‘അതിവേഗം’, എസ്‌ഐ റാങ്ക് പട്ടികയിലുള്ള 43 പേര്‍ക്ക് ഉടന്‍ നിയമനം; നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി

‘അതിവേഗം’, എസ്‌ഐ റാങ്ക് പട്ടികയിലുള്ള 43 പേര്‍ക്ക് ഉടന്‍ നിയമനം; നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: ജൂണ്‍ 9ന് കാലാവധി തീരാനിരിക്കെ, എസ്‌ഐ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് ഉടന്‍ നിയമന ഉത്തരവ് നല്‍കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം. 43 പേര്‍ക്ക് നിയമനം നല്‍കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. പിഎസ് സി റാങ്ക് പട്ടികളുടെ കാലാവധി സര്‍ക്കാര്‍ നീട്ടിയെങ്കിലും എസ്‌ഐ റാങ്ക് പട്ടികയ്ക്ക് ഇത് ബാധകമായിരുന്നില്ല. റാങ്ക് പട്ടിയില്‍ ഉള്‍പ്പെട്ടവര്‍ രമേശ് ചെന്നിത്തലക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി.

കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രമുള്ള സബ് ഇന്‍സ്പക്ടര്‍ റാങ്ക് ലിസ്റ്റില്‍പ്പെടുന്ന 43 പേര്‍ക്ക് നിയമനം ലഭ്യമാക്കാന്‍ ആണ് മന്ത്രി രമേശ് ചെന്നിത്തല അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. 2025 ജൂണ്‍ ഒമ്പതിനാണ് സബ് ഇന്‍സ്പ്ക്ടര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 2026 ജൂണ്‍ ഒമ്പതിന് ഈ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുകയാണ്. ഇതോടെ ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിലായിരുന്നു ഉദ്യോഗാര്‍ഥികള്‍.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഉടന്‍ തന്നെയാണ് പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി സര്‍ക്കാര്‍ നീട്ടിയത്. എന്നാല്‍ ഈ ഉത്തരവ് എസ്‌ഐ റാങ്ക് പട്ടികയ്ക്ക് ബാധകമല്ലായിരുന്നു. ഇതോടെയാണ് ഉദ്യോഗാര്‍ഥികള്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ച് തങ്ങളുടെ അവസ്ഥ പങ്കുവെച്ചത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടിയന്തിര നടപടിയുണ്ടാകണമെന്നും ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കുകയായിരുന്നു.

മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ടു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ടു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ ഇന്ന് ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് , കണ്ണൂര്‍ ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട , ആലപ്പുഴ ,കോട്ടയം, എറണാകുളം, തൃശൂര്‍ , മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലകളിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി , കോഴിക്കോട് , കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതയുടെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അടുത്ത 2-3 ദിവസങ്ങള്‍ക്കുള്ളില്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടലിന്റെയും തെക്കുകിഴക്കന്‍ അറബിക്കടലിന്റെയും കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ് പ്രദേശം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മുന്നേറുന്നതിന് അനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കന്‍ അറബിക്കടലിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തമിഴ്‌നാട് തീരത്തിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എന്‍ജിനീയറിങ് കോളജില്‍ മദ്യപ സംഘത്തിന്റെ ആക്രമണം; ഇടിവള കൊണ്ട് മര്‍ദനം, വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു

എന്‍ജിനീയറിങ് കോളജില്‍ മദ്യപ സംഘത്തിന്റെ ആക്രമണം; ഇടിവള കൊണ്ട് മര്‍ദനം, വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു

തിരുവനന്തപുരം: എഞ്ചിനീയറിങ് കോളജില്‍ ആനുവല്‍ ഡേ ആഘോഷത്തിനിടെ മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ വിദ്യാര്‍ഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. വെഞ്ഞാറമൂട് എംഎ എഞ്ചിനീയറിങ് കോളജിലാണ് കഴിഞ്ഞ ഞായറാഴ്ച ക്രൂരമായ ആക്രമണമുണ്ടായത്. കോളജിലെ വിദ്യാര്‍ഥിയും ചെങ്കോട്ടുകോണം സ്വദേശിയുമായ അല്‍ അമീനാണ് (20) മര്‍ദനമേറ്റത്. ആക്രമണത്തില്‍ അല്‍ അമീന്റെ ഇടതു കണ്ണിന്റെ റെറ്റിന തകര്‍ന്നു.

കഴിഞ്ഞ ഞായറാഴ്ച കോളജ് വാര്‍ഷികാഘോഷ പരിപാടിക്കിടെ പുറത്തുനിന്നെത്തിയ മദ്യപസംഘം വിദ്യാര്‍ഥികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് മദ്യപസംഘം വിദ്യാര്‍ഥികളെ മര്‍ദിച്ചത്. കൂര്‍ത്ത വള ഉപയോഗിച്ച് വിദ്യാര്‍ഥിയുടെ മുഖത്ത് ഇടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇടതു കണ്ണിനു ഗുരുതരമായി പരിക്കേറ്റ അല്‍ അമീനെ കൂട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി.

സംഭവത്തില്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടും ഇതുവരെ പ്രതികളെ പൊലീസ് പിടികൂടിയില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ശിവജിത്ത്, നിതിന്‍, കാശിനാഥ്, കണ്ടാല്‍ അറിയാവുന്ന നാലു പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

വടക്കൻ കേരളത്തിൽ എൻഐഎ റെയ്ഡ്

വടക്കൻ കേരളത്തിൽ എൻഐഎ റെയ്ഡ്

കോഴിക്കോട്: മലപ്പുറം തിരൂരങ്ങാടിയില്‍ ലോറിയില്‍ കടത്തിയ വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസ് എന്‍ഐഎ ഏറ്റെടുത്തതിന് പിന്നാലെ വടക്കൻ കേരളത്തിലെ വിവിധയിടങ്ങളില്‍ റെയ്ഡ്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് കൊച്ചി എന്‍ഐഎ യൂണിറ്റിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ മുതല്‍ പരിശോധന ആരംഭിച്ചത്. കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ വീടുകളിലടക്കമാണ് പരിശോധന നടക്കുന്നത്. ഫെബ്രുവരി 7 നാണ് ചെമ്മാട്- കോഴിക്കോട് റോഡിലെ ഫര്‍ഹ ഹോളോ ബ്രിക്‌സ് കമ്പനിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ലോറിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. ഉള്ളി കയറ്റി വന്ന ലോറിയുടെ അകത്ത് 448 പെട്ടികളിലായി ഒളിപ്പിച്ച 89,600 ജെലാറ്റിന്‍ സ്റ്റിക്കുകളും 10,500 ഡിറ്റണേറ്ററുകളുമാണ് അന്ന് പിടിച്ചെടുത്തത്.

കര്‍ണാടകയിലെ ബിജാപൂരില്‍ നിന്നാണ് ഇവ എത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അനധികൃത ക്വാറിക്ക് വേണ്ടി എത്തിയതാണ് ഇവ എന്നാണ് പൊലീസിൻ്റെ പ്രാഥമിക കണ്ടെത്തല്‍. വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചതിന് പിന്നില്‍ മറ്റ് അട്ടിമറി നീക്കങ്ങളുണ്ടോ എന്ന് കണ്ടെത്താനാണ് ദ എൻഐഎയുടെ ശ്രമം. രണ്ടാഴ്ച മുമ്പാണ് കേസ് എൻഐഎ ഏറ്റെടുത്തത്.

ഏഴു പ്രതികളുള്ള കേസിലെ ഒന്നാം പ്രതി കോഴിക്കോട് മുക്കം എരഞ്ഞിമാവ് സ്വദേശി ഹാരിസിന്റെ വീട്ടിലും ഇയാളുടെ ഉടമസ്ഥതയിലുള്ള എക്‌സലന്റ് ബ്രിക്‌സ് എന്ന സ്ഥാപനത്തിലുമാണ് കോഴിക്കോട് ജില്ലയില്‍ പ്രധാനമായും പരിശോധന നടക്കുന്നത്. ഇയാൾ ഇപ്പോഴും ഒളിവിലാണ്. മലപ്പുറത്ത് സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയ ഗോഡൗണിലും ലോറി ഉടമയുടെ ഭാര്യവീട്ടിലുമാണ് റെയ്ഡ് നടന്നത്. ഹാരിസിന്റെ നിര്‍ദേശപ്രകാരം മുക്കം സ്വദേശിയുടെ ക്വാറിയിലേക്കാണ് ഈ സ്‌ഫോടകവസ്തുക്കള്‍ എത്തിക്കാന്‍ ശ്രമിച്ചതെന്നാണ് എന്‍ഐഎയ്ക്ക് ലഭിക്കുന്ന സൂചന.

കേസിലെ മൂന്നാം പ്രതി കാസര്‍കോട് സ്വദേശി മുഹമ്മദ് സലിമിന്റെ വീട്ടിലും എന്‍ഐഎ സംഘം പരിശോധന നടത്തി. കാസര്‍കോട് കടുമേനി സ്വദേശിയും മുന്‍പ് കരിങ്കല്‍ ക്വാറി നടത്തിപ്പുകാരനുമായിരുന്ന സജിയുടെ വീട്ടിലും ഇയാളുടെ ക്വാറിയിലുമാണ് പരിശോധന നടക്കുന്നത്. കണ്ണൂര്‍ ചെറുപുഴ ചുണ്ടയിലെ അനില്‍കുമാറിന്റെ വീട്ടിലും എന്‍ഐഎ റെയ്ഡ് നടത്തി. പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കളുടെ ഉറവിടം, സാമ്പത്തിക സ്രോതസ്സ്, ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്ക് ലഭിക്കുന്ന ബാഹ്യസഹായങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനാണ് എന്‍ഐഎയുടെ നീക്കം.

ഉള്ളിച്ചാക്കില്‍ ഒളിപ്പിച്ച് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നത് എന്തിന്?; വടക്കന്‍ കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന

ഉള്ളിച്ചാക്കില്‍ ഒളിപ്പിച്ച് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നത് എന്തിന്?; വടക്കന്‍ കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്.

മലപ്പുറത്ത് തിരൂരങ്ങാടി ചെമ്മാട് ആണ് പരിശോധന നടക്കുന്നത്. ഫെബ്രുവരി ഏഴിനാണ് ഇവിടെ സ്‌ഫോടക വസ്തു ശേഖരവുമായി ഒരു ലോറിയെത്തുന്നത്. ഹോളോ ബ്രിക്‌സ് വില്‍പ്പന നടത്തുന്ന സ്ഥാപനത്തിലാണ് ലോറി എത്തിയത്. ലോറിയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുന്നതിനിടെ, പൊലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കളാണ് എന്ന് വ്യക്തമാകുന്നത്. ഉള്ളിച്ചാക്കിന് താഴെ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍. ഇതിന്റെ സ്രോതസ് തേടിയുള്ള അന്വേഷണത്തിലാണ് മുക്കത്തുള്ള ഹാരിസ് ആണ് ഇതിന്റെ പിന്നിലെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് ഈ കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. ലോറി ഉടമ, ലോറി ഉടമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ആളുകള്‍, ഹോളോബ്രിക്‌സ് വില്‍പ്പന നടത്തുന്ന സ്ഥാപന ഉടമ തുടങ്ങിയ ആളുകളുടെ വീടുകളിലും പരിസരങ്ങളിലുമാണ് പരിശോധന നടക്കുന്നത്.

കോഴിക്കോട് മുക്കത്താണ് പരിശോധന നടക്കുന്നത്. ഹാരിസിന്റെ വീട്ടിലും സ്ഥാപനത്തിലുമാണ് പരിശോധന നടക്കുന്നത്. സ്‌ഫോടക വസ്തു പിടിച്ച കേസിലെ ഒന്നാം പ്രതിയാണ് ഹാരിസ്. ഹാരിസ് നിലവില്‍ ഒളിവിലാണ്. ഹാരിസിന്റെ ഹോളി ബ്രിക്‌സ് സ്ഥാപനങ്ങളിലും വീട്ടിലും ഒരേസമയത്താണ് പരിശോധന നടത്തിയത്.

തിരൂരങ്ങാടി പൊലീസ് ആണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് അന്ന് ചിലരെ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടക വസ്തു പിടിച്ച കേസില്‍ മൊത്തം ഏഴു പ്രതികളാണ് ഉള്ളത്. ആറുപേരെയാണ് അന്ന് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോള്‍ ക്വാറിയിലേക്ക് കൊണ്ടുവന്ന സ്‌ഫോടക വസ്തുക്കളാണ് എന്നാണ് മൊഴി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ ഇവരില്‍ ആര്‍ക്കും ക്വാറി ലൈസന്‍സ് ഇല്ലായെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ് അന്വേഷണവുമായി പൊലീസ് മുന്നോട്ടുപോയത്.

കണ്ണൂരില്‍ ചെറുപുഴയിലും കാസര്‍കോട് ചിറ്റാരിക്കലിലുമാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് എന്‍ഐഎ സംഘം പരിശോധനക്കെത്തിയത്. ചിറ്റാരിക്കലില്‍ നടത്തിയ പരിശോധനയിലാണ് ജലാസ്റ്റിന്‍ സ്റ്റിക് അടക്കം പിടികൂടിയത്. ജോര്‍ജ് എന്ന വ്യക്തിയുടെ വീട്ടില്‍ നിന്നാണ് ജലാസ്റ്റിന്‍ സ്റ്റിക് പിടികൂടിയത് എന്നാണ് പൊലീസ് പറയുന്നത്. ചെറുപുഴയില്‍ ചുണ്ട സ്വദേശിയുടെ വീട്ടിലും മുന്‍ ക്വാറി ഉടമയുടെ ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ വീട്ടിലുമാണ് എന്‍ഐഎ സംഘം എത്തിയത്.

സ്ത്രീകളുടെ ആരോഗ്യത്തിനായി ‘ഹൃദ്യം’ പരിപാടിയുമായി ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വനിതാ ഡെൻ്റൽ കൗൺസിൽ

സ്ത്രീകളുടെ ആരോഗ്യത്തിനായി ‘ഹൃദ്യം’ പരിപാടിയുമായി ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വനിതാ ഡെൻ്റൽ കൗൺസിൽ

ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് വനിതാ ഡെൻ്റൽ കൗൺസിൽ സ്ത്രീകളുടെ ആരോഗ്യത്തിനായുള്ള അന്താരാഷ്‌ട്ര പ്രവർത്തന ദിനമായ ഏപ്രിൽ 28 നു ‘ഹൃദ്യം’ എന്ന പേരിൽ സംസ്ഥാന പദ്ധതി സംഘടിപ്പിച്ചു.

ആറ്റിങ്ങൽ എൻ എസ് എസ് കരയോഗം ഹാളിൽ നടന്ന പരിപാടിയിൽ ‘സ്ത്രീകളിലെ ദന്താരോഗ്യവും ഹൃദയാരോഗ്യവും’ എന്നതിനെ കുറിച്ചുള്ള അവബോധ ക്ലാസ്സ് നടന്നു. മോണ രോഗ വിദഗ്ദ്ധയായ ഡോ ചിത്ര ഗിരിജ വല്ലഭൻ ക്ലാസ് കൈകാര്യം ചെയ്തു. 20 ഓളം കുടുംബശ്രീ പ്രവർത്തകർ ക്ലാസിൽ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി 28നു രാവിലെ ക്ലബ് എഫ് എം 94.3യിലൂടെ മോണ രോഗ വിദഗ്ദ്ധനായ ഡോ ശ്രീരാജ് വി എസ്സിന്റെ സംഭാഷണ പരിപാടിയും സംഘടിപ്പിച്ചു. ഡബ്ല്യുഡിസി ആറ്റിങ്ങൽ ബ്രാഞ്ച് പ്രതിനിധികളായ ഡോ. പ്രിയലക്ഷ്മി, ഡോ.ഷെറിൻ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.