നവകേരള യാത്രയിലെ മര്‍ദ്ദനം: ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷിക്കാന്‍ ഉന്നത ഇടപെടല്‍

നവകേരള യാത്രയിലെ മര്‍ദ്ദനം: ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷിക്കാന്‍ ഉന്നത ഇടപെടല്‍

തിരുവനന്തപുരം: ആലപ്പുഴയിലെ നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍, ആരോപണ വിധേയരായ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ഉന്നത ഇടപെടലുണ്ടായെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. തെളിവുകള്‍ പോലും നശിപ്പിച്ചു. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ സഞ്ചരിച്ച നവകേരള ബസിന് നേരെ കല്ലേറുണ്ടായി എന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാദം കളവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസ് അട്ടിമറിക്കാന്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പിണറായിയുടെ ഗണ്‍മാനെ അടക്കം രക്ഷിച്ചെടുക്കാന്‍ ഉന്നത ഇടപെടലുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള മര്‍ദ്ദനമാണ് നടന്നത്. സെഡ് പ്ലസ് സുരക്ഷാ കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ ജീവനു വരെ ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിലാണ് ഇടപെടല്‍ നടത്തിയതെന്നാണ്, ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേര്‍ക്ക് കല്ലേറോ, ആക്രമണമോ ഉണ്ടായിട്ടില്ലെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നു ബസിന്റെ ഡ്രൈവറായിരുന്ന അഭിലാഷ് മൊഴി നല്‍കിയിട്ടുണ്ട്. ബസിനു കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നു കെഎസ്ആര്‍ടിസിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറും മൊഴി നല്‍കിയതായി പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മുൻമുഖ്യമന്ത്രിയുടെ ഗൺമാനും അകമ്പടിസേനയും പ്രയോഗിച്ചതു ലാത്തിയെക്കാൾ നീളമുള്ള ചൂരൽവടിയായിരുന്നു. പ്രതിഷേധക്കാരുടെ കഴുത്തിലും തലയ്ക്കും അടിച്ചിട്ടുണ്ട്. ഈ വടി ഉപയോഗിച്ച് ശക്തമായി തലയ്ക്കൊരു അടി അടിച്ചാൽ മരണത്തിനു കാരണമാകാം എന്നു മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി. അതിന്റെ അടിസ്ഥാനത്തിലാണു കേസിൽ നരഹത്യാശ്രമം (ഐപിസി 308) ചുമത്തിയതെന്ന് എസ്ഐടിയുടെ റിപ്പോർട്ടിലുണ്ട്.

ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷനിൽ ബസിനു സമീപം പ്രതിഷേധിച്ചതിനാണ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാസംഘവും തല്ലിച്ചതച്ചത്. 2023 നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന നവകേരള സദസ്സിനു പ്രത്യേകം രൂപകൽപന ചെയ്ത ബസിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ചിരുന്നത്.

ഉപഭോക്താവില്‍ നിന്ന് വൈദ്യുതി ബില്ലില്‍ സര്‍ചാര്‍ജ് ഈടാക്കാനൊരുങ്ങി കെഎസ്ഇബി

ഉപഭോക്താവില്‍ നിന്ന് വൈദ്യുതി ബില്ലില്‍ സര്‍ചാര്‍ജ് ഈടാക്കാനൊരുങ്ങി കെഎസ്ഇബി

വൈദ്യുതി വാങ്ങിയതില്‍ അധിക ബാധ്യതയെത്തുടര്‍ന്ന് നഷ്ടം ഉപഭോക്താവില്‍ നിന്ന് ഈടാക്കാനൊരുങ്ങി കെഎസ്ഇബി. വൈദ്യുതി ബില്ലില്‍ സര്‍ചാര്‍ജായി യൂണിറ്റിന് രണ്ട് പൈസ ഈടാക്കാനാണ് തീരുമാനം
ഉപഭോഗം വര്‍ധിച്ചതോടെ വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിന്റെ അധിക ബാധ്യതയാണ് ഉപഭോക്താവില്‍ നിന്ന് ഈടാക്കുക.

ജൂണ്‍ മാസത്തെ ബില്ലില്‍ സര്‍ചാര്‍ജായി യൂണിറ്റിന് രണ്ട് പൈസ വീതം ഈടാക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. പുറത്തു നിന്ന് ബെദ്യുതി വാങ്ങിയ വകയില്‍ 5.45 കോടിയുടെ അധിക ബാധ്യതയാണുണ്ടായിരിക്കുന്നത്.
കഴിഞ്ഞ തവണത്തെ ബില്ലില്‍ ഒരു പൈസ സര്‍ചാര്‍ജ് ഈടാക്കിയിരുന്നു. മാര്‍ച്ച് മാസത്തെ അധികബാധ്യതയായി 1.19 കോടി സമാഹരിക്കാനായിരുന്നു യൂണിറ്റിന് ഒരു പൈസ സര്‍ചാര്‍ജ് ഈടാക്കിയത്.

ജനുവരിയില്‍ ഈടാക്കിയ ഇന്ധന സര്‍ചാര്‍ജ് മാര്‍ച്ച് മാസത്തെ ബില്ലില്‍ ചരിത്രത്തിലാദ്യമായി ഉപഭോക്താവിന് തിരികെ നല്‍കുകയുണ്ടായി. ബാധ്യത കൂടുന്നതനുസരിച്ച് പരിധിയില്ലാതെ സര്‍ചാര്‍ജ് പിരിക്കാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയുണ്ട്. 2022 മുതല്‍ പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയ വകയില്‍ പ്രതിവര്‍ഷം 10,000 കോടിക്ക് മുകളിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലിത് 12,000 കോടിക്ക് മുകളിലെത്തുകയും ചെയ്തതോടെയാണ് കെഎസ്ഇബിക്ക് അധിക ബാധ്യതയായത്.

‘കേരളത്തിലായത് ഭാഗ്യം’;കുംഭമേള വൈറല്‍ താരത്തിനും ഭര്‍ത്താവിനും ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

‘കേരളത്തിലായത് ഭാഗ്യം’;കുംഭമേള വൈറല്‍ താരത്തിനും ഭര്‍ത്താവിനും ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഒരു മാസത്തേക്കാണ് അറസ്റ്റ് തടഞ്ഞത്. മധ്യപ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് നടപടി. തുടര്‍ നടപടികള്‍ക്കായി ഫര്‍മാന് മധ്യപ്രദേശ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. പെണ്‍കുട്ടിയും ഫര്‍മാനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് ഭര്‍ത്താവിനെതിരെ പട്ടികജാതി -വര്‍ഗ പീഡന നിരോധനം, പോക്സോ നിയമപ്രകാരം മധ്യപ്രദേശ് പൊലീസ് കേസെടുത്തത്. എന്നാല്‍, താന്‍ പ്രായപൂര്‍ത്തിയായ ആളാണെന്നും വിവാഹ സമയം 18 വയസ് പൂര്‍ത്തിയായിരുന്നെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഇതിന് സാധുവായ രേഖകളും ഇവര്‍ കാണിച്ചിരുന്നു.

മധ്യപ്രദേശ് പൊലീസ് വേട്ടയാടുന്നുവെന്ന് ആരോപിച്ചാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. മധ്യപ്രദേശിലെ മുഴുവന്‍ സംസ്ഥാന സംവിധാനങ്ങളെയും ദുരുപയോഗം ചെയ്തുകൊണ്ടാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നുമായിരുന്നു പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയത്. വാദത്തിനിടെ ദമ്പതികള്‍ കേരളത്തിലായത് ഭാഗ്യമെന്ന് ജഡ്ജി നിരീക്ഷിച്ചപ്പോള്‍ ഇവര്‍ ജീവനോടെയിരിക്കുന്നതിന് ഒരേയൊരു കാരണം അതുമാത്രമാണെന്നായിരുന്നു അഭിഭാഷകന്റെ വാദം.

പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നും ജനന റജിസ്ട്രാര്‍ക്ക് മുന്നില്‍ പെണ്‍കുട്ടി തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്നും മധ്യപ്രദേശ് പൊലീസ് വാദിച്ചു. നിലവില്‍ പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമാണ് പ്രായമെന്നും സമര്‍പ്പിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റിലെ ജനനത്തീയതിയും ആശുപത്രി രേഖകളും തമ്മില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട ഇവരുടെ വിവാഹം ഒരു ക്ഷേത്രത്തില്‍ വച്ചാണ് നടന്നതെന്നും ഇത് കൃത്യമായ മതാചാരപ്രകാരമല്ല നടന്നതെന്നും അതിനാല്‍ തന്നെ വിവാഹത്തിന് നിയമസാധുതയില്ലെന്നും റജിസ്റ്റര്‍ ചെയ്ത വിവാഹവും നിയമപരമായി നിലനില്‍ല്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയെ കേസില്‍ ഒരു ഇരയായി കണ്ട് ആവശ്യമായ സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്നും മധ്യപ്രദേശ് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; ബിജെപി സ്ഥാനാര്‍ഥി പിടിയില്‍

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; ബിജെപി സ്ഥാനാര്‍ഥി പിടിയില്‍

പാലക്കാട്: നെന്മാറയില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി ബിജെപി സ്ഥാനാര്‍ഥി. നെന്മാറ പഞ്ചായത്തിലെ 17ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന പ്രഭാവതിയെയാണ് പൊലീസ് പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ മാസം 29 ന് രാത്രി ആയിരുന്നു മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ചെറിയ ഗേറ്റ് വഴി അകത്തുകടന്ന പ്രതി, ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് ഉള്ളിലുണ്ടായിരുന്ന പതിനായിരത്തോളം രൂപ മോഷ്ടിക്കുകയായിരുന്നു.

ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. നെന്മാറയിലെ ഇവരുടെ വീട്ടിൽ വെച്ചാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സമീപപ്രദേശത്തെ സിസിടിവി പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. നേരത്തെ മുക്കുപണ്ടം പണയം വെച്ച കേസിലും ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നെന്മാറ പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

ഗൃഹനാഥനെ കാണ്മാനില്ല

ഗൃഹനാഥനെ കാണ്മാനില്ല

ആറ്റിങ്ങൽ: കോരാണി കൈലാത്തുകോണം കൂത്താങ്ങൽ വീട്ടിൽ ദാസനെയാണ് ഇന്നലെ മുതൽ കാണാതായത്. വൈകിട്ട് വീടിനു സമീപം ഉള്ള കടയിൽ സാധനം വാങ്ങാൻ പോയതാണ്. 7 മണിയോടെ കടയിൽ നിന്നും മടങ്ങിയതായി തൊട്ടടുത്ത വീട്ടിലെ സിസി ടീവീ ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയിട്ടിട്ടുണ്ട്. കാണാതാകുമ്പോൾ കൈലിയും ഷർട്ടുമായിരുന്നു വേഷം. ഏകദേശം 85 വയസ്സ് പ്രായം. വീട്ടുകാരുടെ പരാതിയെ തുടർന്ന് മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

വെഞ്ഞാറമൂട്ടിൽ കാർ ജെ.സി.ബിയിൽ ഇടിച്ചു കയറി അപകടം: ഡ്രൈവർക്ക് ഗുരുതര പരിക്ക്

വെഞ്ഞാറമൂട്ടിൽ കാർ ജെ.സി.ബിയിൽ ഇടിച്ചു കയറി അപകടം: ഡ്രൈവർക്ക് ഗുരുതര പരിക്ക്

വെഞ്ഞാറമൂട്: എം.സി. റോഡിൽ വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയിൽ ഇടിച്ചു കയറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കിളിമാനൂർ പുളിമാത്ത് പുത്തൻ വിള വീട്ടിൽ സെയ്ത് മുഹമ്മദിനാണ് അപകടത്തിൽ പരിക്കേറ്റത്. ഇയാളെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വെഞ്ഞാറമൂട് ഐ.സി.ഐ.സി.ഐ. ബാങ്കിന് മുന്നിലായിരുന്നു അപകടം നടന്നത്. കരേറ്റ് ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകട സമയത്ത് കാറിൽ സെയ്ത് മുഹമ്മദ് മാത്രമാണ് ഉണ്ടായിരുന്നത്.

ശക്തമായ ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയിലാണ്. നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് പരിക്കേറ്റയാളെ പുറത്തെടുത്തത്. സെയ്ത് മുഹമ്മദിനെ ഉടൻ തന്നെ സമീപത്തെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

++