കാലവര്‍ഷം ഇന്നെത്തിയേക്കും, സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത, ഓറഞ്ച് അലര്‍ട്ട്

കാലവര്‍ഷം ഇന്നെത്തിയേക്കും, സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത, ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇതിന് അനുകൂല കാലാവസ്ഥയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് സൂചിപ്പിച്ചു. സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. നാളെ വടക്കന്‍ ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെ ( വെള്ളിയാഴ്ച) യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

കാലവര്‍ഷം തെക്കുപടിഞ്ഞാറന്‍, തെക്കുകിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍ ലക്ഷദ്വീപ് തമിഴ്നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങള്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങള്‍ (തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ബാക്കി ഭാഗങ്ങള്‍, വടക്കുകിഴക്കന്‍, മധ്യ-കിഴക്കന്‍, മധ്യ-പടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടെ) വ്യാപിക്കാന്‍ സാധ്യതയുണ്ട്.

തെക്കന്‍ കേരള തീരത്തിന് സമീപം തെക്കുകിഴക്കന്‍ അറബിക്കടലിനു മുകളില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി നിലവില്‍ മധ്യ – കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്നുള്ള കര്‍ണാടക തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്നു. വടക്കന്‍ ആന്‍ഡമാന്‍ കടലിനും അതിന്റെ സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി ഈ മാസം 7 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ജൂണ്‍ 7 വരെ ഇടിമിന്നലോടും, മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം 7-ാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

മൂന്ന് ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ; നാളെ എട്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

മൂന്ന് ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ; നാളെ എട്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. അതിനാല്‍ മുന്നറിയിപ്പിന്റെ ബുധനാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങുന്നതായിരിക്കും.

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിലൊഴികെ മറ്റ് എല്ലാ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. അടുത്ത നാലുദിവസവും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ് ജില്ലകളിലും ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ മറ്റ് എല്ലാ ജില്ലകളിലും കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭ്യമാണ്

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2025 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/…/Orange-Book-of-Disaster… എന്ന ലിങ്കിൽ ലഭ്യമാണ്.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. DF 494191 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ DE 592758 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. DB 703913 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

Consolation Prize Rs.5,000/-

DA 494191

DB 494191

DC 494191

DD 494191

DE 494191

DG 494191

DH 494191

DJ 494191

DK 494191

DL 494191

DM 494191

4th Prize Rs.5,000/-

0800 1233 2022 3053 3113 3871 4117 4233 4309 4449 4575 5128 5580 5736 7933 8038 9816 9887 9963

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

ബി.ജെ.പി. വക്കം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ബി.ജെ.പി. വക്കം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

വക്കം: വക്കം ഗ്രാമ പഞ്ചായത്ത് എ ഇയുടെ അനാസ്ഥയ്ക്കും കെടുകാര്യസ്ഥതക്കമെതിരെ ബി.ജെ.പി. വക്കം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

പഞ്ചായത്തിൽ നടത്തിയ പല നിർമ്മാണ പ്രവർത്തനങ്ങളും അപാകതകൾ മൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുകയാണ്. പൊതു ജനങ്ങളെ അനാവശ്യ നൂലാമാലകളുടെ പേരിൽ ബുദ്ധിമുട്ടിക്കുകയാണ് എ.ഇ. നിരവധി പരാതികളാണ് ഈ ഉദ്യോഗസ്ത്ഥയ്ക്കെതിരെ ഉയർന്ന് വരുന്നതെന്ന് ധർണ്ണ ഉത്ഘാടനം നിർവ്വഹിച്ച് വക്കം അജിത് സംസാരിച്ചു.

പഞ്ചായത്ത് സെക്രട്ടറിക്ക് ബി.ജെ.പി വക്കം പഞ്ചായത്ത് കമ്മിറ്റി വിഷയം സംബന്ധിച്ച് പരാതി നൽകി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് അനിൽ അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻ്റ് സ്വരാജ് ആശംസ അർപ്പിച്ചു. ജനറൽ സെക്രട്ടറി ഷാജി, ദദ്രൻ, മോഹനൻ എന്നിവർ നേതൃത്വം നൽകി.

റിസര്‍വ് ബാങ്ക് സ്വര്‍ണം വിറ്റിട്ടില്ല; വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

റിസര്‍വ് ബാങ്ക് സ്വര്‍ണം വിറ്റിട്ടില്ല; വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: റിസര്‍വ് ബാങ്ക് സ്വര്‍ണം വിറ്റെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്രം. ഇത് സംബന്ധിച്ച വാര്‍ത്ത വ്യാജമെന്ന് പിഐബി ഫാക്ട് ചെക്ക് എക്‌സില്‍ കുറിച്ചു. ഏകദേശം 12 ബില്യണ്‍ യുഎസ് ഡോളറിന്റെ സ്വര്‍ണം ആര്‍ബിഐ വിറ്റഴിച്ചുവെന്ന ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അടിസ്ഥാനമില്ലാത്തതാണെന്നും ആര്‍ബിഐയുടെ ഔദ്യോഗിക കണക്കുകളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും പിഐബി ഫാക്ട് ചെക്ക് വ്യക്തമാക്കി.

സമീപ മാസങ്ങളിലായി ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ പങ്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. രാജ്യത്തിന്റെ മൊത്തം കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ അനുപാതം 2025 സെപ്റ്റംബര്‍ അവസാന വാരത്തിലെ 13.92 ശതമാനത്തില്‍ നിന്ന് 2026 മാര്‍ച്ച് 31-ഓടെ 16.70 ശതമാനമായും, 2026 മെയ് 22 ആയപ്പോഴേക്കും 16.85 ശതമാനമായും ഉയര്‍ന്നതായി പിഐബി ഫാക്ട് ചെക്ക് വിശദീകരിക്കുന്നു.

2026 മെയ് 22-ലെ കണക്കനുസരിച്ച് രാജ്യത്തിന്റെ സ്വര്‍ണശേഖരം 880.52 മെട്രിക് ടണ്‍ ആണെന്നും മുന്‍ ആഴ്ചകളെ അപേക്ഷിച്ച് ഇതില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 81.82 ബില്യണ്‍ ഡോളറായിരുന്ന സ്വര്‍ണശേഖരത്തിന്റെ മൂല്യം 2026 ഏപ്രില്‍ 24 ആയപ്പോഴേക്കും 120.24 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. സ്വര്‍ണവിലയിലുണ്ടായ വര്‍ധനവും കരുതല്‍ ശേഖരത്തിലുണ്ടായ പുരോഗതിയുമാണ് ഇതിന് കാരണമെന്നാണ് വിശദീകരണം.

ഇന്ത്യയുടെ സ്വര്‍ണശേഖരം സംബന്ധിച്ച വിവരങ്ങള്‍ ആര്‍ബിഐയുടെ പ്രതിമാസ ബുള്ളറ്റിനിലൂടെയും മറ്റ് ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലൂടെയും പൊതുജനങ്ങള്‍ക്ക് ലഭ്യമാണെന്ന് പിഐബി ഫാക്ട് ചെക്ക് ചൂണ്ടിക്കാട്ടി. വിദേശനാണ്യ ശേഖരത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ക്കായി പൗരന്മാരും മാധ്യമ സ്ഥാപനങ്ങളും ആര്‍ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിലെ സ്ഥിരീകരിച്ച വിവരങ്ങളെ ആശ്രയിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

ആര്‍ബിഐയുടെ കണക്കനുസരിച്ച്, 2026 ഏപ്രില്‍ 24 വരെയുള്ള വിവരങ്ങള്‍ പ്രകാരം ഇന്ത്യയുടെ ആകെ വിദേശനാണ്യ ശേഖരം 698.49 ബില്യണ്‍ യുഎസ് ഡോളറാണ്. ഇതില്‍ വിദേശ കറന്‍സി ആസ്തികള്‍ 554.62 ബില്യണ്‍ ഡോളറും, സ്‌പെഷ്യല്‍ ഡ്രോയിങ് റൈറ്റ്‌സ് 18.77 ബില്യണ്‍ ഡോളറും, അന്താരാഷ്ട്ര നാണയ നിധിയിലെ റിസര്‍വ് ട്രാന്‍ഞ്ച് പൊസിഷന്‍ 4.86 ബില്യണ്‍ ഡോളറുമാണുമെന്ന് പിഐബി ഫാക്ട് ചെക്ക് വ്യക്തമാക്കി

‘ആധാറും റേഷന്‍ കാര്‍ഡും രേഖകളും സദാ കൈയിലുണ്ട്, പക്ഷേ..’; നെഞ്ചില്‍ തീയൊഴിയാതെ ബംഗാളിലെ അതിർത്തി ഗ്രാമങ്ങള്‍

‘ആധാറും റേഷന്‍ കാര്‍ഡും രേഖകളും സദാ കൈയിലുണ്ട്, പക്ഷേ..’; നെഞ്ചില്‍ തീയൊഴിയാതെ ബംഗാളിലെ അതിർത്തി ഗ്രാമങ്ങള്‍

കൊല്‍ക്കത്ത: കഴിഞ്ഞ മാസമാണ് പശ്ചിമ ബംഗാളില്‍ ചരിത്ര വിജയവുമായി ബിജെപി അധികാരത്തിലെത്തിയത്. കേന്ദ്രം മുന്നോട്ടുവെക്കുന്ന നയങ്ങളപ്പാടെ സംസ്ഥാനത്തും നടപ്പാക്കാനുള്ള തിരക്കിലാണ് മുഖ്യമന്ത്രി സുവേന്ദു അധികാരിയും സംഘവും. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ‘ഡിറ്റക്ട്, ഡിലീറ്റ് ആന്‍ഡ് ഡീപോര്‍ട്ട്’ (കണ്ടെത്തുക, പേരുവെട്ടുക, നാടുകടത്തുക) നയം അതിര്‍ത്തി ജില്ലകളിലാകെ ഭയം വിതച്ചിട്ടുണ്ട്. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിനു (എസ്‌ഐആര്‍) പിന്നാലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍, സ്വന്തം മണ്ണില്‍ വിദേശികളെന്ന് മുദ്രകുത്തപ്പെടുമോ എന്ന ആശങ്ക ശക്തമാണ്. രേഖകളില്ലാത്തവരെ നാടുകടത്താന്‍ സംസ്ഥാനത്ത് പ്രത്യേക കേന്ദ്രങ്ങളൊരുങ്ങിയിട്ടുണ്ട്.

‘കുടുംബത്തിലെ എല്ലാവരുടെയും വോട്ടര്‍ ഐഡിയും ആധാറും റേഷന്‍ കാര്‍ഡുമായാണ് ഞാന്‍ എപ്പോഴും സഞ്ചരിക്കുന്നത്. മാര്‍ക്കറ്റില്‍ പോകുമ്പോള്‍ പോലും വോട്ടര്‍ ഐഡിയും ആധാറും കരുതും. കഴിഞ്ഞ രണ്ട് മാസത്തിനിടെ അത് ശീലമായിക്കഴിഞ്ഞു. എന്റെ ഉള്ളില്‍ ഭയമുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല, അതിനു കാരണം എന്റെ മതമാണെന്ന വസ്തുതയും തള്ളിക്കളയുന്നില്ല’ -മാള്‍ഡയിലെ മാതബാരി സ്വദേശിയായ തൈമൂര്‍ ഖാന്റെ വാക്കുകളാണിത്. രണ്ട് മാസം മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംസ്ഥാനത്ത് എസ്‌ഐആര്‍ നടപ്പാക്കിയത്. 91 ലക്ഷം പേര്‍, അതായത് 10.9 ശതമാനം വോട്ടര്‍മാരെയാണ് നടപടിയിലൂടെ പട്ടികയില്‍നിന്ന് പുറത്താക്കിയത്. ഇതില്‍ ഏറിയ പങ്കും മുസ്ലിംകളായിരുന്നു.

ബംഗാളിലെ മുര്‍ഷിദാബാദ്, മാള്‍ഡ ജില്ലകളിലാണ് എസ്‌ഐആറിന്റെ തിക്തഫലം രൂക്ഷമായി അനുഭവിക്കേണ്ട സാഹചര്യമുണ്ടായത്. പല കുടുംബത്തിലും മൂന്നും നാലും പേര്‍ക്ക് വോട്ടവകാശം നഷ്ടമായി. ഏഴ് തലമുറകള്‍ താമസിച്ച മണ്ണില്‍ ആയിരക്കണക്കിനു പേര്‍ വിദേശികളായി മുദ്രകുത്തപ്പെട്ടു. ബംഗ്ലാദേശികളെന്ന പേരില്‍ പൊലീസ് അറസ്റ്റ് തുടരുകയാണ്. ആരോട് പരാതിപ്പെടണമെന്നോ തങ്ങള്‍ക്കായി വാദിക്കാന്‍ ആരു വരുമെന്നോ അറിയാതെ ലക്ഷക്കണക്കിനു പേരാണ് അരക്ഷിതാവസ്ഥയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. മുര്‍ഷിദാബാദില്‍ 4.55 ലക്ഷം പേര്‍ക്കും മാള്‍ഡയില്‍ 2.93 ലക്ഷം പേര്‍ക്കുമാണ് വോട്ടവകാശം നിഷേധിക്കപ്പെട്ടത്.

പരാതിപ്പെട്ട പലരുടെയും കേസ് ട്രൈബ്യൂണല്‍ ഇനിയും പരിശോധിച്ചു വരുന്നതേയുള്ളൂ. ഇതിനിടെ രേഖകളില്ലാത്തവരെ പൂട്ടാന്‍ പൊലീസിന്റെ തിരക്കിട്ട നടപടികള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. നദീതീരത്ത് താമസിക്കുന്ന പലര്‍ക്കും രേഖകളും ഭൂമിയും കിടപ്പാടവും നഷ്ടപ്പെട്ടത് അപ്രതീക്ഷിതമായെത്തിയ പേമാരിയിലും വെള്ളപ്പൊക്കത്തിലുമാണ്. പൊലീസ് നടപടികള്‍ ചോദ്യം ചെയ്താല്‍ ബംഗ്ലാദേശിയെന്ന് മുദ്രകുത്തി നാടുകടത്തുമെന്ന ഭയം എല്ലാവര്‍ക്കുമുണ്ടെന്ന് മാള്‍ഡയില്‍ അധ്യാപകനായ അലി ഹുസൈന്‍ പറയുന്നു. പൊലീസിന് എല്ലാ പിന്തുണയുമായി സുവേന്ദു സര്‍ക്കാരും രംഗത്തുണ്ടെന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു.

2025ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുതായി നടപ്പാക്കിയ നാടുകടത്തല്‍ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബംഗാളിലും കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. വിദേശികളെ കണ്ടെത്താനും പ്രത്യേക ജയിലുകളിലാക്കാനും ജില്ലാ തലത്തില്‍ പ്രത്യേക സംവിധാനം വേണമെന്ന് കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നു. കേന്ദ്ര ഏജന്‍സികളുടെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് മാള്‍ഡയിലെ പൊലീസ് സൂപ്രണ്ടും പറയുന്നു.

ബംഗാളില്‍ നടക്കുന്നത് നഗ്നമായ അവകാശ ലംഘനങ്ങളാണെന്ന് പൗരാവകാശ പ്രവര്‍ത്തകനായ സികാന്ത ദാസ് ചൂണ്ടിക്കാണിക്കുന്നു. ‘ഈ നടപടികളിലൂടെ ജനാധിപത്യത്തെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയാണ്. അടിത്തറ ഇല്ലാതാക്കാന്‍ ഒരുകൂട്ടം ജനങ്ങളുടെ സ്വത്വം ഇല്ലാതാക്കുന്നു. സ്വാതന്ത്ര്യ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ എപ്പോഴും അധികാര കേന്ദ്രങ്ങള്‍ ശ്രമിക്കുന്നു. ഒരു പൗരനെയും ശത്രുവിനെയും ഇനി വേര്‍തിരിക്കുന്നത് നിയമമല്ല. എല്ലാം ഭരണത്തിലിരിക്കുന്നവര്‍ തീരുമാനിക്കുന്നു. ഭയാനകമായ സാഹചര്യമാണിത്’ -സികാന്ത ദാസിന്റെ ഈ വാക്കുകളിലുണ്ട് ബംഗാളിലെ ജനം അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ നേര്‍ചിത്രം.