ഇന്ധന പ്രതിസന്ധിയില്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമോ?, വ്യക്തത വരുത്തി കേന്ദ്രം

ഇന്ധന പ്രതിസന്ധിയില്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമോ?, വ്യക്തത വരുത്തി കേന്ദ്രം

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടര്‍ന്നുള്ള ഇന്ധന പ്രതിസന്ധി മറികടക്കാന്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇത്തരം ഒരു നിര്‍ദേശവും സര്‍ക്കാരിനു മുന്നില്‍ ഇല്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി എക്‌സില്‍ കുറിച്ചു.

ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന പ്രചാരണങ്ങള്‍ തീര്‍ത്തും തെറ്റാണെന്ന് പുരി പോസ്റ്റില്‍ പറഞ്ഞു. സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു കാര്യവും ആലോചിക്കുന്നില്ല. പരിഭ്രാന്തി പരത്തും വിധം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരുത്തരവാദപരമാണെന്ന് മന്ത്രി പറഞ്ഞു.

ഇറാന്‍ – ഇസ്രയേല്‍ യുദ്ധം അഞ്ചാം വാരത്തിലേക്കു കടന്ന പശ്ചാത്തലത്തില്‍ ആഗോള സാഹചര്യം അനിശ്ചിതത്വത്തിലാണ്. ഇന്ധനവും അവശ്യ വസ്തുക്കളും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ സ്ഥിതി സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. രാജ്യത്ത് വിതരണം തടപ്പെടാതിരിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഏതു വെല്ലുവിളിയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്. ആഗോളതലത്തില്‍ അനിശ്ചിതത്വും ഉണ്ടായപ്പോഴെല്ലാം ഇന്ത്യയ്ക്ക് അതു ബാധിക്കാത്ത വിധത്തില്‍ മുന്നോട്ടുപോവാനായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാച്ചേക്കുമെന്ന് വ്യാപകമായി പ്രചാരണം നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

‘എയർ ഇന്ത്യയുടെ ഫ്ലയിങ് ക്യാൻവാസ്..’, വർണ്ണങ്ങൾ കൊണ്ട് പൊതിഞ്ഞ വിമാനം, രാജ്യത്ത് ആദ്യം

‘എയർ ഇന്ത്യയുടെ ഫ്ലയിങ് ക്യാൻവാസ്..’, വർണ്ണങ്ങൾ കൊണ്ട് പൊതിഞ്ഞ വിമാനം, രാജ്യത്ത് ആദ്യം

കൊച്ചി: രാജ്യത്ത് ആദ്യമായി ഒരു ചിത്രകാരിയുടെ പെയിന്റിങ് പൂർണമായി വിമാനത്തിൽ പകർത്തി എയർ ഇന്ത്യ എക്സപ്രസ് ചരിത്രം കുറിച്ചു. ബിനാലെ മ്യൂറൽ വിഭാഗത്തിൽ പങ്കെടുക്കുന്ന തമിഴ്നാട് സ്വദേശിയായ ഓഷീൻ ശിവയുടെ ഗ്രാഫിറ്റി പെയിന്റിങ്ങാണ് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ പുതിയ ബോയിങ് വിമാനത്തിലുളളത്. വിമാനം തന്നെ ചിത്രകലയ്ക്കുളള ക്യാൻവാസാക്കി മാറിയതോടെ ഫ്ലയിങ് ക്യാൻവാസ് എന്നാണ് വിമാനത്തിന് പേരിട്ടിരിക്കുന്നത്.

ഇത്തരത്തിൽ വിമാനം പേയിന്റ് ചെയ്യുന്ന രാജ്യത്തെ ആ​ദ്യത്തെ വിമാന കമ്പനിയും എയർ ഇന്ത്യ എക്സ്പ്രസ് ആണ്. മറ്റ് വിമാനകമ്പനികളിൽ നിന്ന് വ്യത്യസ്തമായി എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഓരോ വിമാനത്തിനും വെവ്വേറെ പുറം ഡിസൈനുകളാണുളളത്. ഓരോ വിമാനത്തിന്റെ വാലറ്റവും ഒരു പ്രത്യേക കലാരൂപത്തിൽ നിന്നോ നെയ്ത്ത് രീതിയിൽ നിന്നോ പ്രചോദനമുൾക്കൊള്ളുന്നതാണ്.

ടെയിൽസ് ഓഫ് ഇന്ത്യ എന്ന പ്രൊജക്ടിന്റെ ഭാഗമായി കസവ്, കാഞ്ചീവരം, കലംകാരി തുടങ്ങിയ വസ്ത്ര ഡിസൈനുകളുടെ ശൈലിയിലുളള ഡിസൈനുകളിലാണ് ഓരോ വിമാനത്തിന്റെയും വാലറ്റം. രാജാ രവിവർമ്മയുടെ ചിത്രങ്ങൾ മുതൽ ദേശീയ പൈതൃക സ്മാരകങ്ങൾ, കഥകളി, കഥക്, ഭാരതനാട്യം പോലുള്ള ശാസ്ത്രീയ കലാരൂപങ്ങൾ എന്നിവയും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളിൽ ടെയിൽ ആർട്ടായുണ്ട്. മുൻവർഷത്തെ കൊച്ചി ബിനാലെയിൽ നിന്നുളള ഒരു ചിത്രവും വിമാനത്തിന്റെ വാലറ്റം ഡിസൈൻ ചെയ്തിട്ടുണ്ട്. ഇതാദ്യമാണ് മുഴുവൻ വിമാനവും ആർട്ട് വർക്കിനാൽ നിറയുന്നത്.

സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഔദ്യോ​ഗിക ലെറ്റർ പാഡിൽ വോട്ട് അഭ്യർത്ഥിച്ചു; വി ശിവൻകുട്ടിക്കെതിരെ ബിജെപിയുടെ പരാതി

ഔദ്യോ​ഗിക ലെറ്റർ പാഡിൽ വോട്ട് അഭ്യർത്ഥിച്ചു; വി ശിവൻകുട്ടിക്കെതിരെ ബിജെപിയുടെ പരാതി

തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ വി ശിവൻകുട്ടിക്കെതിരെ വരണാധികാരിക്ക് പരാതി. ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്‌തെന്ന് കാണിച്ച് നേമം മണ്ഡലത്തിലെ ബിജെപി ലീഗൽ ഇൻ ചാർജ്‌ അഡ്വ. പ്രകാശ് ആർ സിയാണ് മണ്ഡലം വരണാധികാരിക്ക് പരാതിനൽകിയത്.

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഔദ്യോ​ഗിക ലെറ്റർ പാഡിൽ വോട്ടർമാരുടെ പിന്തുണയും സഹായവും അഭ്യർഥിച്ചുള്ള കത്ത് മണ്ഡലത്തിലെ വീടുകളിൽ വിതരണം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ശിവൻകുട്ടിയുടെ നടപടി മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും പരാതിയിൽ ആരോപിക്കുന്നു. എന്നാൽ പരാതിയിൽ പറഞ്ഞതുപോലെ, സംസ്ഥാനത്തിന്റെ ചിഹ്നം പതിച്ച ഔദ്യോഗിക ലെറ്റർ പാഡ് ഉപയോഗിച്ചിട്ടില്ലെന്ന് വി ശിവൻകുട്ടി വരണാധികാരിക്കു വിശദീകരണം നൽകി. ഈമാസം ആറിനാണ് മണ്ഡലത്തിലെ പ്രധാന വ്യക്തികൾക്ക് കത്തയച്ച് ഭാവിപ്രവർത്തനങ്ങൾക്കു സഹായവും പിന്തുണയും അഭ്യർഥിച്ചത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മാർച്ച്‌ 15നാണെന്നും വി. ശിവൻകുട്ടി അറിയിച്ചു.

സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്

സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരം തുടങ്ങി. 26 പ്രമുഖ ആശുപത്രികളിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ സമരം പുനരാരംഭിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് നഴ്സുമാർ സമരം തുടങ്ങിയത്. നഴ്സുമാരുടെ സമരം കർശനമായി നേരിടുമെന്ന് അറിയിച്ച മാനേജ്മെൻ്റ് അസോസിയേഷൻ ആവശ്യം വന്നാൽ ആശുപത്രികൾ അടച്ചിടുമെന്നും പ്രഖ്യാപിച്ചു. 40,000 രൂപ മിനിമം വേതനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം.

കോഴിക്കോട് കളക്ടറേറ്റിന് മുന്നിലാണ് ഇന്ന് നഴ്സുമാർ സമരം പുനരാരംഭിക്കുക. മിംസ്, ബേബി മെമ്മോറിയൽ, മെയ്ത്ര, മലബാർ ആശുപത്രികളിലെ നഴ്സുമാർ പൂർണമായും പണിമുടക്കും. ഇതോടെ ന​ഗരത്തിലെ പ്രധാന ആശുപത്രികളിലെ പ്രവർത്തനം സ്തംഭിക്കും. അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നതോടൊപ്പം ഡ്യൂട്ടി ഷിഫ്റ്റിലെ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച മധ്യസ്ഥ ചർച്ച പരാജയപ്പെട്ടിരുന്നു. യുഎൻഎ പ്രതിനിധികളും ആശുപത്രി മാനേജ്മെന്റുകളും തമ്മിൽ നടന്ന ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത ആശുപത്രികളിൽ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യുഎൻഎ അറിയിച്ചിരുന്നു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകന്റെ നേതൃത്വത്തിലായിരുന്നു മധ്യസ്ഥ ചർച്ച നടന്നത്. ശമ്പള വർധനവ്, സേവന വ്യവസ്ഥകളിലെ മാറ്റങ്ങൾ, ജോലിസമയം എന്നിവയിൽ വ്യക്തമായ തീരുമാനത്തിലെത്താൻ സാധിച്ചില്ലെന്നാണ് ആരോപണം. ധാരണയിലെത്താത്ത ആശുപത്രികളിൽ സമ്പൂർണ്ണ പണിമുടക്ക് ആരംഭിക്കുമെന്നും അതിനൊപ്പം പ്രതിഷേധ പരിപാടികൾ ശക്തമാക്കുമെന്നും യൂണിയൻ നേതൃത്വം വ്യക്തമാക്കിയിരുന്നു.

പശ്ചിമേഷ്യൻ സംഘർഷം: പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്; പിണറായി വിജയൻ പങ്കെടുക്കില്ല

പശ്ചിമേഷ്യൻ സംഘർഷം: പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്; പിണറായി വിജയൻ പങ്കെടുക്കില്ല

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഇന്ധനവിതരണം അടക്കം പ്രതിസന്ധികൾ നേരിടാനുള്ള മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ല.

വൈകിട്ട് 6.30ന് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് യോഗം. അതാത് സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രിമാർ യോഗത്തിൽ വിശദീകരിക്കും. പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ യോഗം അവലോകനം ചെയ്യും. നിലവിലെ പ്രതിസന്ധി നേരിടാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി പാർലമെന്റിൽ അഭ്യർത്ഥിച്ചിരുന്നു.

ഊര്‍ജ സുരക്ഷ, വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ എന്നിവയുള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ചീഫ് സെക്രട്ടറിമാരുടെ പ്രത്യേക യോഗം ചേരും. രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.