by Midhun HP News | Jun 3, 2026 | Latest News, കേരളം
പാലക്കാട്: നെന്മാറയില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി ബിജെപി സ്ഥാനാര്‍ഥി. നെന്മാറ പഞ്ചായത്തിലെ 17ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന പ്രഭാവതിയെയാണ് പൊലീസ് പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ മാസം 29 ന് രാത്രി ആയിരുന്നു മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ചെറിയ ഗേറ്റ് വഴി അകത്തുകടന്ന പ്രതി, ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് ഉള്ളിലുണ്ടായിരുന്ന പതിനായിരത്തോളം രൂപ മോഷ്ടിക്കുകയായിരുന്നു.
ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. നെന്മാറയിലെ ഇവരുടെ വീട്ടിൽ വെച്ചാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സമീപപ്രദേശത്തെ സിസിടിവി പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. നേരത്തെ മുക്കുപണ്ടം പണയം വെച്ച കേസിലും ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നെന്മാറ പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

by Midhun HP News | Jun 3, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കോരാണി കൈലാത്തുകോണം കൂത്താങ്ങൽ വീട്ടിൽ ദാസനെയാണ് ഇന്നലെ മുതൽ കാണാതായത്. വൈകിട്ട് വീടിനു സമീപം ഉള്ള കടയിൽ സാധനം വാങ്ങാൻ പോയതാണ്. 7 മണിയോടെ കടയിൽ നിന്നും മടങ്ങിയതായി തൊട്ടടുത്ത വീട്ടിലെ സിസി ടീവീ ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയിട്ടിട്ടുണ്ട്. കാണാതാകുമ്പോൾ കൈലിയും ഷർട്ടുമായിരുന്നു വേഷം. ഏകദേശം 85 വയസ്സ് പ്രായം. വീട്ടുകാരുടെ പരാതിയെ തുടർന്ന് മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

by Midhun HP News | Jun 3, 2026 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട്: എം.സി. റോഡിൽ വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയിൽ ഇടിച്ചു കയറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കിളിമാനൂർ പുളിമാത്ത് പുത്തൻ വിള വീട്ടിൽ സെയ്ത് മുഹമ്മദിനാണ് അപകടത്തിൽ പരിക്കേറ്റത്. ഇയാളെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വെഞ്ഞാറമൂട് ഐ.സി.ഐ.സി.ഐ. ബാങ്കിന് മുന്നിലായിരുന്നു അപകടം നടന്നത്. കരേറ്റ് ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകട സമയത്ത് കാറിൽ സെയ്ത് മുഹമ്മദ് മാത്രമാണ് ഉണ്ടായിരുന്നത്.
ശക്തമായ ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയിലാണ്. നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് പരിക്കേറ്റയാളെ പുറത്തെടുത്തത്. സെയ്ത് മുഹമ്മദിനെ ഉടൻ തന്നെ സമീപത്തെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

++
by Midhun HP News | Jun 3, 2026 | Latest News, ദേശീയ വാർത്ത
പൈലറ്റ് അടക്കം അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന ചെറു ഇലക്ട്രിക് വിമാനവുമായി പ്രമുഖ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. തങ്ങളുടെ ആദ്യ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (ഇവിറ്റോൾ) വാഹനത്തിന്റെ മാതൃകയെ വിജയകരമായി പറപ്പിച്ച് ഹോണ്ട ചരിത്രം കുറിച്ചു. കാലിഫോർണിയയിലെ സാൻ ലൂയിസ് ഒബിസ്പോയിലുള്ള ഹോണ്ടയുടെ ഗവേഷണ വികസന കേന്ദ്രത്തിൽ വച്ചായിരുന്നു പരീക്ഷണം.
3,175 കിലോഗ്രാം ഭാരമുള്ള പ്രോട്ടോടൈപ്പ് ഏകദേശം 90 സെക്കൻഡ് നേരമാണ് വായുവിൽ പറന്നത്. മറ്റ് ഇവിറ്റോൾ കമ്പനികളെ അപേക്ഷിച്ച് വളരെ രഹസ്യമായാണ് ഹോണ്ട ഈ പ്രൊജക്റ്റ് മുന്നോട്ട് കൊണ്ടുപോയിരുന്നത്. 2020 മുതൽ വികസന ഘട്ടത്തിലുള്ള ഈ പദ്ധതിയുടെ ഭാഗമായി, ഇതിനകം ചെറുരൂപത്തിലുള്ള പ്രോട്ടോടൈപ്പുകൾ ഉപയോഗിച്ച് നാനൂറിലധികം പരീക്ഷണ പറക്കലുകൾ നടത്തിയതായി കമ്പനി വ്യക്തമാക്കി.
ദീർഘദൂര യാത്രകൾ സാധ്യമാക്കുന്നതിനായി ഹൈബ്രിഡ്-ഇലക്ട്രിക് പ്രൊപ്പൽഷൻ സാങ്കേതികവിദ്യയാണ് ഈ വിമാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. എട്ട് ബൂം-മൗണ്ടഡ് ലിഫ്റ്റിംഗ് പ്രൊപ്പല്ലറുകളും പിന്നിലായി രണ്ട് പുഷർ പ്രൊപ്പൽസറുകളും ഈ വിമാനത്തിലുണ്ട്.
ഒറ്റത്തവണ ചാർജ് ചെയ്താൽ 400 കിലോമീറ്റർ (249 മൈൽ) ദൂരം വരെ സഞ്ചരിക്കാൻ കഴിയും. 2025-ൽ നടന്ന ദുബായ് എയർഷോയിൽ ഈ വിമാനത്തിന്റെ മാതൃക ഹോണ്ട പ്രദർശിപ്പിച്ചിരുന്നു.
ടൊയോട്ട, ഹ്യുണ്ടായ് തുടങ്ങിയ വാഹന ഭീമന്മാർക്കു പിറകെയാണ് ഹോണ്ടയും ‘പറക്കും കാർ’ മേഖലയിൽ സാന്നിധ്യമറിയിക്കുന്നത്. ജാപ്പനീസ് കമ്പനിയായ ടൊയോട്ട അമേരിക്കയിലെ ജോബി ഏവിയേഷനിൽ നിക്ഷേപം നടത്തിയപ്പോൾ, കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ്, സൂപ്പർനൽ എന്ന പേരിൽ സ്വന്തമായി തന്നെ ഒരു ഇവിറ്റോൾ കമ്പനി രൂപീകരിച്ചിട്ടുണ്ട്.

by Midhun HP News | Jun 3, 2026 | Latest News, ദേശീയ വാർത്ത
ബംഗലൂരു : കർണാടകയിൽ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി നിയമിച്ചു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് തീരുമാനം പ്രഖ്യാപിച്ചത്. പുതിയ മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായാണ് നിയമനം.
സിദ്ധരാമയ്യയ്ക്ക് രാജ്യസഭാംഗത്വം നൽകാമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. സിദ്ധരാമയ്യ ദേശീയ തലത്തിൽ പ്രവർത്തിക്കണമെന്നും ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. എന്നാൽ രാജ്യസഭാംഗത്വം നിരസിച്ച സിദ്ധരാമയ്യ സംസ്ഥാനത്ത് പ്രവർത്തിക്കാനാണ് താൽപ്പര്യമെന്ന് അറിയിക്കുകയായിരുന്നു.
രണ്ടു തവണ കർണാടക മുഖ്യമന്ത്രിയായ സിദ്ധരാമയ്യ, 2019 മുതൽ 2023 വരെ നിയമസഭയിലെ പ്രതിപക്ഷ നേതാവ് പദവി വഹിച്ചു. രണ്ട് തവണ കർണാടക ഉപ-മുഖ്യമന്ത്രി, എട്ട് തവണ നിയമസഭാംഗം, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1977-ൽ ലോക്ദളിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സിദ്ധരാമയ്യ, 2005 ലാണ് കോൺഗ്രസിൽ ചേർന്നത്.

by Midhun HP News | Jun 3, 2026 | Latest News, ദേശീയ വാർത്ത
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ സ്വദേശിയായ ഇസ്മായില്‍ പൊന്നാരം ഇബ്രാഹിം കുട്ടി എന്നയാളാണ് മരിച്ചത്. ടിക്ടോക്കിലെ തര്‍ക്കത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു.
ടിക് ടോക്കില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ദിവസങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ രാത്രി രണ്ടുഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ പരസ്പരം കൊലവിളി നടത്തി. അതിന് പിന്നാലെ ഉണ്ടായ കത്തിക്കുത്തിലാണ് ഇസ്മയില്‍ കൊല്ലപ്പെട്ടത്.ഏറെനാളായി ഷാര്‍ജയില്‍ ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ട ഇസ്മയില്‍. കുത്തിയ ആളും മലയാളിയാണ്. ഇയാള്‍ കൊല്ലം സ്വദേശിയാണെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഷാര്‍ജ പൊലീസ് അറിയിച്ചു.

Recent Comments