ് ചട്ടങ്ങളുടെ ലംഘനമായിരുന്നു. ഗവണ്മെന്റിനു വേണ്ടി ഉത്തരവുകളിറക്കാന്‍ ഗവണ്മെന്റിനു പുറത്തുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത് നല്ല ധന മാനേജ്‌മെന്റ് നടപടി ആയിരുന്നില്ല.

കിഫ്ബി ധീരമായൊരു കണ്ടെത്തല്‍ ആയിരുന്നെങ്കിലും അതിന്റെ അടിസ്ഥാന തത്വങ്ങളില്‍ മാറ്റങ്ങള്‍ വന്നു. കിഫ്ബിയുടെ കടമെടുപ്പ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പില്‍ പെടും. സര്‍ക്കാര്‍ കടമെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ചെലവിലാണ് കിഫ്ബിയുടെ കടമെടുപ്പ്. കിഫ്ബി ഇപ്പോഴുള്ള രീതിയിലല്ല തുടരേണ്ടത് എന്ന് സിഎജി തന്നെ മുന്‍പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വേണ്ട മാറ്റങ്ങള്‍ എങ്ങനെ വരുത്താം എന്നാണ് ഇനി ചിന്തിക്കേണ്ടതെന്നും ധവളപത്രത്തില്‍ പറയുന്നു.

മുന്‍ കാബിനറ്റ് സെക്രട്ടറി ഡോ. കെഎം ചന്ദ്രശേഖര്‍, ഫിനാന്‍സ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. സി വീരമണി, സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ. നാരായണ എന്നിവരടങ്ങുന്ന ടീമാണ് ധവളപത്രം തയ്യാറാക്കിയത്.

ബ്രേക്കില്‍ നിന്ന് കാലെടുത്ത് സ്വര്‍ണവില; 1,14,500ല്‍ താഴെ

ബ്രേക്കില്‍ നിന്ന് കാലെടുത്ത് സ്വര്‍ണവില; 1,14,500ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 1,14,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 14,310 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്നതും ഇറാന്‍- അമേരിക്ക സമാധാന കരാര്‍ യാഥാര്‍ഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതും എണ്ണ വിതരണത്തെ ബാധിച്ചേക്കുമെന്ന ഭീതിയിലാണ് ലോകം. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എണ്ണവില ഗണ്യമായി വര്‍ധിച്ചിരുന്നു. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 97 ഡോളറിന് മുകളിലാണ്. ഇതടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ

വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ

വർക്കല: ധർമ്മപുരി ബൈനായ്ക്കർപ്പെട്ടി സ്വദേശി 21 വയസ്സുള്ള ശക്തി വേലിനെയാണ് ആയിരൂർ പോലീസിൻ്റെ പിടിയിലായത്. 2025 ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

സമൂഹമാധ്യമത്തിലൂടെ പെൺകുട്ടിയുമായി സൗഹൃദത്തിൽ ആയ പ്രതി വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കടത്തിക്കൊണ്ടു പോവുകയും ഇയാളുടെ സഹോദരിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ആയിരുന്നു. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ അയിരൂർ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിനിടയിൽ പ്രതി പെൺകുട്ടിയുമായി കേരളത്തിൽ എത്തുകയും പോലീസിന്റെ പിടിയിൽപെടാതിരിക്കാൻ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

തുടർന്ന് പ്രതിയെ കണ്ടെത്താൻ അയിരൂർ പോലീസ് തമിഴ്നാട്ടിൽ എത്തിയെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അയിരൂർ എസ് എച്ച് ഒ മോഹൻദാസിന്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ രജിത്തിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനു ശ്രീദേവി, നൂർ അമീൻ, വിഷ്ണു എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലിൽ തിരുവണ്ണാമലയ്ക്ക് സമീപമുള്ള കോറിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അതിസാഹസികമായി അയിരൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റീമാൻഡ് ചെയ്തു.

വിഡി സതീശൻ അവതരിപ്പിച്ച ധവളപത്രത്തിൽ കേരളത്തിന്റെ ധനപ്രതിസന്ധിയുടെ ഞെട്ടിക്കുന്ന കണക്കുകൾ

വിഡി സതീശൻ അവതരിപ്പിച്ച ധവളപത്രത്തിൽ കേരളത്തിന്റെ ധനപ്രതിസന്ധിയുടെ ഞെട്ടിക്കുന്ന കണക്കുകൾ

തിരുവനന്തപുരം: മുൻ പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ സംസ്ഥാന ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി രൂപയാണെന്ന് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി കൂടിയായ ധനമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ധവളപത്രം അവതരിപ്പിച്ചു. എന്നാൽ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം മെയ് 16 വരെയുള്ള കണക്കുകൾ പ്രകാരം ഖജനാവിലെ നീക്കിയിരിപ്പ് 2,211.93 കോടി രൂപയായി ചുരുങ്ങിയെന്നും ധവളപത്രം വ്യക്തമാക്കുന്നു. ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്ന മുഖ്യമന്ത്രിയുടെ മുൻ ആരോപണത്തെത്തുടർന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പുറത്തുവിട്ടതും പിന്നീട് വിവരാവകാശ നിയമപ്രകാരം ലഭ്യമായതുമായ കണക്കുകൾ പൂർണ്ണമായും ശരിവയ്ക്കുന്നതാണ് ഏപ്രിലിൽ ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി രൂപയാണെന്ന ഈ ഔദ്യോഗിക കണക്ക്.

കേരളത്തിന്റെ ആകെ കടബാധ്യത ഇപ്പോൾ 5.07 ലക്ഷം കോടി രൂപയാണെന്നാണ് യു.ഡി.എഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന വരുമാനത്തിന്റെ 77 ശതമാനവും (മറ്റൊരു കണക്കിൽ ഏകദേശം 80 ശതമാനത്തോളം) ശമ്പളം, പെൻഷൻ, പലിശ അടവ് തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി മാത്രമാണ് നിലവിൽ വിനിയോഗിക്കുന്നത്. ഈ നിലവിലെ സാഹചര്യം ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന് സാമ്പത്തികമായി ഒട്ടും നിലനിൽക്കുന്നതല്ലെന്ന് ധനകാര്യ റിപ്പോർട്ട് ഗൌരവമായി വിലയിരുത്തുന്നു.

സംസ്ഥാനം നേരിടുന്ന ട്രഷറി പ്രതിസന്ധി അതീവ രൂക്ഷമായി തുടരുകയാണെന്നാണ് ധവളപത്രത്തിലെ കണ്ടെത്തൽ. കഴിഞ്ഞ 2025-ൽ മാത്രം 262 ദിവസം വേയ്സ് ആൻഡ് മീൻസ് അഡ്വാൻസിനെയും 84 ദിവസം ഓവർഡ്രാഫ്റ്റിനെയും സർക്കാരിന് ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്. ഇതിന് പുറമെ മുൻ സർക്കാർ വരുത്തിവെച്ച 48,733 കോടി രൂപയുടെ ഭീമമായ കുടിശ്ശിക ബാധ്യതകൾ പുതിയ സർക്കാരിന് പൂർണ്ണമായും ഏറ്റെടുക്കേണ്ടി വന്നിരിക്കുകയാണ്. സംസ്ഥാന വരുമാനത്തിന്റെ വലിയൊരു പങ്ക് ഈ രീതിയിൽ ശമ്പളത്തിനും പലിശയ്ക്കുമായി മാറ്റിവെക്കേണ്ടി വരുന്നതിനാൽ, പുതിയ വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ് രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നും ധവളപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ മുൻ സർക്കാർ രൂപീകരിച്ച കിഫ്ബിഇപ്പോൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കിഫ്ബിയുടെ വായ്പകൾ ഇപ്പോൾ സംസ്ഥാനത്തിന്റെ പൊതു കടപരിധിയിലാണ് കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. കിഫ്ബിക്ക് സ്വന്തമായി യാതൊരു വരുമാനവുമില്ലാത്തതിനാൽ നിലവിലുള്ള 21,000 കോടി രൂപയുടെ വലിയ വായ്പാബാധ്യതയും അതിന്റെ തിരിച്ചടവും പൂർണ്ണമായും ഇനി സർക്കാരിന്റെ മേലാകും വരിക. കൂടാതെ കിഫ്ബിക്ക് വായ്പ എടുക്കാൻ ഗവൺമെന്റിനേക്കാൾ 1 മുതൽ 1.5 ശതമാനം വരെ കൂടുതൽ പലിശ നൽകേണ്ടി വരുന്നുണ്ട്. കിഫ്ബി പദ്ധതികളുടെ വിതരണത്തിൽ വലിയ രീതിയിലുള്ള പ്രാദേശിക അസമത്വമുണ്ടെന്നും, കണ്ണൂർ ജില്ലയിൽ മാത്രം ആകെ തുകയുടെ 20 ശതമാനത്തോളം ഫണ്ട് അനുവദിച്ചതായും റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നു.

ട്രംപിന് തിരിച്ചടി; ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രമേയം പാസാക്കി യുഎസ് പ്രതിനിധി സഭ

ട്രംപിന് തിരിച്ചടി; ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രമേയം പാസാക്കി യുഎസ് പ്രതിനിധി സഭ

വാഷിങ്ടണ്‍: ഇറാനെതിരെ പടനീക്കവുമായി മുന്നോട്ടുപോകുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അമേരിക്കന്‍ പാര്‍ലമെന്റില്‍ വന്‍ തിരിച്ചടി. യുദ്ധവുമായി മുന്നോട്ടു പോകേണ്ടതില്ലെന്നും യുഎസ് സൈനികര്‍ ഇറാനില്‍ നിന്ന് ഉടന്‍ പിന്‍വാങ്ങണമെന്നും ആവശ്യപ്പെടുന്ന പ്രമേയം യുഎസ് ജനപ്രതിനിധിസഭയില്‍ പാസായി. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ള നാല് ജനപ്രതിനിധികളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്‌തെന്നത് ശ്രദ്ധേയമാണ്. 208നെതിരെ 215 വോട്ടുകള്‍ക്ക് പാസായ പ്രമേയം ഉപരിസഭയായ സെനറ്റിലേക്ക് കൈമാറി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സഭയില്‍ തന്നെ ഈ പ്രമേയം പാസായത് ട്രംപിനെതിരായ അസാധാരണ രാഷ്ട്രീയ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിലൂടെ ട്രംപിന്റെ ഇറാന്‍ യുദ്ധനയത്തിനെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളിലും അസ്വസ്ഥത വര്‍ധിക്കുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്. പ്രമേയപ്രകാരം, കോണ്‍ഗ്രസ് ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കുകയോ സൈനിക ശക്തി ഉപയോഗിക്കാന്‍ അനുമതി നല്‍കുകയോ ചെയ്തിട്ടില്ലെങ്കില്‍, ഇറാനുമായി ബന്ധപ്പെട്ട സൈനിക നടപടികളില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നു. അമേരിക്കന്‍ ഭരണഘടന പ്രകാരം യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം കോണ്‍ഗ്രസിനാണെന്ന വാദമാണ് പ്രമേയത്തിന്റെ അടിസ്ഥാനം.

മൂന്ന് മാസം മുമ്പ് ആരംഭിച്ച ഇറാന്‍ സംഘര്‍ഷം യുഎസില്‍ വലിയ രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്. യുദ്ധം മൂലം ഇന്ധനവില ഉയരുകയും സാമ്പത്തിക സമ്മര്‍ദം വര്‍ധിക്കുകയും ചെയ്തതോടെ ജനങ്ങളുടെ പ്രതിഷേധവും ശക്തമായി. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ട്രംപ് യുദ്ധം മുന്നോട്ട് കൊണ്ടുപോകുകയാണെന്ന വിമര്‍ശനവും ശക്തമാണ്. ഡെമോക്രാറ്റ് പാര്‍ട്ടി നേതാക്കള്‍ ട്രംപിന് വ്യക്തമായ ദീര്‍ഘകാല തന്ത്രമില്ലെന്നും, യുദ്ധം അമേരിക്കയെ മറ്റൊരു ദീര്‍ഘകാല സംഘര്‍ഷത്തിലേക്ക് തള്ളിവിടുമെന്നും ആരോപിച്ചു.

ട്രംപിന്റെ ഇറാനിലെ യുദ്ധ അധികാരം നിയന്ത്രിക്കാന്‍ മുമ്പും നിരവധി ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അവ പരാജയപ്പെടുകയോ സഭാ നേതൃത്വത്തിന്റെ ഇടപെടലിലൂടെ വോട്ടെടുപ്പ് ഒഴിവാക്കപ്പെടുകയോ ചെയ്തു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് സമാനമായ ഒരു പ്രമേയം ഒരു വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോഴാണ് ആദ്യമായി അത് സഭയില്‍ പാസാകുന്നത്. പ്രതിനിധി സഭയില്‍ പാസായ പ്രമേയം ഉടന്‍ നിയമമാകില്ല. ഇനി അത് സെനറ്റില്‍ പാസാകണം. സെനറ്റില്‍ പ്രാഥമിക പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും അന്തിമ വോട്ടെടുപ്പ് നടന്നിട്ടില്ല.

സെനറ്റും പ്രമേയം പാസാക്കിയാല്‍ അത് ട്രംപിന്റെ യുദ്ധാധികാരത്തെക്കുറിച്ചുള്ള ഭരണഘടനാപരമായ വലിയ തര്‍ക്കത്തിലേക്ക് നയിക്കാം. സെനറ്റില്‍ പാസായാലും പ്രമേയത്തെ പ്രസിഡന്റിന് വീറ്റോ ചെയ്യാനാകും. എന്നാല്‍ പ്രസിഡന്റ് കമാന്‍ഡര്‍-ഇന്‍-ചീഫ് എന്ന നിലയില്‍ എത്രത്തോളം സ്വതന്ത്രമായി സൈനിക നടപടി സ്വീകരിക്കാമെന്നും കോണ്‍ഗ്രസിന്റെ അധികാരം എവിടെ തുടങ്ങുന്നുവെന്നും സംബന്ധിച്ച നിയമപോരാട്ടത്തിനും ഇത് വഴിവെച്ചേക്കും.

ഹെല്‍മറ്റ് ഇല്ലെങ്കില്‍ പിഴ മാത്രമല്ല, ലൈസന്‍സും പോകും; നടപടി കടുപ്പിച്ച് എംവിഡി

ഹെല്‍മറ്റ് ഇല്ലെങ്കില്‍ പിഴ മാത്രമല്ല, ലൈസന്‍സും പോകും; നടപടി കടുപ്പിച്ച് എംവിഡി

കൊച്ചി: ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ പിഴ ഈടാക്കുന്നതിനു പുറമെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നിയമവും സംസ്ഥാനത്ത് നടപ്പാക്കിയേക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമ പ്രകാരം ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചയാളുടെ ലൈസന്‍സിന് മൂന്ന് മാസത്തേയ്ക്ക് അയോഗ്യത കല്‍പ്പിക്കാനാകും. എന്നാല്‍ സംസ്ഥാനത്ത് ഇത് നടപ്പാക്കിയിട്ടില്ല. പിഴ ചുമത്തുന്നതിനു പുറമേയാകും 3 മാസത്തെ സസ്‌പെന്‍ഷന്‍. ചട്ടലംഘനം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നടപടികള്‍ കടുപ്പിക്കാനൊരുങ്ങുന്നത്.

ഹെല്‍മറ്റ് ധരിക്കാത്തവരെ പരിശീലന കേന്ദ്രത്തിലയച്ചു ചട്ടം പഠിപ്പിക്കാനും സാമൂഹിക സേവനത്തിന് അയയ്ക്കാനും വ്യവസ്ഥയുണ്ട്. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കു കേന്ദ്ര നിയമപ്രകാരം 1,000 രൂപയാണ് പിഴയെങ്കിലും സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് കേരളത്തില്‍ 500 രൂപയായി കുറച്ചിരുന്നു. പിന്നിലിരിക്കുന്ന യാത്രക്കാരന്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈസന്‍സിനെയാണ് ഇത് ബാധിക്കുക.

സിസിടിവി ക്യാമറകള്‍ വഴി ഹെല്‍മെറ്റില്ലാത്ത യാത്ര കണ്ടെത്തി പിഴ ഈടാക്കുന്ന സംവിധാനം നിലവിലുണ്ട്. പിഴയടച്ചില്ലെങ്കില്‍ വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാം. എല്ലാ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരും ഹെല്‍മറ്റ് ധരിക്കുന്നതിലൂടെ സംസ്ഥാനത്ത് വാഹന അപകടനിരക്ക് 20 ശതമാനത്തോളം കുറയ്ക്കാനാകുമെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടികള്‍ ശക്തമാക്കുന്നത്. ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതു കൂടാതെ മറ്റ് ചട്ടലംഘനങ്ങള്‍ക്കു നേരെയും കര്‍ശന നടപടികള്‍ക്ക് ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

മദ്യപിച്ചുള്ള ഡ്രൈവിങ്, അലക്ഷ്യമായ ഡ്രൈവിങ്, മത്സരയോട്ടം, സാങ്കേതിക തകരാറുള്ള വാഹനം നിരത്തിലിറക്കുക എന്നിവയ്ക്ക് ആറു മാസത്തെ സസ്‌പെന്‍ഷനും മൂന്ന് ദിവസത്തെ ക്ലാസുമുണ്ടാകും. ആംബുലന്‍സ്, അഗ്നിശമന സേന എന്നിവയുടെ യാത്ര തടസപ്പെടുത്തിയാലും ആറ് മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഒരു ദിവസത്തെ ക്ലാസിലും പങ്കെടുക്കണം. അതിവേഗം, അമിതഭാരം എന്നിവയ്ക്ക് മൂന്നുമാസത്തെ സസ്‌പെന്‍ഷന്‍ ഉണ്ടാകും. ലൈസന്‍സ് പുനഃസ്ഥാപിച്ചു കിട്ടാന്‍ പിഴയൊടുക്കുന്നതിനു പുറമെ പ്രത്യേക ക്ലാസിലും പങ്കെടുക്കണം.